ഞാൻ രണ്ടുപേരെയും മാറി മാറി നോക്കുന്ന കണ്ട് ശ്രീ ചോദ്യ ഭാവത്തിൽ എന്നെ നോക്കി
ഞാനതിന് മറുപടിയായി “ഇതെന്തോന്ന ഫോട്ടോകോപി എടുത്ത് വെച്ചേക്കുന്നോ..?”
“നീയിത് എത്രാമത്തെ തവണയ ഇത് പറയണെന്ന് വല്ല ഐഡിയയുമുണ്ടോ??” അതുപറഞ്ഞവൾ ചിരിച്ചു….ശെരിയാണ് ഞാൻ മിക്കപ്പോഴും പറയുന്ന കാര്യമാണത്..കാരണം നമ്മളീ സിനിമയിലൊക്കെയെ മാത്രം കണ്ടിട്ടുള്ള ഏർപ്പാടാണ് അച്ഛനും മോനുമൊക്കെ ഒരേപോലെ ഇരിക്കുന്നത് പക്ഷെ യാഥാർഥ്യത്തിൽ എത്രയൊക്കെ മുഖസാദൃശ്യം ഉണ്ടെന്ന് പറഞ്ഞാലും വെത്യാസങ്ങൾ ഒരുപാട് പറയാൻ ഉണ്ടാവും..പക്ഷെ ശ്രീയുടെയും ജനിയമ്മയുടെയും കാര്യമെടുത്താൽ അവർ രണ്ടുപേർക്കും ഭയങ്കര മുഖസാദൃശ്യമാണ്..അതെന്നെ ആശ്‌ചര്യപ്പെടുത്തിയിട്ടുണ്ട്
.
.
“നീ അങ്ങനെ അന്ധാളിക്കുവൊന്നും വേണ്ട രാജീവേട്ടനും നീ ഇപ്പോഴുള്ള അതേ രൂപമായിരുന്നു പണ്ട്…”അവളും ഞാനും സംസാരിക്കുന്നത് കേട്ടുകൊണ്ട് നിന്ന ജാനിയമ്മ അടുത്തൊരു മുറിയിലേക്ക് നടക്കും വഴിയത് പറഞ്ഞു.
ശെരിയാണ് അച്ഛന്‍റെ പഴയൊരു ഫോട്ടോ വീട്ടിലിരിപ്പുണ്ട് അച്ഛനും കൃഷ്ണൻ ചാച്ചനും..(ശ്രീയുടെ അച്ഛനെ ഞാൻ ചാച്ചാ എന്നാണ് വിളിക്കാറ് അച്ഛന്‍റെ സ്ഥാനം കൊടുക്കുന്നത് കൊണ്ട് തന്നെ ഞാൻ ചാച്ചാ എന്ന് വിളിക്കുന്നതാണ് പുള്ളിക്കാരനും ഇഷ്ടം)..ഒരുമിച്ച് നിക്കുന്നൊരു ഫോട്ടോ അതിൽ അച്ഛന് ഇപ്പോഴത്തെ എന്‍റെ അതേ മുഖച്ഛായ ആണെന്നാണ് എല്ലാരും പറയുന്നത് ..
അപ്പോഴേക്കും ചാച്ചന്‍റെ കാർ ഗേറ്റ് കടന്ന് വന്നിരുന്നു…
ഞാനും ശ്രീയും പുറത്തേക്കിറങ്ങി
“അഭിയേ…രാജീവ് വിളിച്ചിരുന്നു അവർ നാളെയെ അവിടുന്നു പുറപ്പെടുള്ളുന്ന്..നിന്റെ ഫോൺ എവിടെ വിളിച്ചിട്ട് കിട്ടീലെന്നോ മറ്റോ പറഞ്ഞല്ലോ..” കാറിൽ നിന്നുമിറങ്ങി വീട്ടിലേക്ക് കയറുന്നതിനടയിൽ ചാച്ചൻ എന്നോടായി ചോദിച്ചു..
“ഇല്ല ചാച്ചാ കാൾ ഒന്നും വന്നില്ലലോ..”ഞാൻ മറുപടി പറഞ്ഞു
“ഹ്മ്.. കാള്‍ കണക്ട് ആയി കാണില്ല…”ചാച്ചൻ
“അല്ല ചാച്ചാ അവരെന്താ തിരികെയുള്ള വരവ് നാളെത്തേക്ക് മാറ്റിയതെന്ന് പറഞ്ഞാര്ന്നോ??..”ഞാൻ തിരക്കി
“വ്യക്തമായി ഒന്നും പറഞ്ഞില്ലട..ചിലപ്പോ ദൂരം കൂടുതലയോണ്ട് നാളെ പകല്‍ എത്തുന്ന പോലെ ഇറങ്ങാന്‍ ആയിരിക്കും” ചാച്ചന്‍ പറഞ്ഞു
“അതേ..അവൻ മാത്രല്ല ഇവിടെ വേറൊരാളും കൂടെ നിപ്പുണ്ട് ട്ടോ..”തന്‍റെ അച്ഛൻ തന്നോടൊന്നും മിണ്ടാതെ എന്നോട് സംസാരിച്ച് നിക്കുന്നത് കണ്ട ശ്രീ ഒരു പിണക്കത്തോടെ പറഞ്ഞു
“അയ്യോ..എന്‍റെ പൊന്നുമോള് ഇവിടെ നിപ്പുണ്ടാർന്നോ ഞാൻ കണ്ടില്ലലോ..”തമാശ രൂപേണ ചാച്ചൻ അവളെ ചേർത്ത് നിർത്തി അവളുടെ താടിയിൽ പിടിച്ചാട്ടികൊണ്ട് പറഞ്ഞു
“ഹും..വേണ്ട വേണ്ട കൊഞ്ചിക്കാൻ വരണ്ട..സ്വന്തം മോള് നിന്നിട്ട് ശ്രദ്ധിക്കുന്നുപോലുമില്ല ..വന്നിറങ്ങിയപ്പോഴേ അവനോട് തന്നെ..പോ…”അവൾ ചാച്ചനെ തള്ളി മാറ്റാൻ നോക്കികൊണ്ട് പറഞ്ഞു
അവൾ നിന്ന് കുതറുന്നത് കണ്ടപ്പോ ചാച്ചൻ ഉടനെ അവളെ ഇക്കിളിയിടാൻ തുടങ്ങി
“അച്ഛാ…വേണ്ട പ്ലീ…സ് മതി മതി അയ്യോ..ഹഹഹ…”അവൾ കുതറിയോടി
“എന്‍റെ സ്വന്തം മകനല്ലേലും നിന്നെപോലെതന്നേയ അവനുമെനിക്ക് !!!…അവന് കുറച്ചധികം സ്നേഹം കൊടുത്താലും കുഴപ്പവൊന്നുമില്ല കേട്ടോടി കുശുമ്പിപ്പാറു..”ചാച്ചൻ എന്നെ ചേർത്ത് പിടിച്ചു പറഞ്ഞപ്പോ എന്‍റെ ഉള്ളിലൊരു സന്തോഷമായിരുന്നു..പക്ഷെ അത് മാറികിട്ടാന്‍ അധികം സമയം വേണ്ടിവന്നില്ല…എന്നെ ഇങ്ങനെ കാണുന്ന ചാച്ചന്‍ എനിക്കൊരു മകന്‍റെ സ്ഥാനമല്ലേ തരുന്നത് ?..അപ്പൊ ശ്രീയെ സ്നേഹിക്കുന്നുണ്ടെന്ന് ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കും? ആകെയൊരു ആശയകുഴപ്പത്തിലായി ഞാന്‍ പിന്നെ കൂടുതല്‍ ആലോചിച്ച് ടെന്‍ഷന്‍ കയറ്റിയില്ല…വരുന്നിടത്ത് വെച്ച് കാണാം അത്രന്നെ അതല്ലേ നല്ലത്…
“അമ്മയെന്ത്യേ മോളെ ഒരുങ്ങി നിക്കുവാണോ അതോ ഞാൻ വരാനും കാത്ത് നിന്നേതോ..?”ചാച്ചൻ ശ്രീയോട് ചോദിച്ചു
“ഞാൻ ഒരുങ്ങി നിക്കാണ് മനുഷ്യാ..അല്ലേൽ പിന്നെ നിങ്ങളിവിടെ കിടന്ന് ബഹളം കൂട്ടൂലെ …”ജാനിയമ്മ പുറത്തേക്ക് ഇറങ്ങി വന്ന് പറഞ്ഞു
