അജ്ഞാതന്‍റെ കത്ത് – 6

” അങ്കിൾ അരവിയെവിടെ?”

” നൈറ്റ് കഴിഞ്ഞ് അവനിന്ന് പുലർച്ചെയാ വന്നു കിടന്നത്.നല്ലയുറക്കമാ നീയെവിടെയാ”

” ഞാൻ ഓഫീസിലാ അങ്കിളേ വിളിക്കാം”

ഫോൺ ഡിസ്കണക്ടായി. എവിടെയോ ഒരു കുരുക്കെനിക്കായി മുറുകുന്നുണ്ട്.
അതിൽ അരവിയുടെ കൈകളെയും ഭയപ്പെടേണ്ടിയിരിക്കുന്നു. ദീപയെ ഇന്നലെ രാത്രി ഉപദ്രവിച്ചതാരാ എന്നതറിയണം ഞാൻ ഏഴാമത്തെ ഫയൽ തുറന്നു നോക്കാൻ തന്നെ തീരുമാനിച്ചു.
7) അഡ്വക്കേറ്റ് പരമേശ്വരൻ & അഡ്വ:സാവിത്രി പരമേശ്വരൻ, Dr:യൂനുസ്ഖന്നയുടേയും ആക്സിഡണ്ടെന്നു തെറ്റിദ്ധരിക്കപ്പെട്ട ആസൂത്രിത കൊലപാതകം

എനിക്ക് തല പെരുത്തു തുടങ്ങി. അച്ഛനുമമ്മയും മരണപ്പെടുമ്പോൾ ഫാമിലി ഫ്രണ്ടായ യൂനുസ്ഖന്നയുമുണ്ടായിരുന്നു കാറിൽ.കാർ വെട്ടിപ്പൊളിച്ചവരുടെ ജീവനറ്റ ശരീരം പുറത്തെടുത്തപ്പോൾ കാഴ്ച്ചക്കാർക്കൊപ്പം നാടും കരഞ്ഞിരുന്നു. അതപ്പോൾ ആക്സിഡണ്ടല്ലേ?
അവരുടെ മരണശേഷം യൂനുസ് ഖന്നയുടെ ഭാര്യ ഫാത്തിമയും ഇരട്ടകളായ രണ്ട് പെൺകുട്ടികളും എന്നെപ്പോലെ മാനസികമായി വല്ലാതെ തളർന്നിരുന്നു.
വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം 37മത്തെ വയസിലാണ് ഫാത്തിമ രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയത്. വൈകിയ പ്രെഗ്നൻസി ആയതിനാൽ ഡോക്ടർ കുറേയേറെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അബോർഷന് നിർബന്ധിച്ചിട്ടും ഫാത്തിമ സമ്മതിച്ചിരുന്നില്ല. ആ കാരണങ്ങൾ കൊണ്ടാവാം പെൺകുട്ടികൾക്ക് ബുദ്ധി വൈകല്യവും ഉണ്ടായിരുന്നു.
അലോഷിയെ കാണണം കാര്യങ്ങൾക്കൊരു വ്യക്തത വരുത്തണം ഞാൻ അലോഷിക്കു മെസ്സേജയച്ചു.

” അത്യാവശ്യമായി കാണണം, 9 മണിക്ക് കലൂർ ‘കാപ്പിക്കട’ യിൽ ഉണ്ടാവും.”

“ok .നിന്റെ പോലീസ് പ്രൊട്ടക്ഷൻ ?”

മറു ചോദ്യം വന്നു.

“ഞാനത് ക്യാൻസൽ ചെയ്തിരുന്നു. പ്രൈവസി പ്രോബ്ളം തന്നെ . “

“its OK “

മറുപടി വന്നു.
ഒന്നു കുളിക്കണം. സമയം 7.46am കഴിഞ്ഞിട്ടുണ്ട്. കൈലാസത്തിൽ പോയി കുളിച്ച് വരുമ്പോഴേക്കും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി 9 മണിക്ക് തിരിച്ചെത്തില്ല. തൊട്ടടുത്ത് ചാനൽ വർക്കേഴ്സിനു വാങ്ങിയിട്ട ഒരു ഫ്ലാറ്റ് ഉണ്ട്. 9 താമസക്കാരുള്ള ഒരു 3BHK. ഞാനവിടെ താമസിക്കുന്ന ഒരു ന്യൂസ് റീഡറെ വിളിച്ചു വരുന്നുണ്ടെന്നു പറഞ്ഞു ഞാനിറങ്ങി….
കൃത്യം 9 മണിയായപ്പോൾ അലോഷ്യസ് കാപ്പിക്കടയിൽ ഹാജർ.
തലേ രാത്രിയിലെ കാര്യങ്ങളെല്ലാം അലോഷ്യസിനോട് സംസാരിച്ചിരിച്ചു.
എതിരെയിരിക്കുന്ന ഒരു ചെറുപ്പക്കാരൻ ഇടംകണ്ണാൽ എന്നെയും അലോഷ്യസിനേയും നോക്കുന്നുണ്ടായിരുന്നു.

“വേദ വേറെയൊരു പ്രശ്നമുണ്ട്.”

എന്താണെന്ന അർത്ഥത്തിൽ ഞാൻ അലോഷ്യസിനെ നോക്കി.

“ദേവദാസ് പറഞ്ഞത് കളവാണ്. KTമെഡിക്കൽസ് ഉടമ തൗഹബിൻ പരീതിന്റെ മകളിപ്പോഴും ജീവിച്ചിരിക്കുന്നു.”

എന്റെ മിഴികളിൽ അത്ഭുതം.

” തൽക്കാലം അത് വിശ്വസിക്കാം. സുനിതയുടെ ചേച്ചി തന്ന ബിൽ കണ്ട ദിവസം തന്നെ ഞാൻ KT മെഡിക്കൽസിനെ പറ്റി അന്വേഷിച്ചു. ബാംഗ്ലൂരിൽ ഉള്ള KT മെഡിക്കൽസു തന്നെയാണോ KTഫാർമസ്യൂട്ടിക്കൽ എന്ന പേരിൽ അറിയപ്പെടുന്നതെന്നറിയാനാണ് സെർച്ച് ചെയ്തത്.രണ്ടും തമ്മിൽ കണക്റ്റഡ് അല്ലെങ്കിലും KT മെഡിക്കൽസ് ഉടമയായ തൗഹബിൻ പരീതിനെ ഞാനന്നേ തന്നെ നോക്കി വെച്ചിരുന്നു. പിന്നീട് ഞാൻ തൗഹയുടെ FB പ്രൊഫൈലിൽ നിന്നും ഫാമിലി മെംബേഴ്സിനെ ചൂണ്ടി അങ്ങനെയാണ് മകൾ മുംതാസിന്റെ പ്രൊഫൈൽ കിട്ടിയത്.. ഇത്തരം കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന ഒരു ഫേക്ക് പ്രൊഫൈൽ വഴി കാര്യങ്ങൾ നിരീക്ഷിച്ചു.ഇന്നലെ രാത്രി രണ്ടു മണിക്ക് മുംതാസ് ഓൺലൈനിൽ ഉണ്ടായിരുന്നു. ഞാൻ ബ്രൗസർ ലോഗിൻ ചെയ്ത ലൊക്കേഷൻ ട്രെയ്സ് ചെയ്തെടുത്തപ്പോൾ തിരുപനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്താണ് കാണിക്കുന്നത്. കറക്റ്റ് ലൊക്കേഷൻ പറഞ്ഞാൽ തൗഹബിൻ പരീതിന്റെ വീട് “

“ദേവദാസ് നുണ പറഞ്ഞതാവുമോ?”

എന്റെ സംശയം
” അറിയില്ല.’ഫീലിംഗ് ഹാപ്പി വിത് മൈ ഉപ്പച്ചീ’ എന്നും പറഞ്ഞാണ് പുതിയ സെൽഫി ഇന്നലെ രാത്രി ഇട്ടത്.തുടർന്ന് കുറച്ച് മെഡിക്കൽ ഡൗട്ട്സെന്ന രീതിയിൽ ഞങ്ങൾ കുറച്ചു നേരം ചാറ്റ് ചെയ്യുകയും ചെയ്തു.”

” മെഡിക്കൽ ഡൗട്ട്സ് ? മുംതാസ് ഡോക്ടറാണോ?”

“യെസ്….. “

“ഏത് ഹോസ്പിറ്റലിൽ?”

” അൽ മിത്ര സൂപ്പർസ്പെഷാലിറ്റി ഹോസ്പിറ്റൽ ബാംഗ്ലൂർ.ഞാൻ ചോദിച്ചപ്പോൾ സ്റ്റേറ്റ്സിലേക്ക് പോകാനുള്ള തിരക്കായതിനാൽ ജോലി റിസൈൻ ചെയ്തതെന്നു പറഞ്ഞു. ഞാനതും അന്വേഷിച്ചു.ഒരു മാസം മുന്നേ മുംതാസ് അൽ മിത്രയിലെ ജോലി റിസൈൻ ചെയ്തിരുന്നു.”

സംസാര മദ്ധ്യേ പോലീസ് യൂണിഫോമിട്ട രണ്ട് വനിതാ കോൺസ്റ്റബിളിനൊപ്പം CI റാങ്കിലുള്ള ഒരുദ്ധ്യോഗസ്ഥൻ കയറി വന്നു. അയാൾ എനിക്കു മുമ്പിൽ ടേബിളിൽ കൈ കുത്തി നിന്നു ചോദിച്ചു.

” വിഷൻ മീഡിയ വേദപരമേശ്വർ?”

“യെസ് “

” ഞാൻ ആലുവസ്റ്റേഷൻ സിഐ നൈനാൻ കോശിയാണ് നിങ്ങളുടനെ എനിക്കൊപ്പം സ്റ്റേഷൻ വരെ ഒന്നു വരണം.”

“സർ എന്താണ് കാര്യം”

ചോദിച്ചത് അലോഷ്യസാണ്

“നിങ്ങൾ?”

CI അലോഷ്യസിനു നേരെ തിരിഞ്ഞു.

“ഞാൻ അലോഷ്യസ് കൊച്ചി മഹേന്ദ്രയിൽ സെയിൽസ് മാനേജരായി വർക്ക് ചെയ്യുന്നു.കൂടാതെ വേദയുടെ സിയാൻസി കൂടിയാണ്.”

തുടർന്ന് ഒരു ഐഡി കാർഡ് സിഐയെ കാണിച്ചു.

” ഒകെ മിസ്റ്റർ അലോഷ്യസ്,ഇന്ന് പുലർച്ചെ മോർച്ചറിയിൽ നിന്നും കഴിഞ്ഞ ദിവസം ആത്മാഹത്യ ചെയ്ത സജീവിന്റെ മൃതദേഹം മോഷണം പോയിരിക്കുന്നു. അത് കൊണ്ടുപോയത് വേദ പരമേശ്വർ ആണെന്ന് മോർച്ചറി സൂക്ഷിപ്പുകാരൻ അബു പറഞ്ഞു. അയാളിപ്പോൾ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ് ..”

“ഞാൻ…..”

എന്റെ തൊണ്ട വരണ്ടു ശബ്ദത്തിനായി ഞാൻ ശ്രമിച്ചു.

” മേഡം സഹകരിക്കണം”

രണ്ട് വനിതാ കോൺസ്റ്റബിൾമാർ എന്റെ ഇടവും വലവും നിലയുറപ്പിച്ചു.

” ഒക്കെ ഞാൻ വരാം “

എന്തോ അങ്ങനെ പറയാനാണ് തോന്നിയത്.കാരണം ഞാനപ്പോൾ അവിടെ നിന്ന് തർക്കിച്ചിട്ട് കാര്യമില്ല. ഇന്നലെ രാത്രി മുതൽ ഞാൻ എവിടെയാണെന്ന് പറയേണ്ടി വന്നാൽ പലതും തുറന്നു പറയേണ്ടി വരും.

“സർ ഒരു നിമിഷം “

നൈനാൻ കോശിയുടെ അനുമതിയോടെ എന്റെ ബാഗ് ഞാൻ അലോഷിയെ ഏൽപിച്ചതിനു ശേഷം രഹസ്യമായി പറഞ്ഞു.

“സർ തന്ന ഫോൺ ഈ ബേഗിലുണ്ട്. അത് സ്റ്റേഷനിൽ എത്താതിരിക്കാനാണ് ഞാനിത് തരുന്നത്.ഇവിടെ തൽക്കാലം കീഴടങ്ങാം. പിന്നെ സീക്രട്ടുകൾ ഒന്നും അരവിയോട് ഷെയർ ചെയ്യരുത് കാരണം അരവി ഇന്നലെ നൈറ്റാണെന്നും പറഞ്ഞ് വീട്ടിൽ ഇല്ലായിരുന്നു. എന്തോ ചെറിയ പ്രശ്നമുണ്ട്.”

അലോഷ്യസ് ഒന്നും പറഞ്ഞില്ല. തിരികെ വന്നു നൈനാൻ കോശിയോട് പറഞ്ഞു
“എനിക്കെന്റെ അഡ്വക്കേറ്റിനോട് സംസാരിക്കണം, “

“അതെല്ലാം സ്റ്റേഷനിൽ എത്തിയിട്ട്. നടക്ക് “

അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ നടന്നു. എതിരെ ഇരിക്കുന്ന ചെറുപ്പക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടു.അതെന്നെ പോലെ അലോഷിയും കണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *