ഞാൻ ഫയൽ അമ്മയുടെ കയ്യിൽ കൊടുത്തു. അപ്പോഴാണ് അമ്മ ചേച്ചിയെ ശ്രദ്ധിച്ചത്. ക്ഷീണിച്ച് അവശയായി, എന്റെ തോളിൽ തൂങ്ങി നിൽക്കുന്ന ചേച്ചിയെ കണ്ടതും അമ്മയുടെ മുഖം മാറി. സ്നേഹവും അതിലേറെ ദേഷ്യവും ആ മുഖത്ത് മിന്നിമറഞ്ഞു.
“നിന്നോട് ഞാൻ രാവിലെ പറഞ്ഞതല്ലേടി എന്റെ കൂടെ പോരാൻ? അപ്പൊ നിനക്ക് വയ്യ… ഇപ്പോൾ കണ്ടില്ലേ കോലം?”
എന്ന് പറഞ്ഞ് അമ്മ ചേച്ചിയുടെ കയ്യിൽ സസ്‌നേഹം, എന്നാൽ കുറച്ചു വേദനയോടെ തന്നെ ഒരു നുള്ളു വെച്ചു കൊടുത്തു.
പനി കാരണം തളർന്നു നിൽക്കുകയായിരുന്നെങ്കിലും, ആ നുള്ളു കിട്ടിയതും ചേച്ചിക്ക് പതിയൊരു ഉണർവ്വ് വെച്ചു. അവൾ പനിയൊക്കെ മറന്ന്, പഴയ വാശിയോടെ അപ്പോൾ തന്നെ അമ്മയുടെ കൈ പിടിച്ചുവലിച്ച് അവിടെ ആഞ്ഞൊരു കടി വെച്ചുകൊടുത്തു!
“ആഹ്… എടി പിശാശേ… വിടടി…”
അമ്മയുടെ ശബ്ദമുയർന്നപ്പോൾ ഞാൻ വേഗം ചാടിവീണ് ചേച്ചിയെ പിടിച്ചു മാറ്റി.
ഹോസ്പിറ്റലാണെന്നോ ചുറ്റും ആളുണ്ടെന്നോ ഉള്ള വിചാരമൊന്നും കക്ഷിക്കില്ല.
ഇതൊക്കെ കണ്ട് ചുറ്റും നിന്നിരുന്ന ആ സുന്ദരിക്കൂട്ടം വായ പൊത്തി ചിരിക്കാൻ തുടങ്ങിയപ്പോഴാണ് ഇല്ലാത്ത ബോധം അവൾടെ തലയിൽ മിന്നിയത്…
അമ്മ ചേച്ചിയെ ഒന്ന് തറപ്പിച്ചുനോക്കി.
“ടി പിശാശേ… നിനക്കുള്ളത് വീട്ടിൽ വരുമ്പോൾ തന്നോളാം. നീ ഇപ്പോൾ പോയി രമ്യയെ കാണിക്ക്. ഞാൻ അവൾക്ക് വിളിച്ചു പറഞ്ഞോളാം.”
“എവിടേന്ന് വെച്ചിട്ടാ അമ്മേ ഞങ്ങൾ പോവുക?”
ഞാൻ ഇടക്ക് കയറി ചോദിച്ചു.
കാരണം ഇത് വല്ല പെട്ടിക്കടയോ മറ്റോ അല്ലല്ലോ..ലോകത്തിലെ തന്നെ മികച്ച മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ഒന്നല്ലേ…. ഇതിനകത്ത് എവിടെയെന്ന് വെച്ച് തപ്പാനാ ഞങ്ങൾ?”
എന്റെ മറുപടി കേട്ടതും അമ്മ എന്നെയൊന്ന് പുച്ഛിച്ചു നോക്കി.
“അതൊക്കെ അവൾക്കറിയാം… നീയൊന്ന് മിണ്ടാതിരുന്നേ… ഇടക്കൊക്കെ ഇങ്ങോട്ട് ഒന്ന് വന്നാലല്ലേ ഇതൊക്കെ അറിയൂ.”
“ഓ പിന്നെ! ഇടക്കിടക്ക് വരാൻ ഇതെന്റെ കുഞ്ഞമ്മയുടെ മോളുടെ വീടോ മറ്റോ ആണോ?”
എന്റെ ആ ഡയലോഗ് കേട്ടതും ചുറ്റും നിന്നിരുന്ന ആ പെൺപിള്ളേരും ചേച്ചിയും ഒക്കെ പൊട്ടിച്ചിരിച്ചു. ചേച്ചി ക്ഷീണം പോലും മറന്ന് എന്റെ തോളിൽ തട്ടി ചിരിക്കാൻ തുടങ്ങി.
അമ്മ ആകെ ചൂളിപ്പോയി! പാവം, എന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ നോക്കിയതാ, പക്ഷേ പണി പാളി. ഇനിയും എന്നെ ഇവിടെ നിർത്തിയാൽ കൂടുതൽ പണി കിട്ടുമെന്ന് അമ്മയ്ക്ക് മനസ്സിലായിക്കാണണം.
“ഒന്ന് പോയെടാ….. അവന്റെയൊരു തമാശ..”
അമ്മ ചിരി അടക്കിപ്പിടിച്ച് എന്നെ പിടിച്ച് തള്ളി.
“നീ വേഗം അവളെയും കൊണ്ട് ചെല്ലാൻ നോക്ക്.”
ഞാൻ ചിരിച്ചുകൊണ്ട് ചേച്ചിയെയും കൂട്ടി രമ്യ ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു.
ഡോക്ടർ ചേച്ചിയെ പരിശോധിച്ചു.
“നല്ല പനിയുണ്ടല്ലോ… കുറച്ചുനേരം ഇവിടെ കിടക്കാം. ഒരു ഡ്രിപ് ഇട്ടാൽ ക്ഷീണം മാറും,”
ഡോക്ടർ പറഞ്ഞു.
ചേച്ചി ആദ്യം ഒന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി ബെഡിൽ കയറി കിടന്നു. നഴ്സ് വന്ന് ഡ്രിപ് ഇട്ടു കൊടുത്തു. മരുന്ന് ശരീരത്തിൽ കയറി തുടങ്ങിയതോടെ ചേച്ചി മെല്ലെ കണ്ണുകൾ അടച്ചു.
ഞാൻ അരികിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കും ബോറടിച്ചു തുടങ്ങി. റൂമിൽ വേറെ ആരുമില്ല. ഞാൻ മെല്ലെ ഷൂസ് അഴിച്ചുമാറ്റി, ചേച്ചിയുടെ ബെഡിലേക്ക് വലിഞ്ഞു കയറി ഒപ്പം കിടന്നു….
ചേച്ചി ഒന്ന് അനങ്ങി, ശേഷം കണ്ണുതുറന്ന് എന്നെ നോക്കി.
“നീ എന്തിനാടാ കേറി കിടക്കുന്നത്?”
അവൾ പതുക്കെ ചോദിച്ചു.
“എനിക്ക് ക്ഷീണമാ ചേച്ചി… നീ അങ്ങോട്ട് നീങ്ങി കിടക്ക്,”
ഞാൻ അവളെ ഒന്നുകൂടി വശത്തേക്ക് നീക്കി കിടത്തി.
ചേച്ചി ചിരിച്ചുകൊണ്ട് എന്നെ ചേർത്തുപിടിച്ചു. ഞങ്ങൾ രണ്ടുപേരും ആ ഇടുങ്ങിയ ബെഡിൽ, ഡ്രിപ്പിന്റെ തുള്ളികൾ വീഴുന്ന താളത്തിൽ, കെട്ടിപ്പിടിച്ചു കിടന്നു. പുറത്ത് ഹോസ്പിറ്റലിലെ തിരക്കുകൾക്കിടയിലും, ആ മുറിക്കുള്ളിൽ ഞങ്ങൾ ഞങ്ങളുടേതായ ഒരു ലോകത്തായിരുന്നു.
