മിഴി – 3

“അമ്മേ…” വായിൽ നിന്ന് അറിയാതെ നിലവിളി പുറത്തു വന്നു.
“അഭീ… ഹലോ അഭീ… എന്താ…? എന്താ പറ്റിയെ….അഭീ ഹലോ ” നിലത്തു കൈ കുത്തി പതിയെ എഴുന്നേൽക്കാൻ നോക്കുമ്പോഴാണ് ചെറിയമ്മയുടെ ആദിയുള്ള ശബ്‌ദം ഫോണിലൂടെ പുറത്തേക്ക് വന്നത്. ആ സ്നേഹമുള്ള വിളി കേട്ടപ്പോ നെഞ്ചു കലങ്ങി പോയി..

“ഞാൻ ഒന്ന് സ്ലിപ് ആയി പോയി..” കൈ നിലത്തു കുത്തിയപ്പോഴുള്ള വേദന കടിച്ചു പിടിച്ചു ഞാൻ എരു വലിച്ചു കൊണ്ട് പറഞ്ഞു

“അയ്യോ… എന്നിട്ട് എന്തേലും പറ്റിയോ” വരുന്ന വാക്കുകളെ വിശ്വസിക്കാൻ കഴിയാതെ ഞാൻ അതിനു ഉത്തരം പറയാൻ കഴിയാതെ നിന്നു…

“അഭീ… നീ കേൾക്കുന്നുണ്ടോ..”വീണ്ടും ഫോണിന്റെ സ്പീക്കറിലൂടെ..അവളുടെ വേദനയുള്ള സ്വരം വന്നു കാതിൽ പതിച്ചതും… തറവാട് വീടിന്റെ മുകലിൽ ആകാശത്തു .. മിന്നൽ തെളിഞ്ഞു നാരുകാളായി പിണഞ്ഞു പോവുന്നത് ഞാൻ കണ്ടു… ചെറിയ ഒരു ഇടിയുടെ മുഴക്കവും.

“ചെറിയമ്മേ എനിക്കൊന്ന് കാണണം ” ഞാൻ എന്റെ ആവശ്യം ഒന്നുകൂടെ ഉറപ്പിച്ചു…

” ഞാൻ നിന്നെ കാണുന്നില്ലല്ലോ… പുറകിലെ ജനൽ തുറന്നിട്ടതാണ്… എന്തിനാ അഭി നീ ഇപ്പൊ വന്നത്.. ” മുന്നിൽ കാണുന്ന വീട് എന്റെ അടുത്ത നിന്ന് എട്ടു മീറ്ററെങ്കിലും അകലെയാണ്… ഇരുട്ടത് എങ്ങനെ കാണാനാ… ഞാൻ ഫ്ലാഷ് ഓൺ ചെയ്തു കൈകൊണ്ട് ഇളക്കി കാട്ടി വീണ്ടും ചെവിയിൽ തന്നെ വെച്ചു…

“കണ്ടോ??”

“ഹ്മ്മ്…. അഭീ പ്ലീസ് നീ വേഗം പോയിക്കോ.. നല്ല മഴയുണ്ട്.. ആ ഇരുട്ടത്ത് അങ്ങനെ നിൽക്കണ്ട. എന്റെ ഫോണിപ്പോ ഓഫാവും അഭീ ” വരുന്ന വാക്കുകളിലെ കരുതലും സ്നേഹവും കേൾക്കുമ്പോഴും എനിക്ക് ആ മുഖം ഒന്ന് കണ്ടാൽ മതിയായിരുന്നു..

“ചെറിയമ്മേ എനിക്കാ മുഖമൊന്ന് കാണാൻ പറ്റോ? ഒരാഴ്ചയായി.. ഞാൻ ഉറങ്ങിയിട്ടില്ല.. പറ്റുന്നില്ല, മറക്കാൻ ഞാൻ നോക്കി . എന്റെ ഉള്ളിൽ കേറി പോയി നീ.. എന്നെ ഇഷ്ടല്ലേലും വേണ്ടില്ല.. അവസാനമായി ഒന്ന് കാണാനാ.. അല്ലേൽ ഞാൻ ചത്തു പോവും ചെറിയമ്മേ ”
മഴയുടെ കൂടെ കണ്ണുനീരും ഒലിച്ചിറങ്ങിയപ്പോ.. ഫോണിന്റെ മറുതലക്കലിൽ നിന്നു ഒന്നും തന്നെ കേട്ടില്ല..അവൾക്ക് മുഖം തരാൻ മടിയുണ്ടാവും എന്ന് തോന്നി..എന്നെ വെറുത്തു പോയി കാണും

“സാരല്ല.. ചെറിയമ്മയങ്ങനെ എന്നോടടുത്ത് പെരുമാറിയത് കണ്ടപ്പോ… വിചാരിച്ചു പോയി എന്നെയിഷ്ടാവൂന്ന്. രണ്ട് ദിവസം കൊണ്ട് മാത്രം നീയെങ്ങനെന്റെ ഉള്ളീ കേറിന്നെനിക്കറിയില്ല. ഈയാഴ്ച മുഴുവനും നോക്കി, ഒന്ന്
മറന്നു പോവാൻ. കഴിയിണില്ല. പിന്നെ സോറി. അന്ന് ഞാനറിയാതെക്കേറി പിടിച്ചു പോയി.എന്നെ മൈൻഡ് ചെയ്യാതെ നീ പോവുന്ന കണ്ടപ്പോ ആ ദേഷ്യത്തിലങ്ങനെ ചെയ്തു പോയതാ..? .” ഇനി നില്‍ക്കുന്നത് വെറുതെയാണെന്ന് തോന്നി ഞാന്‍ പോവാണെന്ന് പറയാന്‍ തുടങ്ങിയതിനു മുന്നേ തന്നെ, മുന്നിലെ ഇരുണ്ട അന്തരീക്ഷത്തില്‍-ആ വീടിന്റെ രണ്ടാം നിലയിലെ ജനൽ ചതുരത്തിനുള്ളിൽ ഒരു വെട്ടം മിന്നി.എന്റെ നനഞ്ഞ കണ്ണുകൾ ആ വെളിച്ചത്തിലേക്ക് നീണ്ടു.

മഴ പെയ്യുന്നതിനിടയിലൂടെ ഓറഞ്ചു നിറത്തിലുള്ള വെളിച്ചം പതിയെ ആ ജനലിന്റെ പൊതിഞ്ഞു കൊണ്ട് അടി വച്ചു പുറത്തേക്ക് വന്നപ്പോ കൂടെ ഒരു സുന്ദര മുഖം കൂടെ അതിന്റെയൊപ്പരം ജനൽ അഴികളുടെ ഇടയിലൂടെ ഞാൻ കണ്ടു.
ചെറിയമ്മ!!!.

ആ മുഖം തിരിഞ്ഞു രണ്ടു വശത്തേക്കും നോക്കുന്നുണ്ട്.. എന്നെ തിരയുകയാണോ?
ഇരുണ്ടു നിൽക്കുന്ന വീടിന്റെ ഒരു ജനൽ ചതുരത്തിൽ മാത്രം നിറഞ്ഞു നിന്ന വെളിച്ചത്തിന്റെ നടുക്ക്.. എന്നെ തിരയുന്ന ആ രൂപം..

ആകാശത്തെ മുഴുവൻ കാണിച്ചുകൊണ്ട് മിന്നൽ വെളിച്ചം മുകളിൽ പരന്നപ്പോ, താഴേക്കു ഇരുട്ടിൽ നിന്ന വീട്ടിൽ ഒരു ജനലിൽ നിറഞ്ഞു നിൽക്കുന്ന മെഴുകുതിരിയുടെ വെളിച്ചവും, മിഴി നീട്ടുന്ന ഒരു പെണ്ണും.എന്റെ കണ്ണിലേക്കു മരത്തിന്റെ മുകളിൽ നിന്നൊരു തുള്ളി വെള്ളം അടിച്ചു വീണു..

നാശം!!! മുന്നിലെ ചിത്രം മാഞ്ഞപ്പോ ഞാൻ കണ്ണുതിരുമ്മി വീണ്ടും നോക്കി.

“അഭീ..നീ . കണ്ടോ ” ചെറിയമ്മയുടെ മധുരമുള്ള ചോദ്യം ഫോണിന്‍റെ ഉള്ളിലൂടെ പുറത്തേക്ക് വന്നതും… ഞാൻ മൂളി കൊണ്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..

ഇടതു വശത്തു വെച്ച മെഴുകുതിരിയുടെ വെളിച്ചം ഇടതു കവിളിലും, നെറ്റി തടത്തിലും, താടിയിലും, നീണ്ട മൂക്കിന്റെ അറ്റത്തു വരെയും വന്നു നിറഞ്ഞു.. വലതു വശത്തെ ആകെ ഇരുട്ട് മൂടി കൊണ്ട് നിൽക്കുന്ന വശ്യ രൂപം..
“ചെറിയമ്മേ മുഖത്തേക്ക് നല്ലത് പോലെ പിടിക്കോ ” ആ മുഖം തെളിഞ്ഞു കാണാൻ ഞാൻ പറഞ്ഞതും… അപ്പുറത്തുനിന്ന് ശ്വാസം വലിച്ചു വിടുന്ന ഒരു ശബ്ദം.

“നിനക്ക് കോണി കേറാൻ അറിയോഡാ പൊട്ടാ ?” പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്..പൊട്ടന് എന്നുള്ള വിളി കേട്ടപ്പോ എന്തെന്നില്ലാത്ത ഒരു വിറയൽ ഉണ്ടായി എന്നിൽ

“എന്ത്..” പറഞ്ഞതെന്താണെന്ന് വ്യക്തമാവാതെ ഞാൻ തിരിച്ചു ചോദിച്ചു..
“എടാ പൊട്ടാ.. ഈ ഏണി ഇല്ലേ… താഴെയെവിടെയോ സൈഡിൽ ചാരി വെച്ചിട്ടുണ്ട്.. നിനക്ക് കേറാൻ അറിയോന്ന് ” ആ വാക്കുകൾ മുഴുവൻ കേൾക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു. എന്താണ് അവൾ പറഞ്ഞത് ഒന്നാലോചിച്ചു ഞാൻ കുറച്ചു നേരം നിന്നു.. ആ ജനലിന്റെ താഴെ റൂഫിന്റെ പ്രോജെക്ഷൻ ഉണ്ട് അതിൽ കേറാൻ ആണോ വിളിച്ചത്?…

ഉള്ളിൽ സന്തോഷം നിറഞ്ഞു.ആ വാക്കിലും വിളിയിലും എല്ലാം എന്റെ പഴയ ചെറിയമ്മയുടെ രൂപമാണ്.കളിപ്പിക്കാൻ വേണ്ടി പറയാണോ?

ഞാൻ താഴേക്കുള്ള വഴി തപ്പി. ഇത്തിരി ചുറ്റി താഴെക്കിറങ്ങിയപ്പോ..അപ്പുറത്ത് നിന്ന് മിണ്ടാട്ടമൊന്നുമില്ല. ഫോൺ കട്ടായി.
വീടിന്റെ സൈഡിലെല്ലാം വെള്ളവും ചളിയും നിറഞ്ഞു ഒഴുകുന്നുണ്ട് ഫ്ലാഷ് ലൈറ്റിൽ പതിയെ നടന്ന ഞാൻ പരതിയപ്പോ .നിലത്തു കിടത്തി വെച്ചൊരു ഏണി കണ്ടു.. ഇരുമ്പിന്റെ ആണെന്ന് തോന്നി… ഫോൺ പോക്കട്ടിലിട്ടു അത് വലിച്ചെടുത്തു നിവർത്താൻ നോക്കി .നല്ല കനം ചുമരിൽ തട്ടിച്ചു അധികം ശബ്ദമുണ്ടാക്കാതെ.. എങ്ങനെയൊക്കെയോ എടുത്തു പൊക്കിചെറിയമ്മയുടെ റൂമിന്റെ റൂഫ് പ്രൊജഷൻ സ്ലാബിലേക്ക് കയറ്റി വെച്ചു.

കേറുന്നതിനു മുന്നേ … കണ്ണിലേക്കു മുടിയിൽ നിന്ന് നിറഞ്ഞു വരുന്ന മഴവെള്ളം വകഞ്ഞു മാറ്റി ചുറ്റിനും നോക്കി… ആരേലും കണ്ടാൽ കള്ളനെന്നു പറഞ്ഞു എറിഞ്ഞു താഴെ ഇടുമോ എന്നായിരുന്നു പേടി..നടക്കാൻ സാധ്യത തീരെയില്ല.. ഒന്നാമത് ഈ വീട് ഇത്തിരി ഉള്ളിലാണ്. പിന്നെ നല്ല മഴയും.

ഏണിയുടെ മുകളിൽ ആദ്യ കാൽ കയറ്റി കേറിയതേ അതാ പോവുന്നു ഈ കുന്തം താഴേക്ക്..ഓ നെഞ്ചു കാളിപ്പോയി . ചളിയായത് കൊണ്ടാകും താഴേക്ക് അമർന്നു പോയത്. ഈശ്വരാ മുകളിൽ എത്തുമായിരിക്കുമോ?..

നനഞ്ഞ കോണിയിലൂടെ കാൽ സ്ലിപ്പാവാതെ എങ്ങനെയോ ഞാൻ റൂഫിന്റെ അടുത്തെത്തി.. ഇനി പിടിക്കാൻ സ്ഥലം ഒന്നുമില്ല കോണി ഒന്നിളകിയാൽ.. ഞാൻ താഴെയെത്തും… രണ്ടു കൈയും റൂട്ടിൽ കുത്തി പൊന്തി കേറി…എവിടൊക്കൊയോ കൈ തട്ടി മുറിഞ്ഞിട്ടുണ്ടെന്ന് മുട്ടിൽ ചെറിയ നീറ്റൽ വന്നപ്പോ മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *