“ബ്രോയുടെ പേരെന്താ?”
ഞാൻ ബിരിയാണി കഴിക്കുന്നത് നിർത്തി അവളെ നോക്കി.
“അഭിമന്യു…”
“വീട് എവിടെയാ?”
“ഇവിടെ അടുത്ത് തന്നെയാ…”
അവൾ അടുത്ത ചോദ്യത്തിലേക്ക് കടന്നു.
“ബ്രോയുടെ കല്യാണം ഉറപ്പിച്ചിട്ടുണ്ടോ?”
ആ ചോദ്യം കേട്ടതും, തലയും താഴ്ത്തി ഇരുന്നിരുന്ന ചേച്ചിയും ഏട്ടത്തിയും കഴിക്കുന്നത് നിർത്തി. രണ്ടുപേരും ചെവി കൂർപ്പിച്ച് ഞങ്ങളെ തന്നെ നോക്കിയിരുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്ന് അവർക്കും ഒരു പിടുത്തവുമില്ല.
ഞാൻ തലയാട്ടി. “മ്മ്… ഉറപ്പിച്ചു. അടുത്ത ആഴ്ചയാ…”
അത് കേട്ടതും ആ പെൺകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൾ കൂടെയുള്ളവനെ ഒന്ന് അർത്ഥഗർഭമായി നോക്കി. ശേഷം വീണ്ടും എന്നോട് ചോദിച്ചു:
“പെണ്ണിന്റെ പേരെന്താ?”
ആ ചോദ്യത്തിൽ ഒരു കൗതുകം മാത്രമല്ല, എന്തോ ഒരു പേടിയോ അത്ഭുതമോ ഒക്കെ കലർന്ന ഒരു വിചിത്രമായ ഭാവമായിരുന്നു അവളുടെ മുഖത്ത്. എന്തിനാ ഇവൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്? എനിക്ക് കാര്യം പിടികിട്ടിയില്ല. ഇവൾക്ക് എന്നെ മുൻപരിചയമുണ്ടോ? അതോ അനുവിനെക്കുറിച്ചാണോ?
ഞാൻ മറുപടി പറയാൻ വായ തുറന്നതേയുള്ളൂ…
പെട്ടെന്ന് എന്റെ തൊട്ടടുത്തുള്ള ആ ഒഴിഞ്ഞകിടക്കുന്ന അവസാന കസേരയിലേക്ക് ആരോ വന്നിരുന്നു.
ഒരു തണുത്ത കാറ്റ് വീശിയതുപോലെ… ആ സാമീപ്യം എനിക്ക് പരിചിതമായിരുന്നു. ഒപ്പം, വല്ലാത്തൊരു നിശബ്ദത ആ ടേബിളിലാകെ പടർന്നു.
തൊട്ടുമുമ്പ് വരെ ചിലച്ചു കൊണ്ടിരുന്ന ആ മെഡിക്കൽ പിള്ളേരൊക്കെ ശ്വാസം വിടാൻ പോലും മറന്നതുപോലെ ഇരിക്കുന്നത് ഞാൻ കണ്ടു.
ഞാൻ മെല്ലെ വശത്തേക്ക് തിരിഞ്ഞു നോക്കി.
എന്റെ നെഞ്ചിടിപ്പ് ഒറ്റയടിക്ക് നിന്നുപോയി!
അനു!
ഡോക്ടറുടെ കോട്ടുമിട്ട്, കഴുത്തിൽ സ്റ്റെതസ്കോപ്പും തൂക്കി, അതിലേറെ ഗൗരവത്തിൽ അവൾ എന്റെ തൊട്ടടുത്ത് ഇരിക്കുന്നു!
ഉഫ്… ഒരു നിമിഷത്തേക്ക് രോമാഞ്ച പുളകിതനായി ഞാൻ….
അവൾ വന്നിരുന്നതും അവിടെക്കൂടെ പോവുകയായിരുന്ന, കാന്റീനിലെ മെയിൻ ആണെന്ന് തോന്നിക്കുന്ന ഒരു കുടവയറൻ ചേട്ടൻ പാഞ്ഞെത്തി.
അനു അയാളുടെ മുഖത്തേക്ക് നോക്കുക പോലും ചെയ്യാതെ വല്ലാത്തൊരു ഗൗരവത്തിൽ പറഞ്ഞു, “ഒരു ബിരിയാണി.”
അത് കേട്ടതും അയാൾ വന്നതിനേക്കാൾ വേഗത്തിൽ അവിടെ നിന്ന് തിരിഞ്ഞോടി. ഈ ടേബിളിൽ ഇപ്പോൾ ശരിക്കും ഒരു ബിരിയാണി മേളം തന്നെയാണ് നടക്കുന്നത്! പാവം എന്റെ ചേച്ചി… ഞാൻ വീണ്ടും സഹതാപത്തോടെ ആ കഞ്ഞിപ്പാത്രത്തിലേക്ക് നോക്കി.
ഞാൻ മെല്ലെ അനുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്ന് ചോദിച്ചു, “നീ ഇവിടെ ഉണ്ടായിരുന്നോ?”
അവൾ മറുപടി പറയാൻ വായ തുറന്നതും, ദേ നിൽക്കുന്നു ആ കുടവയറൻ ഒരു പ്ലേറ്റ് ആവി പറക്കുന്ന ബിരിയാണിയുമായി! ഇത്ര വേഗത്തിൽ ഇതെവിടുന്ന് കിട്ടിയാവോ എന്തോ.
അവൾ മുഖമുയർത്തി നോക്കിയില്ലെങ്കിലും, അയാൾ വളരെ ഭവ്യതയോടെ അവളെ നോക്കി ഒരു ചിരി പാസാക്കിയിട്ട് അപ്പോൾ തന്നെ അവിടെ നിന്നും വേഗം വലിഞ്ഞു.
“എപ്പോ വന്നു? എന്തിനാ വന്നത്?”
അവൾ എന്നെ നോക്കി വളരെ പതുക്കെ ചോദിച്ചു.
“അത്… അമ്മയ്ക്ക് വീട്ടിൽ നിന്ന് ഒരു ഫയൽ കൊടുക്കാൻ വന്നതാ. പിന്നെ ചേച്ചിക്ക് നല്ല പനിയുണ്ട്, അപ്പൊ അവളെ ഡോക്ടറെ കാണിക്കാമെന്നും കരുതി,”
ഞാൻ വിശദീകരിച്ചു.
അതിനിടയിൽ ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചു. എന്റെ മുന്നിലിരിക്കുന്ന ആ മെഡിക്കൽ പിള്ളേർ… അവരുടെ വായിൽ നിന്നും ഇപ്പോൾ ഒരു തരി ശബ്ദം പോലും പുറത്തുവരുന്നില്ല! തൊട്ടുമുൻപ് വരെ ചിലച്ചുകൊണ്ടിരുന്ന ആ പെണ്ണും കൂടെയുള്ളവരും ശ്വാസം വിടാൻ പോലും പേടിക്കുന്നത് പോലെയാണ് ബിരിയാണി തിന്നുന്നത്.കൈ പാത്രത്തിൽ തട്ടുന്ന ശബ്ദം പോലും കേൾപ്പിക്കാതെ വളരെ സൂക്ഷിച്ചാണ് അവരുടെ ഇരിപ്പ്.
“ഇവൾ സീനിയർ ഡോക്ടർ ആയതുകൊണ്ട് പേടിച്ചിട്ടാവും,” ഞാൻ മനസ്സിൽ കരുതി.
