കാർത്തികേയം – 4 6അടിപൊളി  

അന്ന് ആൾക്കൂട്ടത്തിനിടയിൽ,പേടിയോടെയും അതിലേറെ അത്ഭുതത്തോടെയും ഈറനണിഞ്ഞ ആ മിഴികൾ തന്നെ നോക്കുന്നതവൻ ആദ്യമായ് കണ്ടു.

എന്നാൽ അവിടെ എക്സ്പ്ലെനേഷൻ കൊടുക്കാൻ ഒന്നും സമയം കിട്ടിയില്ല.നടന്നതെല്ലാം കണ്ടുകൊണ്ട് ലത മിസ്സ് ഓടിപ്പിടിച്ചെത്തി.

ചുമ്മാ

നിന്ന ചെറുക്കനെ കാർത്തി ആദ്യം അടിക്കുന്നത് ടീച്ചർ കൃത്യമായി തന്നെ കണ്ടിരുന്നു.പിടിച്ചു വലിച്ചവനെ സ്റ്റാഫ് റൂമിലേക്ക് കൊണ്ട് ചെന്നു.പിന്നെ വീട്ടീന്നാള് വരുന്ന വരെ വഴക്കും ചീത്തയും ഉപദേശവുമെല്ലാം അണപൊട്ടിയൊഴുകി.

എന്തിനാണ് അവനെ തല്ലിയതെന്ന് ഇടവിട്ട് ചോദിക്കുന്നുണ്ടായിരുന്നെങ്കിലും കാർത്തിക്ക് എന്ത് മറുപടി പറയാൻ കഴിയും! കാരണം അവനുപോലും അതിനൊരു ഉത്തരമില്ലായിരുന്നല്ലോ. സ്റ്റാഫ് റൂമിലെ ആ ശകാരങ്ങൾക്കിടയിലും അവന്റെ മനസ്സ് മുഴുവൻ വരാന്തയിൽ കണ്ട ആ ഈറനണിഞ്ഞ കണ്ണുകളിലായിരുന്നു.

കാത്തിരിപ്പിനൊടുവിൽ സ്റ്റാഫ് റൂമിലേക്ക് അമ്മയെത്തി, ഒപ്പം കാര്യങ്ങൾ കുറച്ചുകൂടി വഷളാക്കാൻ കൂട്ടായി രമ്യ ആന്റിയും ഉണ്ടായിരുന്നു. ലത മിസ്സിന്റെ മുൻപിൽ കുറ്റവാളിയെപ്പോലെ തലകുനിച്ചു നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ കാർത്തിയുടെ ഉള്ളൊന്ന് പിടഞ്ഞു.

പരാതികളുടെ കെട്ടഴിച്ച മിസ്സിന് മുന്നിൽ എന്ത് പറയണമെന്നറിയാതെ അമ്മ വിയർത്തു. അവിടെ വെച്ച് കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും, അമ്മയുടെ ആ മൗനം വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതയാണെന്ന് അവന് നന്നായി അറിയാമായിരുന്നു.

വീട്ടിലെത്തിയതും പ്രതീക്ഷിച്ചതുപോലെ തന്നെ വലിയൊരു ‘സീൻ’ അവിടെ അരങ്ങേറി. അമ്മയുടെ സങ്കടവും ദേഷ്യവും വലിയൊരു പൊട്ടിത്തെറിയായി മാറി.

“എന്തിനാടാ നീ വെറുതെ നിന്നൊരു ചെറുക്കനെ തല്ലിയത്? നിനക്ക് വട്ടാണോ? പറയെടാ…”

രമ്യ ആന്റിക്കും ദേഷ്യം അടക്കാനായില്ല.

അവരെ പറഞ്ഞിട്ടും കാര്യം ഇല്ല…കാർത്തിയുടെ ഭാഗത്തുനിന്ന് ഇതുവരെ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടേയില്ല. പിള്ളേരായാൽ ചെറിയ വഴക്കും തല്ലുമൊക്കെ സ്വാഭാവികമാണ്, എന്നാലും യാതൊരു പ്രകോപനവുമില്ലാതെ അവൻ മറ്റൊരാളെ തല്ലിയത് അവർക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്ന കാര്യമായിരുന്നില്ല.

ഈ ബഹളങ്ങൾക്കിടയിൽ ഗൗരിയേച്ചിയും കുഞ്ഞു കാവ്യക്കുട്ടിയും എന്താണ് നടക്കുന്നതെന്നറിയാതെ അന്തം വിട്ടു നിൽക്കുകയായിരുന്നു.തങ്ങളുടെ സ്വന്തം കാർത്തിയുടെ ഈ പുതിയ ഭാവം അവരിലും

അത്ഭുതമുണ്ടാക്കിയിരുന്നു.

കണിശക്കാരനായ ബാലച്ഛൻ ഈ വിവരം അറിഞ്ഞാൽ എന്തായിരിക്കും സംഭവിക്കുകയെന്ന് ആ വീട്ടിലെ എല്ലാവർക്കും നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതെ അമ്മയും രമ്യ ആന്റിയും കൂടി ആ വിഷയം അവിടെവെച്ചുതന്നെ ഒതുക്കിത്തീർത്തു.

രാജീവ് അങ്കിളിന്റെ ചെവിയിലും ഈ പ്രശ്നങ്ങൾ ഒന്നും തന്നെ എത്തിയില്ല. പകൽ നടന്ന ബഹളങ്ങളെല്ലാം പതിയെ കെട്ടടങ്ങി, രാത്രിയുടെ നിശബ്ദത ആ വീടിനെ പൊതിഞ്ഞു.

എല്ലാവരും ഉറങ്ങാൻ കിടന്ന നേരം. പതിയെ വാതിൽ തുറന്ന് ഗൗരിയേച്ചി കാർത്തിയുടെ അടുത്തേക്ക് വന്നു.അവളുടെ സ്വന്തം കുഞ്ഞു കാർത്തികുട്ടനിൽ നിന്നും ഇങ്ങനെയൊരു പെരുമാറ്റം അവൾക്കും ഉൾക്കൊള്ളാനായിരുന്നില്ലല്ലോ.

“നീ ചുമ്മാ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്നെനിക്കറിയാം. സത്യം പറ, എന്താ ഉണ്ടായത്?”

അവളുടെ ചോദ്യത്തിൽ ശാസനയെക്കാൾ ഉപരി അവനെക്കുറിച്ചുള്ള ആശങ്കയായിരുന്നു നിറഞ്ഞുനിന്നിരുന്നത്.

പക്ഷെ കാർത്തി അപ്പോഴും ഒരു കരിങ്കല്ല് പോലെ നിശബ്ദനായി ഇരുന്നു. താൻ എന്തിനാണ് അങ്ങനെ ചെയ്തതെന്നോ, തന്റെ ഉള്ളിലെന്താണ് ഇപ്പോൾ നടക്കുന്നതെന്നോ അവനുപോലും വ്യക്തമല്ലാത്തപ്പോൾ, അവനെങ്ങനെ മറ്റൊരാളോട് അത് വിശദീകരിക്കാൻ കഴിയും?

ആ ചോദ്യങ്ങൾക്ക് മുന്നിൽ, സ്വന്തം മനസ്സിന്റെ നൂലാമാലകളിൽ കുരുങ്ങി അവൻ മൗനത്തിലേക്ക് തന്നെ ഉൾവലിഞ്ഞു.അവന്റെ ഈ പ്രവൃത്തിയിൽ ഗൗരിക്ക് വല്ലാത്തൊരു അസംതൃപ്തി തോന്നിയിരുന്നു.എങ്കിലും അവന്റെ ആ മൗനത്തിന് മുന്നിൽ തൽക്കാലം കൂടുതലൊന്നും ചോദിക്കാൻ അവൾ മുതിർന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *