ഫോൺ ബെല്ലടിക്കുന്നു
ഞാൻ പോയി ഫോണെടുത്തു
വല്യേട്ടത്തിയാണ്
മോനെ….ഉണ്ണി
ആ വിളി കേട്ടതും എന്തിനെന്നറിയാതെ എന്റെ കണ്ണ് നിറഞ്ഞു
ഏട്ടത്തി……
മോനെന്നാടാ വരുന്നേ
പരീക്ഷ കഴിഞ്ഞു വന്നാ മതിയോ
നിന്നെ കാണാൻ കൊതിയാവുന്നുണ്ട് സാരമില്ല മോന്റെ പരീക്ഷ കഴിഞ്ഞു വന്നാ മതി
ഏട്ടത്തിക്കു വയ്യേ ഒരു ക്ഷീണം പോലെ
ഒന്നുമില്ല കുട്ടാ നീ സമാധാനമായിട്ട് പഠിച്ചോ പരീക്ഷയല്ലേ
കൂടുതൽ ഒന്നും പറയാതെ ഏടത്തി ഫോൺ കട്ട് ചെയ്തു ഇപ്പൊ ഫോൺ വന്നാൽ ഒരു മണിക്കൂർ കഴിയണം എനിക്ക് കണക്ട് ചെയ്യാൻ അത് വരെ ഇത്തയും സമീറയും സംസാരിക്കും അവരുടെ വിശേഷം പറച്ചിൽ മുഴുവൻ തീർന്നാലേ എനിക്ക് കണക്ട് ചെയ്യൂ
അഞ്ചര ആവുന്നേയുള്ളു ഇപ്പൊ ഇറങ്ങിയാലും എട്ടര ആവുമ്പോ വീട്ടിലെത്താം
ഏട്ടത്തിയുടെ സ്വരം കേട്ടിട്ടു എന്തോ വയ്യായ്ക പോലെയുണ്ട്
എന്നെ ടെൻഷൻ ആക്കേണ്ട ന്ന് വിചാരിച്ചു ഒന്നും പറയാത്തതാ
ഞാൻ വേഗം ഡ്രസ്സ് മാറി മുറി പൂട്ടി ഇറങ്ങി
ബൈക്ക് എടുത്ത് ഇത്തയുടെ വീട്ടിൽ ചെന്നു
ഇത്താ ഞാൻ വീട്ടിൽ വരെ പോയിട്ട് വരാം
എന്താ ഉണ്ണി പെട്ടെന്ന്
ഒന്നുമില്ല ഇത്താ
ഒന്ന് പോവാൻ തോന്നി
ഞാനും വരട്ടെ ഉണ്ണിയേട്ടാ
അങ്ങനിപ്പോ ഞാനും വരണ്ട ഞാൻ തന്നെ പൊക്കോളാം
പോടാ കൊരങ്ങാ
അവൾ പിണങ്ങി പോയി
നീ നാളെ വരില്ലേ
ചിലപ്പോൾ ഇല്ലേൽ രണ്ട് ദിവസം കഴിഞ്ഞു
ശരി എന്നാൽ പോയിട്ട് വാ സൂക്ഷിച്ചു പോണേ
ശരിയിത്താ
ഞാൻ ബൈക്ക് തിരിച്ചു റോഡിലേക്കിറങ്ങി
ബൈക്കിന്റെ സൗണ്ട് കേട്ട് ചെറിയേട്ടൻ വാതില് തുറന്നു പുറത്തേക്കിറങ്ങി വന്നിരുന്നു
നീ വരുന്ന വഴിയാണോ
അതേയേട്ടാ ഏടത്തിയമ്മ എന്ത്യേ
വല്യേടത്തിക്കു പ്രസവ വേദന തുടങ്ങി കുറച്ചു മുൻപ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി ഞാൻ എല്ലാരേം വിളിച്ചു പറഞ്ഞിട്ടുണ്ട് വനജക്കും വയ്യാതെ ഇരിക്കുവല്ലേ അതാ ഞാൻ ഇവിടെ നിന്നെ
ഞാൻ ബൈക്ക് തിരിച്ചു നീ ഇറങ്ങുന്നില്ലേ
ഇല്ലേട്ടാ ഹോസ്പിറ്റലിൽ പോയിട്ട് വരാം
രണ്ട് കിലോമീറ്റർ ദൂരമേയുള്ളു ഹോസ്പിറ്റലിലേക്ക് നാല് നിലയിൽ പണിതിരിക്കുന്ന പുതിയ ഹോസ്‌പിറ്റലാണ്
അവിടെയാണ് രണ്ട് ഏടത്തിമാരെയും കാണിക്കുന്നത്
അഞ്ചു മിനിറ്റു പോലും എടുത്തില്ല ഹോസ്പിറ്റലിൽ എത്താൻ
ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഇറങ്ങിയോടി
ക്യാഷ്യലിറ്റി എന്നെഴുതിയ റൂമിൽ ചോദിച്ചു സിസ്റ്ററെ ഗിരിജ ശശിധരനെ എവിടാ അഡ്മിറ്റ് ചെയ്തെക്കുന്നെ
കുറച്ചു മുൻപ് വന്നതല്ലേ
അതേ
ഡെലിവറി അല്ലെ
അതേ
ലേബർ റൂമിലേക്ക് കൊണ്ടു പോയിട്ടുണ്ട് മൂന്നാം നില
റൈറ്റ് സൈഡ് ലാസ്‌റ്റ്
ഞാൻ സ്റ്റെപ്പ് കയറി ഓടി
ഓടികിതച്ചു ലേബർ റൂമിന്റെ വാതിൽക്കൽ എത്തിയപ്പോൾ വല്യേട്ടൻ മാത്രം എന്താ ചെയ്യേണ്ടേ എന്നറിയാതെ ടെൻഷനടിച്ചു ആ കോറിഡോറിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു
വല്യേട്ടാ…..
മോനെപ്പോ വന്നൂടാ
എന്നെക്കണ്ടതും ഏട്ടന് പകുതി ആശ്വാസമായ പോലെ എന്റെ കൈകൾ ചേർത്തു പിടിച്ചു കൊണ്ടു ചോദിച്ചു ഇപ്പൊ വന്നേയുള്ളു വീട്ടിൽ ചെന്നപ്പോ ഇങ്ങോട്ട് കൊണ്ടു പോന്നുവെന്നു പറഞ്ഞു നേരെ ഇങ്ങു പോന്നു
വേറെ ആരും വന്നില്ലേ
ഇല്ലെടാ കുറച്ചു മുൻപാ വേദന തുടങ്ങിയെ
ഡോക്ടർ പറഞ്ഞ ഡേറ്റിനു മൂന്നു ദിവസം കൂടിയുണ്ട് നാളെ കൊണ്ടു വന്നു അഡ്മിറ്റ് ചെയ്യാമെന്നൊക്കെ പറഞ്ഞിരിക്കുവാരുന്നു പെട്ടന്നാ വേദന തുടങ്ങിയെ
ഇവിടെ എവിടെയാടാ ഒന്ന് മുള്ളാനുള്ള സ്ഥലം
നോക്കട്ടെയേട്ടാ
ഞാൻ ചുറ്റും നോക്കി
നീളൻ വരാന്തയുടെ അങ്ങേയറ്റം ടോയ്‌ലെറ്റ് എന്ന ബോർഡ് വെച്ചിരിക്കുന്നു
ദാ അങ്ങേയറ്റത്തുണ്ട് അങ്ങോട്ട് പൊക്കോ ഞാനാ ബോർഡിന് നേരെ വിരൽ ചൂണ്ടി
ഏട്ടൻ അങ്ങോട്ട് നടന്നു
ലേബർ റൂമിന്റെ വാതിൽ തുറന്നു ഒരു തല മാത്രം പുറത്തേക്ക് നീണ്ടു
ഗിരിജ ശശിധരന്റെ ആരെങ്കിലും ഉണ്ടോ
ഉണ്ട് സിസ്റ്റർ ഞാൻ മുൻപോട്ട് ചെന്നു
പ്രസവിച്ചു ആൺകുഞ്ഞാണ്
ഡോറടഞ്ഞു
മുള്ളാൻ പോയ ഏട്ടനെ കാണുന്നുമില്ല ല്ലോ
ഇവിടന്നു മാറാനും പറ്റില്ല ഞാനാ വാതിൽക്കൽ തന്നെ നിന്നു
അല്പ സമയത്തിനുള്ളിൽ ഒരു വെളുത്ത ടവ്വലിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖവുമായി ഒരു സിസ്റ്റർ പുറത്തേക്കിറങ്ങി വന്നു
