മരങ്ങൾക്കിടയിലെ കാളിമ പൂണ്ട പൊന്തക്കാടുകളിൽ മനോഹരങ്ങളായ കാട്ടു പൂക്കൾ നിറഞ്ഞു നിൽക്കുന്ന അജ്ഞാത സ്യസങ്ങൾ. സൗന്ദര്യം കണ്ട് ചേർത്തു പിടിക്കാൻ ശ്രമിച്ചാൽ മരണം വരെ സംഭവിക്കാൻ സാധ്യതയുള്ള വിഷസസ്യങ്ങൾ മുതൽ ഏത് വിഷബാധയെയും ഞൊടിയിട കൊണ്ട് നിർവീര്യമാക്കുന്ന ഔഷധ സസ്യങ്ങൾ വരെ അവയ്ക്കിടയിൽ ഉണ്ട്. കാടിനുമപ്പുറം മലകളുടെ പിന്നിലേക്ക് ചാഞ്ഞു തുടങ്ങിയ സായാഹ്ന സൂര്യന്റെ തളർന്ന സ്വർണ പ്രഭ അൽപ്പാൽപ്പമായി വൃക്ഷങ്ങളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. തണുപ്പ് പതുക്കെ ഭൂമിയെ ആലിംഗനം ചെയ്യാൻ വെമ്പി കൈകൾ കൊണ്ട് പൊതിയാൻ നാണിച്ചു നിൽക്കുന്നു.
എരിയുന്ന സിഗററ്റ് ചുണ്ടിൽ വച്ചു ജോർജ് കാടിന്റെ ഇരുണ്ട അനന്തതയിലേക്ക് കണ്ണുകൾ പായിച്ചു ചെറു വീടിന്റെ ഉമ്മറത്ത് കുത്തിയിരുന്നു. അയാളുടെ കണ്ണുകളിൽ ആഴമേറിയ ചിന്തയുടെ കനലുണ്ട്. മുഖത്ത് വെറുപ്പും കോപവും ഇരുണ്ടു മൂടിക്കെട്ടി നിൽക്കുന്നു. എത്ര പെട്ടന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. വളരെ കോൺഫിഡൻസോടു കൂടി നല്ല വെടിപ്പായി കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നത് ആയിരുന്നു. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഭീഷണിപ്പെടുത്തിയും അവഗണിച്ചും ആളുകളെ വരുതിയിൽ ആക്കിയും ശാരീസ്ഗ്രൂപ്പ്‌നെ താൻ നിസ്സാരവത്കരിച്ച കോടികൾ അതിന്റെ മറവിൽ സമ്പാദിച്ചു. ഇരു ചെവിയറിയാതെ അവരെ ഉപയോഗിച്ചു വൻതോതിൽ കഞ്ചാവ് കടത്തു തന്നെ തങ്ങൾ നടത്തി.
ആ ശാരിക വെറുമൊരു പെണ്ണാണല്ലോ, അതും പുരുഷവിദ്വേഷി, അധികം തലവേദയുടെ പിന്നാലെ പോകില്ല എന്ന ഉറപ്പിൽ തന്നെയായിരുന്നു എല്ലാം മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരുന്നത്. പക്ഷേ ആ വാഹിദ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു. തനിക്ക് തന്റെ ജീവനും കൊണ്ട് ഈ കാട്ടിൽ വന്നു ഒളിച്ചിരിക്കേണ്ട ഗതിയായി. അവനെ ഒതുക്കാതെ ഒന്നിനും കൂട്ട് നിൽക്കാൻ വയ്യെന്നാണ് ഉദ്യോഗസ്ഥരും പറഞ്ഞിരിക്കുന്നത്. അവന് അപൂർവ്വം ചിലരുമായി നല്ലൊരു സൗഹൃദവലയമുണ്ട്. പിന്നിൽ നിന്ന് ആത്മവിശ്വാസം നൽകാൻ ചില കമ്പനികളുടെ ലീഗൽ അഡ്വൈസർമാരുണ്ട്. താൻ അവനൊരാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ആദ്യമേ തുറിച്ചറിയണമായിരുന്നു.
തന്റെ മകൾ.!
അവളുടെ കാര്യമാണ് കഷ്ടം. ഭർത്താവെന്നു പറയുന്ന ആ ഭീരു എല്ലാം നാറിതുടങ്ങിയപ്പോൾ തന്നെ സ്വന്തം ഷെയർ ഭാര്യയുടെ തലയിൽ എഴുതി വച്ചു നാടുകടന്നു. പെങ്ങൾ ആണെങ്കിൽ താനൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ തന്നെ ഇതിനൊന്നും കെട്ടിവലിക്കണ്ട എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുക്കും തനിക്ക് ഒളിവിലും മകൾക്ക് വീട്ടിലും ഇരിക്കേണ്ടി വന്നു. അയാൾ നിരാശയോടെ ചിന്തിച്ചു.
അതായിരുന്നു വാസ്തവവും. വാഹിദും കിഷോറും രാജന്റെ കൂടെ എലിസബത്തിന്റെ ഗ്രീനി സ്‌പൈസസിൽ എത്തി എലിസബത്തിനെയും വിൻസെന്റിന്റെ ഭാര്യയും ജോർജിന്റെ മകളുമായ ഷെറിനെ കണ്ടു സംസാരിച്ചിരുന്നു. ഡ്രഗ് ഡീലിങ് ആണ്, രണ്ട് ഗ്രൂപ്പിനെയും ഒരുപോലെ ബാധിക്കും, അത് കൊണ്ട് നിയമത്തിന്റെ വഴിയിൽ പോകാതെ കാര്യങ്ങൾ അവസാനിപ്പിക്കാനാണ് താത്പര്യം എന്ന് രാജനും വാഹിദും അവരെ ധരിപ്പിച്ചു.
“വിൻസന്റിനെ ഞാൻ വെറുതെ വിടില്ല, അത് കൊണ്ട് ഷെറിൻ എന്ത് തീരുമാനം എടുക്കുന്നോ അതുപോലെ ചെയ്യാം. ഇനി ഞങ്ങളുടെ മറ പിടിച്ചു ഇത്തരം വലിയ കളികൾ നടന്നാൽ വലിയ വില കൊടുക്കേണ്ടി വരും. അറിയാലോ ഷെറിൻ, നിന്റെ അച്ഛൻ ഒരു ക്രിമിനൽ ആണ്. ഒരു പക്കാ കില്ലർ. എത്രയോ ആദിവാസി പെൺകുട്ടികളെ അയാൾ പീഡിപ്പിച്ചു കാട്ടിലെ പട്ടികൾക്ക് ഇട്ട് കൊടുത്തിട്ടുണ്ട്. ജീവനോടെ പച്ചക്ക് തിന്നാൻ ഇട്ട് കൊടുത്തിട്ടുണ്ട്. അങ്ങേരിപ്പോ ഒളിവിലാണ്.” വാഹിദ് പറഞ്ഞു.
“എന്താ എന്നോട് മാത്രം പറയുന്നത്. എലിയോടു ഒന്നും പറയുന്നില്ല ല്ലോ. അവളല്ലേ പാട്ണർ. എനിക്ക് ഒന്നും അറിയില്ല. എല്ലാം ഇച്ചായനും കൂട്ടരും ചെയ്തതാണ്. അങ്ങേർക്ക് എന്നെ കട്ടിലിൽ മാത്രമേ വേണ്ടൂ.” ഷെറിൻ ആസ്വസ്ഥതയോടെ പറഞ്ഞു. എലിസബത്തിന്റെ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി ഊറിക്കൂടി. അവൾ ഇടംകണ്ണിലൂടെ വാഹിദിനെ നോക്കി. അവൻ അത് കാണാത്തത് പോലെ നടിച്ചു.
