അജ്ഞാതന്‍റെ കത്ത് – 6

അരവിന്ദ് കിതയ്ക്കാൻ തുടങ്ങി. അഭിച്ചേച്ചി എന്നത് അരവിയുടെ ചേച്ചിയാണ്, ഏക മകൾ നയനയും ഭർത്താവ് സുധീറുമൊന്നിച്ച് അമേരിക്കയിലാണ്…
അരവി തുടർന്നു.

“വീഡിയോ കോൾ കട്ടായെങ്കിലും എനിക്കെതിർക്കാൻ കഴിഞ്ഞില്ല. പിന്നിലിരിക്കുന്ന പെൺകുട്ടിയുടെ ഫോൺ റിംഗ് ചെയ്തപ്പോൾ അവളത് അറ്റന്റ് ചെയ്തു. അപ്പോൾ അടിവയറിനു താഴെ മറ്റൊരു ലോഹക്കുഴൽ അമർന്നിരുന്നു.

“ഹലോTB സർ….. ”
………

“ഓകെ സർ”

തുടർന്ന് ഫോൺ എന്റെ ചെവിക്കരികിൽ ചേർത്തു
“ഹലോ മിസ്റ്റർ അരവിന്ദ്…. ഞാൻ TB എനിക്ക് നിങ്ങളെക്കൊണ്ട് ചെറിയൊരു പണിയുണ്ട്. അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് നിങ്ങളുടെ സഹോദരിയെയും കുട്ടിയേയും കസ്റ്റഡിയിലെടുത്തത്.”

“നിങ്ങൾക്കെന്താണ് വേണ്ടത് ചേച്ചിയെയും കുഞ്ഞിനേയും എന്തിനാ ?”

മറുവശത്ത് പൊട്ടിച്ചിരി തുടർന്ന്

“നിങ്ങൾ ബുദ്ധിമാനായ കുറുക്കനാണ് അതിനേക്കാൾ ബുദ്ധിമതിയായ വേദയുടെ ഉറ്റ തോഴൻ ,മനസാക്ഷി സൂക്ഷിപ്പുകാരൻ. എന്താ ശരിയല്ലെ……?”

മറുവശത്ത് വീണ്ടും പൊട്ടിച്ചിരി.

“നിങ്ങൾക്കെന്താണ് വേണ്ടത്? അവരെ ഉപദ്രവിക്കരുത്.”

” ഇല്ല ഉപദ്രവിക്കില്ല. ഞാൻ പറയുന്നത് അനുസരിച്ച് നീ നിന്നാൽ മാത്രം മതി. നീ വീട്ടിൽ പോയി സുഖമായുറങ്ങുക. നിനക്കുള്ള നിർദ്ദേശങ്ങൾ താനേ വരും. പിന്നൊരു കാര്യം ഞാനീ പറഞ്ഞ കാര്യങ്ങൾ നീയല്ലാതെ മറ്റൊരാൾ അറിഞ്ഞാൽ സഹോദരിയേയും കുഞ്ഞിനേയും സഹോദരീ ഭർത്താവിനേയും മറന്നേക്കു.അന്ത്യകർമ്മങ്ങൾക്ക് വേണ്ടി പോലും ഒരസ്ഥിപോലും ബാക്കി വെച്ചേക്കില്ല ഞാൻ.”

ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും . ഫോൺ കട്ടായിരുന്നു.

“പോലീസിൽ അറിയിക്കാൻ ശ്രമിച്ചാൽ അത് നിങ്ങൾക്കും അപകടം വരുത്തുകയേ ഉള്ളൂ.”

പിന്നിലിരുന്ന പെൺകുട്ടി പറഞ്ഞു കൊണ്ടിറങ്ങിജാഗ്വാർ ലക്ഷ്യം വെച്ചു നടന്നു കൂടെ ചേച്ചിയുടെ ലൈവ് വീഡിയോ കാണിച്ച തടിയനും .രണ്ടു പേരും കാറിൽ കയറി.കാർ അകന്നുപോയി. “

“കാറിന്റെ നമ്പർ നോട്ട് ചെയ്തിരുന്നോ? “

ആകാംക്ഷ ഞാൻ മറച്ചു വെച്ചില്ല.

” ഉം “

“അരവി കണ്ടിന്യൂ…. “

അലോഷിയുടെ ശബ്ദം.

” വീട്ടിലെത്തിയിട്ടും എനിക്കുറക്കം വന്നില്ല. ഞാൻ ചേച്ചിയേയും അളിയനേയും കോൺഡാക്ട് ചെയ്യാൻ ശ്രമിച്ചു. ലൈൻ കിട്ടുന്നുണ്ടായില്ല.12.17 നു എന്റെ ഫോൺ ശബ്ദിച്ചു. ഒരു നെറ്റ് കോളായിരുന്നു അത്.

“ഹലോ…. “

“ഹലോ, അരവിന്ദ് ഉടൻ ഇറങ്ങുക, വേദയുടെ വീടിനു മുമ്പിൽ എന്റെയാളുണ്ടാവും അവർക്കൊപ്പം വരിക.”

“എവിടേക്ക്? എന്റെ ചേച്ചി എവിടെ?”

” അവരിപ്പോഴും സുരക്ഷിതരാണ്. പറഞ്ഞത് അനുസരിക്കുക.റിട്ടേയ്ഡ് അച്ചുതൻ നായരെ വെച്ചൊരു കളിക്കില്ല രണ്ട് അറ്റാക്ക് കഴിഞ്ഞതല്ലേ? പിന്നെ ഫോൺ സ്വിച്ച്ഡോഫാക്കാൻ മറക്കണ്ട.”

ഭീഷണിയുടെ സ്വരം. ഇത് നേരത്തെ വിളിച്ച TB അല്ല എന്നുറപ്പാണ്.

ഞാൻ ഇറങ്ങി, ഇറങ്ങും മുൻപേ ഫോൺ ഓഫാക്കി പോക്കറ്റിലിട്ടു. പറഞ്ഞതുപോലെ സ്ക്കൂട്ടിവെച്ച് ഞാൻ തിരിഞ്ഞപ്പോഴേക്കും ഒരു ബൈക്ക് അടുത്തുവന്ന് സ്ലോ ആക്കി.നോക്കിയപ്പോൾ അതിനു നമ്പറില്ലായിരുന്നു. എന്നെയും കയറ്റി ബൈക്ക് മുന്നോട്ട് പോയി.

“എവിടേക്കാണ്?”

എന്ന എന്റെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ എന്നെ കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപറേറ്റീവ് ഹോസ്പിറ്റലിലെ ഗേറ്റിനരികിൽ നിർത്തി.
” എവിടെയും പോവരുത്. ഇവിടെ തന്നെ നിൽക്കണം മേഡം ഇപ്പോൾ വരും “

ബൈക്കിൽ വന്നവൻ അകത്ത് പോയി. എനിക്കപ്പോൾ ഒരു കാര്യം മനസിലായി. അന്ന് നിന്നെ ഉപദ്രവിച്ചവനും ഇന്നലെ ബൈക്കിൽ വന്നവനും ശബ്ദം കൊണ്ട് ഒരാളാവണം കാരണം, അതൊരു പെണ്ണിന്റെ സ്വരമായിരുന്നു.”

” പ്രശാന്ത് വണ്ടിയൊന്നൊതുക്കൂ….. “

അലോഷ്യസിന്റെ നിർദ്ദേശ പ്രകാരം പ്രശാന്ത്
വണ്ടിയൊതുക്കി, അലോഷ്യസ് പുറത്തിറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി. വായുവിലേക്ക് പുതയൂതിക്കൊണ്ടിരുന്നു.അത് തീർന്നപ്പോൾ വീണ്ടും കയറി യാത്ര തുടർന്നു.

“എന്നിട്ട് …..?”

അലോഷ്യസ് ചോദിച്ചു.

” കുറേ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല. ഞാൻ ഫോൺ ഓണാക്കിയപ്പോൾ സജീവിന്റെ ഫോണിൽ നിന്നും ഒരു മെസ്സേജ് വന്നിരുന്നു.അപ്പോഴേക്കും ഒരു കാർ അടുത്തുവന്നു നിർത്തി.
പിൻസീറ്റിലെ ഗ്ലാസ് താഴ്ത്തി സീറ്റിലിരുന്ന സ്ത്രീ കയറാൻ പറഞ്ഞു.

” അരവിന്ദ് കയറു ലേറ്റായി. “

തുടർന്ന് മുൻ സീറ്റിലിരുന്നൊരാൾ ഡോർ തുറന്നു ആശുപത്രിഗേറ്റിനകത്തേക്ക് പോയി.
കാറിൽ കയറിയപ്പോഴേക്കും ഒരു മയക്കം എന്നെ ബാധിച്ചിരുന്നു. അപ്പോഴാണ് വേദയുടെ കോൾ വന്നത് ഹിൽവ്യൂയിലാണെന്നും പറഞ്ഞ്.പിന്നീടെന്താ ഉണ്ടായതെന്ന് എനിക്കറിയില്ല. കണ്ണു തുറക്കുമ്പോൾ ഞാൻ കടവന്ത്ര ഹോസ്പിറ്റലിലെ പുറത്തെ ചെയറിൽ ഇരിക്കുകയാണ് സമയം ആറു മണിയോടടുത്തിരുന്നു. പിന്നീട് ഒരു ഓട്ടോ പിടിച്ച് വേദയുടെ വീടിനു മുമ്പിൽ ഇറങ്ങി സ്ക്കൂട്ടിയുമെടുത്തു വീട്ടിൽ പോയുറങ്ങി. പിന്നീട് സജീവിന്റെ ബോഡി മിസ്സിംഗ് കേസുമായി എന്നെ പോലീസ് അറസ്റ്റ് ചെയ്തു. സത്യത്തിൽ ഇതാണ് സംഭവിച്ചത്.”

” നീയിന്നലെ സജീവിന്റെ ബോഡി കാണാൻ എന്തിനാണ് പോയത് അരവിന്ദ് ?”

” ഞാൻ പോയില്ല”

“നീ പോയി.പോവുക മാത്രമല്ല അവിടെയുള്ള ഒരു മെയിൽ സ്റ്റാഫിനോട് മോർച്ചറി എവിടെയാണെന്നു തിരക്കുകയും ചെയ്തു. “

” ഇല്ലസർ ഞാൻ പോയിട്ടില്ല”

” ഉം…. നിന്റെ ഐഡി കാർഡ് പിന്നെങ്ങനെ അവിടെത്തി .?”

“എനിക്കറിയില്ല.”

“ഉം. എങ്കിൽ നിന്നെയിതിൽ കരുവാക്കിയതാവും. നീ കമ്മീഷ്ണർ അരുന്ധതിയെ വിളിച്ചത് എന്തിനാണ്?”

“അവർ അഭിചേച്ചിയുടെ സിസ്റ്റർ ഇൻ ലോ ആണ്. കാര്യങ്ങൾ എല്ലാം പറയാനാണ് വിളിച്ചത് പക്ഷേ അവർ കോൾ അറ്റന്റ് ചെയ്തില്ല.”

“സജീവിന്റെ ഫോണിൽ വന്ന മെസ്സേജ് എന്താണ്?”

“ഞാനപ്പോൾ തന്നെ കളഞ്ഞു. മറ്റാരും കാണാതിരിക്കാൻ ”
എനിക്കെന്തോ വിശ്വാസം വന്നില്ല.

” എന്താണെന്ന് ഓർമ്മയില്ലേ?”

അലോഷിയുടെ ചോദ്യം
“for orthographic research maintenance using logical arrangement706/13 .ഇതാണ് മെസ്സേജ് “

അരവി പറഞ്ഞു. എന്റെ കണ്ണുകൾ ഒന്നു കുറുകി ഇതല്ലേ എനിക്ക് മെയിൽ വന്നത്.

എന്റെ ഫോൺ ശബ്ദിച്ചു. ജോണ്ടിയായിരുന്നു.

” ചേച്ചീ ഒന്ന് പെട്ടന്ന് പെരുമ്പാവൂരിൽ വരണം “

“ജോണ്ടീ…. എന്താ കാര്യം?”

“എനിക്കത്യാവശ്യമായി കാണണം അരവിയേട്ടൻ അറിയരുത് ഈ വരവ്. ചേച്ചി മറ്റാരോടും പറയാതെ വേണം വരാൻ.നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ശത്രു നമുക്കൊപ്പമുണ്ട്. “

എന്റെ തൊട്ടടുത്തിരിക്കുന്ന അരവിയേയും പിൻസീറ്റിലെ അലോഷിയേയും ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിക്കുന്ന പ്രശാന്തിനേയും ഞാൻ മാറി മാറി നോക്കി.
എന്നിട്ട് ജോണ്ടിയ്ക്ക് മെസ്സേജയച്ച ശേഷം ഞാനത് ഡിലീറ്റ് ചെയ്തു”

എനിക്കെന്തോ ഭയം തോന്നിത്തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *