“ഇഷ്ടം ഉണ്ടാവാൻ അത്ര അധികം സമയം ഒക്കെ വേണോ? സത്യായിട്ടും ഇഷ്ടാടോ!” ഞാൻ എന്റെ വാദത്തിൽ ഉറച്ചുനിന്നു.
അവൾ ഉടൻ മറുപടി നൽകി: “ഓ.. ഇത് ഇക്കാൻ്റെ അടി വാങ്ങാനുള്ള പണി ആണ്. ഞാൻ പോവാണ് മാഷേ..”
അവൾ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ പരിഭ്രമിച്ചു. “എന്താ പോണേ? ഞാൻ അങ്ങനെയൊക്കെ പറഞ്ഞോണ്ടാണോ? അതാണേൽ ഞാൻ തിരിച്ചെടുത്തു. എനിക്ക് അങ്ങനെ ഒരു ഉദ്ദേശോം ഇല്ലാ,” ഞാൻ വേഗത്തിൽ ടൈപ്പ് ചെയ്തു.
അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി: “അല്ല മാഷേ, ഉമ്മ വിളിക്കുന്നുണ്ട് അതോണ്ടാ.”
“ആണോ? എങ്കിൽ ചെല്ലൂ. പിന്നെ കാണാം,” ഞാൻ ടൈപ്പ് ചെയ്തു. ഉള്ളിൽ ചെറിയൊരു നിരാശയുണ്ടായിരുന്നെങ്കിലും, അവളെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. ഈ സംഭാഷണം ഇവിടെ നിർത്തുന്നതാണ് നല്ലതെന്ന് തോന്നി. പക്ഷേ, ഈ ‘പിന്നെ കാണാം’ എന്ന വാക്ക് ശരിക്കും സംഭവിക്കുമോ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അവളുടെ മെസ്സേജുകൾക്കായി കാത്തിരുന്ന ആ ദിവസങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. എങ്കിലും, ഒരു പ്രതീക്ഷ നൽകി ആ ചാറ്റ് അവസാനിപ്പിച്ചു.
ഫോൺ താഴെ വെച്ച് ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കി. അവളുടെ മെസ്സേജുകൾക്ക് മുൻപുള്ള എന്റെ ജീവിതം അത്ര വർണ്ണാഭമായിരുന്നില്ല. ഇപ്പോൾ, ഈ ഇൻസ്റ്റാഗ്രാം മെസ്സേജുകളിലൂടെ അവളുമായി സംസാരിക്കുമ്പോൾ ഒരു പുതിയ ലോകം തുറന്നതുപോലെ തോന്നി. അവളെ വീണ്ടും കാണാനായി എന്റെ മനസ്സ് വെമ്പി. ഈ ചെറിയ സംഭാഷണങ്ങൾ പോലും എന്റെ ദിവസങ്ങൾക്ക് ഒരു പുതിയ ഉണർവ് നൽകുന്നതായി ഞാൻ അറിഞ്ഞു.
അന്ന് രാത്രി, എന്റെ പ്രതീക്ഷകൾ തെറ്റിക്കാതെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു. അത് അവളുടെ മെസ്സേജ് ആയിരുന്നു! ‘പിന്നെ കാണാം’ എന്ന് പറഞ്ഞതിന് അധികം സമയം എടുത്തില്ലല്ലോ എന്നോർത്ത് എനിക്ക് സന്തോഷം തോന്നി. കാത്തിരുന്നതായതുകൊണ്ട്, ഞാൻ ഒട്ടും വൈകാതെ മറുപടി നൽകി.
അങ്ങനെ ഞങ്ങൾ കുറേ നേരം ചാറ്റ് ചെയ്തു. സാധാരണ കാര്യങ്ങൾ, ചിരിപ്പിക്കുന്ന തമാശകൾ, പരസ്പരം കളിയാക്കലുകൾ… സംഭാഷണം മുന്നോട്ട് പോവുകയായിരുന്നു. അപ്പോഴാണ്, അപ്രതീക്ഷിതമായി അവളുടെ അടുത്ത ചോദ്യം വന്നത്. “അല്ല, ഇയാൾക്ക് എൻ്റെ പേരറിയുവോ?”
ആ ചോദ്യം ശരിക്കും എന്നിൽ ഒരു ഇടിവെട്ട് പോലെയായിരുന്നു. സത്യത്തിൽ, എനിക്ക് അവളുടെ പേരറിയാമായിരുന്നു. പക്ഷേ, ആ നിമിഷം എത്ര ആലോചിച്ച് എടുത്തിട്ടും ആ പേര് മനസ്സിലേക്ക് വരുന്നില്ല! ഒരുതരം പരിഭ്രാന്തി എന്നെ പിടികൂടി. അറിയാമായിരുന്നു, പക്ഷേ ഓർമ്മയിൽ നിന്ന് മാഞ്ഞുപോയത് പോലെ. രണ്ടും കൽപ്പിച്ച്, മനസ്സിൽ ആദ്യം വന്ന ഒരു പേരങ്ങു പറഞ്ഞു, ഒരു രക്ഷാമാർഗ്ഗമെന്നോണം.
“സഫിയ എന്നല്ലേ? അത് മാറ്റിയിട്ടൊന്നും ഇല്ലല്ലോ?” ഞാൻ ആകാംഷയോടെ കാത്തിരുന്നു.
“അല്ല, തെറ്റിപ്പോയല്ലോ! 😅” അവളുടെ മറുപടി വന്നു.
അവൾ അത് പറഞ്ഞത് കേട്ട് ഞാൻ ധർമ്മസങ്കടത്തിലായി. ഇനി ഏത് പേര് പറയും? ഈ ഒരൊറ്റ നിമിഷം കൊണ്ട് അവൾക്ക് എന്നോടുള്ള താൽപര്യം കുറഞ്ഞു കാണുമോ? ഓർമ്മക്കുറവ് വലിയ പ്രശ്നമായോ? മനസ്സിൽ ആശങ്കകൾ നിറഞ്ഞു.
അവൾ എന്റെ നിശ്ശബ്ദത കണ്ട് വീണ്ടും തുടർന്നു: “എൻ്റെ പേരിൻ്റെ കൂടെ ഒരു വാല് കൂടെ ഉണ്ട് മാഷേ.”
“അതെന്താണപ്പാ ആ വാല്?” ഞാൻ ചിരി വരുത്തി ചോദിച്ചു. പക്ഷേ, ഉള്ളിൽ ആകാംഷ നിറഞ്ഞിരുന്നു.
“സഫിയ മെഹ്റിൻ. ഇനിയെങ്കിലും ഓർമയുണ്ടാവുമോ?” അവൾ എന്റെ പേരറിയാത്തതിനെ കളിയാക്കുന്ന സ്വരത്തിൽ പറഞ്ഞു.
സത്യം പറഞ്ഞാൽ, ആ പേര് കേട്ടപ്പോൾ ഞാൻ ആശ്വസിച്ചു. സഫിയ എന്ന് എന്റെ മനസ്സിൽ വന്നത് ശരിയായിരുന്നു! പക്ഷേ, മെഹ്റിൻ എന്ന ഭാഗം ഓർമ്മയിൽ ഉണ്ടായിരുന്നില്ല. ഞാൻ ഉടൻ മറുപടി നൽകി: “അല്ലേലും ഞാൻ മറന്നിട്ടൊന്നും ഇല്ലാ. കുറച്ച് നേരം ഓർത്തെടുക്കാൻ
വേണ്ടേ?
നിന്നെ എനിക്ക് നല്ല ഓർമ്മയുണ്ട്
അവളുടെ മറുപടി അപ്പോൾത്തന്നെ വന്നു. “ഉവ്വ്, മാഷ് ഒരുപാട് ഓർക്കുന്നുണ്ട്. അതാ എന്റെ പേര് പോലും ഓർമ്മയില്ലാത്തത്!” അവളുടെ വാക്കുകളിൽ ഒരു നേർത്ത കളിയാക്കലും, എന്നാൽ ഒരു തരം സന്തോഷവും കലർന്നിരുന്നു. “ഇനി പറ ഞാൻ ഫസലിൻ്റെ ഇളയ അനിയത്തി ആണോ മൂത്ത അനിയത്തിയണോ?
