“കഴുത്തിൽ വീഴുന്ന താലി ചരട് അത് വെറുമൊരു മഞ്ഞ ചരടും അതിൽ കോർത്ത ആലില താലിയും അല്ല മോളെ.. പലപ്പോളും അത് സഹനത്തിന്റേതും വിശ്വാസത്തിന്റെയും ഒരു ബന്ധനം കൂടി ആണ് അത് മനസ്സിലാവണമെങ്കിൽ ആ ചരട് കഴുത്തിൽ വീഴണം മോളെ “
“അമ്മേ താലിയെന്ന ചരടിൽ കോർത്തു ബന്ധിക്കുന്ന.. തടവറയിലാക്കുന്ന.. ജീവിതത്തെകാൾ എനിക്കിഷ്ടം സ്നേഹത്തിന്റെ തടവറയാണ് അതിനു വേണ്ടി കാത്തിരിക്കാനാണ് എനിക്കിഷ്ടം… “അവളുടെ ശബ്ദം ഇടറിയിരുന്നു
തൊണ്ടയുടെ ഇടർച്ചയെ മറച്ചു ഉറച്ച തീരുമാനത്തോടെ ആണ് അവൾ തുടർന്നത്..
“എനിക്ക് പോകണം അമ്മേ.. എനിക്ക് ഇഷ്ട പെട്ട തൊഴിൽ ചെയ്തു സ്വന്തം കാലിൽ നിൽക്കാനാണ് ഇഷ്ടം അതിനു വേണ്ടി ഞാൻ പോകും അമ്മേ… ഇന്ന് ഞാൻ തോറ്റു കൊടുത്താൽ… ജീവിതത്തിൽ എന്നും തോറ്റു കൊടുക്കേണ്ടി വരും അങ്ങനെ തോൽക്കാൻ പല്ലവിക്ക് മനസ്സില്ല… ശ്രീലകത്തിന്റെ എന്നല്ല ഒന്നിന്റെയും നാലു ചുവരുകൾക്കുള്ളിൽ സഹനവും കണ്ണീരും ആയി കഴിയാനും ഞാനില്ല… “
“എന്റെ മോളെ… ഞാൻ എന്താ ചെയ്യാ…”അവരുടെ നിറഞ്ഞു വന്ന കണ്ണുകൾ പല്ലവി കാണാതെ ഉടുത്തിരുന്ന സാരിയുടെ മുന്താണിയിൽ തുടച്ചു…
“അമ്മ പേടിക്കേണ്ട… ഉള്ളിൽ കയറി പൊയ്ക്കോ… “
“എനിക്ക് മുന്നിൽ ഉള്ള ഉദാഹരണം അമ്മ തന്നെയാണമ്മേ.. അമ്മയെ കല്യാണം കഴിച്ചിട്ട് അച്ചന് എന്ത് മാറ്റമാ ഉണ്ടായേ…നിങ്ങൾ സന്തോഷം ആയി കഴിയുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.. അങ്ങനെ ഒരിക്കലെങ്കിലും കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ… “
അവൾ മുഴുവിപ്പിക്കാതെ നിർത്തി…
അവരുടെ അടുത്തേക് നടന്നു വന്ന വിശ്വനാഥൻ അവളുടെ അച്ഛൻ അത് കേട്ടെന്നു പല്ലവിക് തോന്നി.. അയാൾ പല്ലുകൾ കടിച്ചമർത്തുന്നത് കണ്ടെങ്കിലും അവളുടെ മുഖത്തു ഭാവ ഭേദം ഒന്നുമുണ്ടായില്ല..
അയാൾ ദത്തനോട് എന്തോ പറയാനായി തിരിച്ചു നടന്നു.
അവൾ അമ്മയെ പിടിച്ചു എണീപ്പിച്ചു..
അമ്മ ഉള്ളിലേക്കു നടന്നപ്പോൾ ഹാൻഡ് ബാഗും എടുത്തു… അവൾ അച്ഛനും ദത്തനും നിക്കുന്നിടത്തേക് നടന്നു
അവളുടെ മുന്നിൽ തെളിഞ്ഞ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു..
“ദത്തെട്ടാ “…വിളി കേട്ടു.. ദത്തനും പല്ലവിയുടെ അച്ഛനും ഒരുമിച്ചു വിളി കെട്ടിടത്തേക്കു അത്ഭുതത്തോടെ നോക്കി..
“പല്ലവി അവരുടെ അടുത്തേക് നടന്നു ചെന്നു… ദത്തേട്ടൻ എന്നെ ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യുവോ…? “
ദത്തനോടായി ചോദിച്ചു…
ദത്തന് അത്ഭുതം ആയിരുന്നു… കണ്ടാൽ കാർക്കിച്ചു തുപ്പിയിട്ടു പോകുന്ന പല്ലവി തന്നെ ദത്തെട്ടാ എന്നു വിളിച്ചിരിക്കുന്നു…
“ദത്താ വേണ്ട…” അച്ഛൻ എതിർക്കാൻ ശ്രമിച്ചെങ്കിലും ദത്തൻ അത് കേൾക്കാതെ തന്റെ വണ്ടിയുടെ അടുത്തേക് നീങ്ങി..
പല്ലവിയും അവൻറെ പുറകെ നീങ്ങി.. പിന്നിലോട്ടു തിരിഞ്ഞു അച്ഛനെ പകയോടെ നോക്കാൻ അവൾ മറന്നില്ല..
അവൾ എന്താണ് മനസ്സിൽ ഉദ്ദേശിച്ചിരിക്കുന്നതെന്നു മനസ്സിലാവാതെ വിശ്വനാഥനും മിഴിച്ചു നോക്കി നിന്നു….
സ്റ്റാർട്ട് ചെയ്ത ബുള്ളെറ്റിനു പുറകിലേക്ക് അവൾ കയറി ഇരുന്നു..രണ്ടു പേരുടെയും ഇടയിലേക്ക് അവളുടെ ഹാൻഡ് ബാഗ് എടുത്തു വെച്ചു… പരമാവധി അവൻറെ ശരീരത്തിൽ എവിടെയും സ്പർശിക്കാതെ ഇരിക്കാൻ അവൾ ശ്രദ്ധിച്ചു…
റോഡിലുള്ള ഗട്ടറുകളിൽ ദത്തൻ വണ്ടി മനഃപൂർവം ചാടിക്കുന്നതാണെന്നു പല്ലവിക്ക് തോന്നി.. ഒരോ ചാട്ടത്തിനും അവൾ അവൻറെ പുറത്തേക്കു അമരുമൊ എന്നു ഭയപ്പെട്ടു…
ഹോസ്പിറ്റലിന്റെ ഗേറ്റിനു പുറത്താണ് ബുള്ളറ്റ് നിർത്തിയതു… ബുള്ളറ്റിൽ നിന്നും ഇറങ്ങി ഒരക്ഷരം പോലും പറയാതെ ഉള്ളിലേക്കു നീങ്ങിയ പല്ലവിയെ ദത്തൻ പുറകിൽ നിന്നും വിളിച്ചു..
“എടീ പല്ലവി “…
അവൾ തിരിഞ്ഞു നോക്കി..
നീ നേരത്തെ വീട്ടിന്നു ചോദിച്ചില്ലേ ഒരാൾ മാത്രം വിചാരിച്ചാൽ കെട്ടാൻ പറ്റുമോ എന്നു…. അടുത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തി മെല്ലെയാണ് ദത്തൻ അത് ചോദിച്ചത്….അവൻറെ കെട്ടൊക്കെ വിട്ടു സ്വബോധത്തിലേക് വന്നിരുന്നു..
അതിന്റെ ബാക്കി എന്നോണം അവൻ തന്നെ തുടർന്നു
“പറ്റും .. നിന്നെ കെട്ടാൻ ഈ ദത്തൻ മാത്രം വിചാരിച്ചാൽ മതി.. ” വെല്ലുവിളിയെന്നോണം ആണ് അവൻ അത് പറഞ്ഞത്
