“ഇക്കാഹ്..” അവൾ കൂകി നിലവിളിക്കാൻ തുടങ്ങി. ചാടി എഴുന്നേറ്റ് വാഹിദ് തന്നെ ചവൂട്ടിയവനെ കൈ മടക്കി താടിയെല്ലിന് ഇടിച്ചു. അവനൊന്നു ഞരങ്ങി. ഒപ്പം വാഹിദ് അവന്റെ പിന്നിലേക് മാറി കഴുത്തിൽ ചുറ്റിപ്പിടിച്ചു. എന്നിട്ട് ഒന്ന് പുറം തിരിഞ്ഞു തന്റെ മുന്നിലേക്ക് ആ അക്രമിയെ പിന്നിലൂടെ പൊക്കിയെടുത്തു ആഞ്ഞൊരു അടിയടിച്ചു.
നടുവൊടിഞ്ഞു എഴുന്നേറ്റ് നിൽക്കാൻ വയ്യാതെ അവൻ ഇഴഞ്ഞു നീങ്ങി. ഉസ്മാൻ കഴിയുന്നതും എതിർക്കാൻ ശ്രമിക്കുന്നു. പക്ഷേ മൂന്നുപേർ അവനെ ചുറ്റിനിന്നു കീഴ്പ്പെടുത്തി. വാഹിദ് അവർക്ക് നേരെ കുതിച്ചു ചെന്ന് ഓരോരുത്തരെയായി ചവുട്ടി തെറിപ്പിച്ചു. അവർ എഴുന്നേറ്റ് വന്നു അരയിൽ നിന്ന് ചെയിൻ എടുത്ത് ചുഴറ്റി വീശാൻ തുടങ്ങി. ഉസ്മാൻ ഓടി മാറി.
വാഹിദ് ഒഴിഞ്ഞു മാറി ഒഴിഞ്ഞു മാറി കിട്ടിയ ഗ്യാപ്പ് മുതലെടുത്തു ഒരുത്തന്റെ മുന്നിലേക്ക് വലിഞ്ഞു കയറി അവന്റെ കൈക്കു കേറിപ്പിടിച്ചു തിരിച്ചു. അവൻ നിലവിളിയോടെ ചെയിൻ താഴെയിട്ടു. ഇതിനകം മറ്റുള്ളവരുടെ ചെയിൻ ആക്രമണം വാഹിദിന്റ പുറത്തും കൈയിലും മറ്റും മുറിവേൽപ്പിച്ചു. അവന്റെ വെളുത്ത നിശാ വസ്ത്രം ചുവന്നു. ശാരിക അലറി വിളിച്ചു തലകറങ്ങി നിലത്തേക്ക് ഊർന്ന് വീണു. വാഹിദ് തന്റെ കൈയിൽ കിട്ടിയവന്റെ കഴുത്തു പിടിച്ചു തിരിച്ചപ്പോൾ അവൻ ബോധം മറഞ്ഞു പിന്നിലേക്ക് മലർന്നു വീണു.
ഉസ്മാൻ ഓടി വന്നു രണ്ടും കല്പ്പിച്ചു വാഹിദിന്റെ കൂട്ടിനെത്തി. അപ്പോഴേക്കും ആദ്യം തല്ലു കിട്ടിയവരിൽ രണ്ട് പേര് എഴുനേറ്റു വന്ന് ആക്രമണം തുടങ്ങി. വാഹിദ് നിലത്തു നിന്ന് ചെയിൻ എടുത്തു വട്ടം കറങ്ങി വീശിക്കൊണ്ട് അവരിലേക്ക് പടർന്നു കയറി. അവരെ ഓരോന്നായി വീശിയടിച്ചു നിലം പരിശാക്കി അവൻ നിലത്തേക്ക് തളർന്നിരുന്നു കിതച്ചു.
“ഉസ്മാനെ, ദാ ഈ ചെയിൻ കൊണ്ട് എല്ലാത്തിനേം കൂട്ടുകെട്ട്. അനങ്ങാൻ കഴയരുത് ഒരുത്തനും.” വാഹിദ് കിതപ്പിനിടയിൽ പറഞ്ഞു.
“ഇക്ക ഒന്ന് മൂളിയാൽ മതി, അപ്പുറത്ത് മഴുവുണ്ട്. ഇവന്മാരുടെ കാല് വീട്ടിമാറ്റാം ഞാൻ.” ഉസ്മാൻ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“എടാ നീയെന്താടാ സിനിമയിലെ സൈക്കോ കില്ലറോ. നിന്നു തള്ളാതെ ഒന്ന് കെട്ടിയിടെടാ ചെങ്ങായീ ” വാഹിദ് തളർച്ചയോടെ കിതച്ചു കൊണ്ട് പറഞ്ഞു.
ഉസ്മാൻ ഒരു വളിച്ച ചിരി ചിരിച്ചു. വീണു കിടക്കുന്ന ഗുണ്ടകളെ അവൻ വലിച്ചു കൂട്ടി അവരുടെ കാലുകൾ ചേർത്തു കെട്ടി. പിന്നെ വേറെ ചെയിൻ എടുത്ത് കൈകളും മുറുക്കി ചേർത്തു കെട്ടി വിറകു കെട്ട് പോലെ നിലത്തു കിടത്തി. വാഹിദ് എഴുന്നേറ്റ് അവരുടെ മേൽ ചെന്നിരുന്നു ഒരുത്തന്റെ ചങ്കിൽ കാല് കൊണ്ട് അമർത്തി ശ്വാസം മുട്ടിച്ചു. അവൻ ശ്വാസം മുട്ടി കണ്ണ് മിഴിച്ചു ചുമച്ചു.
“തുഷാർ. ജോർജ്. ഡെന്നീസ്.. മൂന്നുപേരും എവിടെ. ആ സെയ്‌താലി തീർന്നു എന്നറിയാം.” വാഹിദ് പല്ലുഞ്ഞെരിച്ചു കൊണ്ടു പറഞ്ഞു.
“തുഷാർ ചേട്ടൻ ഡെന്നിസ് സാറിന്റെ വീട്ടിൽ ഉണ്ട്. അയാളുടെ മകളും ഭാര്യയുയുമായി അടുപ്പത്തിലാണ്. നാളെ രാവിലേ അവരെ കാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞു. ബാക്കി രണ്ടുപേരെയും എവിടാന്ന് അറിയില്ല. ” അവൻ ഞരങ്ങിക്കൊണ്ട് പറഞ്ഞു.
“എടാ നായിന്റെ മോനെ. നിങ്ങൾക്ക് ഇങ്ങനൊരു കൊട്ടേഷൻ തന്നിട്ട് അവൻ കാമുകിയെ കണ്ടു സുഖിക്കാൻ പോകും എന്ന് വിശ്വസിക്കാൻ ഞാൻ എന്താ മണ്ടനാണോ. എവിടെടാ ആ ഭീരു.”? വാഹിദ് അമറിക്കൊണ്ട് വീണ്ടും അവന്റെ ശ്വാസനാളം ചവൂട്ടിയരച്ചു.ശ്വാസം കിട്ടാതെ അവൻ പിടഞ്ഞു. വാഹിദ് കാലെടുത്തു.
“എല്ലാരും കാട് കയറി നാളെ തോട്ടത്തിലേക്ക് പോകും. കഞ്ചാവ് മാറ്റാൻ. തുഷാർ ഡെന്നീസ് സാറിന്റെ വീട്ടിൽ തന്നെയാണ്. സത്യമാണ്.” അവൻ അത്രയും പറഞ്ഞു ബോധം മറഞ്ഞു നിശ്ചലമായി. വാഹിദ് എഴുന്നേറ്റ് ശാരികയുടെ അടുത്തേക്ക് നടന്നു.
“ഉസ്മാനെ താൻ എസ്. ഐ. കിഷോറിനെ വിളിക്ക്. പെട്ടന്ന് വന്നു ഇവരെ കൊണ്ടോവാൻ പറ. അല്ലെങ്കിൽ ഇവിടെ കിടന്നു തണുത്തു ചാവും.”
