എന്തായാലും കഥയിലേക്ക് കടക്കും മുമ്പ് അതിലുള്ളവരെ ഞാനൊന്ന് പരിചയപ്പെടുത്താം.
27 വയസ്സുള്ള ഫൈസി എന്ന ചെറുപ്പക്കാരൻ ആണ് കഥാ നായകൻ. അവന്റെ ശരീരത്തെ കുറിച്ച് പറയുകയാണെങ്കിൽ അഞ്ചര അടിയോളം പൊക്കവും ഒതുങ്ങിയ ശരീരവും ഉള്ള ചെറുപ്പക്കാരൻ. പ്രായം 27 ആണെങ്കിലും സൗധര്യ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവൻ ആയിരുന്നു ഫൈസി. അതുകൊണ്ട് അവനെ കണ്ടാൽ ഒരു 24,25 വയസ്സേ പറയു.
തുപ്പാക്കി എന്ന സിനിമയിലെ വില്ലൻ സിനിമാ നടൻ വിദ്യുത് ജംവലിന്റെ അതെ ചായ ആണ് അവനുള്ളത്.
ഇത് അവന്റെ കഥയാണ്.
എന്തായാലും ഇനി കഥയിലേക്ക് കടക്കാം
രാത്രി പത്ത് മണിയായിട്ടും ആമിനയുടെ വീട്ടിലെ വെളിച്ചം അണഞ്ഞിരുന്നില്ല. ഗേറ്റ് തുറന്ന് ഫൈസിയുടെ ബുള്ളറ്റ് മുറ്റത്തേക്ക് കയറിയപ്പോൾ തന്നെ ഉമ്മറത്തെ ലൈറ്റ് തെളിഞ്ഞു. ബൈക്കിന്റെ ശബ്ദം കേട്ട പാടെ ആമിന ഉമ്മറത്തേക്ക് ഇറങ്ങിവന്നു.
”നീയിപ്പോ വരുമെന്ന് വിചാരിച്ചതേയുള്ളൂ ഫൈസി… ഐഷു നേരത്തെ നിന്നെ വിളിക്കാൻ നോക്കിയിരുന്നു. ഫോൺ ബിസിയാണെന്ന് പറഞ്ഞ് അവൾക്ക് ആകെ ദേഷ്യം…”
ഫൈസി ഹെൽമെറ്റ് ഊരി ബൈക്കിന്റെ സൈഡ് മിററിൽ വെച്ച് ഉമ്മറത്തേക്ക് കയറി.
“കടയിൽ ഇത്തിരി തിരക്കായിപ്പോയി ഇളയമ്മേ. നാളെ മുതൽ കുറച്ചു ദിവസം ഞാൻ ഉണ്ടാവില്ലല്ലോ, അതിന്റെ പണികൾ തീർക്കുകയായിരുന്നു. അവളുടെ പിറന്നാളിന് വരാൻ പറ്റാത്തതിന് ഇപ്പോഴും പിണക്കമാണോ?”
ആമിന ചിരിച്ചു.
“പിണക്കമോ? നിന്റെ ഐഷുവിനെ നിനക്കറിയില്ലേ…
ഈ വീട് തലകീഴാക്കിയില്ല എന്നെ ഉള്ളു. പിന്നെ എങ്ങനെയോ പറഞ്ഞു മനസ്സിലാക്കി..അവൾ അകത്ത് മുറിയിൽ സാധനങ്ങൾ പാക്ക് ചെയ്യുന്ന ബഹളത്തിലാണ്. ഇടയ്ക്ക് ഓരോ ഡ്രസ്സും എടുത്തിട്ട് നിന്നെ കാണിച്ച് തരാമെന്ന് പറഞ്ഞു ഓരോ വട്ടം വരും. ഇപ്പോഴാ ഒന്ന് അടങ്ങിയത്.”
”എവിടെ അവൾ?” ഫൈസി അകത്തേക്ക് നോക്കി ചോദിച്ചു.
”അവൾ കുളിക്കാൻ കേറി. ഈ നേരത്താ അവൾക്ക് പാക്കിങ്ങും ഒരുങ്ങലുമൊക്കെ. നീ ഇരിക്ക്… ദാ ഈ പലഹാരങ്ങൾ ഒന്ന് കഴിച്ചു നോക്ക്.”
മേശപ്പുറത്തിരുന്ന ബിസ്ക്കറ്റും കേക്കും ചൂണ്ടിക്കാട്ടി ആമിന പറഞ്ഞു.
”ഇതെന്താ പുതിയ ഐറ്റമാണോ ഇളയമ്മേ?” ഫൈസി ഒരു ബിസ്ക്കറ്റ് എടുത്ത് വായിലിട്ടുകൊണ്ട് ചോദിച്ചു.
”അതെ, ബേക്കറിയിൽ പുതുതായി തുടങ്ങിയതാ. ഐഷുവിന് ഇത് ഭയങ്കര ഇഷ്ടമായി. ഇനിയിപ്പോ അവള് പോയി കഴിഞ്ഞാ ഞാനിവിടെ ഒറ്റക്കാവും അല്ലെ ഫൈസി…”
ആമിനയുടെ ശബ്ദത്തിൽ ഒരു ചെറിയ സങ്കടം കലർന്നു.
ഫൈസി ആമിനയുടെ തോളിൽ തട്ടി.
“അതിനെന്താ ഇളയമ്മേ, ങ്ങക്ക് ന്റെ വീട്ടിൽ വന്ന് നിക്കാലോ…അവൾ പഠിച്ചു വലുതാകട്ടെ. ഇളയമ്മ വെറുതെ പേടിക്കണ്ട, ഞാൻ ഉണ്ടല്ലോ കൂടെ. അവളെ അവിടെ സെറ്റാക്കിയിട്ടേ ഞാൻ തിരിച്ചു വരൂ. അവിടെ ഹോസ്റ്റലിലെ വാർഡനോടൊക്കെ ഞാൻ സംസാരിച്ചോളാം.”
”അതൊക്കെ നിന്നെ ഏൽപ്പിച്ചപ്പോൾ എനിക്ക് സമാധാനമായി. പക്ഷെ ആ പെണ്ണിന്റെ ഓരോ വാശികൾ നീ ഒന്ന് സഹിക്കേണ്ടി വരും കേട്ടോ… ബാംഗ്ലൂർ എത്തിയാൽ ഇത് വാങ്ങണം, അത് കാണണം എന്ന് പറഞ്ഞു അവൾ തുടങ്ങും.ശരീരത്തിനുള്ള വലിപ്പം മനസ്സിനില്ല.. ഇപ്പളും കൊച്ചു പിള്ളേരെ പോലാ.. അതും പോരാത്തതിന് മൂക്കിന് തുമ്പത്തെ ദേഷ്യോം വാശിയും..”
ഫൈസി ചിരിച്ചു.
“അതൊക്കെ എനിക്കറിയാം. ഐഷുവിനെ കൈകാര്യം ചെയ്യാൻ എനിക്ക് അറിയാവുന്നത് പോലെ മറ്റാർക്കാ അറിയുക? അവൾ ഇറങ്ങി വരട്ടെ, ഒന്ന് കാണട്ടെ ബാംഗ്ലൂർ പഠിക്കാൻ പോകുന്ന നമ്മുടെ ഐഷുക്കുട്ടിയെ!”
അകത്തെ മുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദവും ഇടയ്ക്ക് ആയിഷ എന്തോ മൂളിപ്പാട്ടു പാടുന്നതും അവർക്ക് കേൾക്കാമായിരുന്നു. നാളത്തെ യാത്രയെക്കുറിച്ചുള്ള ആശങ്കയും ആവേശവും ആ ചെറിയ വീടിന്റെ വരാന്തയിൽ പുകഞ്ഞു കൊണ്ടിരുന്നു.
