കാർത്തികേയം – 1 4അടിപൊളി  

ആ വീട് അവന് പരിചിതമായിരുന്നു. പക്ഷേ ഇപ്പോൾ കാണുമ്പോൾ അതേ വീടിന് മറ്റൊരു മുഖം ഉണ്ടായിരുന്നതുപോലെ. ഒരു നിമിഷം അവൻ അവിടെ തന്നെ നിന്നു. തറവാടിന്റെ വലിയ പടിപ്പുര കടന്ന് മുറ്റത്തേക്ക് കയറുമ്പോൾ അവന്റെ നെഞ്ചിനുള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു അസ്വസ്ഥത വളരാൻ തുടങ്ങി.

അവിടെ ആളുകൾ ഉണ്ടായിരുന്നു. ആദ്യം മുത്തശ്ശിയെ കണ്ടു. അതിനടുത്ത് വലിയച്ഛൻ,വല്യമ്മ . അവരുടെ മക്കൾ.

വരാന്തയുടെ മറുവശത്ത് ചെറിയച്ഛനും ചെറിയമ്മയും. അവരുടെ മക്കളും കൂടെ ഉണ്ടായിരുന്നു. മുഖങ്ങൾ ഓരോന്നായി വ്യക്തമായി. വർഷങ്ങൾക്ക് മുൻപ് അവസാനമായി കണ്ടവരാണെങ്കിലും ആരെയും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല.

പക്ഷേ… എന്തോ ഒരു പോരായ്മ അവിടെ ഉണ്ടായിരുന്നു. ഒരു നിമിഷം കാർത്തി വീണ്ടും എല്ലാവരെയും നോക്കി. അപ്പോഴാണ് അത് മനസ്സിലായത്.

ആ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നു. ഒരാൾ ഒഴികെ. മുത്തശ്ശൻ. മുത്തശ്ശന്റെ അഭാവം മനസ്സിൽ ഒരു അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും മറ്റൊരുകാര്യം അവന്റെ ശ്രദ്ധ ആകർഷിച്ചു.

ആരും സംസാരിക്കുന്നില്ല. ആരും ചിരിക്കുന്നില്ല. ആരും അനങ്ങുന്നില്ല. എല്ലാവരുടെയും കണ്ണുകൾ ഒരേ ദിശയിലായിരുന്നു.

തറവാടിന്റെ തെക്കേ അറ്റത്തുള്ള ഇരുണ്ട വരാന്തയിലേക്ക്. അറിയാതെ കാർത്തിയും അങ്ങോട്ട് നോക്കി. അവിടെ ഒരു രൂപം നിൽക്കുന്നുണ്ടായിരുന്നു. വരാന്തയുടെ നിഴലുകൾക്കിടയിൽ ആൾ പകുതിയോളം മറഞ്ഞിരുന്നു.

ആദ്യം ഒരു നിഴൽ മാത്രമാണെന്ന് തോന്നി. പക്ഷേ അല്ല. അവിടെ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. മുഖം വ്യക്തമായിരുന്നില്ല.

എന്നാൽ ആ രൂപം അവിടെ ഉണ്ടായിരുന്ന മറ്റാരെയും നോക്കുന്നുണ്ടായിരുന്നില്ല. അയാളുടെ കണ്ണുകൾ… അവ നേരെ കാർത്തിയിലായിരുന്നു. പക്ഷേ ഉയരവും ശരീരഘടനയും കണ്ടപ്പോൾ തന്നെ അവനത് ആരാണെന്ന് മനസ്സിലായി ;മുത്തശ്ശൻ!

മുത്തശ്ശനു പണ്ടേ അവനെ വലിയ കാര്യം ആയിരുന്നു. അവനും മുത്തശ്ശനെന്നാൽ ജീവനായിരുന്നു. അതുകൊണ്ട് തന്നെ അവനറിയാതെ അവന്റെ നാവിൽനിന്ന് ആ ശബ്ദം പുറത്ത് വന്നു ; “മുത്തശ്ശാ…” മറുപടി ഒന്നും ഉണ്ടായില്ല. എങ്കിലും കാലുകൾ സ്വയം മുന്നോട്ട് നീങ്ങി.

മുറ്റം കടന്ന് വരാന്തയിലേക്ക്. ഒരു ചുവട്. പിന്നെ മറ്റൊന്ന്. അവൻ അടുക്കുംതോറും ആ രൂപം കൂടുതൽ വ്യക്തമാകേണ്ടതായിരുന്നു.

പക്ഷേ… വിചിത്രമായി അതിന്റെ മുഖം കൂടുതൽ കൂടുതൽ നിഴലിലേക്ക്

മറയുന്നതുപോലെയായിരുന്നു. അടുത്തെത്തുംതോറും എന്തോ ശരിയല്ലെന്ന് തോന്നിത്തുടങ്ങി. മുത്തശ്ശന്റെ രൂപം ഇങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന്റെ നിൽപ്പ് ഇങ്ങനെയായിരുന്നില്ല.

എന്തോ ഒന്ന് തെറ്റിയിരിക്കുന്നു. കാർത്തി വീണ്ടും സൂക്ഷിച്ച് നോക്കി. അടുത്ത നിമിഷം അവന്റെ ശരീരമാകെ ഒരു തണുപ്പ് പടർന്നു. അത് മുത്തശ്ശനല്ല.

ആ സത്യം മനസ്സിലായതും നെഞ്ചിനുള്ളിൽ ഒരു വിചിത്ര ഭയം ഉണർന്നു. കാരണം ആ രൂപം അപരിചിതമായിരുന്നു. പക്ഷേ… എന്തുകൊണ്ടോ അതിന്റെ കണ്ണുകൾ പരിചിതമായിരുന്നു.

അവൻ അറിയാതെ നിന്നുപോയി. നെഞ്ചിനുള്ളിലെ മിടിപ്പ് പതിയെ കൂടിത്തുടങ്ങി. അപ്പോഴാണ് ആ രൂപം പതിയെ തല ഉയർത്തിയത്. ചുറ്റുമുള്ള നിശ്ശബ്ദത ഒരുനിമിഷം കൂടി ഭാരമുള്ളതായി.

കാർത്തിയുടെ കണ്ണുകൾ ആ രൂപത്തിൽ തന്നെ ഉറച്ചുനിന്നു. അതേ നിമിഷം… ഒരു ശബ്ദം കേട്ടു. വളരെ വ്യക്തമായി.

“കാർത്തി… ” അവൻ ഒന്ന് ഞെട്ടി. ശബ്ദം വന്നത് എവിടെ നിന്നാണെന്ന് മനസ്സിലായില്ല. ചുറ്റും നോക്കി.

ആരും ഇല്ല. വീണ്ടും അതേ ശബ്ദം. ഇത്തവണ കുറച്ചുകൂടി ആഴത്തിൽ. “കാർത്തി…

” അവന്റെ കണ്ണുകൾ വീണ്ടും ആ രൂപത്തിലേക്ക് നീങ്ങി. ആ രൂപത്തിന്റെ ചുണ്ടുകൾ അനങ്ങുന്നതായി തോന്നി. “ആ… ആരാ…

” വാക്കുകൾ പോലും ശരിക്ക് പുറത്തുവരുന്നുണ്ടായിരുന്നില്ല. ശബ്ദത്തിലെ വിറയൽ അവന് തന്നെ കേൾക്കാമായിരുന്നു. അവൻ അറിയാതെ ഒരടി പിന്നോട്ട് വെച്ചു. മറുപടി വന്നില്ല.

ചുറ്റും നിശ്ശബ്ദത മാത്രം. അവന്റെ സ്വന്തം ഹൃദയമിടിപ്പ് പോലും കേൾക്കാമെന്നു തോന്നി. പിന്നെ… ആ രൂപം പതിയെ ഒരു ചുവട് മുന്നോട്ട് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *