കാർത്തികേയം – 4 6അടിപൊളി  

ഒരുപാട് നാളത്തെ തന്റെ ഉറക്കവും സമാധാനവുമെല്ലാം കവർന്നെടുക്കാനും, ഒടുവിൽ തന്റെ ജീവന്റെ പാതിയായി സ്വയം തിരഞ്ഞെടുക്കാനും പോകുന്ന ആ

കണ്ണുകളിലേക്കാണ് താനിപ്പോൾ ലയിച്ചുചേരുന്നതെന്ന് അന്നേരം അവനറിഞ്ഞിരുന്നില്ല…

പതിയെ ആ നാലെണ്ണവും അടുത്ത കൂട്ടുകാരായി.അമൽ ഓരോ കുരുത്തക്കേടൊപ്പിക്കുന്നതും താര അവനെ വാക്കുകൊണ്ട് മലർത്തിയടിക്കുന്നതുമെല്ലാം പതിവായി.താരയൊരു വായാടിപെണ്ണായിരുന്നു. പക്ഷെ അവളുടെ കൂട്ടുകാരിയാണേൽ അവൾക് നേരെ വിപരീതമായി ഒരു ശാന്തസ്വഭാവക്കാരിയും.

അമലിന്റെയും താരയുടെയും ബഹളങ്ങൾക്കും തമാശകൾക്കുമിടയിലായിരുന്നു കാർത്തിയും അവളും തമ്മിലുള്ള മൗനാനുരാഗം പതിയെ തളിരിട്ടത്.സുഹൃത്തുക്കളുടെ തർക്കങ്ങൾ കേട്ട് പരസ്പരം നോക്കി ചിരിക്കുന്നതിനിടയിൽ, അവരുടെ കണ്ണുകൾ തമ്മിൽ പലപ്പോഴും കഥകൾ പറഞ്ഞു.

വാക്കുകളേക്കാൾ കൂടുതൽ മൗനം സംസാരിച്ച നിമിഷങ്ങൾ.ചുറ്റും നടക്കുന്ന ബഹളങ്ങൾക്കിടയിലെ കുഞ്ഞു ശാന്തതയിൽ അവർ പരസ്പരം കൂടുതൽ അടുത്തു.ഇവർ നാലുപേരുടെയും ഈ കൊച്ചു കൊച്ചു പിണക്കങ്ങൾക്കും, പരിഭവങ്ങൾക്കും, പറയാതെ പറഞ്ഞ പ്രണയത്തിനും ആ ജനലാരികിലെ ബെഞ്ച് ഒരു മൂകസാക്ഷിയായി നിന്നു.

ജനലഴികളിലൂടെ കടന്നുവന്ന ഇളംകാറ്റ് അവരുടെ സൗഹൃദത്തിന്റെ കഥകൾക്ക് എന്നും കാതോർത്തു. കാലം കടന്നുപോകുന്തോറും ആ നാലുപേർക്കിടയിലുള്ള ബന്ധം വെറുമൊരു ക്ലാസ്സ്മേറ്റ്സ് എന്നതിനപ്പുറം, ഒരിക്കലും പൊട്ടാത്തത്ര ദൃഢമായ ഒരു ചരടായി മാറിക്കഴിഞ്ഞിരുന്നു.അത്രമേൽ ആഴത്തിൽ ആ സൗഹൃദം അവരിൽ വേരൂന്നിയിരുന്നു…

കാലത്തിന്റെ പുസ്തകത്താളുകൾ വേഗത്തിൽ മറിഞ്ഞു.പത്താം ക്ലാസ്സിന്റെ പടിവാതിൽക്കൽ എത്തുമ്പോഴേക്കും അവരുടെ സൗഹൃദത്തിന്റെ ഭാവവും മാറിയിരുന്നു.അതിൽ കാർത്തിക്കും അവൾക്കും ഇടയിലെ അകലം പൂർണ്ണമായും ഇല്ലാതായിരുന്നു.എല്ലായിടത്തും എപ്പോഴും അവർ രണ്ടാളും ഒന്നിച് കാണപ്പെട്ടു.

പരസ്പരം മിണ്ടാതെയും കാണാതെയും ഒരു ദിവസം പോലും കടന്നുപോകില്ല എന്ന അവസ്ഥയിലേക്ക് അവർ മാറിയിരുന്നു.

അവരുടെ ഈ മാറ്റം ആദ്യം ശ്രദ്ധിച്ചത് കൂട്ടുകാർ തന്നെയായിരുന്നു. അമലിന്റെയും താരയുടെയും നേതൃത്വത്തിൽ അവർക്കിടയിൽ പുതിയ പേരുകൾ വീണു— “ലവ് ബേർഡ്സ്,” “ബെസ്റ്റീസ്!”

ഇടനാഴികളിലൂടെ അവർ ഒന്നിച്ചു നടക്കുമ്പോൾ കൂട്ടുകാരുടെ വക കളിയാക്കലുകൾക്ക് യാതൊരു

പഞ്ഞവുമുണ്ടായിരുന്നില്ല.എന്നാൽ ഈ കളിയാക്കലുകൾ കേൾക്കുമ്പോഴെല്ലാം രണ്ടുപേരും ഒരുപോലെ മുഖം വെട്ടിത്തിരിച്ച് അത് നിഷേധിക്കും.

“അങ്ങനെയൊന്നുമില്ല, ഞങ്ങൾ വെറും ഫ്രണ്ട്സ് മാത്രമാണ്” എന്ന് അവർ എല്ലാവരോടുമായി ആണയിട്ടു പറയും. പക്ഷെ സത്യം അതായിരുന്നില്ല. ഉള്ളിന്റെയുള്ളിൽ അവർ പരസ്പരം ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു.

കൂടെയുള്ളപ്പോൾ കിട്ടുന്ന ആ ഒരു പ്രത്യേക സന്തോഷവും സുരക്ഷിതത്വവും, കാണാതിരിക്കുമ്പോൾ നെഞ്ചിലൊരു പിടപ്പും അവർക്കിടയിൽ ഉണ്ടായിരുന്നു.

പക്ഷെ, സൗഹൃദത്തിന്റെ അതിരുകൾ കടന്ന് തങ്ങളുടെ ഉള്ളിൽ മൊട്ടിട്ട ആ വികാരത്തിന് ‘പ്രണയം’ എന്ന പേര് നൽകാൻ അവർക്ക് സ്വയം അറിയില്ലായിരുന്നു.

തങ്ങൾക്കിടയിലുള്ളത് പ്രണയമാണെന്ന് തിരിച്ചറിയാൻ കഴിയാത്തത്ര നിഷ്കളങ്കമായിരുന്നു അവരുടെ പ്രായം.സൗഹൃദത്തിനും അനുരാഗത്തിനും ഇടയിലുള്ള ആ നേർത്ത നൂൽപ്പാലത്തിലൂടെ, തങ്ങളുടെ മനസ്സിലെ ശരിക്കുമുള്ള വികാരം എന്താണെന്ന് പോലുമറിയാതെ അവർ ആ യാത്ര തുടരുകയായിരുന്നു.

“കാർത്തി മച്ചൂ, എനിക്ക് നിന്റെ ബെസ്റ്റിയോട് ഒരു ക്രഷ്…നീയൊന്ന് സെറ്റ് ആക്കി തരാവോടാ…”

അങ്ങനെ ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് വാഷ്റൂമിൽ പോയ അവളുടെ വരവും കാത്ത് വരാന്തയിൽ നിക്കുമ്പോൾ ആയിരുന്നു അടുത്ത ക്ലാസ്സിലെ ഒരു ചെക്കൻ വന്ന് ആ ബോംബിട്ടത്.

“യ്യോ….!!!”

പള്ളക്കിട്ടൊരു തൊഴിയായിരുന്നു! പിന്നാലെ മൂന്നാല് ചവിട്ടും വച്ചു കൊടുത്തു. തീർത്തും അപ്രതീക്ഷിതമായത് കൊണ്ട് തല്ലു കൊണ്ടവൻ ശരിക്കും ഞെട്ടിപ്പോയി. എന്തിനാണ് തല്ലുന്നതെന്ന് തല്ലുന്നവനും, എന്തിനാണ് തല്ലുകൊള്ളുന്നതെന്ന് കൊള്ളുന്നവനും ഒരു പിടിയും ഉണ്ടായിരുന്നില്ല. ഒടുവിൽ ആരൊക്കെയോ ചേർന്ന് പിടിച്ച് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *