ജേക്കബ് സാർ എന്നെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് ഒരു വാണിംഗ് എന്ന പോലെ സുധിഷേട്ടനോട് പറഞ്ഞു..
“”ഇല്ല സാറേ ഇനി ഇങ്ങനെ ഒന്ന് ഉണ്ടാവൂല ഞാൻ വാക്ക് തരുവാണ്…” അത് കേട്ട് ഒന്ന് തല അനക്കിക്കൊണ്ട് ജേക്കബ് സാർ പുള്ളിടെ ക്യാബിനിലോട്ട് പോയി..
“”ബാബുവേട്ടാ… FIR രജിസ്റ്റർ ചെയ്തിട്ട് ഇല്ല അതോണ്ട് നിങ്ങൾ ഇവനെയും ഇവന്റെ പര്യായങ്ങളേം കൊണ്ട് പോയിക്കോ… പിന്നെ ഇവൻ അടിച്ചിട്ട രണ്ടെണ്ണം പരിയാരം മെഡിക്കൽ കോളേജിൽ കിടപ്പുണ്ട്.. അവിടെ വരെ ചെന്ന് അവർക്ക് എന്താ വേണ്ടേ എങ്ങനാ എന്നൊക്കെ നോക്കി അത് ചെയ്യണ്ടി വരും… ഇല്ലെങ്ങി അവർ കേസ് പൊല്ലാപ്പ് എന്നും പറഞ്ഞു വരും…അതിന് ഇട വരുത്തണ്ട..പിന്നെ ഞാൻ വരാൻ കുറച്ചൂടെ വൈകിയിരുന്നേ ആ നാട്ടാർ എല്ലാം കൂടി ഇവന്റെ എല്ലുരീയേനെ..”” സുധിഷേട്ടൻ എന്റെ തോളത്ത് ഒന്നമർത്തി തട്ടി അച്ഛനോട് പറഞ്ഞു..
“പിന്നെ… എല്ലുരാൻ വരട്ട് എല്ലാം..എല്ലാത്തിനേം ഞാൻ കാലപുരിക്ക് അയക്കും.. “ഞാൻ മനസ്സിൽ പറഞ്ഞു .
“ടാ നീയേ ഇന്ന് വൈകുന്നേരം എന്റെ വീട്ടിലോട്ട് ഒന്ന് വരണം കേട്ടല്ലോ… മുങ്ങിയ നീ ഉള്ള സ്ഥലത് വന്ന് ഞാൻ പോക്കും കേട്ടല്ലു..”” പോകാൻ നേരം എന്നോട് തറപ്പിച്ചു പറഞ്ഞിട്ട് സുധിഷേട്ടൻ പുള്ളിടെ ക്യാബിനിൽ പോയി…
“അച്ഛാ… “ പുറത്തു ഇറങ്ങിയ ശേഷം ഞാൻ അച്ഛനെ പിറകിന്ന് വിളിച്ചു…അപ്പോ എന്റെ നേരെ കൈ ഓങ്ങിക്കൊണ്ട് അച്ഛൻ പറഞ്ഞു.
“”മിണ്ടിപോവരുത് കുട്ടാ നീ.. ഒരു അടിയുടെ കാര്യം കഴിഞ്ഞ മാസം ഒത്തു തീർപ്പ് ആക്കി തീർന്നത് അല്ലേ ഉള്ളുട.. അപ്പോഴാ അവൻ പിന്നേം അടുത്തത് ഉണ്ടാക്കി കൊണ്ട് വന്നേക്കണെ.. “” ഇനി ഇതിന് ബദലായി എത്ര എണ്ണം വരുമെന്ന് തമ്പുരാനൂ മാത്രം അറിയാം…. “”
അച്ഛൻ ഇത്രയും പറഞ്ഞു എന്റെ തോളിൽ പിടിച്ചോണ്ട് തുടർന്ന്
“”മോനേ കുട്ടാ…. എനിക്കും നിന്റെ അമ്മയ്ക്കും ആണായി നീ മാത്രേ ഉള്ളു…. നിന്റെ അനിയത്തി അമ്മു ആണെങ്ങി അവക്ക് തോന്നണ രീതിക്ക് ആണ് നടക്കണേ.. അവൾ ഞങ്ങളെ കഴിഞ്ഞ ആരുടെങും വാക്കിനു എന്തേലും വില കൊടുക്കണുണ്ടെ അത് നിന്റെ മാത്രാണ് മോനേ.. നീ ഇങ്ങനെ കാണുന്നോർടേം കാണാത്തൊരുടേം ഒക്കെ മെക്കിട്ട് കേറി ഇങ്ങനെ തല്ല് ഉണ്ടാക്കി നടക്കുമ്പോ ഞങ്ങടെ മനസ്സിൽ തീ ആണ് മോനെ…
നിന്റെ കുമ്മ ഉണ്ടല്ലോ എന്റെ ഭാര്യ.. അവടെ സ്വഭാവം ആണ് നിനക്കും നിന്റെ അനിയത്തിക്കും… പണ്ടത്തെ കോളേജിലെ തീപ്പൊരി പെണ്ണ് പോലെ ആണ് അവൾ ഇപ്പോളും.. പക്ഷേ നിന്റെ കാര്യം ഓർത്ത് ആ മനസ്സ് പിടയണത് എനിക്ക് കാണാട മോനെ…അതോണ്ട് മക്കള് ഒന്ന് അടങ്ങി ഒതുങ്ങി നടക്ക് കേട്ടോ”””
ഒരു പ്രസംഗം പറയും പോലെ പറഞ്ഞ് അച്ഛൻ നിർത്തി…
തന്ത സെഡ് ആക്കി… ഒന്നും വേണ്ടാർന്നു…അയ്ന് ഞാൻ അവരോട് വേണ്ട വേണ്ട പറഞ്ഞല്ലേ.. അവരല്ലേ തൊടങ്ങിയേ ഞാൻ മനസ്സിൽ ഓരോന്നു ചിന്തിച്ചു നിന്നു..
“”ടാ.. ഇന്നാ വണ്ടി എടുക്ക്.. ആ ഹോസ്പിറ്റൽ വരെ ഒന്നു പോണം “” എനിക്ക് നമ്മടെ സ്വിഫ്റ്റ് ഡിസൈറിന്റെ ചാവി എറിഞ്ഞോണ്ട് അച്ഛൻ പറഞ്ഞു. ഞാൻ വണ്ടി എടുത്ത് നേരെ പരിയാരം മെഡിക്കൽ കോളേജിലോട്ട് വിട്ടു..
“”എന്തേയ്യ്…. നീ വരണില്ലേ?…””
പാർക്കിങ്ങിൽ കാറിന്ന് ഇറങ്ങാതെ ഡ്രൈവിംഗ് സീറ്റിൽ തന്നെ ഇരിക്കുന്ന എന്നെ നോക്കി അച്ഛൻ ചോദിച്ചു.
“”ഞാൻ വരണോ അച്ഛാ… അവിടെ അവരടെ വീട്ടുക്കാർ ഒക്കെ കാണും വെറുതെ ഒരു സീൻ ഇണ്ടാക്കണോ…””
ഞാൻ ചുമ്മാ സ്റ്റീയറിങ്ങിൽ തട്ടിക്കൊണ്ടു പറഞ്ഞു..
“”ആഹാ… അത് ശെരി.. അച്ഛന്റെ പൊന്ന് മോൻ അടിച്ചു അവരടെ മൂക്കും കണ്ണും ഒന്നാക്കുമ്പോ ഇതൊന്നും ആലോചില്ലായിരുന്നോ.. ഹാ കൂടുതൽ വിളച്ചിൽ എടുക്കാണ്ട് എന്റെ കൂടെ വാടാ അങ്ങട് “”
അച്ഛൻ ടെറർ ആയി.. ഞാൻ ഒന്നും മിണ്ടാണ്ട് പയ്യെ അച്ഛന്റെ പിന്നാലെ പോയി…
“എന്തോ ആയിരുന്നെടാ നിന്റെ അടി കൊണ്ടവരുടെ പേര്..””
റിസപ്ഷനിൽ നിന്ന് അച്ഛനെന്നോണ്ട് ചോദിച്ചു.. അത് കേട്ട് ആ റിസപ്ഷനിൽ ഇരിക്കണ പെണ്ണ് ചിരി കടിച്ചമർത്തണത് ഞാൻ കണ്ടു.. ഈ തന്ത എന്നെ നാറ്റിക്കും..
