കാർത്തികേയം – 4 6അടിപൊളി  

അതുകൊണ്ട് തന്നെ ഒരു ടെൻഷൻ അവനിൽ

ഉണ്ടായെങ്കിലും സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ എന്ന നിലക്ക് തല്ക്കാലം ടൂർണമെന്റ് പ്രാക്ടീസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു.

അങ്ങനെ ഒരാഴ്ചത്തെ പ്രാക്ടീസ് തീർത്തിട്ട് നേരെ അമ്പലത്തിലേക്ക് വച്ചുപിടിച്ചു. ഇത്തവണ അടി പൊട്ടുവാണേൽ അതിന് തക്കതായ മറുപടി കൊടുക്കണമെന്ന് അവന് പണ്ടേ മനസ്സിൽ കുറിച്ചിട്ടിരുന്നു.അതാണ് കണ്ണൻ ചേട്ടനോട് കളി കാണാൻ വരാൻ നിർബന്ധം പിടിച്ചത്.പുള്ളി തന്നെയാണ് അമ്പലത്തിലേക്ക് വൈകീട്ട് വരാൻ വിളിച്ചുപറഞ്ഞത്.

അങ്ങനെ അവന്മാരോട് സംസാരിച്ചു നിൽക്കെയാണ് കൂട്ടത്തിലൊരുത്തൻ തോളിൽ തട്ടി അമ്പലത്തിന്റെ കിഴക്കേ നടയിലേക്ക് നോക്കാൻ ആംഗ്യം കാണിക്കുന്നത്.

ഒരാഴ്ച കാണാതിരുന്നിട്ടാണോ? അറിയില്ല!!

പക്ഷെ ആ വെള്ളനിറത്തിൽ ഇളംനീല പൂക്കളും, ഒരുവശത്തുകൂടെ വള്ളിപ്പടർപ്പുപോലെ പടർന്നുകയറിയ കരവിരുതും ചേർന്ന ആ ചുരിദാർ ധാരിയെ കണ്ടതും ആദ്യമായ് കാണുന്ന പോലെയവൻ നോക്കിനിന്നു…

അവനെ കണ്ടതും അവളുടെ മുഖവും ഒന്ന് തെളിഞ്ഞുവോ..?ഏതായാലും ആൾ നടത്തതിന്റെ വേഗത കൂട്ടിയിട്ടുണ്ട്. കൂടെയുള്ള താരയണേൽ പാട്ടുപാവാട ഒതുക്കി അനുവിന്റെ ഒപ്പമെത്താൻ പെടാപ്പാട് പെടുന്നുണ്ട്.

ഓടിപ്പിടിച്ചെത്തിയവൾ കയ്യിലെ പ്രസാദം അവന്റെ നെറുകെ ചാർത്താനാഞ്ഞതും അവന് നിഷേധർത്ഥം തല വെട്ടിച്ചു.ആശ്ചര്യത്തോടെ ചോദ്യഭാവേന തന്നെ നോക്കിയവളെ നോക്കി ഒരു ആക്കിയ ചിരി പാസ്സാക്കികൊണ്ടവൻ പറഞ്ഞു:

“പ്രാക്ടീസ് ഉണ്ടാർന്ന്. കുളിച്ചിട്ടില്ല.”

“ഛെ വൃത്തികെട്ടതെ, കുളിക്കാതെയാണോ അമ്പലത്തിൽ കേറുന്നേ?”

നെറ്റി ചുളിച്ചുകൊണ്ടവൾ അവന്റെ നെഞ്ചിലൊന്ന് കുത്തി നോവിച്ചു. എന്നാൽ ആ കളിചിരികൾക്ക് അനു കണ്ണന്റെ മുഖം കാണേണ്ട താമസമെ ആയുസ്സുണ്ടായിരുന്നുള്ളു. കണ്ണൻ വയലൻസിൽ പിഎച്ച്ഡി എടുത്ത ആളായതോണ്ട് അവൾക്ക് അങ്ങേരെ തീരെ പിടിത്തമില്ല.കാർത്തിയോടും പലപ്പോഴായി പറഞ്ഞിട്ടുമുണ്ട് അവനായിട്ട് അധികം കൂട്ടൊന്നും വേണ്ടന്ന്.

“ഓഹ് അപ്പോ നാളെ തല്ലുകൂടാൻ തുനിഞ്ഞിറങ്ങുവാണല്ലേ.”നേരത്തെ തമാശക്ക് കുത്തിയ കുത്ത്

ഇത്തവണ നല്ല ബലത്തിൽ അങ്ങ് വച്ച് കൊടുത്തു. അവന്റെ കണ്ണിന്നു കണ്ണുനീർ വന്നുകാണും, അമ്മാതിരി കുത്താണവൾ നെഞ്ചിൽ തന്നെ കൊടുത്തത്.

“നിന്നോട് പറഞ്ഞിട്ട് കാര്യല്ല.” പാട്ടുപാവാട ഒതുക്കിവലിച്ചു ഒരുവിധം അങ്ങോട്ടെത്തിയ താര വന്ന അതെ സ്പീഡിൽ തിരിഞ്ഞു നടന്ന അനുവിനെ കണ്ട് നെടുവീർപ്പിട്ടു.”ഈ പെണ്ണിനെക്കൊണ്ട് തോറ്റു.

മനുഷ്യൻ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്ന് കേറിയില്ല, അപ്പോളേക്കും വന്നു, കുളിച് വേഷം മാറി വാ അമ്പലത്തിൽ പൂവാന്നുമ്പറഞ്.അവളുടെ മറ്റവന് നാളെ ടൂർണമെന്റ് ഒണ്ട് പോലും!!!അതിന് നെയ്യ്വിളക്ക് ക..”പറഞ്ഞു മുഴുവപ്പിക്കാൻ താരക്കായില്ല, അതിനു മുന്നേ അനു ഓടിവന്നവളുടെ വാ പൊത്തി.

ഒരു നിമിഷം നിശബ്ദമായ ആ ആൽത്തറയിൽ അടുത്ത നിമിഷം കൂട്ടച്ചിരി മുഴങ്ങി. കാർത്തിയാണേൽ കുന്തം വിഴുങ്ങിയ കണക്ക് മിഴിച്ചു നിൽപ്പുണ്ട്. അനുവിന് നാണം സഹിക്കുന്നില്ല, അവൾ താരയെ വലിച്ചിഴച്ചോണ്ട് എങ്ങനെയോ രക്ഷപെട്ടു.അമലും കണ്ണനുമെല്ലാം ചിരിയടക്കാൻ നന്നേ പാടുപെട്ടു.

“എന്റെ പൊന്നു കാർത്തിക്കുട്ടാ, നീ ഇനി നാളെ അടിപിടിക്കൊന്നും ഇറങ്ങേണ്ട, ഞങ്ങൾ എല്ലാം നോക്കിക്കോളാം. അല്ലേൽ ആ പോയ പെണ്ണിന്റെ ശാപം എന്റെ തലക്കിരിക്കും.”

കണ്ണൻ ചിരിക്കിടയിൽ പറഞ്ഞൊപ്പിച്ചു.

കാർത്തി ഇപ്പോളും ആ ഒരങ്കലാപ്പിലാണ്.

അവന് അതിനൊന്നു തലയാട്ടിയതും എവിടുന്നോ കുമാരേട്ടൻ അങ്ങോട്ടെത്തി. “ഡാ കണ്ണാ നീയിവിടിരിക്കുവാണോ ഇങ്ങ് വാടാ പണി കൊറച്ചൂടെ ഒണ്ട്.”

“എന്ന ശെരിടാ പിള്ളേരെ നിങ്ങൾ ധൈര്യമായിട്ട് പൊക്കോ ഞങ്ങൾ അങ്ങെത്തിക്കോളാം.”കാർത്തിയുടെ പുറത്തൊന്നു തട്ടിക്കൊണ്ടു കണ്ണൻ പറഞ്ഞു.

“ഡേയ് ഇവന്റെ കിളി പോയി നിക്കുവാ ഇവനെ ഒന്ന് വീട്ടിൽ കൊണ്ടാക്കിയെരെ”

അമലിനെ നോക്കി ചിരിച്ചുകൊണ്ടതും പറഞ്ഞിട്ട് കണ്ണൻ അവന്റെ കാവിമുണ്ടും മടക്കികുത്തി കൂട്ടുകാരോടൊപ്പം നടന്നകന്നു.

Leave a Reply

Your email address will not be published. Required fields are marked *