അരളിപ്പൂന്തേൻ – 6

: ഏട്ടാ.. അടുത്ത ഞായറാഴ്ച ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ. എന്താ തീരുമാനമെന്ന് ചോദിച്ചു

: എന്നിട്ട് നീ എന്ത് പറഞ്ഞു..

: വൈകുന്നേരം പറയാമെന്ന് പറഞ്ഞു

: അതെന്തേ..

: ഏട്ടനോട് ചോദിച്ചിട്ട് പറയാമെന്ന് വിചാരിച്ചു. ഇനി എനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം ഇല്ല. ഏട്ടനോട് ആലോചിച്ചിട്ടേ എന്തും ഞാൻ ചെയ്യൂ..

: ഓഹ് അങ്ങനെ… അവരോട് വരാൻ പറ. പക്ഷെ രാവിലത്തെ അപ്പോയ്ന്റ്മെന്റ് എനിക്ക് വേണമെന്ന് പറഞ്ഞേക്ക്

: അപ്പൊ ഏട്ടൻ ഞായറഴ്ച വരും…?

: പിന്നില്ലാതെ.. എന്റെ പെണ്ണിന്റെ കയ്യീന്ന് ആദ്യത്തെ ചായ ഞാനല്ലേ കുടിക്കേണ്ടത്.. നീ നല്ല കടുപ്പത്തിൽ ഒരു ചായ റെഡിയാക്കിവച്ചോ… നിന്റെ കൈകൊണ്ടിട്ട ചായ എങ്ങനുണ്ടെന്ന് നോക്കട്ടെ, എന്നിട്ട് തീരുമാനിക്കാം ഇനി വേറൊരുത്തൻ പെണ്ണുകാണാൻ വരണോ എന്ന്…

: പന്നി… ചായ കൊള്ളില്ലെങ്കിൽ എന്നെ വേണ്ടെന്നാണോ
: ഒരു ചായപോലും ഇടാൻ അറിയാത്ത നിന്നെ കെട്ടിയാൽ ഞാൻ കുഴഞ്ഞുപോകില്ലേടി…

പെണ്ണിന്റെ ദേഷ്യം കാണാൻ നല്ല രസമാണ്. പല്ലുകടിച്ചുകൊണ്ട് എന്നെ തുറിച്ചു നോക്കുന്ന അവളുടെ കൈകൾ എന്റെ വയറിയൽ പതിക്കുമെന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല.. ഉഫ്… എന്ന കുത്താ

: ഇനി ചായ വേണോ…

: അയ്യോ വേണ്ട…

അവളുടെ കൂടെ നടക്കുമ്പോൾ സമയം പോകുന്നതറിയില്ല. അത്രയും വലിയ ഗ്രൗണ്ടിന് ചുറ്റും നടന്നിട്ടും രണ്ടാളും ഒട്ടും ക്ഷീണിച്ചില്ല. എങ്ങനെ ക്ഷീണിക്കും, ഉത്തേജക മരുന്നല്ലേ കൂടെയുള്ളത്.

വൈകുന്നേരം തുഷാരയെ ബസ് കയറ്റിവിട്ടശേഷം ലച്ചുവിനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച തുഷാരയെ പെണ്ണുകാണാൻ പോകണമെന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖം വിടർന്നു. മോന്റെ കല്യാണം നടന്നുകാണാനുള്ള അമ്മയുടെ ആഗ്രഹം പൂർത്തിയാവാൻ പോകുന്നതിന്റെ സന്തോഷമാണ് ലക്ഷ്മികുട്ടിക്ക്. അമ്മാവനെ വിളിച്ച് പറയുമ്പോൾ അമ്മയുടെ കണ്ണിലെ തിളക്കം ഒന്ന് കാണണം. തുഷാരയെ വാനോളം പുകഴ്ത്തിയുള്ള അമ്മയുടെ സംസാരം കേൾക്കുമ്പോൾ എന്റെയുള്ളിൽ ചെറിയൊരു പേടിയുണ്ട്.

രാജീവൻ…. അതൊരു സമസ്യയായി തുടരുന്ന കാര്യം ഇവർക്കറിയില്ലല്ലോ. എന്തായാലും തുഷാരയെ മറ്റൊരാൾക്ക് കെട്ടിച്ചുകൊടുക്കാമെന്നുള്ള അദ്ദേഹത്തിന്റെ വാശി നടക്കാൻ പോകുന്നില്ല. പക്ഷെ അവരുടെ സമ്മതത്തോടെയല്ലാതെ അവളും ഞാനും ഒരു തീരുമാനവും എടുക്കുകയുമില്ല. ഇനി ഇതുപോലെ രണ്ടുവീട്ടിൽ കഴിയേണ്ടിവന്നാലും അത് ഞങ്ങൾ സഹിച്ചു. എന്നെങ്കിലും മനസ് മാറുമല്ലോ. എന്തായാലും പോയി നോക്കാം, പുള്ളി എന്താ പറയുന്നതെന്ന് നോക്കാം.

***********

: അച്ഛാ… രാവിലെ ചോദിച്ചതിന്റെ ഉത്തരം പറയാനുണ്ട്.. കഴിച്ചു കഴിഞ്ഞിട്ട് വാ.

കയ്യിലൊരു കത്തിയുമായി നിൽക്കുന്ന തുഷാരയുടെ സംസാരം കേട്ട് രാജീവന്റെ കണ്ണ് തള്ളി, കുടിച്ചുകൊണ്ടിരുന്ന വെള്ളം തൊണ്ടവഴി അയാൾ വിഴുങ്ങി. ഇന്ദിരയെ അന്താളിച്ചു നോക്കികൊണ്ട് അയാൾ എന്തായിരിക്കും എന്ന ഭാവത്തിൽ മുഖം ചുളിച്ചു. എന്നാലും ഈ പെണ്ണ് ഇതെന്ത് ഭാവിച്ചാ. എന്തോ തീരുമാനിച്ച് ഉറപ്പിച്ചുള്ള വരവാണ് പെണ്ണിന്റേത്. ദൈവമേ ഇനി ഒളിച്ചോടാനെങ്ങാനും ആണോ.. എന്തായാലും കുറച്ച് മാറിനിന്ന് സംസാരിക്കാം. പെണ്ണൊന്തോ കടുത്ത തീരുമാനവുമായിട്ടായിരിക്കും വന്നിരിക്കുന്നത്. കയ്യിലാണെങ്കിൽ ഒരു കത്തിയും ഉണ്ടല്ലോ.. ദൈവമേ ഇനി കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കാൻ ആയിരിക്കുമോ, അതോ ആത്മഹത്യാ ഭീഷണി ആയിരിക്കുമോ… രാജീവന്റെ മനസ് ചോദ്യങ്ങൾകൊണ്ട് നിറഞ്ഞു. കഴിച്ചു കഴിഞ്ഞ് ഇന്ദിരയെയും കൂട്ടി ഹാളിലേക്ക് നടന്ന രാജീവൻ കാണുന്നത് കയ്യിൽ പിടിച്ചിരിക്കുന്ന ആപ്പിൾ നോക്കി ചിരിച്ചുകൊണ്ട് ഒറ്റവെട്ടിന് അത് രണ്ട് തുണ്ടമാക്കുന്ന തുഷാരയെയാണ്..

: എടിയേ.. പെണ്ണൊന്തോ ഉറപ്പിച്ച് ഇറങ്ങിയതാ.. നീ പോയി ആ കത്തി എങ്ങനെങ്കിലും എടുത്തു മാറ്റിയേ

: ഇതുപോലൊരു പേടിത്തൂറി… ഒന്ന് നടക്ക് മനുഷ്യാ

തുഷാരയ്ക്ക് അടുത്തെത്തിയ രാജീവന്റെ മുഖത്ത് ഗൗരവം വന്നു. വന്നതല്ല വരുത്തിച്ചു.. അവളുടെ അടുത്ത് ഇരിക്കാതെ അയാൾ അവൾക്ക് അഭിമുഖമായി ഇട്ടിരിക്കുന്ന സോഫയിൽ ഇടംപിടിച്ചു.

: പറ മോളേ.. എന്താ നിന്റെ തീരുമാനം

: അച്ഛന് ആപ്പിൾ വേണോ..

: എനിക്ക് വേണ്ട.. നീ കാര്യത്തിലേക്ക് വാ
: ആരാ എന്നെ കാണാൻ വരുന്നേ, അവരുടെ ഡീറ്റെയിൽസ് ഒക്കെ ഒന്ന് പറയെന്നേ. ചെറുക്കനെക്കുറിച്ച് ഒന്നും അറിയാതെ അവരുടെ മുന്നിൽ പോയി നില്ക്കാൻ പറ്റോ..

( ഓഹ്.. അപ്പൊ അവന്റെ വീട്ടിൽ പോയി കല്യാണം മുടക്കാമെന്നുള്ള പരമ്പരാഗത രീതിയാണല്ലേ… ഛേ.. ഇത്രയും ചീപ്പായിരുന്നോ എന്റെ മോള്. എല്ലാം പ്രതീക്ഷയും പോയി…എന്നാലും ശ്രീലാൽ ഈ വൃത്തികേടിന് കൂട്ടുനിൽക്കോ… ആഹ്, എന്തെങ്കിലും ആവട്ടെ…)

: അതൊന്നും നീ അറിയണ്ട.. ചെറുക്കൻ വരുന്നുണ്ട്, അവനോട് നേരിട്ട് സംസാരിച്ചോ

: ശരി… അവരെത്രമണിക്കാ വരുന്നേ

: ഉച്ച കഴിയും.. എന്തേ, നിനക്ക് എവിടെങ്കിലും പോകാനുണ്ടോ

: ചിലപ്പോ പോകേണ്ടിവരും..

: എവിടേക്ക്… ക്ലാസൊന്നും ഇല്ലല്ലോ

: അതൊന്നും അച്ഛനറിയണ്ട, എന്റെ ചെറുക്കനും വരുന്നുണ്ട്, എന്തെങ്കിലും ചോദിയ്ക്കാൻ ഉണ്ടെങ്കിൽ നേരിട്ട് ചോദിച്ചോ.. ഏട്ടൻ രാവിലെ വരും. അച്ഛൻ ഇവിടെത്തന്നെ ഉണ്ടാവണം

( ദൈവമേ… ഇത്രപെട്ടെന്ന് ഈ ഡയലോഗ് തിരിച്ചുവന്നോ..)

: ഓഹോ.. അത്രയ്ക്ക് ധൈര്യം ആയോ എന്റെ മോൾക്ക്. എനിക്ക് ആരെയും കാണണ്ട. അവനെന്തിനാ ഇവിടെ വരുന്നേ

: അമ്മയെ പെണ്ണുകാണാൻ… ഒന്ന് പോ അച്ഛാ. എനിക്ക് കൂടുതൽ ഒന്നും പറയാനില്ല. എന്ന ശരി

…………

ലെച്ചുവും ഞാനും സംസാരിച്ചിരിക്കുമ്പോഴാണ് തുഷാരയുടെ ഫോൺ വന്നത്. എഴുന്നേറ്റ് പോകാൻ നോക്കിയ ലെച്ചുവിനെ അവിടെത്തന്നെ പിടിച്ചിരുത്തി. അവൾ അറിയാത്ത എന്ത് രഹസ്യമാ എനിക്കുള്ളത്. തുഷാരയുടെ സംസാരം എല്ലാം കേട്ട് ലെച്ചു കണ്ണ് തള്ളി. ഇത് കാന്താരി തന്നെയാണല്ലോ എന്ന് തോന്നുന്നുണ്ടാവും ലെച്ചുവിന്.

: ശ്രീകുട്ടാ… പ്രശ്നമാവുമോ… പുള്ളിക്കാരൻ ഉടക്കിയാൽ എന്ത് ചെയ്യും

: ഒന്നും ചെയ്യാനില്ല… പുള്ളിയുടെ മനസ് മാറുന്നവരെ കാത്തിരിക്കാം, അല്ലാതെ ഒളിച്ചോടാനൊന്നും ഞങ്ങളില്ല

: ആദ്യം ചിലപ്പോ എതിർപ്പൊക്കെ ഉണ്ടാവും.. അതൊക്കെ മാറിക്കോളും. നീ എന്തായാലും പോയി നോക്ക്. കൂടെ ആരാ വരുന്നത്

: കിച്ചാപ്പി… അല്ലാതെ വേറാര്. അവനല്ലേ എന്റെ ചങ്ക്

: വഴക്കൊന്നും ഉണ്ടാക്കല്ലേ ശ്രീകുട്ടാ.. എതിർപ്പൊക്കെ മാറി അവസാനം കല്യാണം കഴിഞ്ഞാൽ പിന്നെ നിന്റെകൂടി സ്വന്തക്കാരാ അവരൊക്കെ. പിന്നീട് അവരെ ഫേസ് ചെയ്യാനുള്ളതാ..

: ഇല്ലെടോ.. ഞാനായിട്ട് വഴക്കിന് പോവില്ല. എന്നുകരുതി ഗാന്ധിജി ഒന്നും ആവാൻ എന്നെ കിട്ടില്ല. കുറേയൊക്കെ ക്ഷമിക്കും, പിന്നെയും ചൊറിയാൻ നിന്നാൽ ഞാൻ ചിലപ്പോ എന്തെങ്കിലും ചെയ്തുപോകും

Leave a Reply

Your email address will not be published. Required fields are marked *