ഇന്ന് താനടക്കം മണ്ണിട്ട് മൂടിയ തന്റെ ആശാൻ.. മരിച്ച് മണ്ണോട് ചേർന്ന തന്റെ പ്രിയപ്പെട്ട ആശാൻ..
“ അനിക്കുട്ടാ… ഇത് ഞാനാടാ… നിന്റെ ആശാൻ… “..
വ്യക്തവും സ്ഫുടവുമായ ശബ്ദത്തിൽ കേൾക്കുന്നത് തനിക്ക് പരിചയമുള്ള ആശാന്റെ ശബ്ദം തന്നെയാണെന്ന് അനിക്കുട്ടന് വ്യക്തമായി..ഇങ്ങേര് ചത്തില്ലേ… ഇയാളല്ലേ വിഷമടിച്ച് സിറ്റൗട്ടിൽ ചത്ത് മലച്ച് കിടന്നത്..?.
ഇയാളെയല്ലേ ഹോസ്പിറ്റലിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്തത്..
ഇയാളെയല്ലേ കുറച്ച് മുമ്പേ കുഴിച്ച് മൂടിയത്..? പിന്നെങ്ങനെ..?. താൻ സ്വപ്നത്തിലാണോ എന്ന സംശയത്തിൽ അനിക്കുട്ടൻ സ്വന്തം കയ്യിൽ ഒന്ന് നുള്ളി നോക്കി..
“അനിക്കുട്ടാ… കണ്ണ് തുറന്ന് നോക്കെടാ… ഇത് നിന്റെ ആശാനാടാ… നീ എണീറ്റിരിക്ക്… എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്… “..
സൗമ്യമായ സംസാരം.. കൊന്നാലും കണ്ണ് തുറക്കില്ലെന്ന് അനിക്കുട്ടൻ ഉറപ്പിച്ചു.. മുറിയിലുള്ളത് കഥകളിൽ വായിച്ചിട്ടുള്ള, സിനിമകളിൽ കണ്ടിട്ടുള്ള പ്രേതമാണെന്ന് പേടിയോടെ അനിക്കുട്ടൻ മനസിലാക്കി..
ഇന്നത്തെക്കാലത്ത് പ്രേതമൊക്കെ ഉണ്ടോന്നും അവന് സംശയം തോന്നി..
“അനിക്കുട്ടാ… ഞാൻ നിന്റെ ആശാൻ തന്നെയാ… പക്ഷേ ഞാൻ മരിച്ചെടാ… ഇന്ന് നീയൊക്കെ കൂടിയല്ലേ എന്നെ മണ്ണിട്ട് മൂടിയത്… ?”..
സോമന്റെ ശാന്തമായ ശബ്ദം അനിക്കുട്ടൻ കേട്ടു.. അവന് കണ്ണ് തുറക്കാതിരിക്കാനായില്ല.. ഉള്ളിൽ ഭയം അരിച്ച് കയറുന്നുണ്ടെങ്കിലും ആശാന്റെ ശബ്ദത്തിലെ ശാന്തത അവനൊരു സമാധാനം തോന്നി..
ഇന്നലെ താൻ സിറ്റൗട്ടിൽ കൊണ്ട് പോയി കിടത്തുമ്പോൾ ഇട്ട കാവി മുണ്ടും ഒരു കള്ളി ഷർട്ടും ഇട്ട് ആശാൻ കട്ടിലിലിരിക്കുന്നു.. അനിക്കുട്ടൻ കണ്ണ് തള്ളിക്കൊണ്ട് നോക്കി..എന്നിട്ടും വിശ്വാസം വരെ കണ്ണ് തിരുമ്മിക്കൊണ്ട് നോക്കി..
പിന്നെയും പിന്നെയും നോക്കി.. ഇന്ന് വൈകുന്നേരം ഗ്രാമവാസികളെ മുഴുവൻ സാക്ഷിയാക്കി കുഴിയിലേക്കിറക്കിവെച്ച് മണ്ണിട്ട് മൂടിയ ആശാനാണ് മുന്നിൽ ജീവനോടെയിരിക്കുന്നത്… ഇതെന്ത് മറിമായം..?..
“അനിക്കുട്ടാ… നീ പേടിക്കുകയൊന്നും വേണ്ട..എന്നെ നിങ്ങളൊക്കെക്കൂടി മണ്ണിട്ട് മൂടിയതാ… എന്റെ ശരീരമാടാ നിങ്ങളടക്കിയത്… ആത്മാവില്ലാത്ത ശരീരം… ഈ ഇരിക്കുന്നത് ആത്മാവ് മാത്രാ… സോമന്റെ ശരീരമില്ലാത്ത ആത്മാവ്…”..
അവന് പേടിയുണ്ടാവാതിരിക്കാൻ വളരെ ശാന്തനായാണ് സോമൻ പറഞ്ഞത്.. അനിക്കുട്ടൻ കണ്ണ് മാത്രേ തുറന്നുള്ളൂ.. അവന്റെ നാവിപ്പഴും പണിമുടക്കിലാണ്.. നാവ് ചലിപ്പിക്കാനാവുന്നില്ല… എന്തൊക്കെയോ അവന്
ചോദിക്കാനുണ്ട്..
നാവ് പൊന്തുന്നില്ല..പക്ഷേ അവന്റെ മനസ് വായിക്കാൻ കഴിവുള്ളവനായിരുന്നു സോമന്റെ ആത്മാവ്..
“എടാ അനിക്കുട്ടാ… ആത്മാവിനെ ആർക്കും കാണാൻ പറ്റില്ല… പക്ഷേ എന്റെ ആത്മാവിനെ നിനക്ക് കാണാം… നിനക്ക് മാത്രം… നമ്മൾ തമ്മിൽ ഒരാത്മ ബന്ധമുണ്ടായിരുന്നത് കൊണ്ട് മാത്രമാണത്…
പരസ്പരം ചതിക്കാത്ത, എന്ത് പ്രശനത്തിനും കൂടെ നിന്ന നല്ല സുഹൃത്തുക്കളായിരുന്നില്ലേ നമ്മൾ…”..
“ആ… ആശാനേ….ആശാനെന്തിനാ… എ… എന്നെ… കാണാൻ… വന്നത്… ?”..
ഒട്ടേറെ നേരത്തെ ശ്രമഫലമായി അനിക്കുട്ടന്റെ നാവിന്റെ കെട്ട് വിട്ടു..അവൻ വിറയലോടെയാണ് ചോദിച്ചത്..
“കാര്യമുണ്ട് അനിക്കുട്ടാ… കുറേ കാര്യമുണ്ട്… നീയെന്നെ സഹായിക്കണം… ജീവിച്ചിരിക്കുമ്പോ എല്ലാ കാര്യത്തിനും എന്റെ കൂടെ നിന്ന നീ ഇതിനും എന്റെ കൂടെ
നിൽക്കണം… “..
“എന്താ ആശാനേ… ?”..
അനിക്കുട്ടനിപ്പോ കുറച്ചൊക്കെ ധൈര്യം വന്നാരുന്നു..എന്നാലും കിടക്കയിൽ നിന്ന് എണീക്കാൻ മാത്രമുള്ള ധൈര്യമൊന്നും അവന് വന്നതുമില്ല..
“ നീ ആ പോലീസ് കാരനോട് പറയുന്നത് ഞാൻ കേട്ടു… ശരിയാ… നീ സംശയിച്ചത് ശരിയാ… ഞാൻ ആത്മഹത്യ ചെയ്തതല്ലെടാ… എന്നെ കൊന്നതാ… “..
അനിക്കുട്ടൻ ചാടിയെണീറ്റു.. അവന്റെ തളർച്ചയും പേടിയുമെല്ലാം പമ്പ കടന്നു..
“ആരാ… ആരാ ആശാനേ ഇത് ചെയ്തത്… ?..ആരാ എന്റാശാനെ കൊന്നത്… ?”..
അനിക്കുട്ടന്റെ രക്തം തിളച്ചു..
