ലവ് ബൈറ്റ് – 4 34

 

“എനിക്കും അത് മതി… ഒരു ബിരിയാണി…”

 

അവൾ ആവേശത്തോടെ പറഞ്ഞു.

 

പക്ഷേ ഞാൻ അവളെ തടഞ്ഞു.

 

“ഹേയ്… അതൊന്നും പറ്റില്ല.”

 

ഞാൻ ഓർഡർ എടുക്കുന്ന ചേച്ചിയെ നോക്കി പറഞ്ഞു. “ഇവൾക്ക് ബിരിയാണി വേണ്ട… നല്ല ചൂട് കഞ്ഞിയും കുറച്ച് പയറും മതി. അച്ചാറൊന്നും വേണ്ട കേട്ടോ.”

 

“എടാ…!” ചേച്ചി ദയനീയമായി എന്നെ നോക്കി.

 

“എനിക്ക് കഞ്ഞി വേണ്ടടാ… എനിക്ക് ബിരിയാണി മതി…”

 

“മിണ്ടരുത്…” ഞാൻ കണ്ണുരുട്ടി.

 

“പനിച്ചു കിടക്കുന്ന രോഗികൾക്ക് ബിരിയാണി കൊടുക്കില്ല. കഞ്ഞി മതി. അല്ലേ ഏട്ടത്തീ?”

 

ഏട്ടത്തി ചിരിച്ചുകൊണ്ട് തലയാട്ടി. “അതെ അതെ… കഞ്ഞി മതി.”

 

ചേച്ചി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഞാൻ ആ ഓർഡർ എടുക്കുന്ന ചേച്ചിയെ പറഞ്ഞ് വിട്ടിരുന്നു….

 

ചേച്ചി സങ്കടത്തോടെയും ദേഷ്യത്തോടെയും എന്നെയും ഏട്ടത്തിയേയും മാറി മാറി നോക്കി….

 

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഞാൻ എന്തൊരു ചെറ്റയാണ് എന്ന്. സ്വന്തം ചേച്ചി വിശന്നിരിക്കുമ്പോൾ അവൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കൊടുക്കാത്ത ക്രൂരൻ!

 

പക്ഷേ ഇതിനു പിന്നിലൊരു കഥയുണ്ട് സുഹൃത്തുക്കളെ… ഒരു ഫ്ലാഷ്ബാക്ക്!

 

കുറച്ചു മാസം മുൻപ് ഞാനും ഏട്ടനും ഏട്ടത്തിയും കൂടി ഒരു വാട്ടർ പാർക്കിൽ പോയി. ചേച്ചിക്ക് വരാൻ പറ്റില്ലായിരുന്നു, അവൾക്ക് ഏതോ കല്യാണമുണ്ടായിരുന്നു.

 

ഞങ്ങൾ അവിടെ വെള്ളത്തിൽ കിടന്ന് കുത്തി മറിഞ്ഞ് തിരിച്ചു വന്നത് നല്ല പനിയും കൊണ്ടാണ്. മൂന്നുപേരും പനി പിടിച്ച് പുതച്ചു മൂടി കിടക്കുകയാണ്.

 

ആ സമയത്ത് ഈ പിശാശ് എന്താ ചെയ്തെന്നോ?

 

എന്നെക്കൊണ്ടുപോവാതെ ഒറ്റയ്ക്ക് പോയി എന്നും പറഞ്ഞ് നല്ല മൊരിഞ്ഞ ഫ്രൈഡ് ചിക്കനും വാങ്ങിച്ച് ഞങ്ങളുടെ നടുവിൽ വന്നിരുന്ന്, ആ മണം ഞങ്ങളുടെ മൂക്കിലേക്ക് അടിപ്പിച്ച്, “ആഹാ… എന്ത് രുചി…” എന്ന് പറഞ്ഞ് ഞങ്ങളെ നോക്കി കൊതിയൂട്ടി തിന്നു!

 

പനി കാരണം പച്ചവെള്ളം പോലും ഇറങ്ങാത്ത ഞങ്ങളുടെ മുന്നിലിരുന്ന് അവൾ ആ എല്ല് കടിച്ചു വലിക്കുമ്പോൾ ഞങ്ങളുടെ നെഞ്ച് തകർന്നു പോയിരുന്നു!

 

അന്ന് ഞങ്ങൾ മനസ്സിൽ കുറിച്ചിട്ടതാണ്… ഇതിനൊരു പണി കൊടുക്കുമെന്ന്.

 

അന്നത്തെ ആ ക്രൂരതയ്ക്ക് ദൈവം ആയി കൊണ്ടുതന്ന അവസരമാണിത്. അത് വെറുതെ അങ്ങ് കളയാൻ പറ്റുമോ?

 

ഞാനും ഏട്ടത്തിയും പരസ്പരം നോക്കി. ഞങ്ങളുടെ ചുണ്ടിൽ ഒരേസമയം ഒരു വില്ലൻ ചിരി വിരിഞ്ഞുവന്നു .

 

“പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്…..” ഞാൻ മനസ്സിൽ പറഞ്ഞു.

 

കാത്തിരിപ്പിനൊടുവിൽ ആ നേരം വന്നെത്തി!

 

ഓർഡർ ചെയ്ത സാധനങ്ങളുമായി വെയ്റ്റർ ചേച്ചി ഞങ്ങളുടെ ടേബിളിലേക്ക് വന്നു.

ആദ്യം വന്നത് ആവി പറക്കുന്ന രണ്ട് ചിക്കൻ ബിരിയാണിയാണ്. നല്ല നെയ്യിന്റെ മണം… കൂടെ വറുത്ത ഉള്ളിയും കശുവണ്ടിയും ഉണക്കമുന്തിരിയുമൊക്കെ വിതറിയ ആ മഞ്ഞച്ചോറ് കണ്ടപ്പോൾ തന്നെ എന്റെ വയറ്റിൽ ആരോ ചെണ്ട കൊട്ടാൻ തുടങ്ങി.

 

തൊട്ടുപിന്നാലെ നല്ല ചുവന്ന കളറിൽ, എണ്ണയിൽ കുളിച്ചു നിൽക്കുന്ന രണ്ട് പ്ലേറ്റ് ചില്ലി ചിക്കൻ!

അവസാനമായി, നല്ല മൊരിഞ്ഞ, ഉള്ളിയും പച്ചമുളകും ഒക്കെ ഇട്ട സ്പെഷ്യൽ ഓംലെറ്റ്!

 

ഞാനും ഏട്ടത്തിയും കൂടി ആ പ്ലേറ്റുകൾ ഞങ്ങളുടെ മുന്നിലേക്ക് നീക്കിവെച്ചു.

 

ബിരിയാണിയുടെ ആ മണം നേരെ ചേച്ചിയുടെ മൂക്കിലേക്കാണ് അടിച്ചത്. പാവം, അവളൊന്ന് തൊണ്ടയിറക്കുന്നത് എനിക്ക് കാണാമായിരുന്നു.

 

അപ്പോഴാണ് ആ ദുരന്തം വന്നത്…

ഒരു സ്റ്റീൽ പാത്രത്തിൽ നല്ല ചൂട് കഞ്ഞിയും, കൂടെ ഒരു ചെറിയ കപ്പിൽ കുറച്ചു പുഴുങ്ങിയ ചെറുപയറും വേറേ എന്തോ ഉപ്പേരികളും!

വെയ്റ്റർ ചേച്ചി അത് ചേച്ചിയുടെ മുന്നിലേക്ക് വെച്ചു.

 

“കഴിച്ചോളൂ…” എന്ന് പറഞ്ഞ് അവർ പോയി.

 

ചേച്ചി ദയനീയമായി ആ ബിരിയാണിയിലേക്കും പിന്നെ സ്വന്തം മുന്നിലിരിക്കുന്ന കഞ്ഞിയിലേക്കും മാറി മാറി നോക്കി.

Updated: March 2, 2026 — 10:30 pm

Leave a Reply

Your email address will not be published. Required fields are marked *