ഇന്നലെ കളി കഴിഞ്ഞു ഉള്ള സംസാരത്തിൽ കവിത ഇന്ന് ഹോസ്പിറ്റലിൽ വരില്ലെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. കാർ ഓടിച്ച് കൊണ്ടിരിക്കുമ്പോൾ ഞാൻ ചുമ്മാ മീനാക്ഷിയെ നോക്കി അവൾ എൻ്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു.
ഞാൻ അവളെ നോക്കിയപ്പോൾ പെട്ടെന്ന് നോട്ടം മാറ്റി….
ആശുപത്രിയിൽ വച്ച് ഡോക്ടറെ കണ്ട് സംസാരിക്കുമ്പോൾ അവർ ഓരോന്ന് ചോദിക്കാൻ തുടങ്ങി.
“മീനുവിൻ്റെ ഭർത്താവ് ആണല്ലേ, പുറത്താണ് എന്ന് മീനു പറഞ്ഞിരുന്നു. എപ്പോഴാ നാട്ടിൽ എത്തിയത് !”
“….മീനു… ആ ഡോക്ടർ, ശ്രീഹരി…. ഞാൻ എത്തിയിട്ട് 2 ദിവസം ആയതെ ഉള്ളൂ….” ഞാൻ അവരെ എന്നെ സ്വയം പരിചയപ്പെടുത്തി
“ഇപ്പൊ 5 മാസം ആയതല്ലേ ഉള്ളൂ, പ്രസവത്തിൻ്റെ സമയത്ത് വന്നാൽ ഇവൾക്ക് ഒരും ധൈര്യം ആകുമായിരുന്നല്ലോ…”
“ഞാൻ ഇനി കൂടെ തന്നെ ഉണ്ടാകും ഡോക്ടർ….”
“ഓ….അതെന്തായാലും നന്നായി…നല്ലപോലെ ശ്രദ്ധിക്കണം….”
“തീർച്ചയായും….”
…………………………………………………………………………………
ഞാൻ വണ്ടി ഓടിക്കുമ്പോൾ… മീനാക്ഷി സംസാരിച്ചു തുടങ്ങി….
“ശ്രീ അത് അമ്പിളിചേച്ചിയ
പറഞ്ഞത് ഭർത്താവ് പുറത്താണ് എന്ന് പറയാൻ…. എനിക്കും തോന്നി വിധവ ആണെന്ന് പറഞ്ഞ് എല്ലാവരുടെയും സഹതാപം കാണുന്നത് എന്തിനാ എന്ന്…”
“ഉം…മീനു….ഞാൻ ഇനി അങ്ങനെ വിളിച്ചോട്ടെ…”
“അത്… ആ ഡോക്ടർ ചേച്ചി അങ്ങനെയാ വിളിക്കുന്നത്…”
“എനിക്ക് എന്തായാലും ആ വിളി ഇഷ്ടപ്പെട്ടു… ഞാനും ഇനി അങ്ങനെയാ വിളിക്കുന്നത്….”
“ശ്രീയുടെ ഇഷ്ടം…..നമ്മൾ എങ്ങോട്ടാ പോകുന്നത്…”
“ആദ്യം നമുക്ക് വല്ലതും കഴിക്കാം, എന്നിട്ട് പിന്നെ എന്തു ചെയ്യണം എന്ന് തീരുമാനിക്കാം….”
ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഞാൻ മീനാക്ഷിയെ നോക്കി, അവൾ കഴിക്കുന്നത് കാണാൻ തന്നെ വല്ലാത്തൊരു ഭംഗി ആയിരുന്നു…
“ശ്രീ…എന്താ കഴിക്കാത്തത്….”
“ഏയ്…ഒന്നുമില്ല… ഞാൻ എന്തോ ആലോചിച്ചുപോയി….”
“സോറി…ശ്രീ ഭർത്താവ് ആണെന്ന് ചോദിച്ചപ്പോൾ തിരുത്താമായിരുന്നില്ലേ….”
“എന്നിട്ട്….”
“അത്…നിക്ക് അറിയില്ല….”
“നാളെ കുഞ്ഞ് ജനിക്കുമ്പോൾ അച്ഛൻ്റെ പേര് വേണ്ടേ മീനു… എനിക്ക് സന്തോഷമേ ഉള്ളൂ തൻ്റെ കുഞ്ഞിൻ്റെ അച്ഛൻ ആകാൻ…”
“വേണ്ട…ശ്രീ അത്രയ്ക്കൊന്നും വേണ്ട…. ഇപ്പോഴേ ശ്രീ എനിക്ക് വേണ്ടി ഒരുപാട് ചെയ്തു….”
“നീ ഇപ്പൊ മിണ്ടാതിരുന്നു കഴിക്കൂ, ബാക്കിയൊക്കെ പിന്നെ…”
………………………………………………………………………..
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ അവളെയും കൊണ്ട് ഒരു സിനിമക്ക് കയറി….
അവൾ ആദ്യമായി ആയിരുന്നു ഒരു തിയേറ്ററിൽ കയറുന്നത്…..
ഒരു കൊച്ചു കുട്ടിയെ പോലെ അവൾ സ്ക്രീനിലേക്ക് കണ്ണും നട്ട് ഇരുന്നു…
എൻ്റെ കണ്ണുകൾ അവളിൽ ആയിരുന്നു…
ഞാൻ ഓരോന്ന് ആലോചിക്കാൻ തുടങ്ങി…
‘മീനാക്ഷി എന്തൊരു പാവം ആണ്… ഒരുത്തൻ നല്ല വൃത്തിക്ക് പറ്റിച്ചു… അവൾക്ക് ഇപ്പോഴും നാളെ അച്ഛൻ ഇല്ലാതെ ഒരു കുഞ്ഞിനെ എങ്ങനെ വളർത്തും എന്നൊന്നും അറിയില്ല….
എന്നെ അന്ധമായി വിശ്വസിക്കുന്നുണ്ട്….
ഞാൻ ഇവൾക്ക് വേണ്ടി ഇതുവരെ ചെയ്തത് എല്ലാം മീരയെ ഓർത്തു ആയിരുന്നു… പക്ഷെ ഇപ്പോള് മീനുവിനോട് എനിക്കെന്തോ ഒരു ഇഷ്ടം….
കാമത്തോടെ അല്ലാതെ ഞാൻ പ്രേമത്തോടെ ഉള്ള ഇഷ്ടം തോന്നുന്ന മൂന്നാമത്തെ സ്ത്രീ…. പക്ഷെ മീര….’
“ശ്രീ….ശ്രീ….”
“ആ എന്ത് പറ്റി..മീനു…”
“ഇതെന്താ ഇങ്ങനെ നിർത്തിയത്….കഥയുടെ ബാക്കി…” ഒരു കുഞ്ഞിൻ്റെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു…
“ഓ അത് ഇൻ്റർവെൽ ആയതേ പെണ്ണെ, വന്നേ നിനക്ക് ബാത്ത്റൂമിൽ പോണോ ?”
“അത്…ആ….വേണം…”
“എങ്കിൽ വാ… അവളെ ബാത്ത്റൂമിൽ വിട്ട് ഞാൻ പുറത്തു കത്തു നിന്നു…”
“കെട്ടിയോന്മാർ ആയാൽ ഇങ്ങനെ വേണം ആ കൊച്ചിൻ്റെ ഒരു ഭാഗ്യം….” അവൾ പുറത്തേക്ക് എൻ്റെ അടുത്തേക്ക് നടന്ന് വരുമ്പോൾ ആരോ പറയുന്നത് കേട്ടു….
അത് കേട്ടപ്പോൾ അവളുടെ മുഖം നാണം കൊണ്ട് നിറഞ്ഞിരുന്നു…
“ഈ ആൾക്കാർക്ക് എന്താ….”
“എന്തുപറ്റി മീനു…” ഞാൻ അവർ പറഞ്ഞത് കേൾക്കാത്ത പോലെ ചോദിച്ചു..
