അജ്ഞാതന്‍റെ കത്ത് – 6

“പിന്നെ വേദ ഇന്നു രാവിലെ ഞാൻ അറസ്റ്റ് ചെയ്ത വ്യക്തിക്ക് അവനെ അയച്ചവ്യക്തിയെ അറിയില്ല. ഫോണിൽ വരുന്ന മെസ്സേജിനനുസരിച്ച് കാര്യങ്ങൾ നീക്കും, എക്കൗണ്ടിൽ കാശവർ ഇട്ടു കൊടുക്കും. മെസ്സേജയച്ച നമ്പർ ഞാൻ കണ്ടു പിടിച്ചു. ഒരു ശിവരാജ് നുങ്കം. ലോക്കൽ ഗുണ്ടയാണ് .വൻകിട രാഷ്ട്രീയക്കാരുടെ വലംകൈ.കുറച്ചു കാശിറക്കിയപ്പോൾ കാര്യങ്ങൾ പുറത്തുവന്നു. ശിവരാജിനെ ഏൽപിക്കുന്ന വർക്ക് മെയിൽ വഴിയാണ്. കാശ് എക്കൗണ്ടിൽ വീഴും. ഇനിയാണ് കാര്യങ്ങൾ ശരിയാക്കാൻ വേദ ഇറങ്ങേണ്ടത്.”

“ഞാൻ……ന്താ ചെയ്യേണ്ടത്?”

എനിക്ക് സംശയം

SPT യിൽ ആണ് ശിവരാജിന്റെ എക്കൗണ്ട് ഉള്ളത്.ഈ എക്കൗണ്ടിൽ ഏത് വഴിയാണ് ക്യാഷ് ക്രെഡിറ്റായതെന്ന് കണ്ടു പിടിക്കണം. എക്കൗണ്ട് നമ്പർ ഞാൻ പറയാം”

“ഇപ്പോ സമയമെത്രയായി?”

” 2.49. ഇന്നിനി നടക്കുമോയെന്നറിയില്ല.”

ഞാൻ ഫോണിൽ അഷറഫിനെ വിളിച്ചു. കാര്യമറിഞ്ഞപ്പോൾ അവൻ പറഞ്ഞു.

“അങ്ങനെ ചെയ്താൽ എനിക്കെന്തേലും പ്രശ്നം ഉണ്ടാകുമോ?”

“ഇല്ല. ആരും അറിയണ്ട എന്തായാലും സീക്രട്ടായിരിക്കണം”

“ok വേദ പത്ത് മിനിട്ട് .ഞാൻ തിരിച്ചു വിളിക്കാം”

അക്കൗണ്ട് നമ്പർ പറഞ്ഞു കൊടുത്ത ശേഷം കട്ട് ചെയ്തു.

SPT യിൽ വർക്ക് ചെയ്യുന്ന അഷ്റഫിന്റെ കസിന്റെ മരണം ഒരിക്കൽ ‘അഴിച്ചു പണി’യിൽ ഉൾപ്പെടുത്തിയതിന്റെ നന്ദി അവൻ കാണിക്കുമെന്നറിയാം. ആ ധൈര്യത്തിലാണ് ഞാൻ വിളിച്ചത്.
അലോഷിയുടെ ഫോൺ റിംഗ് ചെയ്തു.

“ഹലോ……. “
……..

“ok…. നിങ്ങൾ പോയ്ക്കോളൂ.. ഞാനെത്താം. മറ്റുള്ളവർ ചാടിപ്പോവരുത്.”

ഫോൺ കട്ടായി .

” നിന്റെ വീട്ടിൽ കയറിയവരെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചു.നടന്നില്ല.കസ്റ്റഡിയിൽ ഉള്ള ഒറ്റയാൾക്കു പോലും അവരെ നിയന്ത്രിക്കുന്ന പ്രധാന കണ്ണിയെ അറിയില്ല. അറിയുന്നവരെല്ലാം മരണപ്പെടുകയും ചെയ്തു. നമ്മളെ അവർ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.”

എന്റെ ഭാവം കണ്ടാവാം

” അരവിന്ദ് അയച്ച മെസ്സേജിൽ വേദ വല്ലാതെ എന്നെ ഭയക്കുന്നുണ്ടല്ലേ?”

ഞാൻ ഞെട്ടി. ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ കഴിഞ്ഞില്ല.
എനിക്ക് വന്ന മെസ്സേജ് എങ്ങനെ അലോഷി കണ്ടു.

” എന്നെ നിനക്ക് വിശ്വസിക്കാം 100 % ഉറപ്പ്. അത് പോലെ അരവിയേയും പക്ഷേ അരവിയെ നിയന്ത്രിക്കുന്നത് മറ്റാരോ ആണ് ആയതിനാൽ തന്നെ അരവിയെ നമ്മൾ ഭയക്കണം. അവന്റെ മേൽ ഒരു കണ്ണെപ്പഴും വേണം.അരവിയുടെ ഫോൺ കോളുകളും മെസ്സേജുകളും നിരീക്ഷണത്തിലാണ്”

എന്റെ ഫോൺ ശബ്ദിച്ചു.അഷ്റഫായിരുന്നു.

“ഹലോ വേദ…. “

“യെസ് പറയൂ…. “

“ആ ക്യാഷ് ക്രെഡിറ്റായത്ത് ഇന്നലെ ഉച്ചയ്ക്ക് 12.20നാണ്.”

“ഏത് ബ്രാഞ്ചിൽ നിന്നാണെന്ന് നോക്കാമോ?”

“വേദ അതാണ് രസം ഇന്നലെ ആ ക്യാഷ് കളക്റ്റ് ചെയ്തത് ഞാൻ തന്നെയാണ്. പേര് കെ പരമേശ്വരൻ നായർ എന്നൊരാളാണ്.”

“കെ പരമേശ്വരൻ നായർ……!! അതിൽമൊബൈൽ നമ്പർ ഉണ്ടോ?”

“500000 ആയതിനാൽ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. 98…..888 ആണ്”

എന്റെ കണ്ണുകൾ മിഴിഞ്ഞു. ഈശ്വരാ ഇതെങ്ങനെ സംഭവിച്ചു.?
ഈ നമ്പർ !
എന്റെ തല പൊട്ടിപ്പൊളിയുന്നതായി തോന്നി.

“സിസിടിവി ദൃശ്യങ്ങൾ എടുക്കാൻ എന്തേലും വഴിയുണ്ടോ?”

” അത് റിസ്ക്കാണ്. നിങ്ങൾ മാനേജരുമായി സംസാരിക്കാമോ?”

“ഒകെ അഷ്റഫേ.. ഞാൻ വിളിക്കാം”

“വേദ എന്തെങ്കിലും പ്രശ്നമുണ്ടോ?”

” ഉം ഞാൻ നേരിട്ട് വരാം. മാനേജർ അവിടുണ്ടോ??”

“ഇല്ല. ഉച്ചകഴിഞ്ഞിന്ന് അദ്ദേഹം ലീവിലാണ്. നാളെ വായോ”

ഫോൺ കട്ട് ചെയ്ത് കാര്യങ്ങൾ ഞാൻ അലോഷിയെ ധരിപ്പിച്ചു.

“വേദയ്ക്കീ ആളെ അറിയാമോ?”

” അറിയാം. എന്റെച്ഛനാണ്. ആ നമ്പറും അച്ഛന്റേയാണ്.”

” അച്ഛൻ മരിച്ചൂന്നല്ലേ വേദ പറഞ്ഞത്. “

“ഉം മരിച്ചു പക്ഷേ ആ നമ്പർ ഇപ്പോഴും ആക്റ്റീവാണ്. “

” എങ്ങനെ?”

“ഞാനത് ഉപയോഗിക്കുന്നുണ്ട്. അച്ഛന്റെ ഓർമ്മയ്ക്കായി .ഇടയ്ക്കതിൽ നിന്നും എന്റെ ഫോണിലേക്ക് കാൾ ചെയ്യും. അച്ഛൻ കാളിംഗ് എന്നു കാണുമ്പോൾ മനസിനൊരു ധൈര്യമാണ്. ഒറ്റയ്ക്കാണെന്ന ചിന്തയങ്ങ് മാറിക്കിട്ടും “

കണ്ണു നിറഞ്ഞു കാഴ്ച മങ്ങിത്തുടങ്ങി. അപ്പോഴേക്കും എന്റെ വീടിനു മുമ്പിൽ കാർ എത്തിയിരുന്നു.

“വേദാ”
അലോഷിയുടെ ശബ്ദം കേട്ട് ഞാൻ നോക്കി. വീട്ടിനു മുന്നിൽ ആരോഗ്യവാനായ ഒരാൾ നിൽപുണ്ട്.

” വേദ ഇറങ്ങിക്കോളൂ. എല്ലാം കഴിയുമ്പോ വിളിക്കു ഞങ്ങളീ പരിസരത്തുണ്ടാവും. ആ നിൽക്കുന്നത് നമ്മുടെ ആളാണ്.”

ഞാനിറങ്ങി ചെന്നു. എന്നെ ആദ്യമായി കാണുന്ന ആജാനഭാഹു ചിരപരിചിതരെപോലെ പുഞ്ചിരിച്ചു.വീടിനകം മൊത്തം അലങ്കോലമാക്കിയിട്ടിരിക്കുന്നു. ഷോകേസിലെ വിലപിടിച്ച പലതും പൊട്ടി തറയിലാകമാനം ചിതറിക്കിടക്കുന്നു.
എന്റെ മുറിയിലെ കണ്ണാടി മേൽ ഒട്ടിച്ച ഒരു പേപ്പറിൽ

57. rof_______tne

എന്നു എഴുതി ഒട്ടിച്ചിരിക്കുന്നു. എനിക്ക് വന്ന അതേ മെയിൽ:
വാക്കുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന മരണം തേടിപ്പോവണം. അവരന്വേഷിക്കുന്നതെന്തോ ഈ വീട്ടിനകത്ത് ഉണ്ട്. മുന്നേ കാണാതെ പോയ രണ്ട് കേസ്ഫയലുകളും വിശദമായി പഠിക്കേണ്ടിയിരിക്കുന്നു. ഞാൻ മരിച്ചാലതവർക്കു കിട്ടാൻ സാദ്ധ്യത കുറവായതിനാൽ മാത്രമാണ് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നത്.എന്നാൽ കൊല്ലാതെ കൊല്ലുന്നുണ്ട്.
വീടുപൂട്ടി ഞാനിറങ്ങുമ്പോഴേക്കും സമയം 10 കഴിഞ്ഞിരുന്നു. ഞാൻ അലോഷ്യസിനെ വിളിച്ച് വരാൻ പറഞ്ഞു.മനാത്ത് സ്റ്റോറിനു മുമ്പിലെത്തിയപ്പോഴേക്കും അലോഷി വന്നു.

“വേദയ്ക്ക് ഭയമില്ലെങ്കിൽ കൈലാസത്തിൽ താമസിക്കാം കേട്ടോ. പ്രൊട്ടക്ഷന് നമ്മുടെ ആൾക്കാരെ നിർത്താം.”

“ഹേയ് അതൊന്നും വേണ്ട. ഞാൻ സ്റ്റുഡിയോ വക ഫ്ലാറ്റിൽ നിൽക്കാം.”

“ഒക്കെ വേദയുടെ ഇഷ്ടം പോലെ. നമ്മളിപ്പോൾ പോവുന്നത് കുര്യച്ചനന്ന് ഒളിച്ചു താമസിച്ചു എന്ന് പറയുന്ന വീട്ടിലേക്കാണ്. ചെറിയൊരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്.ചിലപ്പോൾ നമുക്കതൊരു കച്ചിത്തുരുമ്പാകും. അവിടെ താമസക്കാരുണ്ടെന്നതാണറിയാൻ കഴിഞ്ഞത്. “

” അലക്സാണ്ടറും മറിയവും തിരികെ വന്നിട്ടുണ്ടാവും.”

“ഇല്ല. അവരിനി മടങ്ങി വരില്ല.”

ഞാൻ സംശയത്തിൽ അലോഷിയെ നോക്കി.

“എൽദോയ്ക്കൊപ്പം ഇന്നു സന്ധ്യയ്ക്ക് നമ്മുടെ ഒരാളും കമ്പനിക്കുണ്ടായിരുന്നു. സംസാരം അവൻ മന:പൂർവ്വം പെരുമ്പാവൂർ വീട്ടുകാരെ കുറിച്ചായി. അവരെക്കുറിച്ച് പറയാൻ തുടങ്ങിയതോടെ എൽദോ കരയാൻ തുടങ്ങി.

“അവര് കാരണമാ ഇക്കാണുന്നതെല്ലാം ഉണ്ടായത്.ജീവിച്ചിരുന്നെങ്കിൽ ആ കാലൊന്നു മുത്താമായിരുന്നു.”

എന്ന്. അതിനർത്ഥം അവർ ഇന്നില്ല. കൊലപാതകമാണോ എന്നതും കണ്ടെത്തേണം”

” അതിനകത്ത് നമുക്കായി എന്ത് കിട്ടുമെന്നാ സർ പറയുന്നത്.

” പോലീസിന്റെ ഭാഗത്തു നിന്നും നമുക്കനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല അന്വേഷണ വിവരങ്ങൾ നമുക്ക് കിട്ടാനുള്ള സാധ്യതകളും കുറഞ്ഞു വരികയാണ്.”

Leave a Reply

Your email address will not be published. Required fields are marked *