ഒറ്റനോട്ടത്തിൽ ആത്മഹത്യയായിട്ടാണ് അയാൾക്കും തോന്നിയത്.. വിഷക്കുപ്പിയിൽ അൽപം മാത്രം ബാക്കിയുണ്ട്..മദ്യവും കുറച്ച് ബാക്കിയുണ്ട്.. ഒരു ബലപ്രയോഗം നടന്ന ലക്ഷണം സോമന്റെ ശരീരത്തിലോ, അവിടെ പരിസരത്തോ ഇല്ല..
ഇത് കറതീർന്ന ആത്മഹത്യ തന്നെയാണെന്ന് നാസർ ഉറപ്പിച്ചു.. അതയാൾ പ്രഖ്യാപിക്കുകയും ചെയ്തു..
“ഇയാൾ മദ്യത്തിൽ വിഷം ചേർത്ത് കുടിച്ച് ആത്മഹത്യ ചെയ്തതാണ്.. രാത്രി ഒരു മണിയോടെ മരിച്ചതാവാനാണ് സാധ്യത..കൂടുതൽ വിവരങ്ങളറിയാൻ പോസ്റ്റ്മോർട്ടം വേണം… “..
“അയ്യോ… സാറേ… എന്റെ സോമേട്ടനെ വെട്ടിപ്പൊളിക്കല്ലേ സാറേ… ഏതായാലും പോയി… ഇനി വെട്ടിക്കീറല്ലേ സാറേ… അയ്യോ… എനിക്കിനി ആരുണ്ടോ… ?”..
സുധ അലമുറയിട്ട് കരഞ്ഞ് രംഗം കൊഴുപ്പിച്ചു..ഇടക്ക് കരച്ചിൽ നിന്ന് പോയത് ചില കാർന്നോമാരെയൊക്കെ അസ്വസ്ഥപ്പെടുത്തിയിരുന്നു.. മെമ്പർ നൗഷാദ് മുന്നോട്ട് വന്ന് എസ് ഐ കാതിലെന്തോ കുശുകുശുത്തു..
“അതെങ്ങിനെയാ മെമ്പറേ… ഇതാത്മഹത്യയല്ലേ,അപ്പോ പോസ്റ്റ്മോർട്ടം വേണം…”…
നാസർ തറപ്പിച്ച് പറഞ്ഞു.. ഞാൻ ചെയ്യാനുള്ളത് ചെയ്തേ എന്ന മട്ടിൽ മെമ്പർ സുധയെ നോക്കി.. സുധ കൃതജ്ഞതയോടെ
തലയാട്ടി..
“ എന്നാലും പോസ്റ്റ്മോർട്ടം വേണ്ടായിരുന്നു… “..
താനീ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് മാലോകരെ ധരിപ്പിക്കാനായി മെമ്പർ കുറച്ചുറക്കെത്തന്നെ പറഞ്ഞു..
“സാറേ… എനിക്ക് ആശാന്റെ മരണത്തിൽ സംശയമുണ്ട്… പോസ്റ്റ് മോർട്ടം നിർബന്ധമായും ചെയ്യണം… “..
ഒരു ഉറച്ച ശബ്ദം കേട്ട് മരണ വീട് നിശബ്ദമായി..ആ പറഞ്ഞവനെ കാണാനായി ആളുകൾ തള്ളിക്കയറി.. സ്ത്രീജനങ്ങൾ ജനലിലൂടെയും വാതിലിലൂടെയും തിക്കിത്തിരക്കി ആ മുഴക്കമുള്ള ശബ്ദത്തിനുടമയെ തിരഞ്ഞു..
മെമ്പർ ആ പൗരുഷമുള്ള മുഖത്തേക്ക് തുറിച്ച് നോക്കി..എസ് ഐ നാസർ ആ കരുത്തനെ ആപാദചൂഢം നോക്കി..എന്നാൽ… കഥാനായിക സുധ അവനെ നോക്കിയത് കടുത്ത കോപത്തോടെയാണ്..
“ ഉം… താനാരാ… ?”..
അവന്റെ ശബ്ദത്തേക്കാൾ തന്റെ ശബ്ദത്തിന് മുഴക്കം വേണമെന്ന് തോന്നിയ നാസർ അൽപം ബാസ് കൂട്ടിയിട്ടാണ് ചോദിച്ചത്..
“സർ… എന്റെ പേര് അനിക്കുട്ടൻ… ഞാൻ വർഷങ്ങളായി ഈ മരിച്ച് കിടക്കുന്ന സോമേട്ടന്റെ കൂടെയാണ് ജോലി ചെയ്യുന്നത്… “..
എസ് ഐ യുടെ മുഖത്ത് നോക്കി ധൈര്യത്തോടെ സംസാരിക്കുന്ന അനിക്കുട്ടനെ ആണുങ്ങൾ അസൂയയോടെയും പെണ്ണുങ്ങൾ ആരാധനയോടെയും നോക്കി..
“ഉം…തനിക്കെന്താ സോമന്റെ മരണത്തിൽ സംശയം തോന്നാൻ കാരണം… ?”..
വീണ്ടും ബാസിട്ട് നാസർ ചോദിച്ചു..
“സാർ… ഇന്നലെ പണി കഴിഞ്ഞ് ഞങ്ങൾ രണ്ടാളും ബാറിൽ പോയിരുന്നു… ഒരു പതിനൊന്ന് മണിക്ക് ഞാനാണ് ആശാനെ ഇവിടെ കൊണ്ട് വന്ന് കിടത്തിയത്…”..
“ എന്ന് വെച്ച് നീ പോയതിന് ശേഷം ഇയാൾക്ക് വിഷം കഴിച്ച് മരിച്ചൂടെന്നുണ്ടോ… ?”..
അവൻ പറഞ്ഞ് തീരുന്നതിന് മുമ്പ് തന്നെ നാസർ അറ്റാക്ക് ചെയ്തു..
“ അതല്ല സാർ… ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും ആശാനില്ല…
ഒരു പ്രശ്നവുമില്ല… സാമ്പത്തികമായും കുടുംബപരമായും പ്രശ്നമില്ല… ആശാനിന്നലെ നല്ല സന്തോഷത്തിലായിരുന്നു…”..
“ഹ… ഹാ… എടാ കൊച്ചനേ… മാസങ്ങളോളം ആലോചിച്ച് തീരുമാനിച്ചിട്ടല്ല ഒരാൾ ആത്മഹത്യക്കൊരുങ്ങുന്നത്… അത് ഏതാനും സെക്കന്റുകൾ കൊണ്ടെടുക്കുന്ന തീരുമാനമാണ്… നീ പോയതിന് ശേഷം ഇവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നി… അവനങ്ങ് മരിച്ചു… അത്രേ ഉള്ളൂ…”..
തന്നെ ഇവൻ കടത്തി വെട്ടുന്നുണ്ടോന്ന് ഒരു സംശയം തോന്നിയ നാസർ തന്റെ അറിവ് അവിടെ വിളമ്പി..
“അതൊക്കെ സാറ് പറഞ്ഞത് ശരി തന്നെ… പക്ഷേ വേറൊരു പ്രശ്നമുണ്ട് സാറേ….”..
അവർ തമ്മിലുള്ള ഡിബേറ്റ് ജനത്തിന് നല്ല ഹരമായി..എന്നാൽ നാസറിനത് പിടിച്ചില്ല.. മെമ്പർക്ക് തീരെ പിടിച്ചില്ല.. സുധക്ക് ഒട്ടും പിടിച്ചില്ല..
“സാറേ… ഞാനിദ്ദേഹത്തിന്റെ ഭാര്യയാ… ഇത് പെങ്ങളും… ഇവളുടെ ഭർത്താവാ ആ നിൽക്കുന്നത്…ഞങ്ങളാണ് സോമേട്ടനുള്ള ആകെ ബന്ധുക്കൾ… ഞങ്ങൾക്കൊരു പരാതിയുമില്ല സാറേ… അയ്യോ… ഇനി എനിക്കാരൂല്ലേ…”..
