അജ്ഞാതന്‍റെ കത്ത് – 6

“ഹലോ “

ഉറക്കച്ചവടിൽ അവന്റെ ശബ്ദം

“നീയെവിടെ ഞാൻ ഹിൽവ്യൂയുടെ പുതിയതായി പണിയുന്ന ബിൽഡിംഗിനു മുമ്പിലുണ്ട്.”

” ഞാൻ വീട്ടിൽ… നീയെന്തിനാ അവിടെ പോയത്.?”

” നീയല്ലേ വിളിച്ചു ഇവിടെ വരാൻ പറഞ്ഞത്?”

“ഞാനോ? നിനക്കെന്താ വേദാ വട്ടായോ?”

അവന്റെ സ്വരം തീരും മുന്നേ ഇരുളിൽ രണ്ട് കണ്ണുകൾ തെളിഞ്ഞു. അതൊരു കാറിന്റെ ഹെഡ് ലൈയാറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ അമലിന്റെ ചെവിയിൽ പറഞ്ഞു.

” അമൽ വണ്ടി തിരിച്ചോ. എവിടെയോ ഒരു ചതിവ് പറ്റി. “

അമൽ വണ്ടിയെടുക്കുമ്പോഴേക്കും കാർ തൊട്ടടുത്തെത്തിയിരുന്നു. ബൈക്കിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു അതിൽ നിന്നും കറുത്ത സാരിയിൽ ചുവന്ന ബോഡറുള്ള സാരിയുടുത്ത ഒരു സ്ത്രീ ഇറങ്ങി വരുന്നത്. നെറ്റിയിൽ വലിയ ചുവന്ന പൊട്ട്, കൺമഷി നിറച്ചെഴുതിയ കൺകളിൽ കാന്ത രശ്മി ഒളിച്ചിരുന്നു. കാഴ്ചയിൽ ആറടി ഉയരമുള്ള ആ സ്ത്രീയെ മുമ്പെവിടെയും കണ്ടതായി ഓർക്കുന്നില്ല. ഒരിക്കൽ കണ്ടാൽ മറക്കാൻ കഴിയാത്ത മുഖം. ഒരു മാതിരി സർപ്പ സൗന്ദര്യം തന്നെ.

“വേദാ പരമേശ്വർ !”
ചില്ലുടയുന്ന ശബ്ദം പോലെ.

“ഞാൻ ശിവാനി ഋഷികേഷ്, അങ്കമാലിയിൽ ഷാക്യൂൺ ഫാൻസി നടത്തുന്നു.നിന്നെ ഇവിടെ വിളിച്ചു വരുത്തിയത് ഞാനാണ്. കുറച്ചു ഡോക്യുമെൻസ് നിനക്ക് എത്തിക്കണമെന്ന് തോന്നി.”

ഞാനെന്തെങ്കിലും പറയുന്നതിനു മുമ്പേ അവർ കാറിൽ നിന്നും ഒരു മഞ്ഞ ഫയൽ എടുത്തു .
” ഇതിൽ സീനയുടെ കൊലപാതകത്തിലേക്കുള്ള ചില സൂചനകളുണ്ട്. നീയീകേസിലേക്കെത്തിയ കാര്യം ഞാനിന്നാണ് അറിഞ്ഞത്. പകൽ നിന്നെ കുറിച്ചൊരു ന്യൂസ് വന്നിരുന്നു. നിനക്കെതിരെയുള്ള ആക്രമണം നടത്തിയത് കുര്യച്ചന്റെ ആളുകളാണെന്ന്.
എന്തായാലും സൂക്ഷിക്കുക. ഇന്ന് മരിച്ച പെൺകുട്ടിയെ തിരക്കി പോവാതിരിക്കുക.കാരണം അത് നിങ്ങൾക്കുള്ള ഇരയാണ്. അവരിലേക്ക് നിങ്ങളെ എത്തിക്കാൻ വേണ്ടി മാത്രം.
പിന്നെ ഞാനാരാണെന്ന് തിരക്കി വരരുത്. എന്റെ ഈ മുഖം പോലും
ഈ നിമിഷം മറക്കണം .ഒന്നോർക്കുക. ശത്രു വല്ല ഒരിക്കലും എന്നു വെച്ച് മിത്രമാണെന്നും കരുതരുത്.”

കൂർത്ത ചില്ലുകൾ തുളഞ്ഞിറങ്ങുന്നതു പോലെയുള്ള വാക്കുകൾ. ഞാൻ എന്തെങ്കിലും പറയും മുന്നേ അവർ തിരിഞ്ഞു നടന്നിരുന്നു.അഴിച്ചിട്ട കേശഭാരത്തിൽ പിൻഭാഗം മുഴുവൻ മറഞ്ഞിരുന്നു. കാർ ഞങ്ങളെ കടന്ന് മുന്നോട്ട് പോയെങ്കിലും ഞാൻ ശരിക്കും സ്തംഭിച്ചിരിക്കുകയായിരുന്നു. എന്റെ കണ്ണുകൾ നമ്പർ പ്ലേറ്റിലുടക്കി. ഞെട്ടിയതാണോ ഭയന്നതാണോ?
ആ നമ്പർ എന്റെ കാറിന്റെ നമ്പറായിരുന്നു.

” ചേച്ചീ….. “

അമലിന്റെ ശബ്ദം എന്നെ ബോധമണ്ഡലത്തിലെത്തിച്ചു.

” അമൽ തിരിച്ചു പോകാം”
ഞാനവന്റെ തോളിൽ തട്ടി. അവൻ തിരിക്കും മുന്നേ ഫോൺ റിംഗ് ചെയ്തു.അരവിന്ദാണ്. ഞാൻ കോൾ അറ്റന്റ് ചെയ്തു.

“വേദാ…. “

അവന്റെ ശബ്ദം കാതിൽ

” അരവീ കുഴപ്പമൊന്നുമില്ല. ഞങ്ങൾ തിരിച്ചു സ്റ്റുഡിയോയിലേക്ക് പോവുകയാ. ബാക്കി രാവിലെ പറയാം”

ഫോൺ കട്ട് ചെയ്തു.ഈ ഫയലിൽ എന്താവും?
എത്രയും വേഗം അതിനകത്തെന്താണെന്നറിയണം മനസിലെ ക്ഷമകെട്ടു തുടങ്ങിയിരിക്കുന്നു.
ഓഫീസ് റൂമിലെത്തി ഞാൻ ഫയലുകൾ തുറന്നു.ഓരോ ഫയലുകളും നമ്പറടിസ്ഥാനത്തിൽ വേർതിരിച്ചിരുന്നു. മൊത്തം 13 ഫയലുകൾ.
1) ആദ്യ ഫയലിൽ ഇങ്ങനെ എഴുതിയിരുന്നു.
ശബ്ദമില്ലാത്ത മരണമാണ്. അളവുകൾ പ്രധാനം. സ്ലോ പോയ്സൺ മരണം വൈകിക്കുന്നു.
പിന്നെ കുറേ രാസനാമങ്ങളും അപരിചിതമായ മറ്റേതോ ഭാഷയിൽ എഴുതിച്ചേർത്ത കുറേയേറെ കാര്യങ്ങൾ.
രണ്ടാമത്തെതു് വായിച്ചു.
ക്രിഷ്ണപ്രിയ വസുദേവിന്റെ തിരോധാനത്തെക്കുറിച്ച് മാതൃഭൂമി സപ്ലിമെന്റിൽ വന്ന വൺ പേജ് ഫീച്ചർ ഈ കേസ് നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഞാനന്ന് ജേർണലിസം പഠിക്കുകയായിരുന്നു.
നഴ്സിംഗ് വിദ്യാർത്ഥിയായ കൃഷ്ണപ്രിയ വസുദേവ് ക്ലാസ് മുറിയിൽ തലകറങ്ങി വീഴുകയും ഒരാഴ്ച കഴിഞ്ഞിട്ടും എത്ര ശ്രമിച്ചിട്ടും ബോധം തിരിച്ചു വന്നില്ലാ എന്ന് മാത്രമല്ല ബോധക്ഷയത്തിനു കാരണം എന്താണെന്ന് തെളിയിക്കാൻ വൈദ്യശാസ്ത്രത്തിന് പോലും കഴിഞ്ഞിരുന്നില്ല. ബോധം പോയതിന്റെ ഏഴാം നാൾ മുതൽ കൃഷ്ണയെ .ഐസിയുവിൽ നിന്നും കാണാതായി. അന്ന് ആശുപത്രിക്കെതിരെ മാസങ്ങളോളം കോലാഹലങ്ങളുണ്ടായിരുന്നു.
അവയവ മാഫിയ വളർന്നു പന്തലിച്ചതിനാൽ ആ വഴിയും അന്വേഷണം നടത്തിയിരുന്നു.
പിന്നെ പുതിയ പുതിയ വിഷയങ്ങൾ കിട്ടിയതോടെ മാധ്യമങ്ങൾ അവയ്ക്ക് പിന്നാലെയായി.
നാലാമത്തെ ഫയൽ തോട്ടുമുക്കത്തെ ഒരു മയക്കു മരുന്ന് മാഫിയയെ പറ്റിയുള്ള വിവരങ്ങളാണ്. സ്ക്കൂളുകളെ ചുറ്റിപ്പറ്റി നടത്തിയ മയക്കുമരുന്ന് വിൽപനയിൽ പിടിക്കപ്പെട്ടവരെ കുറിച്ച്.
അഞ്ചാമത്തേത്. അർജ്ജുൻ കേശവൻ, 17 വയസുള്ളപ്പോൾ നിരന്തരമായ മയക്കുമരുന്നിന്റെ ഉപയോഗത്തിൽ സമനില തെറ്റിയ ഒരു പയ്യൻ.
ഓവർഡോസ് മെഡിസിൻ ശരീരത്തിലെത്തിയതിനാൽ മരണമാണെന്ന് വൈദ്യലോകം വിധിയെഴുതി. പോസ്റ്റ്മോർട്ടം ടേബിളിൽ വെച്ച് അപ്രത്യക്ഷമായ അർജ്ജുനന്റെ ഡെഡ് ബോഡിയെ പറ്റി ആശുപത്രി തകർത്ത സംഭവം ഓർത്തെടുത്തു ഞാൻ.
ആറാമത്തെ ഫയൽ ചെറുതുരുത്തിയിലെ രണ്ട് സ്ക്കൂൾ കുട്ടികളുടെ തിരോധാനത്തെ പറ്റിയാണ്.5 ഉം ഏഴും വയസുള്ള രണ്ട് ആൺകുട്ടികൾ വീടിനടുത്തുള്ള കളിസ്ഥലത്ത് ആടിനെ തീറ്റിക്കുകയായിരുന്നപ്പോൾ കാണാതാവുകയാണ് ഉണ്ടായത്.ദിവസങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ദു:ഖത്തിൽ അവരുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഏഴാമത്തെ ഫയൽ ഓപൺ ചെയ്യാനിരുന്നപ്പോഴാണ് ടോയ്ലറ്റിന്റെ ഭാഗത്തു നിന്നും ഒരു പെൺകുട്ടിയുടെ കരച്ചിലു കേട്ടത്. എന്തായാലും സ്റ്റാഫ് കുറവായിരുന്നതിനാലും ജിജ്ഞാസയിലും ഞാനും ഇറങ്ങിയോടി. അടച്ചിട്ട ടോയ്‌ലറ്റിനു പുറത്തെ ടൈൽസിൽ ചോരപ്പുകൾ കണ്ടതോടെതൊട്ടടുത്തെത്തിയ അപകടം ഞാൻ തിരിച്ചറിഞ്ഞു.

ചുറ്റിനും ഒരാളില്ല പക്ഷേ റ്റ്എവിടെയോ ഒരു ഞെരക്കം പോലെ. ടൈൽസിലെ ചോരപ്പാടുകൾ ടോയ്ലറ്റിനകത്തേക്ക് വഴി കാണിക്കുന്നു. അടുത്തെത്തിയപ്പോൾ തറയിൽ രക്തത്തിൽ മുങ്ങിയ ഒരു കൈപത്തിയുടെ പാട്. പിന്നീട് വലിച്ചിഴച്ച് കൊണ്ടു പോയതുപോലെ ചോരചാലുകൾ തറയിൽ പടർന്നിരുന്നു.
ടോയ്‌ലറ്റിനകത്ത് നിന്നും ഒരു ഞെരക്കം പോലെ. ഞാൻ ഒരു കുതിപ്പിനു വാതിൽ തുറന്നു. ബാത്റൂം തറയിൽ ഒരു പെൺകുട്ടി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു.

പിന്നെയൊരോട്ടമായിരുന്നു.

“സാബു …..”

എന്റെയലർച്ചയിൽ നൈറ്റ് ഡ്യൂട്ടിക്കാർ മൊത്തം ഞെട്ടി. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഞാൻ ആ പെൺകുട്ടിയെ തിരിച്ചു കിടത്തിയിരുന്നു. ദീപവിനോദ് എന്ന പ്രോഗ്രാം പ്രൊഡ്യൂസർ.പാതി തുറന്ന കണ്ണുകളുമായവൾ എന്തോ പറയാൻ ശ്രമിച്ചു.

” സാബു എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.”

Leave a Reply

Your email address will not be published. Required fields are marked *