കാർത്തികേയം – 4 6അടിപൊളി  

പിറ്റേന്ന് രാവിലെ ക്ലാസ്സിലേക്ക് കാലെടുത്തുവെച്ചതേ ഓർമ്മയുള്ളൂ, ചുറ്റിലുമിരുന്ന കുട്ടികളെല്ലാം കൂടി ഒറ്റയടിക്ക് അവനെ വളഞ്ഞു.ഇന്നലെ എന്താണ് സംഭവിച്ചതെന്നറിയാൻ ക്യാമറയില്ലാത്ത ഒരു പത്രസമ്മേളനം പോലെ ചോദ്യങ്ങളുടെ പെരുമഴയായിരുന്നു അവിടെ.

ഇതിൽ നിന്നൊക്കെ എങ്ങനെ ഊരുമെന്നോർത്ത് നിന്ന കാർത്തിക്കിടയിലേക്ക് രക്ഷകരെപ്പോലെ അമലും താരയും എത്തി.ചോദ്യശരങ്ങളുമായി നിന്നവരെ മുഴുവൻ അവർ രണ്ടുപേരും

ചേർന്ന് വിരട്ടി ഓടിച്ചു വിട്ടു.

ആ ബഹളങ്ങൾ കെട്ടടങ്ങിയപ്പോഴാണ് അവൻ അവളെ ശ്രദ്ധിച്ചത്. ഇന്നലെ വരാന്തയിൽ വെച്ച് അവൻ കണ്ട ആ പേടിനിറഞ്ഞ, ഈറനണിഞ്ഞ മിഴികളായിരുന്നില്ല ഇന്നവൾക്ക്.

പകരം അവനെ ദഹിപ്പിക്കാൻ പോന്നത്രയും കത്തുന്ന ദേഷ്യമായിരുന്നു ആ കണ്ണുകളിൽ നിറഞ്ഞുനിന്നിരുന്നത്.ഒന്നും മനസ്സിലാവാതെ, അവളോടൊന്ന് സംസാരിക്കാനായി അവൻ അടുത്തേക്ക് ചെന്നതും, അവളൊന്ന് മുഖം വെട്ടിച്ചു.

പിന്നെ അവന്റെ മുഖത്തേക്ക് പോലും നോക്കാതെ ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റുപോയി. അപ്രതീക്ഷിതമായ ആ അവഗണനയിൽ ശരിക്കും ഷോക്കടിച്ച ഒരു പ്രതീതിയായിരുന്നു കാർത്തിക്കപ്പോൾ.

അവൻ പിന്നീട് കുറെ നേരം അവളുടെ പുറകെ നടന്നു നോക്കി. എന്തെങ്കിലും ഒന്ന് മിണ്ടാൻ ശ്രമിച്ചു. പക്ഷെ അവൾ അവനെ കണ്ട ഭാവം പോലും നടിച്ചില്ല.

അവളുടെ ആ കനത്ത മൗനവും അവഗണനയും ആ നിമിഷം കാർത്തിയുടെ നെഞ്ചിലൊരു വലിയ ഭാരമായി മാറുകയായിരുന്നു.

അന്ന് മുഴുവൻ അവൾ അവനെ മൈൻഡ് പോലും ചെയ്തില്ല.വക്കാലത്തും കൊണ്ട് ചെന്ന താരയെയും ഒരു ദാക്ഷിണ്യവും ഇല്ലാതെ ഓടിച്ചു വിടുകയും ചെയ്തു.

ക്ലാസ്സ് കഴിഞ്ഞതും വാടി തളർന്നു നിന്ന കാർത്തിയെ പിടിച്ച് വലിച് അമൽ ഗിരിയേട്ടന്റെ കട വരെ എത്തിച്ചു.ചെക്കൻ ആകെ വാടിയിരിക്കുന്നത് കണ്ട് ഗിരിയേട്ടനും കാര്യങ്ങൾ തിരക്കി അറിഞ്ഞു.

ഇനി എന്ത് ചെയ്യുമെന്ന് മൂന്നും കൂടെ തലപുകഞ്ഞ് പ്ലാൻ ചെയ്തോണ്ടിരിക്കുമ്പോളാണ് അവൾ കടയുടെ മുന്നിലൂടെ കടന്നു പോയത്.എന്തോ ദൈവഭാഗ്യത്തിന് കൃത്യ സമയത്ത് ഒരു മഴ അങ്ങ് പെയ്തു.പെട്ടെന്ന് പെയ്ത മഴയിൽ തെല്ലൊന്നമ്പരന്ന് പോയവൾ വേഗം കടയിലേക്ക് കയറി നിന്നു.അവനെ കണ്ടതും അവൾ മുഖം തിരിച്ചു.

ഒരു നിമിഷത്തേക്ക് നൂറു വോൾട് ബൾബ് പോലെ

കത്തിയ മോന്ത അടുത്ത സെക്കൻഡിൽ ഫ്യൂസ് അടിച്ചു പോയ പോലായി.ചെക്കന്റെ അവസ്ഥ കണ്ട് പാവം തോന്നി ഗിരിയേട്ടനും അമലും ചേർന്ന് മഴ നനയാതെ കടയിൽ കേറി നിന്ന ബാക്കി പിള്ളേരെ എല്ലാംഒന്ന് നീക്കിനിർത്തി, അവരുടെ ലവ് ബേർഡ്സ് ഇന്റെ പിണക്കം മാറ്റാനൊരവസരം മെനഞ്ഞുകൊടുത്തു.

കാർത്തി പതിയെ അവളുടെ അരികിലേക്ക് ചെന്നു നിന്നു.അവന്റെ സാന്നിധ്യം അറിഞ്ഞിട്ടും അവൾ തിരിഞ്ഞുനോക്കാൻ കൂട്ടാക്കിയില്ല.തകർത്തുപെയ്യുന്ന ആ മഴയിലേക്ക് മാത്രം കണ്ണുംനട്ട് അവളങ്ങനെ നിന്നു.മഴയിൽ നനഞ്ഞൊട്ടിയ അവളുടെ മുടിയിഴകളിൽ നിന്ന് അപ്പോഴും വെള്ളത്തുള്ളികൾ ഇറ്റുവീഴുന്നുണ്ടായിരുന്നു.

അതിലൊരു തുള്ളി അവൻ പതിയെ കയ്യെത്തിച്ച് തുടച്ചുമാറ്റി.അവന്റെ ആ നേർത്ത സ്പർശനത്തിൽ, അത്രയും നേരം ഗൗരവം നടിച്ചുനിന്നവൾ തെല്ലൊന്നുടഞ്ഞുപോയി. ഇറുകിയടച്ചു പിടിച്ചിരുന്ന ആ പവിഴച്ചുണ്ടുകളിൽ ഒരു നിമിഷത്തേക്കൊരു ചെറുപുഞ്ചിരി മിന്നിമറയുന്നതവൻ കണ്ടു.അത് മതിയായിരുന്നു അവന്.

മുഖം തിരിച്ചുനിന്നവളുടെ വലതുകയ് പതിയെ കൈക്കുള്ളിലാക്കികൊണ്ട് അവന് ആ മുഖം പതിയെ തന്റെ നേരെ തിരിച്ചു.

“എന്താ!!”ആളിപ്പോഴും കലിപ്പിലാണ്.

“നീ എന്താ എന്നോടൊന്നും മിണ്ടാത്തെ..?”

“നീ എന്തിനാ അവനെ അടിച്ചേ?”

“അത്… പിന്നെ…”

സത്യം പറയാൻ തല്ക്കാലം നിർവൃതി ഇല്ലാതെ അവൻ നിന്നു കുഴങ്ങി.

“എനിക്ക് ഇഷ്ട്ടല്ല!ഈ തല്ലും വഴക്കുവൊന്നും എനിക്ക് തീരെ ഇഷ്ടവല്ല.”

പറയാൻ വാക്കുകൾ കിട്ടാത്തവൻ അപ്പോഴും തല താഴ്ത്തിനിന്നു.

“നേരെ നോക്കടാ!!”

ചെറിയൊരലർച്ചതന്നെയായിരുന്നു അത്.രംഗം വഷളായെന്ന് കരുതി അമൽ മഴയൊന്നും നോക്കാതെ ഇറങ്ങി ഓടിയിട്ടുണ്ട്.ആഞ്ഞടിച്ചു വീശിയ കാറ്റിൽ ചായ്ഞ്ഞ് പെയ്ത മഴയത്ത് ചെറുതായ് നനഞ്ഞ അവന്റെ യൂണിഫോം ഷർട്ടും കൂട്ടി നെഞ്ചിൽ അവൾ ഇടതു കൈപ്പത്തി ആഴ്ത്തി ഇറുകെ പിടിച്ചു,ശ്വാസം പോലും നിലച്ചുപോയവന്റെ നേർക്കേ വലതുകയ്യ് മലർത്തി നീട്ടി.

Leave a Reply

Your email address will not be published. Required fields are marked *