“for orthographic research maintenance using logical arrangement “
ഇതായിരുന്നു മെയിൽ.കുറച്ചു നേരം ചിന്തിച്ചു. ചിലപ്പോൾ മാറി വന്നതാവാം.
കൂടുതൽ ഫോർമാലിറ്റീസുകളൊന്നുമില്ലാതെ തന്നെ ഞങ്ങൾ ഇറങ്ങി.ഗേറ്റിനു വെളിയിലെത്തിയപ്പോഴേക്കും പ്രശാന്ത് മറ്റൊരു ടാക്സി ടവേരകാറുമായി കാത്തു നിൽപുണ്ടായിരുന്നു.
കാറിൽ കയറിയതിനു ശേഷമാണ് ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന അലോഷ്യസിനെ ഞങ്ങൾ കണ്ടത്.
” അരവി ഇന്നലെ രാത്രി എവിടെയായിരുന്നു.?”
മയം ഒട്ടുമില്ലാതെയാണ് അലോഷിയുടെ ചോദ്യം.
” ഞാൻ …. വീട്ടിൽ “
അവന്റെ നുണ പറയൽ എന്നെ അത്ഭുതപ്പെടുത്തി.
” നൈറ്റ് ഡ്യൂട്ടിയെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താൻ എവിടേക്കാണ് പോയതെന്ന് പറഞ്ഞാൽ മാത്രം മതി.”
അലോഷ്യസ് ഭാവം മാറാതെ പറഞ്ഞു.
“ഇന്നലെ നൈറ്റ് 12.17 am നു നിനക്ക് വന്ന ഇന്റർനാഷണൽ കാൾ ആരുടേതായിരുന്നു? ഒരു മിനിറ്റ് 13 സെക്കന്റ് നീയാ നമ്പറിൽ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം നിന്റെ ഫോൺ സ്വിച്ഡോഫ് ചെയ്യ്തത് എന്തിന്.? 12.20നു വീട്ടിൽ നിന്നിറങ്ങിയ നിന്റെ സക്കൂട്ടി വേദയുടെ വീടിനു സമീപം വെച്ച് കയറി പോയത് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്കിൽ, ആ യാത്ര നീ എവിടേക്കാണ് പോയത്.? 6.42 നു നീ വീട്ടിലെത്തിയതിനു ശേഷം സിറ്റി കമ്മീഷണർ അരുന്ധതീ മേഡത്തിന്റെ ഫോണിലേക്ക് വിളിച്ചത് എന്തിന്?”
അരവിയുടെ തൊണ്ട വരളുന്നതും ഉമിനീരിറക്കാനവൻ പാടുപെടുന്നതും ഞാൻ തിരിച്ചറിഞ്ഞു.
“പറയൂ അരവി. നമ്പർ പ്ലേറ്റില്ലാത്ത ആ ബൈക്കിൽ ആരായിരുന്നു.”
അരവി ഉമിനീരിറക്കി.
” ഞാൻ പറയാം.”
തുടർന്നവൻ എന്നെ നോക്കി.
“നിങ്ങളെന്നെ ഇടപ്പള്ളിയിൽ വിട്ട് പോയതിനു ശേഷം ഞാൻ സ്കൂട്ടിയുമായി പതിയെ പോവുകയായിരുന്നു. ആലിൻ ചുവട്ടിലെ ഓട്ടോസ്റ്റാന്റിൽ നിന്നും ഒരു പെണ്ണ് കാക്കനാടേയ്ക്ക് ലിഫ്റ്റ് ചോദിച്ചു. രാത്രിയേറെ ആയതിനാൽ ലിഫ്റ്റ് കൊടുക്കാതിരിക്കാൻ തോന്നിയില്ല. വാഴക്കാല എത്തിയപ്പോൾ നട്ടെല്ലിന് മീതെ എന്തോ ഇരുമ്പുകുഴൽ തട്ടിയതുപോലെ തോന്നി. തപ്പിനോക്കിയപ്പോൾ ശരിയാണ് ഒരു തോക്കിൻ കുഴൽ.പിന്നീട് അവൾ പറഞ്ഞതനുസരിച്ച് ഞാൻ ഡ്രൈവ് ചെയ്തു.എംജിഒ ക്വാർട്ടേഴ്സിലെത്തിയപ്പോൾ TB സർ എന്നൊരാൾ വരുമെന്നും അതുവരെ വെയ്റ്റ് ചെയ്യണമെന്നും പറഞ്ഞു. ഞാനെതിർത്താൽ ആ നിമിഷം അവൾ നിറയൊഴിക്കുമെന്നറിയാവുന്നതിനാൽ ഞാൻ അടങ്ങിയിരുന്നു.പത്തു മിനിട്ടിനു ശേഷം ഒരു ജാഗ്വാർ വന്നു ആകാശവാണിയുടെ ഗേറ്റിനപ്പുറത്ത് നിർത്തി. ആ പെൺകുട്ടി നോക്കിൻ കുഴൽ അപ്പോഴും എന്റെ നട്ടെല്ലിനടുത്തു നിന്നും മാറ്റിയിരുന്നില്ല. കാറിൽ നിന്നൊരാൾ ഇറങ്ങി വന്നു.അയാളുടെ കൈയിൽ കാളിലുള്ള ഒരു മൊബൈൽ ഉണ്ടായിരുന്നു. അതെനിക്കായി നീട്ടി .അതിൽ ഒരു വീഡിയോ കോളായിരുന്നു ഉണ്ടായിരുന്നത്. ഫോൺ ബാക്ക് ക്യാമറ വഴി കണ്ട കാഴ്ച്ച അഭിചേച്ചിയും മകളും കിടന്നുറങ്ങുന്ന ദൃശ്യം.”
അരവിന്ദ് കിതയ്ക്കാൻ തുടങ്ങി. അഭിച്ചേച്ചി എന്നത് അരവിയുടെ ചേച്ചിയാണ്, ഏക മകൾ നയനയും ഭർത്താവ് സുധീറുമൊന്നിച്ച് അമേരിക്കയിലാണ്…
അരവി തുടർന്നു.
“വീഡിയോ കോൾ കട്ടായെങ്കിലും എനിക്കെതിർക്കാൻ കഴിഞ്ഞില്ല. പിന്നിലിരിക്കുന്ന പെൺകുട്ടിയുടെ ഫോൺ റിംഗ് ചെയ്തപ്പോൾ അവളത് അറ്റന്റ് ചെയ്തു. അപ്പോൾ അടിവയറിനു താഴെ മറ്റൊരു ലോഹക്കുഴൽ അമർന്നിരുന്നു.
“ഹലോTB സർ….. ”
………
“ഓകെ സർ”
തുടർന്ന് ഫോൺ എന്റെ ചെവിക്കരികിൽ ചേർത്തു
“ഹലോ മിസ്റ്റർ അരവിന്ദ്…. ഞാൻ TB എനിക്ക് നിങ്ങളെക്കൊണ്ട് ചെറിയൊരു പണിയുണ്ട്. അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് നിങ്ങളുടെ സഹോദരിയെയും കുട്ടിയേയും കസ്റ്റഡിയിലെടുത്തത്.”
“നിങ്ങൾക്കെന്താണ് വേണ്ടത് ചേച്ചിയെയും കുഞ്ഞിനേയും എന്തിനാ ?”
മറുവശത്ത് പൊട്ടിച്ചിരി തുടർന്ന്
“നിങ്ങൾ ബുദ്ധിമാനായ കുറുക്കനാണ് അതിനേക്കാൾ ബുദ്ധിമതിയായ വേദയുടെ ഉറ്റ തോഴൻ ,മനസാക്ഷി സൂക്ഷിപ്പുകാരൻ. എന്താ ശരിയല്ലെ……?”
മറുവശത്ത് വീണ്ടും പൊട്ടിച്ചിരി.
