കാർത്തികേയം – 1 4അടിപൊളി  

” “ആരാ പന്നിയെന്ന് ഒന്ന് കൂടി പറഞ്ഞേ? ” “അയ്യോ… വിടെടീ! ” അതേ സമയം താഴെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു.

പിന്നാലെ പടികൾ കയറി വരുന്ന കാൽപ്പാടുകളും. പക്ഷേ ഞങ്ങളുടെ യുദ്ധം അതൊന്നും ശ്രദ്ധിക്കുന്ന അവസ്ഥയിലായിരുന്നില്ല. വാതിൽ തുറന്ന ശബ്ദം കേട്ടപ്പോഴാണ് എല്ലാവരും ഒരുപോലെ തിരിഞ്ഞുനോക്കിയത്. വാതിൽക്കൽ അച്ഛനും രാജീവ് അങ്കിളും.

ഒരു നിമിഷം അവിടെ നിശബ്ദത പടർന്നു. ഗൗരി ചേച്ചിയാണെങ്കിൽ ഇപ്പോഴും എന്റെ ഒക്കത്തിരുന്ന് എന്റെ തോളിൽ പല്ലും കൊളുത്തി നിക്കുവാണ്. ഞാൻ അവളുടെ കൈ വിടുവിക്കാൻ പാടുപെടുന്നു. കാവ്യ സോഫയിൽ ഇരുന്ന് കാഴ്ച കാണുന്നു.

അമ്മയും രമ്യ ആന്റിയും ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ അവരുടെ ജോലി തുടരുന്നു. കുറച്ചു നേരം ആ കാഴ്ച നോക്കി നിന്ന ശേഷം രാജീവ് അങ്കിൾ അച്ഛനെ ഒന്ന് നോക്കി. “ഇന്നും തുടങ്ങിയോ? ” അച്ഛൻ ഒരു നെടുവീർപ്പോടെ തലകുലുക്കി.

“കണ്ടിട്ട് അങ്ങനെയാ തോന്നുന്നേ. ” “അച്ഛാ… ഇവനാ ആദ്യം തുടങ്ങിയെ! ” ഗൗരി ചേച്ചി നൈസായിട്ട് പഴി എന്റെ മേൽ ചാരി.

“അല്ല അങ്കിളേ, ഇവളാ തുടങ്ങിയെ. ” ഞാനും വിട്ടുകൊടുത്തില്ല. മതി… മതി…

” അച്ഛൻ കൈ ഉയർത്തി പറഞ്ഞു. “ഇനി ആരാ തുടങ്ങിയെ എന്ന് കണ്ടെത്താൻ അന്വേഷണ കമ്മീഷൻ വയ്ക്കേണ്ട. ” “അതെ. ” രാജീവ് അങ്കിളും തലയാട്ടി.

“വിധി പറഞ്ഞാലും രണ്ടാളും സമ്മതിക്കാൻ പോകുന്നില്ല. ” “അതുകൊണ്ട് കേസ് ഇവിടെ തീർന്നു. ” അച്ഛൻ അന്തിമവിധി പ്രഖ്യാപിച്ചു. “അനീതിയാണ്.

” ഗൗരി ചേച്ചി പിറുപിറുത്തു. “നിങ്ങൾ രണ്ടാളും വായും പൂട്ടി ഇരുന്നാൽ അതാണ് ഈ വീട്ടിലെ നീതി. ” രാജീവ് അങ്കിൾ പറഞ്ഞതും വിഷയം അവിടെ അവസാനിച്ചു. ഞാൻ പതിയെ മുകളിലേക്ക് വലിയൻ നോക്കിയതും ചേച്ചിയുടെ സ്വരം ഉയർന്നു.

“ഡാ, ബാക്കി ഞാൻ പിന്നെ തന്നോളം. ” “ഓ…” അത് ഗൗനിക്കാതെ ഞാൻ മേലേക്കുള്ള പടികൾ ചാടി കയറി എന്റെ റൂമിലേക്ക് കയറി. മുകളിലെ മുറിയിലേക്ക് കയറിയപ്പോഴേക്കും ആകാശം മുഴുവൻ കറുത്ത മേഘങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിനിൽക്കുമ്പോഴേക്കും ആദ്യ മഴത്തുള്ളികൾ മുറ്റത്തെ ടിൻ ഷീറ്റിൽ വീണു.

ടക്… ടക്… ടക്… അൽപസമയത്തിനുള്ളിൽ തന്നെ മഴ ശക്തമായി.

മഴ കാണാൻ കാർത്തിക്ക് എന്നും ഇഷ്ടമായിരുന്നു. അതുകൊണ്ട് മുറിയിൽ ഇരിക്കാതെ അവൻ നേരെ ടെറസിലേക്ക് കയറി. ടെറസിന്റെ ഒരു മൂലയിലുള്ള പഴയ ചാരുകസേരയിൽ ഇരുന്ന് കാലുകൾ നീട്ടിവച്ചു. മഴത്തുള്ളികൾ ദൂരെയുള്ള റബർ മരങ്ങളിലേക്കും വീടുകളുടെ മേൽക്കൂരകളിലേക്കും പെയ്തിറങ്ങുന്നത് നോക്കിയിരുന്നു.

തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചുവന്നു. താഴെ റോഡിലെ ശബ്ദങ്ങൾ പതിയെ മാഞ്ഞു. പകരം മഴയുടെ താളം മാത്രം ബാക്കിയായി. അറിയാതെ അവന്റെ

മനസ്സ് ഇന്നത്തെ ദിവസത്തിലേക്ക് ഒഴുകി. ഒന്നൊന്നായി എല്ലാം മനസ്സിലൂടെ കടന്നുപോയി. അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. മഴയുടെ തണുപ്പും കാറ്റിന്റെ തലോടലും കൂടിയായപ്പോൾ കണ്ണുകൾ പതിയെ അടഞ്ഞു.

എത്ര നേരം ഉറങ്ങിയെന്ന് അറിയില്ല. പക്ഷേ… കണ്ണ് തുറന്നപ്പോൾ കാർത്തി നിന്നിരുന്നത് മറ്റൊരിടത്തായിരുന്നു. ആകാശം മുഴുവൻ ചാരനിറമുള്ള മേഘങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നു.

മഴ പെയ്യുന്നില്ല. എന്നാൽ എപ്പോൾ വേണമെങ്കിലും പെയ്യാമെന്ന തോന്നൽ ഉണർത്തുന്ന ഭാരമുള്ള അന്തരീക്ഷം. സൂര്യൻ അസ്തമിച്ചിട്ടില്ല. പകൽ തന്നെയായിരുന്നു.

എന്നിട്ടും ചുറ്റും പരന്നുകിടന്ന വെളിച്ചത്തിന് ജീവനില്ലാത്തതുപോലെ തോന്നി. തണുത്ത കാറ്റ് മരങ്ങൾക്കിടയിലൂടെ വീശിപ്പോയി. കാർത്തി പതിയെ മുന്നിലേക്ക് നോക്കി. അവന്റെ മുന്നിൽ ഉയർന്നുനിന്നത് ഒരു പഴയ തറവാടായിരുന്നു.

വർഷങ്ങളായി കാണാതിരുന്നിട്ടും ഒറ്റനോട്ടത്തിൽ തിരിച്ചറിയാവുന്ന വീട്. പനയൂരിലെ ആ പഴയ തറവാട്. കായ്പിടിച്ച ഓടുകൾ. പഴക്കം തേച്ച മരത്തൂണുകൾ.

കാലത്തിന്റെ മുറിവുകൾ പേറുന്ന ചുവരുകൾ. തറവാടിന് ചുറ്റുമുണ്ടായിരുന്ന വലിയ മാവുകളും പ്ലാവുകളും കാറ്റിൽ പതിയെ ഇളകുന്നുണ്ടായിരുന്നു. എന്തോ… എന്തോ ശരിയല്ല.

Leave a Reply

Your email address will not be published. Required fields are marked *