“കൃഷ്ണവിലാസം
കാർത്തികേയൻപിള്ള, ചെറിയവെടിയൊന്ന്, വലിയവെടിയൊന്ന്!!”
അമലിന്റെ ആക്കലിലാണ് കാർത്തി തിരിച്ചു ബോധം വെച്ചത്.
“ഡാ…”
കാർത്തിയുടെ മുഖഭാവവും ആ വിളിയിലെ ദൃഢതയും അമലിനെയൊന്ന് അങ്കലാപ്പിലാക്കി.
“എന്താടാ? ”
“ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്ന ശിവാഭഗവാനാണെ സത്യം;ഈ ടൂർണമെന്റ് കഴിഞ്ഞോട്ടെ,ഞാൻ ഉറപ്പായും അവളെ പ്രൊപോസ് ചെയ്തിരിക്കും.”
അവന്റെ ഭാവത്തിലും ഡയലോഗിലും അമലിന് ചിരിപൊട്ടിയെങ്കിലും അവനത് പുറമെ കാട്ടിയില്ല. ഇത്രയും കാലം അവരാരേലും തള്ളി പറഞ്ഞു വിടുവായിരുന്നു..,ഇതാദ്യമായിട്ടാണ് അവൻ സ്വയം തീരുമാനമെടുക്കുന്നത്.
“സൂപ്പർ അളിയാ, സാഹചര്യം ഒക്കെ ഞാൻ ഒരുക്കിത്തരാം ബാക്കി നീ നോക്കിക്കോണം.”
കാർത്തിയുടെ തോളിൽ കയ്യിട്ടു അമൽ പറഞ്ഞു. രണ്ടിനും തമ്മിലിഷ്ടമാണെന്ന് അമലും താരയും പണ്ടേക്കുപണ്ടെ മനസ്സിലാക്കിയതാണ്. എന്നാൽ തുറന്ന് സമ്മതിക്കാൻ പറ്റില്ലതാനും. ഇപ്പോൾ എല്ലാത്തിനുമൊരു തീരുമാനമായെന്നോർത്ത് അവൻ മനസ്സുകൊണ്ട് തുള്ളിചാടി.
അച്ഛന്റെ കയ്യും കാലും പിടിച്ചിട്ടാണ് ബൈക്ക് എടുത്ത് അമലിനെ കൊണ്ടാക്കിയത്.
തിരിച്ചു വീട്ടിലേക്ക് പോകാൻ നേരവാണ് ആകാശത്തിലെ അസാധാരണമായ അന്തിച്ചുവപ്പ് അവന്റെ കണ്ണിൽപ്പെടുന്നത്. പിന്നെ വേറൊന്നും നോക്കിയില്ല. നേരെ പാടത്തോട്ട് വിട്ടു.അവിടാണ് ഈ നാട്ടിലെ തന്നെ ബെസ്റ്റ് സൺസെറ്റ് സ്പോട്ട്.
ബൈക്ക് ഒതുക്കിവെച്ചിട്ടവൻ പാടത്തിനടുത്തൂടെ ഒഴുകുന്ന കനാലിലെ കലുങ്കിന്റെ മുകളിൽ കയറിയിരുന്നു കാലുകൾ താഴേക്ക് തൂക്കിയിട്ടു.എന്തോ, സാധാരണയിൽ കവിഞ്ഞൊരു ശോഭയിൽ ആകാശം ചുവപ്പിൽ കുളിച്ചു നീണ്ടുനിവർന്നു കിടന്നു.വീശിയടിച്ച ഇളം കാറ്റിൽ അവന് നാളത്തെ കാര്യങ്ങൾ ഒന്ന് മനസ്സിലൂടെ പായിച്ചു…
ഒരുപാടു വട്ടം അനുവിനെ പിണക്കിയതാണ്.
ഓരോ വട്ടവും അവൾ അകലുമ്പോൾ തനിക്കുണ്ടാവുന്ന ആ വേദന അവൻ ഓർത്തു.മതി.ഇനി വയ്യ.നാളെ ഇനി എന്നാ ഒക്കെ നടന്നാലും താൻ അലമ്പിനൊന്നും പോവാത്തില്ലെന്നവൻ മനസ്സിലുറപ്പിച്ചു.
വരാനിരിക്കുന്ന അവളോടൊപ്പമുള്ള പ്രണയനിമിഷങ്ങളോർത്തപ്പോൾ എന്തെന്നില്ലാത്തൊരു വികാരമായിരുന്നവന്
;സന്തോഷമാണോ, നാണമാണോ…അറിയില്ല.
പ്ലസ് ടു കഴിയാൻ ഇനി കഷ്ടിച്ച് മൂന്നോ നാലോ മാസം കൂടിയേ ഉള്ളൂ.അതുകഴിഞ്ഞാൽ എന്തായിരിക്കും?
അമലും,താരയും,…
പിന്നെ…അനുവും താനും.
അടുത്തുള്ള ഏതെങ്കിലും കോളേജിൽ എല്ലാവർക്കും ഒരുമിച്ച് ചേരാം.അതുതന്നെയായിരിക്കും.ഇത്രയും വർഷം ഒരുമിച്ചായിരുന്നല്ലോ.
ഇനിയും അങ്ങനെ തന്നെയായിരിക്കും.വേറെ എവിടെയും പോയി പഠിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നോർത്തവൻ മനക്കോട്ട കെട്ടി.
അവന്റെ മനസ്സിൽ ഭാവിയുടെ ഒരു ചെറിയ ചിത്രം പതിയെ തെളിഞ്ഞു.
കോളേജ് വരാന്തയിലൂടെ നാലുപേരും ഒരുമിച്ച് നടക്കുന്നു…
അമൽ പതിവുപോലെ എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു…
താര അവനെ വഴക്ക് പറയുന്നു…
അനു അതെല്ലാം നോക്കി ചിരിച്ചുകൊണ്ട് കൂടെ നടക്കുന്നു…
താനും അവളുടെ അരികിൽ,കൈ കോർത്തുപിടിച്ചു നടക്കുന്നു.അത് മതിയായിരുന്നു അവന്.
പാടത്തിനപ്പുറം സൂര്യൻ പതിയെ മറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ കാർത്തിയുടെ മനസ്സിൽ അപ്പോഴേക്കും ഒരു പുതിയ സന്ധ്യ തന്നെ തെളിഞ്ഞിരുന്നു.അവനറിയാതെ തന്നെ സ്വയം പണിതുയർത്തിയ ഒരു ചെറിയ മനക്കോട്ട.
“എവിടെയായിരുന്നെടാ ഇത്രേം നേരം?”
ബൈക്ക് ഒതുക്കി വീട്ടിലേക്ക് കയറാൻ തുനിഞ്ഞവൻ അച്ഛന്റെ ആ ഗർജ്ജനത്തിൽ വിറച്ചുപോയി.
“അത്… ഞാൻ…. പിന്നെ….”
പെട്ടെന്ന് വായിലൊന്നും വരാതെയവൻ നിന്നു വിക്കി.
“ഇതാണ് നിന്നെക്കൊണ്ട് വണ്ടി തൊടീക്കാത്തെ.കണ്ട വഴിയൊക്കെ കറങ്ങും. ഇനി മേലാൽ മോൻ ലൈസൻസ് എടുക്കാതെ അതിൽ കേറുന്നതൊന്നു കാണട്ടെ.”
അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ അകത്തേക്ക് കേറിപ്പോയി.
“ശ്ശെ വേണ്ടാർന്ന്…”
അസ്തമയം നോക്കി മനക്കോട്ട കെട്ടിയിരുന്നവൻ ആകാശത്തെ ചുവപ്പ് ഇരുട്ടിനു വഴിമാറിക്കൊടുത്തറിഞ്ഞില്ല. അകത്തോട്ടു കേറിയതും കാവ്യ സോഫയിൽ ഇളിച്ചോണ്ടിരിപ്പുണ്ട്. സ്വാഭാവികം.അവന് എന്തേലും അക്കിടി പറ്റുന്നതും നോക്കി ഇരിക്കുന്നതാണ് അവളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം.
