“നിങ്ങൾക്കെന്താണ് വേണ്ടത്? അവരെ ഉപദ്രവിക്കരുത്.”
” ഇല്ല ഉപദ്രവിക്കില്ല. ഞാൻ പറയുന്നത് അനുസരിച്ച് നീ നിന്നാൽ മാത്രം മതി. നീ വീട്ടിൽ പോയി സുഖമായുറങ്ങുക. നിനക്കുള്ള നിർദ്ദേശങ്ങൾ താനേ വരും. പിന്നൊരു കാര്യം ഞാനീ പറഞ്ഞ കാര്യങ്ങൾ നീയല്ലാതെ മറ്റൊരാൾ അറിഞ്ഞാൽ സഹോദരിയേയും കുഞ്ഞിനേയും സഹോദരീ ഭർത്താവിനേയും മറന്നേക്കു.അന്ത്യകർമ്മങ്ങൾക്ക് വേണ്ടി പോലും ഒരസ്ഥിപോലും ബാക്കി വെച്ചേക്കില്ല ഞാൻ.”
ഞാനെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും . ഫോൺ കട്ടായിരുന്നു.
“പോലീസിൽ അറിയിക്കാൻ ശ്രമിച്ചാൽ അത് നിങ്ങൾക്കും അപകടം വരുത്തുകയേ ഉള്ളൂ.”
പിന്നിലിരുന്ന പെൺകുട്ടി പറഞ്ഞു കൊണ്ടിറങ്ങിജാഗ്വാർ ലക്ഷ്യം വെച്ചു നടന്നു കൂടെ ചേച്ചിയുടെ ലൈവ് വീഡിയോ കാണിച്ച തടിയനും .രണ്ടു പേരും കാറിൽ കയറി.കാർ അകന്നുപോയി. “
“കാറിന്റെ നമ്പർ നോട്ട് ചെയ്തിരുന്നോ? “
ആകാംക്ഷ ഞാൻ മറച്ചു വെച്ചില്ല.
” ഉം “
“അരവി കണ്ടിന്യൂ…. “
അലോഷിയുടെ ശബ്ദം.
” വീട്ടിലെത്തിയിട്ടും എനിക്കുറക്കം വന്നില്ല. ഞാൻ ചേച്ചിയേയും അളിയനേയും കോൺഡാക്ട് ചെയ്യാൻ ശ്രമിച്ചു. ലൈൻ കിട്ടുന്നുണ്ടായില്ല.12.17 നു എന്റെ ഫോൺ ശബ്ദിച്ചു. ഒരു നെറ്റ് കോളായിരുന്നു അത്.
“ഹലോ…. “
“ഹലോ, അരവിന്ദ് ഉടൻ ഇറങ്ങുക, വേദയുടെ വീടിനു മുമ്പിൽ എന്റെയാളുണ്ടാവും അവർക്കൊപ്പം വരിക.”
“എവിടേക്ക്? എന്റെ ചേച്ചി എവിടെ?”
” അവരിപ്പോഴും സുരക്ഷിതരാണ്. പറഞ്ഞത് അനുസരിക്കുക.റിട്ടേയ്ഡ് അച്ചുതൻ നായരെ വെച്ചൊരു കളിക്കില്ല രണ്ട് അറ്റാക്ക് കഴിഞ്ഞതല്ലേ? പിന്നെ ഫോൺ സ്വിച്ച്ഡോഫാക്കാൻ മറക്കണ്ട.”
ഭീഷണിയുടെ സ്വരം. ഇത് നേരത്തെ വിളിച്ച TB അല്ല എന്നുറപ്പാണ്.
ഞാൻ ഇറങ്ങി, ഇറങ്ങും മുൻപേ ഫോൺ ഓഫാക്കി പോക്കറ്റിലിട്ടു. പറഞ്ഞതുപോലെ സ്ക്കൂട്ടിവെച്ച് ഞാൻ തിരിഞ്ഞപ്പോഴേക്കും ഒരു ബൈക്ക് അടുത്തുവന്ന് സ്ലോ ആക്കി.നോക്കിയപ്പോൾ അതിനു നമ്പറില്ലായിരുന്നു. എന്നെയും കയറ്റി ബൈക്ക് മുന്നോട്ട് പോയി.
“എവിടേക്കാണ്?”
എന്ന എന്റെ ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ എന്നെ കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപറേറ്റീവ് ഹോസ്പിറ്റലിലെ ഗേറ്റിനരികിൽ നിർത്തി.
” എവിടെയും പോവരുത്. ഇവിടെ തന്നെ നിൽക്കണം മേഡം ഇപ്പോൾ വരും “
ബൈക്കിൽ വന്നവൻ അകത്ത് പോയി. എനിക്കപ്പോൾ ഒരു കാര്യം മനസിലായി. അന്ന് നിന്നെ ഉപദ്രവിച്ചവനും ഇന്നലെ ബൈക്കിൽ വന്നവനും ശബ്ദം കൊണ്ട് ഒരാളാവണം കാരണം, അതൊരു പെണ്ണിന്റെ സ്വരമായിരുന്നു.”
” പ്രശാന്ത് വണ്ടിയൊന്നൊതുക്കൂ….. “
അലോഷ്യസിന്റെ നിർദ്ദേശ പ്രകാരം പ്രശാന്ത്
വണ്ടിയൊതുക്കി, അലോഷ്യസ് പുറത്തിറങ്ങി ഒരു സിഗരറ്റിനു തീ കൊളുത്തി. വായുവിലേക്ക് പുതയൂതിക്കൊണ്ടിരുന്നു.അത് തീർന്നപ്പോൾ വീണ്ടും കയറി യാത്ര തുടർന്നു.
“എന്നിട്ട് …..?”
അലോഷ്യസ് ചോദിച്ചു.
” കുറേ നേരം കാത്തിരുന്നിട്ടും ആരും വന്നില്ല. ഞാൻ ഫോൺ ഓണാക്കിയപ്പോൾ സജീവിന്റെ ഫോണിൽ നിന്നും ഒരു മെസ്സേജ് വന്നിരുന്നു.അപ്പോഴേക്കും ഒരു കാർ അടുത്തുവന്നു നിർത്തി.
പിൻസീറ്റിലെ ഗ്ലാസ് താഴ്ത്തി സീറ്റിലിരുന്ന സ്ത്രീ കയറാൻ പറഞ്ഞു.
” അരവിന്ദ് കയറു ലേറ്റായി. “
തുടർന്ന് മുൻ സീറ്റിലിരുന്നൊരാൾ ഡോർ തുറന്നു ആശുപത്രിഗേറ്റിനകത്തേക്ക് പോയി.
കാറിൽ കയറിയപ്പോഴേക്കും ഒരു മയക്കം എന്നെ ബാധിച്ചിരുന്നു. അപ്പോഴാണ് വേദയുടെ കോൾ വന്നത് ഹിൽവ്യൂയിലാണെന്നും പറഞ്ഞ്.പിന്നീടെന്താ ഉണ്ടായതെന്ന് എനിക്കറിയില്ല. കണ്ണു തുറക്കുമ്പോൾ ഞാൻ കടവന്ത്ര ഹോസ്പിറ്റലിലെ പുറത്തെ ചെയറിൽ ഇരിക്കുകയാണ് സമയം ആറു മണിയോടടുത്തിരുന്നു. പിന്നീട് ഒരു ഓട്ടോ പിടിച്ച് വേദയുടെ വീടിനു മുമ്പിൽ ഇറങ്ങി സ്ക്കൂട്ടിയുമെടുത്തു വീട്ടിൽ പോയുറങ്ങി. പിന്നീട് സജീവിന്റെ ബോഡി മിസ്സിംഗ് കേസുമായി എന്നെ പോലീസ് അറസ്റ്റ് ചെയ്തു. സത്യത്തിൽ ഇതാണ് സംഭവിച്ചത്.”
” നീയിന്നലെ സജീവിന്റെ ബോഡി കാണാൻ എന്തിനാണ് പോയത് അരവിന്ദ് ?”
