“രണ്ടര വർഷമായിട്ട് ഇല്ലാത്ത രണ്ട് കോടി നീ തരുമെന്ന് ഞാൻ വിശ്വസിക്കണമെന്ന് ….”
ആയമെടുക്കാൻ ഒരകലം കണക്കാക്കി അവൾ പിന്നോട്ടടി വെച്ചു.
“രണ്ടര വർഷത്തിന്റെ കൂടെ ഒരാറു മാസം കൂടി … ”
” ഒരു നിമിഷം കൂടി സാദ്ധ്യമല്ല….”
അവൾ തീർത്തു പറഞ്ഞു …
” അപ്പോൾ നീ കാശ് വാങ്ങിയേ പിൻവാങ്ങൂ….?”
രാജീവ് ഒന്നുകൂടി അവളിലേക്കടുത്തു.
ഡൈനിംഗ് ടേബിളിൽ ചാരി അഭിരാമി നിന്നു …
“ഇനി എന്റെ പണം കൊണ്ട് നീ സുഖിക്കില്ല ….”
“നീയും ….” ക്രൗര്യം നിറഞ്ഞ മുഖത്തോടെ രാജീവ് ഗ്ലാസ്സ് ഒന്നുകൂടി ഉറപ്പിച്ചു…
” കൊല്ലും ഞാൻ … ” രാജീവിന്റെ അടുത്ത വാക്കുകൾ പല്ലുകൾക്കിടയിലൂടെയാണ് പുറത്തു വന്നത് …
അയാളുടെ കണ്ണുകളിൽ പക കത്തിജ്വലിക്കുന്നതവൾ കണ്ടു..
രാജീവ് അടുത്ത ചുവട് മുന്നോട്ടു വെച്ചതും അഭിരാമി പിന്നിൽ പിണച്ചുകെട്ടിയിരുന്ന കൈകൾ അഴിച്ചു .
അയാളുടെ മുഖത്തു നോക്കിക്കൊണ്ടു തന്നെ അവളടുത്ത നിമിഷം വലം കൈ പിന്നിൽ നിന്നും മിന്നൽ പോലെ വലിച്ചെടുത്ത് , അയാളുടെ നേരെ വീശി ..
“ആ… ഹ് … ”
ഇടം കൈ മുട്ടിനു മുകളിൽ , വലം കൈ കൊണ്ട് പൊത്തിപ്പിടിച്ച് രാജീവ് കുനിഞ്ഞു പോയി ..
” അതിനു മുൻപേ നിന്നെ ഞാൻ കൊല്ലും…”
ബാധ കയറിയതു പോലെ തുള്ളി വിറച്ചവൾ പറഞ്ഞു.
അവളുടെ പെട്ടെന്നുള്ള ആക്രമണത്തിൽ രാജീവ് പതറിപ്പോയിരുന്നു ..
ഷർട്ടു കീറിയ ഭാഗത്തു നിന്നും രക്തം പനച്ചു തുടങ്ങി … പൊത്തിപ്പിടിച്ച അയാളുടെ കൈപ്പത്തിയിലേക്ക് രക്തം പരന്നു തുടങ്ങി.
” ടീ … നീ … ”
വിശ്വാസം വരാത്തതു പോലെ രാജീവ് അവളെ നോക്കി.
” അതേടാ നായേ…. ഞാൻ തന്നെ ….”
അവൻ തിരിച്ചാക്രമിക്കും എന്നൊരു ഭയം ഉള്ളിലുള്ളതിനാൽ അവൾ കസേര, കാലു കൊണ്ട് ഇരുവരുടെയും ഇടയിലേക്ക് നിരക്കിയിട്ടു ..
“നിന്നെ അത്രത്തോളം വിശ്വസിച്ചവളാ ഞാൻ , ഇനിയും നിന്നെ …..”
രാജീവിന്റെ വിരലുകളിൽ നിന്ന് രക്തം താഴേക്കു വീണു തുടങ്ങി ..
വെളുത്ത ടൈൽസിനു മുകളിൽ മഞ്ചാടിക്കുരു ചിതറിയ പോലെ രക്തത്തുള്ളികൾ കിടന്നു ..
“മോളേ ……” അടുത്ത നിമിഷം ഒരലർച്ചയോടൊപ്പം പാത്രങ്ങൾ നിലത്തേക്ക് വീഴുന്ന ശബ്ദവും കേട്ടു …
ട്രേയും ചായക്കപ്പുകളും വീണു ചിതറിയ തറയ്ക്കപ്പുറം , അമ്മിണിയമ്മയുടെ കാലുകൾ കുനിഞ്ഞു നിന്ന രാജീവ് കണ്ടു ..
ആ ഒരു നിമിഷം മതിയായിരുന്നു അയാൾക്ക് ….
വലം കൈ കൊണ്ട് , മുന്നിൽക്കിടന്ന കസേര വലിച്ചെറിഞ്ഞ് , ഞെട്ടിത്തിരിഞ്ഞ അഭിരാമിയുടെ കഴുത്തിലേക്ക് രാജീവ് ഇടം കൈ ചുറ്റി .
കസേര ചുവരിലിടിച്ചു വീണ ശബ്ദത്തിൽ തിരിഞ്ഞപ്പോഴേക്കും അഭിരാമിയുടെ വലം കൈയിലെ കഠാര രാജീവിന്റെ കൈയ്യിലായിരുന്നു ..
“സാറേ വേണ്ട ….”
അമ്മിണിയമ്മ അവർക്കരുകിലേക്ക് ഓടി വന്നു …
“തള്ളേ … മാറിക്കോ മുന്നീന്ന് … ”
വന്ന വഴിയിൽ അമ്മിണിയമ്മ സ്തബ്ധയായി …
” എനിക്കു നേരെ കത്തിയോങ്ങാൻ നീ വളർന്നോടീ , നായിന്റെ മോളേ …..”
അവളുടെ കഴുത്തിൽ പിടയ്ക്കുന്ന ഞരമ്പിനു മുകളിലേക്ക് കഠാരമുന ചേർത്ത് രാജീവൻ ഗർജ്ജിച്ചു ..
” എന്നാ കൊല്ലടാ പട്ടീ നീ….”
ശ്വാസം കിട്ടാതെ പിടയുന്നതിനിടയിലും അഭിരാമി ചീറി…
” കൊല്ലുമെടീ….”
രാജീവൻ അവളുടെ തൊണ്ടക്കുഴിയിലേക്ക് കഠാര ഒന്നമർത്തി ..
കഴുത്തെല്ലിന്റെ ഭാഗത്ത് തന്റെ ചർമ്മം വിരിഞ്ഞത് അവളറിഞ്ഞു …
അനങ്ങിയാൽ അടുത്ത നിമിഷം തന്റെ കഴുത്തു കണ്ടിച്ചു പോകുമെന്ന വിഹ്വലതയോടെ അവൾ ശ്വാസമടക്കി നിന്നു …
” ഇതവസാന ചാൻസാ നിനക്ക് ….”
ഒന്നുകൂടി അവളുടെ കഴുത്തിൽ കൈ മുറുക്കിക്കൊണ്ട് രാജീവൻ മുരണ്ടു..
“പത്തേ പത്തു ദിവസം …. കൊടുത്ത കേസും പരാതിയും പിൻവലിച്ചിട്ട് വന്നാൽ നിനക്ക് കിട്ടുന്നത് ജീവൻ … മൂക്കോളം മുങ്ങിയവനാ ഞാൻ , കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും….”
പറഞ്ഞിട്ട് , അവളുടെ കഴുത്തിൽ നിന്നും രാജീവൻ കഠാര മാറ്റി. ചോരയൊലിക്കുന്ന ഇടം കൈ കൊണ്ട് അവളെ നിലത്തേക്ക് തള്ളിയിട്ട് , അയാൾ മുഖത്തിരുന്ന കണ്ണട ഉറപ്പിച്ചു..
അമ്മിണിയമ്മയുടെ കാൽച്ചുവട്ടിലേക്ക് അഭിരാമി തല്ലിയലച്ചു വീണു ..
“പത്തേ പത്തു ദിവസം …. പതിനൊന്നാം ദിവസം അമ്മേം മോനേം കൂട്ടിയിട്ട് പച്ചയ്ക്ക് കത്തിക്കാനിട വരുത്തരുത് … ”
