പെട്രോൾ പമ്പിലെ ഈ മിനിമം വേജ് ജോലി എത്രകാലം ചെയ്താലും പി.ആറിന് അത് ഒരുതരത്തിലും ഗുണം ചെയ്യില്ല. ഓരോ ദിവസവും എക്സ്പ്രസ്സ് എൻട്രി ഡ്രോകളുടെ കട്ട്ഓഫ് സ്കോറുകൾ മുകളിലേക്ക് പോകുമ്പോൾ, ഷാഹിദിനെപ്പോലെ പെർമനന്റ് ജോലിക്കായി നെട്ടോട്ടമോടുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ചങ്കിലാണ് അത് കൊള്ളുന്നത്…
ഷാഹിദിന് മാത്രമല്ല, കൂടെയുള്ള രാഹുലിനും അജിംസിനും മൻസൂറിനുമൊക്കെ ഇതേ അവസ്ഥ തന്നെയാണ്. ആർക്കും ഇതുവരെ സ്വന്തം ഫീൽഡിൽ ഒരു ജോലി ശരിയായിട്ടില്ല.
എല്ലാവരും ഓരോ സർവൈവൽ ജോബുകൾ ചെയ്ത് പിടിച്ചുനിൽക്കുകയാണ്.
“ടാ ഷാഹി, ആ ലാപ്ടോപ്പ് ഒന്ന് അടച്ചുവെച്ച് നീ ഇങ്ങോട്ട് ഇറങ്ങുന്നുണ്ടോ?” രാഹുലിന്റെ ശബ്ദമാണ് ഷാഹിദിനെ ചിന്തകളിൽ നിന്നുണർത്തിയത്. “ഇന്ന് വീക്കെൻഡ് അല്ലെ, നമുക്ക് പുറത്തൊന്ന് കറങ്ങിയിട്ട് വരാം.
Winter ആണെങ്കിലും ഈ ലാപ്ടോപ്പും ഫോണും മാത്രം ആയി ഇങ്ങനെ മുറിക്കുള്ളിൽ അടച്ചു ഇരുന്നാൽ നമ്മൾക്ക് ഭ്രാന്ത് പിടിക്കും. നമുക്ക് ജസ്റ്റ് ഡൗൺടൗൺ ഒക്കെ പോയി ഒന്നു കറങ്ങി വരാം.”
രാഹുലിൻ്റെ പറച്ചിൽ കേട്ടപ്പോൾ ആകെ മടുപ്പ് പിടിച്ച് ഇരിക്കുകയായിരുന്ന ഷാഹിദിനും അത് ശരിയാണെന്ന് തോന്നി.
അവൻ ലാപ്ടോപ്പ് മടക്കിവെച്ച് പുറത്തുപോകാൻ ഒരുങ്ങി. കാനഡയിലെ വിന്ററിൽ പുറത്തിറങ്ങുക എന്നത് ഒരു വലിയ ചടങ്ങ് തന്നെയാണ്. ഉള്ളിൽ തണുപ്പുകയറാത്ത തെർമൽ വെയർ, അതിനുമുകളിൽ ടീഷർട്ട്, പിന്നെ കട്ടിയുള്ള ഹൂഡി, അതിനും മുകളിൽ മൈനസ് ഡിഗ്രി താങ്ങുന്ന ഹെവി വിന്റർ ജാക്കറ്റ്.
കാലിൽ കട്ടിയുള്ള വിന്റർ സോക്സും സ്നോ ബൂട്ടും, തലയിൽ മങ്കിത്തൊപ്പിയും കയ്യിൽ ഗ്ലൗസും ഒക്കെയായി യുദ്ധത്തിന് പോകുന്ന പോലെയാണ് നാലുപേരും റെഡിയായത്.
റൂമിലെ ഹീറ്ററിന്റെ ഇളം ചൂടിൽ നിന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ ടൊറന്റോയിലെ മരവിപ്പിക്കുന്ന കാറ്റ് മുഖത്തേക്ക് ആഞ്ഞടിച്ചു. എല്ലുകൾക്കുള്ളിലേക്ക് തുളച്ചുകയറുന്ന തണുപ്പ്.
സ്കാർബറോയിലെ മഞ്ഞുമൂടിയ ഫുട്പാത്തിലൂടെ നടന്ന് അവർ ആദ്യം ടിടിസി (TTC) ബസ്സിൽ കയറി. സ്കാർബറോയിൽ നിന്നും സബ്വേ ലൈനിലേക്ക് കണക്ട് ചെയ്തിരുന്ന പഴയ സബ്വേ ട്രെയിൻ സർവീസ് നിർത്തിവെച്ചിട്ട് ഇപ്പോൾ കുറച്ചുകാലമായി.
അതുകൊണ്ട് തന്നെ മെയിൻ സബ്വേ സ്റ്റേഷനിലേക്ക് എത്താൻ ഈ റീപ്ലേസ്മെന്റ് ബസ്സുകൾ തന്നെയാണ് ഇപ്പോൾ സ്കാർബറോക്കാരുടെ ഏക ശരണം. കൊടുംതണുപ്പായിട്ടും ബസ്സിൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു.
കനത്ത വിന്റർ ജാക്കറ്റുകൾ ഇട്ട് വീർത്ത മനുഷ്യർ, തണുപ്പകറ്റാൻ എന്നവണ്ണം സീറ്റുകളിൽ ചുരുണ്ടുകൂടി അവരവരുടെ ഫോണുകളിലേക്ക് നോക്കിയിരിപ്പാണ്. ബസ്സിറങ്ങി കെന്നഡി (Kennedy) സ്റ്റേഷനിൽ നിന്നും ഡൗൺടൗണിലേക്കുള്ള സബ്വേ ട്രെയിൻ പിടിച്ച്, പിന്നീട് 504 കിങ് സ്ട്രീറ്റ് കാറിലേക്ക് മാറിയാണ് അവർ ഡിസ്റ്റിലറി വിന്റർ വില്ലേജിൽ (Distillery Winter Village) എത്തിയത്.
ടൊറന്റോ നഗരത്തിലെ ആ തിരക്കുകളിൽ നിന്നും ഡിസ്റ്റിലറി വിന്റർ വില്ലേജിന്റെ പ്രധാന കവാടം കടന്നതും, തികച്ചും മറ്റൊരു ലോകത്തേക്ക് എത്തിയ പ്രതീതിയായിരുന്നു അവർക്ക്.
19-ാം നൂറ്റാണ്ടിലെ പഴയ യൂറോപ്യൻ തെരുവുകളെ ഓർമ്മിപ്പിക്കുന്ന ചുവന്ന ഇഷ്ടികകൾ കൊണ്ടുള്ള കെട്ടിടങ്ങൾക്കും കൊബ്ലെസ്റ്റോൺ (cobblestone) പാകിയ നടപ്പാതകൾക്കും മുകളിലായി, ആയിരക്കണക്കിന് വർണ്ണാഭമായ ക്രിസ്മസ് ലൈറ്റുകൾ ഒരു സുവർണ്ണ മേൽക്കൂര പോലെ തിളങ്ങിനിന്നു.
ട്രിനിറ്റി സ്ക്വയറിന്റെ നടുവിലായി തലയുയർത്തി നിൽക്കുന്ന ആ കൂറ്റൻ ക്രിസ്മസ് ട്രീയും അതിലെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങളും ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അല്പം മാറി അക്ഷമയോടെ സമയം കാണിക്കുന്ന തിളങ്ങുന്ന ക്രിസ്മസ് കൗണ്ട്ഡൗൺ ക്ലോക്കും, കമിതാക്കൾക്ക് ഫോട്ടോ
എടുക്കാനായി ലൈറ്റുകൾ കൊണ്ട് തീർത്ത ആ പ്രശസ്തമായ ‘ഹാർട്ട് ആർച്ചും’
(Heart Arch), വിന്റർ തീമിൽ മനോഹരമായി അലങ്കരിച്ച ബൊട്ടീക്കുകളും ആ സ്ഥലത്തിന് ഒരു മാന്ത്രിക ലോകത്തിന്റെ ജീവൻ നൽകി.
