“അയ്യോ അമ്മേ…… ഞാൻ അമ്മയോട് അത് പറയാൻ ഇരിക്കുക ആയിരുന്നു, എനിക്ക് പഴയപോലെ ഓടാൻ ഒന്നും വയ്യ…പ്രായം ആയില്ലേ…. ഇനി ഇപ്പൊ ശ്രീഹരി എല്ലാം നോക്കി നടത്തുമല്ലോ…
പോരാത്തതിന് എല്ലാം വലുതായില്ലേ……. പിന്നെ ബാലന് ഇനി ശ്രീഹരിയുടെ കൂടെ നിൽക്കല്ലോ…” രാജൻ പതുക്കെ വലിയുക ആണ്, ബുദ്ധിയുള്ള അയാൾക്ക് മനസ്സിലായി ഈ തട്ടിപ്പുകളിൽ അയാളെ ഞാൻ സംശയിക്കുന്നുണ്ട് എന്ന്…
“അയ്യോ….അങ്ങനെ മുഴുവൻ സമയം എനിക്ക് മില്ലിൽ നിൽക്കാൻ പറ്റുമോ… കടയുടെ കാര്യങ്ങൾ…” ബാലൻ എന്തോ….
“ഞാൻ പറയുന്നത് കേട്ടാൽ മതി എല്ലാരും… തത്കാലം രാജൻ ഒരു 3 – 4 മാസം എങ്കിലും ശ്രീഹരിയുടെ കൂടെ നിക്ക്….
ബാലനും ആ സമയം കൊണ്ട് കടക്ക് എന്തെങ്കിലും വഴി കണ്ടോളൂ…..ഇവിടുത്തെ കാര്യങ്ങൾ നോക്കുകയും വേണം…. ശ്രീഹരിയെ ഒറ്റക്ക് കഷ്ടപ്പെടുത്താൻ പറ്റില്ല….” അച്ഛമ്മ അതും പറഞ്ഞു അകത്തേക്ക് പോയി…
“കൊച്ചച്ചൻ പേടിക്കണ്ട… എൻ്റെ കൂട്ടുകാരൻ ഇല്ലേ അവൻ തിങ്കളാഴ്ച മുതൽ കടയിലേക്ക് വരുന്നുണ്ടല്ലോ….”
“ഉം…” ബാലൻ ഒന്ന് മൂളി….
ഓരോരുത്തർ ഓരോരുത്തർ ആയി അകത്തേക്ക് പോയി…
“അമ്മുക്കുട്ടി….വാ കാറിൽ ഒന്ന് കേറി രണ്ട് റൗണ്ട് അടിച്ചു വരാം….”
“ചെറിയച്ച… അമ്മൂന് സ്കൂളിൽ പോണ്ടേ അപ്പൊ….”
“എങ്കിൽ സ്കൂളിലേക്ക് തന്നെ ആയേക്കാം യാത്ര…”
“ഉഷമ്മേ അമ്മുവിൻ്റെ ബാഗ് എടുത്തേ…
നമുക്ക് പോകാം….”
അപ്പോഴും ഉമ്മറത്ത് തന്നെ ഞങ്ങളെ നോക്കി ശോഭയും സന്ധ്യ വലിയമ്മയു നിൽക്കുന്നുണ്ടായിരുന്നു… രണ്ട് പേരുടെയും മുഖത്ത് അസൂയയും കുശുമ്പും തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു….ഇതും കൂടെ കേട്ടപ്പോൾ രണ്ട് പേരും അകത്തേക്ക് പോയി…
അത് കണ്ടിട്ടോ എന്തോ… ഉഷമ്മ അമ്മുവിനെ കയറ്റി ഒന്ന് നിന്നു…
“ഞാൻ വരണോ മോനെ…മീരമോളെ കൊണ്ട് പൊക്കോ… എനിക്കടുക്കളയിൽ പണി ഉണ്ടെടാ…” മറ്റുള്ളവരുടെയും കാറ് കണ്ടപ്പോൾ ഉള്ള ഭാവങ്ങൾ ഒപ്പി എടുത്ത ഞാൻ മീരയെ മനപ്പൂർവ്വം ശ്രദ്ധിച്ചില്ലായിരുന്നു. അവളോട് എനിക്ക് ഇപ്പോഴും ദേഷ്യം ഉണ്ട്…
“ഇങ്ങോട്ട് കേറിക്കെ, നമുക്ക് പോയി പെട്ടെന്ന് ഇങ്ങ് വരാം…” ഞാൻ അവരെ പിന്നിൽ തള്ളി കയറ്റി വാതിൽ അടച്ചു…
“നീ വരുന്നുണ്ടോ…” ഞാൻ മീരയ്ക്ക് മുഖം കൊടുക്കാതെ ചോദിച്ചു.
“ഇല്ല…നിക്ക് അലക്കാൻ ഉണ്ട്…”
പക്ഷേ അമ്മുമോൾ വണ്ടിയിൽ നിന്ന് ഇറങ്ങി മീരയുടെ കയ്യിൽ പിടിച്ചു വലിച്ചു…
“വാ..മീരചേച്ചി….വന്നേ…”
“നീയും വാ മോളെ…. നമുക്ക് പെട്ടെന്ന് ഇങ്ങ് വരാം…”
മീര രണ്ട് മനസ്സോടെ വന്നപ്പോൾ ഞാൻ അറിയാതെ ഒരു പുഞ്ചിരിയോടെ ഡോർ തുറന്ന് കൊടുത്തു…
‘ ശ്ശേ ഇത്രനേരം ഭയങ്കര ജാഡ ഇട്ടിട്ട് അവൾ അടുത്ത് എത്തിയപ്പോൾ ഇളിച്ചോണ്ട് വാതിൽ തുറന്ന് കൊടുത്തേക്കുന്നു… നാണം കെട്ടവൻ…’ മനസ്സ് എന്നെ തന്നെ തെറി വിളിച്ചു…
മീരയും ഉഷമ്മക്ക് ഒപ്പം പുറകിൽ കയറി… അമ്മു മുന്നിലും…..
കാറിലെ എസി യുടെ തണുപ്പ് ആസ്വദിച്ചു അമ്മു നല്ല ഗമയിൽ തന്നെ ഇരുന്നു… നിറഞ്ഞ മനസ്സോടെ ഉഷമ്മയും…മീരയുടെ മനസ്സിൽ ഇപ്പൊ എന്താണ് ആവോ !
ആ നാട്ടിൽ അതുപോലെ ഒരു കാർ ഞാൻ
വിചാരിച്ചതിനേക്കാൾ വലിയ സംഭവം ആണെന്ന് സ്കൂളിലേക്ക് ഉള്ള ആ യാത്രയിൽ എനിക്ക് ബോധ്യം ആയി….
അമ്മുവിനെ സ്കൂളിൽ ഇറക്കിയ ശേഷം ഞങ്ങൾ തറവാട്ടിലേക്ക് തിരിച്ചു. ഉഷമ്മ ഇറങ്ങി മുൻപിൽ കയറി..
“മോനെ വണ്ടി ഒന്ന് അമ്പലത്തിൽ കൊണ്ടുപോയി പൂജിക്കണം…”
“അതിനെന്താ… ഇപ്പൊ പോയേക്കാം….”
“ഇപ്പൊ പറ്റില്ല, എനിക്ക് പോയിട്ട് ഒരുപാട് പണിയുണ്ട്…” മീര പെട്ടെന്ന് ഇടക്ക് കയറി..
“ഓ പിന്നെ, ഒരു കുഴപ്പോമില്ല….”
“നിക്ക് കുഴപ്പം ഉണ്ട്, അമ്മായി….. !!
“ആ ശരിയാ, നമുക്ക് ഇപ്പൊ തറവാട്ടിലേക്ക് പോകാം, ശ്രീ നീ സമയം ഉണ്ടേൽ വൈകിട്ട് പോയാൽ മതി… ഇല്ലേൽ നാളെ ആകാം…
അമ്പലത്തിൽ പോയാൽ വൈകും…” ഉഷമ്മ എന്നോട് മയത്തിൽ പറഞ്ഞു
“ഇവള് പറയുന്നത് കേട്ട് മാറ്റാൻ ഒന്നും പറ്റില്ല..”
മിററിൽ കൂടെ നിക്ക് അവളുടെ മുഖത്തെ ടെൻഷൻ കണ്ട് രസം കേറി…..
“ശ്രീ ഞാൻ പറയുന്നത് കേൾക്ക്, തറവാട്ടിലേക്ക് പോകാം….” ഉഷമ്മ എന്നോട് ആദ്യമായി കടുപ്പിച്ച് എന്നപോലെ പറഞ്ഞു.
