അജ്ഞാതന്‍റെ കത്ത് – 6

പോലീസ് വാഹനത്തിലിരിക്കെ ഒരു സംശയം എന്നിൽ ജനിച്ചു. ഞാൻ ഹോസ്പിറ്റലിലായിരിക്കമ്പോൾ എന്റെ ഫോൺ സ്റ്റുഡിയോയിൽ ആണ്. ആ സമയം എന്നെ ഗായത്രി വിളിച്ചത് അലോഷ്യസിന്റെ നമ്പറിലേക്കാണ്. അ നമ്പർ എങ്ങനെ അവർക്കു കിട്ടി? അലോഷ്യസിനു മാത്രമറിയാവുന്ന ആ നമ്പർ എങ്ങനെ?
സ്റ്റേഷനിൽ എത്തിയപ്പോഴും CI വളരെ മാന്യമായി തന്നെയാണ് പെരുമാറിയത്.

“വേദ ഇരിക്കൂ.”

CI യുടെ മുറിയിലെ ചെയർ ചൂണ്ടി നൈനാൻ കോശി പറഞ്ഞു. ഞാനിരുന്നു.

” ക്ഷമിക്കണം നിങ്ങളും അരവിന്ദും ചേർന്നാണ് ബോഡി മോഷ്ടിച്ചതെന്ന് ദൃക്സാക്ഷിയായ മോർച്ചറി സൂക്ഷിപ്പുകാരന്റെ മൊഴി. അനുസരിച്ചാണ് കസ്റ്റഡിയിൽ എടുത്തത്.നിങ്ങളുടെ കൈവശം മൊബൈ ഫോൺ ഉണ്ടെങ്കിൽ ഇവിടെ വെക്കൂ.”

ഫോൺ മേശ പുറത്ത് വാങ്ങി വെച്ചു.

“സർ എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ അറസ്റ്റ് ചെയ്തത്.സജീവിന്റെ ബോഡി എനിക്കെന്തിന് ?”

ശബ്ദം തെല്ലുയർന്നുവോ എന്റെ?

” മോർച്ചറി സൂക്ഷിപ്പുകാരന്റെ തലയ്ക്കടിച്ചു ബോഡി ആംബുലൻസിൽ കയറാൻ നേരം നിങ്ങൾക്കൊപ്പമുണ്ടായിരുന്ന പുരുഷൻ പറഞ്ഞത് ‘വേദാ പരമേശ്വർ വേഗം വരു’ എന്നാണെന്ന് ബോധം മറയും മുന്നേ അയാൾ കേട്ടെന്ന്. പിന്നെ സംഭവസ്ഥലത്തു നിന്നും അരവിന്ദിന്റെ ഐഡി കാർഡും കിട്ടിയിട്ടുണ്ട്. ഇതൊക്കെ പോരെ തെളിവിന്.മാന്യമായ പെരുമാറ്റം ഇതൊരു മാതൃകാ പോലീസ് സ്റ്റേഷനായതിനാൽ മാത്രമാണ്. “

“ഞാൻ സാറിനെ കുറ്റപ്പെടുത്തുന്നില്ല, നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി ചെയ്തു. ഞാൻ നിരപരാധിയാണെന്ന് കോടതിയിൽ തെളിയിക്കാം.

“സർ എനിക്കൊന്നു അഡ്വക്കേറ്റിനെ ഫോൺ ചെയ്യണം.”

“നിങ്ങൾക്കിവിടുത്തെ ലാന്റ് ഫോൺ ഉപയോഗിക്കാവുന്നതാണ് “

തുടർന്ന് CI ഒരു കോൺസ്റ്റബിളിനെ വിളിച്ച് കാര്യം പറഞ്ഞു.

ഞാൻ അഡ്വക്കേറ്റ് ജയപ്രകാശിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. തെറ്റു ചെയ്യാത്തതിനാലാവാം ഭയം ഒട്ടുമില്ലായിരുന്നു.
ഒരു വനിതാ പോലീസുകാരി വന്നു എന്നെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. മരത്തിന്റെ ഒന്നു രണ്ട് ബെഞ്ചുകൾക്കൊപ്പം ചുവന്നു നരച്ച അഞ്ചാറ് ഫൈബർ കസേരകളും, തലേ ദിവസം നൈറ്റ് പെട്രോളിംഗിനിറങ്ങിയവർ പൊക്കിയ വാടിക്കരിഞ്ഞ മുല്ലപ്പൂ ചൂടി മുറുക്കിച്ചുവപ്പിച്ച രണ്ട് സ്ത്രീകൾ ബെഞ്ചിന്റെ അങ്ങേത്തലയ്ക്കലായിരിക്കുന്നു.

അവയിലൊരാൾ എന്നെ നോക്കി ചിരിച്ചു. അവർക്ക് ചിരപരിചിതമായ സ്ഥലമായതിനാലാവാം അവരുടെ മുഖത്ത് കൂസലില്ലാഴ്മ.
ഞാനവരിരിക്കുന്നതിനടുത്ത് നിന്ന് ഏറ്റവും ദൂരയുള്ള ഇരിപ്പിടത്തിൽ ഇരുന്നു.
പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം. തുടർന്ന് ബൂട്ടുകളുടെ ശബ്ദം. CI യുടെ മുറിയിലേക്കിപ്പോൾ കൊണ്ടുപോയത് അരവിയാണെന്ന് ഒരു വേള ഞാൻ തിരിച്ചറിഞ്ഞു.
എന്തായാലും ജയപ്രകാശ് സാറിനോട് അരവിന്ദിന്റെ കാര്യവും കൂടി പറഞ്ഞത് നന്നായി.
ഞാൻ ടേബിളിൽ തല ചായ്ച്ചു കണ്ണടച്ചു. എനിക്കു പിന്നാലെയുള്ള ആ വ്യക്തി ആരാണെന്നറിയും മുന്നേ എന്നെ സഹായിക്കാനെന്ന പേരിൽ മുമ്പിൽ വന്നവരെ കണ്ടു പിടിക്കണം.
അച്ഛന്റേയും അമ്മയുടേയും കൊലപാതകികളെ കണ്ടെത്തണം. എന്തിനു കൊന്നു?
ശിവാനി തന്ന ഫയലിലെ ഓരോ കേസുകളിലും പരസ്പരം കണക്റ്റ് ചെയ്യുന്ന എന്തോ ഒന്നുണ്ട്. അതിലൂടെ ഒരന്വേഷണം നടത്തിയലേ കാര്യമുള്ളൂ.
അരവി ഒരിക്കലും തെറ്റുകാരനാവില്ല. കാരണം ഓഫീസിൽ എവിടെയെല്ലാം ക്യാമറ ഉണ്ടെന്നത് വ്യക്തമായി അവനറിയാവുന്ന കാര്യമാണ്. അറിഞ്ഞു കൊണ്ട് തല വെക്കാൻ മാത്രം വിഡ്ഡിയല്ല അവൻ.അരവിയുടെ ഐഡി കാർഡ് മറ്റാരോ ഉപയോഗിക്കുകയായിരിക്കാം. ആ ഐഡന്റിറ്റിയിൽ അവൻ മോർച്ചറിയിൽ കയറിച്ചെന്നത് അരവിയിലേക്കും എന്നിലേക്കും കേസ് തിരിച്ചുവിടാൻ മാത്രമാവും. മനഃപൂർവ്വം ആ ഐഡി ഉപേക്ഷിക്കുകയാണ് ചെയ്തിട്ടുണ്ടാവുക. പക്ഷേ ആ കൂട്ടത്തിൽ ഒരു സ്ത്രീയും ഉണ്ട്.അതാരാണ് ശിവാനി ആയിരിക്കുമോ?
ഉച്ചയാവാറായപ്പോൾ എനിക്കും അരവിക്കുമുള്ള ജാമ്യവുമായി ജയപ്രകാശ് വന്നു. എന്റെ മൊബൈൽ തിരിച്ചു തന്നു. ഗായത്രിയ്ക്ക് മെസ്സേജയക്കാൻ നെറ്റ് ഓൺ ചെയ്തു. കുറേ നോട്ടിഫിക്കേഷനിൽ ഒന്നു രണ്ട് മെയിലും കിടക്കുന്നു. ഒന്ന് ഓഫീഷ്യലിയാണ്. മറ്റൊന്ന് അത്ര പരിചയമില്ലാത്ത മെയിൽ ഐഡിയിൽ നിന്നാണ്

“for orthographic research maintenance using logical arrangement “

ഇതായിരുന്നു മെയിൽ.കുറച്ചു നേരം ചിന്തിച്ചു. ചിലപ്പോൾ മാറി വന്നതാവാം.
കൂടുതൽ ഫോർമാലിറ്റീസുകളൊന്നുമില്ലാതെ തന്നെ ഞങ്ങൾ ഇറങ്ങി.ഗേറ്റിനു വെളിയിലെത്തിയപ്പോഴേക്കും പ്രശാന്ത് മറ്റൊരു ടാക്സി ടവേരകാറുമായി കാത്തു നിൽപുണ്ടായിരുന്നു.

കാറിൽ കയറിയതിനു ശേഷമാണ് ഏറ്റവും പിന്നിലെ സീറ്റിലിരിക്കുന്ന അലോഷ്യസിനെ ഞങ്ങൾ കണ്ടത്.

” അരവി ഇന്നലെ രാത്രി എവിടെയായിരുന്നു.?”

മയം ഒട്ടുമില്ലാതെയാണ് അലോഷിയുടെ ചോദ്യം.

” ഞാൻ …. വീട്ടിൽ “

അവന്റെ നുണ പറയൽ എന്നെ അത്ഭുതപ്പെടുത്തി.

” നൈറ്റ് ഡ്യൂട്ടിയെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ താൻ എവിടേക്കാണ് പോയതെന്ന് പറഞ്ഞാൽ മാത്രം മതി.”

അലോഷ്യസ് ഭാവം മാറാതെ പറഞ്ഞു.
“ഇന്നലെ നൈറ്റ് 12.17 am നു നിനക്ക് വന്ന ഇന്റർനാഷണൽ കാൾ ആരുടേതായിരുന്നു? ഒരു മിനിറ്റ് 13 സെക്കന്റ് നീയാ നമ്പറിൽ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം നിന്റെ ഫോൺ സ്വിച്ഡോഫ് ചെയ്യ്തത് എന്തിന്.? 12.20നു വീട്ടിൽ നിന്നിറങ്ങിയ നിന്റെ സക്കൂട്ടി വേദയുടെ വീടിനു സമീപം വെച്ച് കയറി പോയത് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്കിൽ, ആ യാത്ര നീ എവിടേക്കാണ് പോയത്.? 6.42 നു നീ വീട്ടിലെത്തിയതിനു ശേഷം സിറ്റി കമ്മീഷണർ അരുന്ധതീ മേഡത്തിന്റെ ഫോണിലേക്ക് വിളിച്ചത് എന്തിന്?”

അരവിയുടെ തൊണ്ട വരളുന്നതും ഉമിനീരിറക്കാനവൻ പാടുപെടുന്നതും ഞാൻ തിരിച്ചറിഞ്ഞു.

“പറയൂ അരവി. നമ്പർ പ്ലേറ്റില്ലാത്ത ആ ബൈക്കിൽ ആരായിരുന്നു.”

അരവി ഉമിനീരിറക്കി.

” ഞാൻ പറയാം.”

തുടർന്നവൻ എന്നെ നോക്കി.

“നിങ്ങളെന്നെ ഇടപ്പള്ളിയിൽ വിട്ട് പോയതിനു ശേഷം ഞാൻ സ്കൂട്ടിയുമായി പതിയെ പോവുകയായിരുന്നു. ആലിൻ ചുവട്ടിലെ ഓട്ടോസ്റ്റാന്റിൽ നിന്നും ഒരു പെണ്ണ് കാക്കനാടേയ്ക്ക് ലിഫ്റ്റ് ചോദിച്ചു. രാത്രിയേറെ ആയതിനാൽ ലിഫ്റ്റ് കൊടുക്കാതിരിക്കാൻ തോന്നിയില്ല. വാഴക്കാല എത്തിയപ്പോൾ നട്ടെല്ലിന് മീതെ എന്തോ ഇരുമ്പുകുഴൽ തട്ടിയതുപോലെ തോന്നി. തപ്പിനോക്കിയപ്പോൾ ശരിയാണ് ഒരു തോക്കിൻ കുഴൽ.പിന്നീട് അവൾ പറഞ്ഞതനുസരിച്ച് ഞാൻ ഡ്രൈവ് ചെയ്തു.എംജിഒ ക്വാർട്ടേഴ്സിലെത്തിയപ്പോൾ TB സർ എന്നൊരാൾ വരുമെന്നും അതുവരെ വെയ്റ്റ് ചെയ്യണമെന്നും പറഞ്ഞു. ഞാനെതിർത്താൽ ആ നിമിഷം അവൾ നിറയൊഴിക്കുമെന്നറിയാവുന്നതിനാൽ ഞാൻ അടങ്ങിയിരുന്നു.പത്തു മിനിട്ടിനു ശേഷം ഒരു ജാഗ്വാർ വന്നു ആകാശവാണിയുടെ ഗേറ്റിനപ്പുറത്ത് നിർത്തി. ആ പെൺകുട്ടി നോക്കിൻ കുഴൽ അപ്പോഴും എന്റെ നട്ടെല്ലിനടുത്തു നിന്നും മാറ്റിയിരുന്നില്ല. കാറിൽ നിന്നൊരാൾ ഇറങ്ങി വന്നു.അയാളുടെ കൈയിൽ കാളിലുള്ള ഒരു മൊബൈൽ ഉണ്ടായിരുന്നു. അതെനിക്കായി നീട്ടി .അതിൽ ഒരു വീഡിയോ കോളായിരുന്നു ഉണ്ടായിരുന്നത്. ഫോൺ ബാക്ക് ക്യാമറ വഴി കണ്ട കാഴ്ച്ച അഭിചേച്ചിയും മകളും കിടന്നുറങ്ങുന്ന ദൃശ്യം.”

Leave a Reply

Your email address will not be published. Required fields are marked *