സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്ന രീതിയൊന്നും അമ്മക്കിഷ്ടമല്ല അതോണ്ട് തന്നെയാണ് ഈ ട്യൂഷൻ സെറ്റപ്പിൽ അമ്മ ഒതുങ്ങി നിക്കാൻ ശ്രമിച്ചതും ,ഞാൻ ഒറ്റമോൻ…
പിന്നെ എന്നെ കുറിച്ചു പറയുമ്പോ ശ്രീയെക്കുറിച്ചു പറയാതിരിക്കാൻ കഴിയില്ലലോ
ശ്രീലക്ഷ്മി എന്ന എന്‍റെ സ്വന്തം ശ്രീ അവളും എനിയ്ക്കൊപ്പം അതേ കോളേജിൽ ഒരേ ക്ലാസ്സിൽ..അച്ഛൻ കൃഷ്ണകുമാർ പ്രൈവറ്റ് കമ്പിനിയിലെ ഉയർന്നൊരു ഉദ്യോഗസ്ഥൻ, അമ്മയെക്കുറിച്ച് ഇനി പറയേണ്ട എന്ന് കരുതുന്നു..എങ്കിലും പറയാൻ വിട്ട കാര്യങ്ങൾ പറയാം….ജാനിമ്മയൊരു ഹൗസ്സ്വൈഫ് അല്ലകേട്ടോ…പുള്ളിക്കാരിയും ട്യൂഷൻ പഠിപ്പിക്കാൻ എന്‍റെ അമ്മക്കൊപ്പമുണ്ട്.
ഞങ്ങളുടെ അച്ഛന്മാര്‍ ബാല്യകാലം മുതലുള്ള കൂട്ടാണ് അവരെപ്പോലെ അവർ മാത്രമെന്ന് പറയേണ്ടി വരും..രണ്ടുപേരും അവരുടെ മറുപാതികളെയും കൊണ്ട് നാട് വിട്ടതാണ്..അവിടെ എന്തോ വലിയ പ്രശ്നമൊക്കെ നടന്നതായി അറിയാം ..അതിനെക്കുറിച്ച് അധികമൊന്നും അറിയില്ലെങ്കിലും ചിലതൊക്കെ അമ്മയും ജാനിയമ്മയും പറഞ്ഞ് കേട്ടിട്ടുണ്ട്..പക്ഷെ പറഞ്ഞതൊക്കെ വ്യക്തായി പറഞ്ഞിട്ടുമില്ല …നാടിനെയും ബന്ധുക്കളെയും പറ്റി ചോദിക്കുമ്പോഴെല്ലാം അവരുടെ മുഖത്ത് ഒരുതരം ഭയവും വിഷമവും നിറഞ്ഞ ഭാവമായിരുന്നു അത് അറിയുന്നത് കൊണ്ട് കൂടുതലൊന്നും ഞാനോ ശ്രീയോ പിന്നീട് ചോദിക്കാൻ പോയിട്ടില്ല..ഇപ്പൊ ഞങ്ങൾ എല്ലാരും സന്തുഷ്ടരാണ് വെറുതെ എന്തിന് ആവശ്യമില്ലാത്ത കാര്യം എടുത്തിട്ട് അതില്ലാതാക്കണം…
.
.
.
.
.
.
****
വാട്ട്സാപ്പിലെ മെസേജുകളുടെ കൂട്ടത്തിൽ..ഒപ്പം പഠിക്കുന്ന അനുവിന്‍റെ മെസ്സേജുകൾ രണ്ടുമൂന്നെണ്ണം കൂടെയുണ്ടായിരുന്നു.. ക്ലാസ്സിലെ സാമാന്യം കാണാൻ കൊള്ളാവുന്നൊരു പെങ്കൊച്ചാണ്..ശ്രീയ്ക്ക് ആണേൽ അവളെ കണ്ണെടുത്താൽ കണ്ടൂടാ..അനുവെന്‍റെ പിറകെയാണെന്നാണ് ശ്രീയുടെ കണ്ടുപിടിത്തം..അതിന്‍റെ പേരിൽ അവളോട് അടിയിടാൻ വരെ ശ്രീ പോയിട്ടുണ്ട് അവസാനം ശ്രീയെ അന്ന് ആ സ്പോട്ടിൽ ഞാൻ ചെന്ന് പൊക്കിയോണ്ട് അവള്‍ അനുവിനെ കൊന്നില്ലന്നെ ഉള്ളു..
ഇപ്പോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായെ..അപ്പോഴീ പിശാശിനു നേരത്തെ തന്നെ പ്രണയം അസ്ഥിക്ക്പിടിച്ചിരുന്നിരിക്കണം ന്നിട്ടവള്‍ ഇതുവരെ എന്നോട് പറഞ്ഞതുമില്ല എനിക്കാണേല്‍ അതൊട്ടു മനസ്സിലാക്കാന്‍ പറ്റിയതുമില്ല,,,പൊട്ടന്‍!!!
ആ മെസ്സേജുകളാണ് എന്നെയാ കാര്യം ഓർമ്മിപ്പിച്ചത്
“ശ്രീ…” മടിയിൽ കിടന്ന് കൊണ്ട് ഫോൺ ലോക്കാക്കി എന്‍റെ നെഞ്ചിൽ വെച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ഞാൻ വിളിച്ചു
“ഹ്മ്..?”എന്റെ മുടിയിഴകളിലൂടെ തഴുകിക്കൊണ്ട് അവളെന്നെ നോക്കി മൂളി
“അതേടി…നീ പണ്ട് നമ്മടെ കൂടെ പഠിക്കണ അനൂവായി അടിയിട്ടത് ഓർമ്മയുണ്ടോ..?”ഞാൻ ചോദിച്ചു
“അവൾടെയൊക്കെ കാര്യമിപ്പോഴെന്തിനാ പറേണേ..വൃത്തികെട്ടവൾ…”ആ പേരു കെട്ടപ്പോഴേ അവള്ക്ക് കലികയറിതുടങ്ങി
” ആദ്യം ഞാൻ പറയണ മുഴുവൻ കേൾക്കടി പെണ്ണേ…എന്നിട്ട് ബാക്കി തെറി വിളിച്ചോ..”
അവളൊന്നു നിർത്തി ബാക്കി കേൾക്കാനായി എന്നെ നോക്കി
“അന്ന് നീ അവളോട് അടിയിട്ടത് ഓർമയുണ്ടോ ഇല്ലയൊന്ന് പറ.” ഞാൻ ചോദിച്ചു
“ആ ഓർമ്മകാണും…” അവൾ അലസതയോടെ പറഞ്ഞു എനിക്കത് കണ്ടപ്പോ ചിരി വന്നു
“ഹാ എങ്കിലേ എനിക്ക് നല്ല ഓർമെണ്ട്..ഞാൻ വന്നില്ലാർന്നെ നീ അവളെ കൊന്നേനെ..എന്തായിരുന്നു പെണ്ണേ നീ അവിടെ കാണിച്ചുകൂട്ടിയെ..ഓർക്കുമ്പോ തന്നെ ചിരിയാ വരണേ..”ഞാനത് പറഞ്ഞ് അവളുടെ മടിയിൽ കിടന്ന് ചിരിച്ചു
“ദേ ചെറുക്കാ..വെറുതെ കിടന്ന കിണിക്കല്ലേ എനിക്ക് ദേഷ്യം വരുട്ടോ..”അവളെന്നെനോക്കി ചൂണ്ടുവിരൽ നീട്ടികൊണ്ട് പറഞ്ഞു
അതൂടെ കണ്ടപ്പോഴെനിക്ക് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയായി..പിന്നെ കിടന്ന് ചിരിച്ചപ്പോ അവളുടെ മടിയിൽ കിടന്ന എന്നെ തള്ളി മാറ്റി എണീറ്റ് പോകാൻ നോക്കി..ഇനിയും സീൻ വലിച്ചു നീട്ടിയാ പെണ്ണ് പിണങ്ങും..ഒന്നാത് അവൾക്ക് കണ്ടൂടാത്ത ഒരുത്തിയുടെ കാര്യം അത് പോരാഞ്ഞ് ഞാൻ അക്കാര്യം പറഞ്ഞ് ചിരിക്കേം കൂടെ ചെയ്താ കാര്യം ശുഭമായി കിട്ടും ആ റിസ്ക് എടുക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചയവളെ ഞാൻ മലർന്ന് കിടന്ന് കൊണ്ട് തന്നെ അരക്കെട്ടിൽ ചുറ്റിപിടിച്ച് അവിടെത്തന്നെ ഇരുത്തി
