അപർണ – മരുഭൂമിയിലെ മാണിക്യം 64

” ചേട്ടാ ഞാൻ നേരത്തെ വിളിച്ചപ്പോൾ എന്തിനാ കട്ട് ചെയ്തത്…?”

“ഞാൻ ഓഫീസിൽ ഒരു മീറ്റിംഗിൽ ആയിരുന്നു ..ഫോൺ സൈലന്റ് ആയി പോയി …. എന്തിനാ വിളിച്ചത്.?”

“അപ്പുവിന്റെ വിസയുടെ കാര്യം എന്തായി ചേട്ടാ? ചേട്ടൻ എന്താ ഇങ്ങനെ… എത്ര നാളായി ഞാൻ പറയുന്നു….” ആണ് ചോദിച്ചു.

“അതൊന്നും ശെരിയാവില്ല എന്ന് ഞാൻ പറഞ്ഞതല്ലേ…. ഞാൻ ശ്രമിക്കാം…”

“എന്ത് ശ്രമിക്കാം…ഇത് തന്നെ അല്ലെ ചേട്ടൻ പറയുന്നത് എപ്പോഴും…” അനുവിന്റെ പരാതികൾ കേട്ട് കൊണ്ട് ജയൻ ഡ്രൈവിംഗ് തുടർന്നു ….

ഒരു മാസത്തിനു ശേഷം….

“QR 365 വിമാനത്തിൽ ദോഹയിലിലേക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ബോർഡിങ്ങിനായി ഗേറ്റ് നമ്പർ മൂന്നിൽ എത്തി ചേരുക. Passengers traveling …….”

അന്നൗൻസ്മെന്റ് കേട്ട ഉടനെ തന്റെ കയ്യിൽ ഉള്ള ബോർഡിങ് പാസ്സിലേക് നോക്കി കൊണ്ട് അപർണ ചുറ്റും ഒന്ന് കണ്ണോടിച്ചു. ആദ്യമായാണ് അവൾ ഒരു വീമാനത്താവളത്തിന്റെ ഉള്ളിൽ കടക്കുന്നത് തന്നെ , അതിന്റെ പരിഭ്രമവും അമ്മയെ വിട്ടു മറ്റൊരു രാജ്യത്തേക് പോകുന്നതിന്റെ വിഷമവും അവളുടെ മുഖത്തു നിഴലിച്ചു നിന്നു.സംശയങ്ങൾ വല്ലതുംഉണ്ടെങ്കിൽ എയർപോർട്ട് ജീവനക്കാരോടോ കൂടെ യാത്ര ചെയ്യുന്നവരോടോ ചോദിച്ചാൽ മതിയെന്ന് അമ്മാവൻ പറഞ്ഞിരുന്നു എങ്കിലും അപരിചമായ മുഖങ്ങളും ഒറ്റയ്ക്ക് യാത്ര ചെയ്യണത്തിന്റെ ടെൻഷനും കാരണം അപർണ ഒന്ന് ഉൾവലിഞ്ഞു. ചെറുപ്പം തൊട്ടു തന്നെ അവൾ ഇങ്ങനെ ആണ്, മറ്റുള്ളവരോട് എന്തെങ്കിലും തുറന്നു ചോദിക്കാനും പറയാനും ഒരു മടി.

തനിക് സമീപം ഇരുന്നവർ എല്ലാം തന്നെ ബാഗ് എടുത്ത് പോകുവാൻ തുടങ്ങിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണിലെ കണ്മഷി സാരിയുടെ അറ്റം കൊണ്ട് തുടച്ചു അവളും അവൾക്കു മുന്നേ പോയ ഒരു മധ്യവയസ്കയായ ചേച്ചിയുടെ പിറകെ നടന്നു.

“ചേച്ചി, ഒന്ന് നിൽക്കുമോ?” അപർണ വിളിച്ചത് കേട്ട് മുന്നിൽ നടന്ന ആ സ്ത്രീ തിരിഞ്ഞു നോക്കി.

“എന്താ മോളെ?”

വേഗത്തിൽ അവരുടെ അരികിലേക്കു വന്നു കയ്യിലെ ഭാരമേറിയ ബാഗ് നിലത്തു വെച്ച് കൊണ്ട് അവൾ തന്റെ ബോർഡിങ് പാസ് അവർക്കു നേരെ നീട്ടി.

“ഇതിൽ ഉള്ള ഗേറ്റ് എവിടെയാണെന്ന് കാണിച്ചു തരുമോ?”

“മോള് പേടിക്കേണ്ട, ഞാനും ദോഹയിലേക് തന്നെയാണ് പോവുന്നത്, എന്റെ കൂടെ വന്നോളൂ”

ചിരിച്ചു കൊണ്ടുള്ള അവരുടെ മറുപടി കേട്ടപ്പോൾ തലയിൽ തണുത്ത വെള്ളം കോരി ഒഴിച്ച പോലെയാണ് അപർണക്ക് തോന്നിയത്. ഒരു കയ്യിൽ ബാഗും മറു കയ്യിൽ സാരിയുടെ അറ്റവും മുറുകെ പിടിച്ചു കൊണ്ട് അപർണ അവരുടെ ഒപ്പം മുന്നോട്ട് നീങ്ങി.അവളുടെ മുടിയിൽ നിന്നും ഉള്ള കാച്ചിയ എണ്ണയുടെ മണം അവിടെയാകെ പടർന്നു പിടിച്ചു കൊണ്ടിരുന്നു.

*******************

ഇത് അപർണയുടെ കഥയാണ്….അപ്പു……

സുരേഷ് – ലക്ഷ്മി ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയ കുട്ടി. ചേച്ചിയായ അനുവിനെക്കാളും ലാളനയും സ്നേഹവും കിട്ടിയാണ് അപർണ വളർന്നത് . അതിനു കാരണവും ഉണ്ട്, എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് എട്ടാം മാസമാണ് അവൾ പിറന്നു വീണത്, പിന്നീട് ഒരു മാസത്തിനു ശേഷം

പലരുടെ പ്രാത്ഥനയുടെയും ഡോക്ടർമാരുടെ പരിശ്രമത്തിന്റെയും ഫലമായാണ് ആ കുരുന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. തൃശ്ശൂരിലെ അവരുടെ ഉൾ നാടൻ ഗ്രാമത്തിലെ ഒട്ടു മിക്ക സാംസ്ക്കാരിക പ്രവർത്തങ്ങങ്ങളിലും ഉത്സവ പരിപാടികളിലും എപ്പോഴും മുന്നിൽ കാണുന്ന ഒരാളായിരുന്നു സുരേഷ്. അത് കൊണ്ട് തന്നെ സുരേഷ് എവിടെ പോയാലും പുള്ളിക്കാരന്റെ സൈക്കിളിന്റെ മുന്നിലുള്ള ചെറിയ സീറ്റിൽ കാഴ്ചകൾ കണ്ടു കൊണ്ട് കുഞ്ഞു അപ്പുവും ഉണ്ടാവും, അത് കൊണ്ട് തന്നെ നാട്ടിലുള്ള പലർക്ക്കും അപ്പുവിനെ അറിയാം …

അപ്പു വളർന്നു 3 വയസ്സ് ആവുന്നതിനു മുൻപേ സുരേഷ് ഒരു അപകടത്തിൽ വെച്ച് മരണപെട്ടു . സ്വന്തമായി ഒരു വീട് വെക്കുന്നതിനു വേണ്ടി വരുത്തി വെച്ച കടങ്ങളും രണ്ടു പെൺമക്കളെയും ലക്ഷ്മിക്ക് നൽകിയാണ് സുരേഷ് അവരെ വിട്ടു പോയത്. ബന്ധുക്കളും അയൽവാസികളും പറയുന്നത് അപ്പുവിന് 2 അമ്മമാർ ഉണ്ട് എന്നാണ്..അത് ഏറെ കുറെ ശെരിയുമാണ്. സുരേഷിന്റെ മരണ ശേഷം മാനസികമായി ഒരു പരിധി വരെ തളർന്നു പോയ ലക്ഷ്മിയെക്കാൾ കൂടുതൽ അപ്പുവിനെ ശ്രദ്ധിച്ചിരുന്നത് അവളെക്കാൾ 8 വയസ്സിനു മുതിർന്ന ചേച്ചി അനുവാണ്.

Leave a Reply

Your email address will not be published. Required fields are marked *