അത് അവനിൽ ഉണ്ടാക്കിയ ആകർഷണവും ഇത്രയും കാലം കണ്ട ഒരു പെണ്ണിനോടും അവന് തോന്നിയിട്ടില്ല… സന്ധ്യയോട് പോലും.. കല്യാണം എന്നുള്ളത് ഒക്കെ മിക്ക മലയാളികൾക്കും ഒരു one time ഓപ്പോർട്ടുനിറ്റി ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ തിരക്കില്ലാതെ പതുക്കെ നോക്കണം എന്നായിരുന്നു Shahid വിചാരിച്ചിരുന്നത്.
പക്ഷേ ഉപ്പ അയച്ചു തന്നെ ഫോട്ടോയിലെ കുട്ടിയെ കണ്ടപ്പോൾ തന്നെ ഷാഹിദിന് മനസ്സിലായി, ഇതിലും നല്ലൊരു പെണ്ണ് ഇനി അവന് അന്വേഷിച്ചു നടന്നാലും കിട്ടാൻ സാധ്യത ഇല്ല എന്ന്.
ഇനി ഫ്രെണ്ട്സ് പറഞ്ഞാ പോലെ വേറെ ആരെങ്കിലും അവളെ കൊത്തി കൊണ്ട് പോവുമോ എന്നൊരു ചെറിയ ഭയവും അവനിൽ ഉടലെടുത്തു… എന്തായാലും വേഗം അപ്പനെ തീരുമാനം ഉപ്പയെ അറിയിക്കാൻ ഉറപ്പിച്ചു അവൻ നടന്നു…
ഡിസ്റ്റിലറി വില്ലേജിലെ വർണ്ണാഭമായ കാഴ്ചകളും കറക്കവും കഴിഞ്ഞ് ഷാഹിദും കൂട്ടുകാരും സ്കാർബറോയിലെ തങ്ങളുടെ റൂമിൽ തിരിച്ചെത്തുമ്പോഴേക്കും രാത്രി എട്ടര കഴിഞ്ഞിരുന്നു. പുറത്തെ കൊടുംതണുപ്പിൽ നിന്നുള്ള ഒരു വലിയ ആശ്വാസമായിരുന്നു മുറിയിലെ ഹീറ്ററിന്റെ ചൂട്.
കനത്ത വിന്റർ ജാക്കറ്റും സ്നോ ബൂട്ടും ഊരിമാറ്റി അവൻ നേരെ ബാത്ത്റൂമിലേക്ക് കയറി.
മുഖം
കഴുകി ഒന്ന് ഫ്രഷായ ശേഷം ഷാഹിദ് ബെഡിൽ വന്നിരുന്ന് ഫോണെടുത്തു. ടൊറന്റോയിൽ രാത്രി എട്ടര കഴിഞ്ഞാൽ നാട്ടിൽ പത്തര മണിക്കൂറോളം വ്യത്യാസമുണ്ട്.
അതായത്, നാട്ടിൽ ഇപ്പോൾ നേരം വെളുപ്പാൻ കാലം. ഉപ്പയും ഉമ്മയും സുബ്ഹി നിസ്കാരത്തിനായി എഴുന്നേൽക്കുന്ന സമയമാണ്. ഇന്നലത്തെ ഫോട്ടോ കണ്ടതിന് ശേഷം അവന് എത്രയും വേഗം ഈ കല്യാണം ഉറപ്പിക്കണം എന്ന് മനസ്സിൽ വലിയ ആഗ്രഹമുണ്ടായിരുന്നു.
എങ്കിലും ഉപ്പയോട് ഒറ്റയടിക്ക് അങ്ങോട്ട് സമ്മതം മൂളിയാൽ അത് ഒരു അഭിമാനകുറവ് ആയി ഷാഹിദിൻ്റെ മനസ്സിൽ ഉണ്ട്. കുറച്ചൊന്ന് മടിച്ചുനിന്നിട്ട്, ചെറിയൊരു ഉഴപ്പ് കാണിച്ച് സമ്മതിക്കുന്നതാണ് അതിന്റെ ഒരു നാട്ടുനടപ്പ് എന്നവൻ ഉറപ്പിച്ചു.
സമയം കളയാതെ അവൻ നാട്ടിലേക്ക് വാട്സാപ്പ് വീഡിയോ കോൾ ചെയ്തു.
രണ്ടാമത്തെ റിങ്ങിൽ തന്നെ കോൾ കണക്ട് ആയി. സ്ക്രീനിൽ ഉമ്മയുടെ മുഖം തെളിഞ്ഞു. ഉമ്മയുടെ തലയിൽ ഒരു വെള്ള നിസ്കാരക്കുപ്പായം ഉണ്ടായിരുന്നു. പള്ളിയിൽ നിന്ന് ബാങ്ക് വിളി തുടങ്ങുന്നതേയുള്ളൂ.
“എന്താ മോനെ, നീ ഡ്യൂട്ടി കഴിഞ്ഞു വന്നതേ ഉള്ളോ? അവിടെ ഇപ്പൊ രാത്ര്യല്ലേ, നീയ്യ് ഒറങ്ങീലിയേ?” ഉമ്മയുടെ പതിവ് സ്നേഹാന്വേഷണം.
“അല്ല ഉമ്മാ, ഇന്ന് ഡ്യൂട്ടി ഇല്ലാരുന്നു. ഞാൻ പിള്ളേരുടെ കൂടെ ടൗൺ വരെ ഒന്നു പോയതാ. ഉപ്പ പള്ളീൽ പോയോ?” ഷാഹിദ് ചോദിച്ചു.
“ഇല്ല, ഉപ്പ എഴുന്നേറ്റ് വുളു എടുക്കാൻ പോയിക്കണ്… അല്ല ഷാഹിദേ, നീ ഇന്നലെ ഉപ്പ അയച്ച ആ കുട്ടീടെ ഫോട്ടോ കണ്ടില്ലേ?
നിനക്ക് ഇഷ്ടായോ? ഒന്നും പറഞ്ഞില്ലല്ലോ” ഉമ്മ വലിയ ആകാംക്ഷയോടെ ചോദിച്ചു.
ഷാഹിദ് മുഖത്ത് വലിയ ഭാവവ്യത്യാസങ്ങളൊന്നും വരുത്താതെ, വളരെ ഗൗരവത്തിൽ പറഞ്ഞു, “ഉമ്മാ…
ഫോട്ടോ ഒക്കെ ഞാൻ കണ്ടു. കുഴപ്പല്യാ. പക്ഷെ എനിക്ക് ഇപ്പോഴേ ഈ കല്യാണത്തിന് വലിയ താല്പര്യമൊന്നും ഇല്ല.
ഇവിടെ എനിക്കൊരു ഫുൾ ടൈം ജോലി പോലും ശരിയായിട്ടില്ല. അപ്പോഴേക്കും ഇതൊക്കെ വേണോ? ഒരു രണ്ടു കൊല്ലം കഴിഞ്ഞ് ഞാൻ ഒന്ന് രണ്ടുകാലിൽ നിന്നിട്ട് പോരേ ഈ കല്യാണപ്പരപാട്യൊക്കെ?” അവൻ മനപ്പൂർവ്വം ഒരു മടി അഭിനയിച്ചു.
അപ്പോഴേക്കും പുറകിൽ നിന്ന് ഉപ്പ വന്നു ഫോൺ വാങ്ങി സ്ക്രീനിലേക്ക് നോക്കി. ഉപ്പ ഷർട്ട് ധരിച്ചു , തോളത്തൊരു തോർത്തും ഇട്ട് പള്ളിയിലോട്ട് ഇറങ്ങാൻ ഉള്ള പരിപാടിയാണെന്ന് ഷാഹിദിന് മനസ്സിലായി.
“എന്താ ഷാഹിദേ, നീ വല്ലാത്തൊരു വർത്താനം ആണല്ലോ പറയ്ന്നത്. ഈ ജോലിയും കാര്യങ്ങളും ഒക്കെ ഇങ്ങനെയൊക്കെ തന്നെ പോകും. അതൊക്കെ ഇന്നല്ലെങ്കിൽ നാളെ ശരി ആകും.
നല്ലൊരു ആലോചന വരുമ്പോൾ അത് നമ്മളായിട്ട് കളയരുത്.” ഉപ്പയുടെ ശബ്ദത്തിൽ ഒരു കാരണവരുടെ ഗാംഭീര്യമുണ്ടായിരുന്നു. “ബഷീർക്ക വഴി വന്ന ആലോചനയായതുകൊണ്ട് എനിക്ക് വേറെയൊന്നും അന്വേഷിക്കേണ്ട ആവശ്യമില്ല.
