അലയുന്നു ഞാൻ – 2

ലിസ്റ്റിൽ ഉപ്പുതൊട്ടു കർപ്പൂരം വരെ ഉണ്ട്. ഞാൻ അതുമായി നേരെ കടയിലോട്ട് വിട്ടു. ഇനിയെന്റെ കയ്യിലോ അക്കൗണ്ടിലോ അഞ്ചിന്റെ പൈസയില്ല. ഇനി വല്ലതും വാങ്ങണമെങ്കിൽ ജോലിക്ക് തന്നെ പോണം..

ഓഫീസിലുള്ള എല്ലാപേരും അറിഞ്ഞു കാണും എന്റെ കല്യാണം കഴിഞ്ഞത്. അവർ അറിഞ്ഞില്ലല്ലോ എന്റെ കല്യാണം ഏത് രീതിയിലാണ് നടന്നതെന്ന്. ഇനി അവരെ കല്യാണം വിളിച്ചില്ല എന്ന് പറഞ്ഞുകൊണ്ട് പരാതി പറയും. ഞാനിനി എന്ത് ചെയ്യും.. ഞാൻ വാങ്ങിച്ച് സാധനങ്ങളുമായി നേരെ ഫ്ലാറ്റിലേക്ക് പോയി എല്ലാം കിച്ചണിലേക്ക് കൊണ്ടുവച്ചു. കുറച്ചുനേരം കഴിഞ്ഞതും അനന്ദു കയറി വന്നു അവന്റെ കൈയിൽ കുറച്ച് സാധനങ്ങൾ ഉണ്ട്.

 

” ഡാ എന്തൊക്കെയാ ഇത്… “”

ഞാൻ അവനോട് ചോദിച്ചു അവൻ അതു മുഴുവനും ആ മേശ പുറത്തു വച്ചിട്ട് സോഫയിലോട്ട് ഇരുന്നു.

 

” ഇതൊക്കെ നിന്റെ സർട്ടിഫിക്കറ്റ് ഡോക്കുമെന്റ്സും പിന്നെ നിന്റെ കുറച്ച് തുണികളും… ”

അവൻ പറഞ്ഞു…

 

” നീ വീട്ടിൽ പോയിരുന്നോ…. “”

ഞാൻ ചോദിച്ചു..

 

” ആ…… പോയി നിന്റെ അമ്മയുടെ ദേഷ്യം ഇപ്പോഴും കുറഞ്ഞിട്ടില്ല….. “”

അവൻ പറഞ്ഞു. എങ്ങനെ ദേഷ്യം മാറും അങ്ങനെയുള്ള ഒരു പ്രവർത്തിയല്ലേ ഞാൻ ചെയ്തത്. ഞാൻ അറിഞ്ഞുകൊണ്ട് ഒന്നും ചെയ്തില്ലെങ്കിലും അമ്മയുടെ മുൻപിൽ ഞാൻ ഇപ്പോഴും തെറ്റ്കാരനാണ്. അതുകൊണ്ട് അത്ര എളുപ്പമൊന്നും അമ്മയ്ക്ക് എന്നോട് ക്ഷമിക്കാൻ കഴിയില്ല എന്നത് എനിക്കറിയാം.

അവൻ അങ്ങനെ കുറച്ചുനേരം എന്റെ കൂടെ ഇരുന്നിട്ട് എന്തോ തിരക്ക് ഉണ്ടെന്നും പറഞ്ഞു പോയി. ഞാൻ കുറച്ചു നേരം മുറിയിൽ പോയി കിടന്നു എന്തൊക്കെയോ ആലോചിച്ചു ഉറങ്ങിപ്പോയി. പിന്നെ അവൾ വിളിക്കുന്നത് കേട്ടാണ് ഞാൻ എണീക്കുന്നത്…

 

” അതെ…. അതെ….. “”

അവൾ എന്നെ തട്ടി വിളിക്കുകയാണ്‌. നാശം ഒന്നുറങ്ങാൻ സമ്മതിക്കില്ല ഇവൾക്ക് ഇപ്പോൾ എന്താ വേണ്ടത്.

 

“എന്താ……””

ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു.

 

” കഴിക്കാൻ…….വിളിക്കാൻ വന്നതാ……””

അവൾ പേടിയോടെ പറഞ്ഞു…. “”

 

” ഞാൻ വന്നോളാം. ഒന്ന് പോയി തരുവോ…. “മാരണം “”

അവൾ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പുറത്തേക്ക് പോയി. ഞാനൊന്ന് ഫ്രഷായി പുറത്തേക്ക് ഇറങ്ങി ടേബിളിൽ അവൾ വച്ചുണ്ടാക്കിയ സാധനങ്ങൾ ഇരിപ്പുണ്ട്. ഞാൻ ചെന്ന് ഓരോന്നായി നോക്കി. ചോറ്,സാമ്പാർ അവിയൽ,തോരൻ പിന്നെ ഒരു ഭംഗിക്ക് നാരങ്ങ അച്ചാറും ഉണ്ട്. ഇതൊക്കെ വായിൽ വയ്ക്കാൻ കൊള്ളാമോ എന്തോ. ഞാൻ എന്നോട് തന്നെ ആത്മഗതം പറഞ്ഞുകൊണ്ട് കഴിക്കാൻ ഇരുന്നു. ചോറും സാമ്പാറും കൂട്ടി ഒരു പിടി പിടിച്ചു. എന്റെ പൊന്നോ അടിപൊളി സാമ്പാർ ഒന്നും പറയാനില്ല വീട്ടിൽ അമ്മ ഉണ്ടാക്കുന്നതിനെ കാട്ടി മികച്ചതായിരുന്നു ഇത്. അതുപോലെതന്നെ ബാക്കി കറികളും എല്ലാം അടിപൊളി രുചിയായിരുന്നു. അപ്പോൾ ഇവൾക്ക് കൈപ്പുണ്യം എന്നൊരു സാധനം ഉണ്ട്. ഇത്രയും രുചികരമായ ഭക്ഷണം ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല. ഇപ്പോഴത്തെ കാലത്ത് ഒരു ചായ ഇടാൻ പോലും അറിയാത്ത പെൺകുട്ടികൾ ഉണ്ട്. പക്ഷേ ഇവൾ അതിൽ പെടില്ല. ഞാൻ കിച്ചണിൽ നിൽക്കുന്ന അവളെ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാൻ കഴിക്കുന്നത് നോക്കി നിൽക്കുകയാണ് അവൾ. എനിക്ക് ഭക്ഷണം ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അവൾക്ക് പേടി ഉണ്ടാകും അതുകൊണ്ടായിരിക്കാം എന്നെ തന്നെ നോക്കി നിൽക്കുന്നത്. ഞാൻ എല്ലാം പെട്ടെന്ന് തന്നെ കഴിച്ച് എണീറ്റ് പുറത്തേക്ക് പോയി. തിരുവനന്തപുരം നഗരത്തിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും തേരാപ്പാരാ നടന്നു. അതിനിടയിൽ ഞാൻ കുറെ കാഴ്ചകളും ആ നഗരത്തിൽ ശ്രദ്ധിച്ചിരുന്നു. വഴിയോര കച്ചവടക്കാർ, ഭിക്ഷക്കാർ, അന്യ നാട്ടിൽ നിന്നും സ്വന്തം കുടുംബത്തിന്റെ മുഴുവൻ ചുമതലയും തലയിലേറ്റി ഇവിടെ വന്ന് പണിയെടുക്കുന്ന ഹിന്ദിക്കാർ. ഇതൊക്കെ കാണുമ്പോൾ നമ്മൾ ഇവരെ ഒരു നിമിഷമെങ്കിലും ബഹുമാനിക്കണം. കാരണം അവരോളം വരില്ലേ നമ്മൾ. അങ്ങനെ അവിടുത്തെ ചുറ്റുപാടുകളിൽ ഉള്ള കാഴ്ചകളും കണ്ട് തിരിച്ചു നേരെ ഫ്ലാറ്റിലേക്ക് തന്നെ മടങ്ങി. പോകുന്ന വഴിയിൽ ഞാൻ എന്റെ മനസ്സിൽ ആ തീരുമാനമെടുത്തു. ഇന്ന് എന്തായാലും അവളുട പേര് ചോദിക്കണം. എന്റെ ഭാര്യ എന്ന പദവി ഏറ്റെടുത്ത അവളുടെ പേര് പോലും അറിഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെ ശരിയാകും. അങ്ങനെ ഫ്ലാറ്റിന്റെ അകത്തു കയറി ഞാൻ അവളെ തിരഞ്ഞു ഇന്നെന്തായാലും ചോദിക്കണം. പേര് പോലും അറിയാതെ എങ്ങനെ ഒരാളെ കൂടെ ജീവിക്കുന്നത്. അവിടെ മുഴുവൻ തിരക്കി നടന്നു അവളെ ഞാൻ കണ്ടില്ല. സാധാരണ കിച്ചണിലായിരിക്കും ഉണ്ടാവുക ഇപ്പോൾ അവിടെയും കാണാനില്ല. ഇതെവിടെ പോയി തുലഞ്ഞു നാശം. മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ആയിട്ട് ഇറങ്ങിക്കോളും. ഇവിടെ വന്നിട്ട് ഇതുവരെ അവൾ പുറത്തേക്ക് പോയിട്ടില്ല പിന്നെ ഇതെവിടെ പോയി. അവൾ എവിടെപ്പോയാലും എനിക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. പക്ഷേ ഇപ്പോൾ അവൾ നിയമപരമായി എന്റെ ഭാര്യയാണ്. അപ്പോൾ അവളെ കാര്യം നോക്കേണ്ടത് എന്റെ കടമയാണ്. ഞാൻ പുറത്തേക്ക് ഒന്ന് ഇറങ്ങി നോക്കി. ഒന്ന് രണ്ട് ഫ്ളാറ്റിനപ്പുറത്ത് ആരോ സംസാരിക്കുന്ന ശബ്ദം പോലെ കേൾക്കുന്നുണ്ട്. ഞാൻ ആ ശബ്ദം ശ്രദ്ധിച്ചു കേട്ടുകൊണ്ട് അങ്ങോട്ടേക്ക് നടന്നു. അതെ ഇത് അവളുടെ ശബ്ദം ആണ് അവൾ ആരുടെ കൂടെയോ ചിരിച്ചു കളിച്ചു സംസാരിക്കുന്നുണ്ട്. ആരാണെന്ന് അറിയില്ല ഒരു സ്ത്രീ ശബ്ദമാണ് കേൾക്കുന്നത്. ഞാൻ ആ ശബ്ദം കേട്ട ഫ്ലാറ്റിന്റെ മുന്നിൽ വന്നു നിന്നുകൊണ്ട് ഹോണിങ് ബെൽ അടിച്ചു. കുറച്ചുനേരം കഴിഞ്ഞ് ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു. അവരെ കണ്ടാൽ നല്ല പ്രായം തോന്നിക്കും ആയിരുന്നു. നല്ല വെളുത്തിട്ട് ഉയരമുള്ള ഒരു സ്ത്രീ. സാരിയായിരുന്നു അവർ ധരിച്ചിരുന്നത് ഞാൻ അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു ഒന്നു നോക്കി. കണ്ണിൽ ഒരു ചതുര കണ്ണാടി വച്ചിട്ടുണ്ട്. മുൻപ് കണ്ട പരിചയം ഇല്ല ഒരു പുതുമുഖമായിരുന്നു.

 

” ആരായ്യി….. “”

അവർ പുറത്ത് നിൽക്കുന്ന എന്നെ നോക്കി കൊണ്ട് ചോദിച്ചു. ഞാനെന്തു പറയും എന്റെ ഭാര്യ അകത്തുണ്ടോ എന്നോ. അതോ എന്റെ ഭാര്യ എന്ന് പറയുന്ന ആ സ്ത്രീയെ നിങ്ങൾ കണ്ടോ എന്നോ. ഭാര്യയുടെ പേര് ചോദിച്ചാൽ ഞാൻ എന്തു പറയും അറിയില്ലെന്നോ അതോ ഇതുവരെ ഞാൻ ചോദിച്ചിട്ടില്ല എന്നോ. അങ്ങനെ കുറെ ചോദ്യങ്ങൾ മനസ്സിനുള്ളിൽ മിന്നി മാഞ്ഞു പോയി…

 

” ചോയ്ച്ചത് കേട്ടില്ലേ ആരാണ് എന്ന്….. “”

ആ എന്നോട് വീണ്ടും ചോദിച്ചു.

 

” അത്….. എന്റെ ഭാര്യ അകത്തുണ്ടോ അവളുടെ ശബ്ദം ഇവിടുന്ന് കേട്ടു… അതാ ഞാൻ…… “”

 

എനിക്കവിടെ മുന്നിൽ പറയാൻ വാക്കുകൾ കിട്ടിയിരുന്നില്ല. എന്തോ ആ പ്രൗഢയായ സ്ത്രീയെ കണ്ടപ്പോൾ വാക്കുകളെല്ലാം മുറിഞ്ഞു പോകുന്ന പോലെ തോന്നി. എന്തോ ഒരു ഭയം.എനിക്ക് അവരുടെ വാക്കുകളുടെ കാഠിന്യം കേട്ടപ്പോൾ തോന്നി. ഞാനെന്തിനാണ് ഈ സ്ത്രീയെ കണ്ടു ഭയക്കുന്നത്. ഞാനും സ്ത്രീയുമായിട്ട് ഒരു ബന്ധവും ഇല്ലല്ലോ. അവർ എന്നോട് എന്തോ സംസാരിക്കാൻ വന്നപ്പോൾ ആ മാരണം അകത്തുനിന്ന് വരുന്നത് ഞാൻ കണ്ടു. എന്റെ ശബ്ദം കേട്ടിട്ടാകണം അവൾ ഞാനാണ് എന്ന് മനസ്സിലാക്കിയത്.