ചോദ്യ ഭാവത്തിൽ അവളെ നോക്കി പണവും വാങ്ങി, അമ്മിണിയമ്മ പുറത്തേക്ക് പോയി …
അഞ്ചു മിനിറ്റിനകം അവരോടൊപ്പം വിനയചന്ദ്രനും കയറി വന്നു..
നരച്ച ജീൻസും കറുത്ത ഷർട്ടും ധരിച്ച് താടിയും മുടിയും അലങ്കോലമായിക്കിടക്കുന്ന മെലിഞ്ഞ രൂപത്തെക്കണ്ട് അവളൊന്നു വല്ലാതെയായി ….
“വിനയേട്ടൻ … ” അവളുടെ ഹൃദയം പതിയെ മന്ത്രിച്ചു …
വളരെ സാവകാശം അയാൾ ഹാളിലേക്ക് കയറി വന്നു …
” ഞാൻ ചായയെടുക്കാം കുഞ്ഞേ ….”
“വേണ്ട … ഇച്ചിരി വെള്ളവും ഗ്ലാസ്സും ഇങ്ങെടുത്താൽ മതി … ”
പറഞ്ഞിട്ട് വിനയചന്ദ്രൻ ടീപ്പോയ്ക്കടുത്തു കിടന്ന ചൂരൽക്കസേരയിലേക്ക് ചാഞ്ഞു.
മുൻവശത്തെ വാതിലടച്ചു കുറ്റിയിട്ട ശേഷം അവൾ അയാൾക്കരുകിലേക്ക് വന്നു …
“നീയിരിക്ക് ….” വിനയചന്ദ്രൻ പറഞ്ഞു. അയാളുടെ നോട്ടം അടുക്കള വാതിലിനു നേർക്കായിരുന്നു …
അയാളുടെ ഇടതു വശത്തേക്ക് ഒരു കസേര വലിച്ചിട്ട് അഭിരാമി ഇരുന്നു..
” എന്നതാ കാര്യം ….?” അയാൾ അക്ഷമനായി …
” പറയാം … ”
അമ്മിണിയമ്മ ട്രേയിൽ ഒരു ഗ്ലാസ്സും തണുത്ത വെള്ളവുമായി വന്നു.
ചില്ലു കോപ്പയിൽ നാരങ്ങാ അച്ചാറും എരിവുള്ള മിച്ചറും എടുത്ത് അവർ ടീപ്പോയിലേക്ക് വെച്ചു.
ഉപദംശകങ്ങൾ എത്തിയ നിമിഷം തന്നെ അയാൾ തന്റെ അരയിൽ തിരുകി വെച്ചിരുന്ന ഒരു അര ലിറ്ററിന്റെ ബ്രാണ്ടിക്കുപ്പിയെടുത്തു.
“നീയിത് കാര്യമാക്കണ്ട ..”
വിറയ്ക്കുന്ന കൈകളോടെ കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർത്തുന്നതിനിടയിൽ അയാൾ പറഞ്ഞു.
“രാവിലെ തുടങ്ങിയിട്ടുണ്ടല്ലോ… നല്ല മണം ….”
അവൾ മൂക്കു ചുളിച്ചു..
” ഇന്നലത്തേതിന്റെയാ ….”
മുക്കാൽ ഗ്ലാസ്സ് ബ്രാണ്ടിക്കു മുകളിലേക്ക് അയാൾ പതിയെ വെള്ളം ചെരിച്ചു …
“നീ വിളിച്ചപ്പോൾ ഞാൻ തൃശ്ശൂർ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.. പിന്നെ അവിടെ നിന്നൊരെണ്ണം വാങ്ങി ഓട്ടോ പിടിച്ചിങ്ങ് പോന്നു… ” കുടി കൂടുതലാ ല്ലേ …?”
” ഇനി എന്നാ നോക്കാനാടീ … ”
അയാൾ വിറയ്ക്കുന്ന ഇരു കൈകളും കൂട്ടിച്ചേർത്തു പിടിച്ച് ഗ്ലാസ് എടുത്തു …
ഒരു ശബ്ദത്തോടെ അയാളതു കുടിച്ചിറക്കുന്നത് അവൾ നോക്കിയിരുന്നു …
ഒരു പിടി മിക്ചർ വാരി വായിലിട്ടു കൊണ്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു ..
“ഇനി നീ കാര്യം പറ…. ”
” രാജീവ് ഇവിടെ വന്നിരുന്നു….”
“ങാ … എന്നിട്ട് ….?”
അഭിരാമി ഉണ്ടായ സംഭവം വിശദീകരിച്ചു.
” എന്താ നിന്റെ തീരുമാനം..?”
വിനയചന്ദ്രൻ മദ്യം ഗ്ലാസ്സിലേക്ക് ഒന്നു കൂടി ചെരിഞ്ഞു .. ഇത്തവണ അയാൾക്ക് വിറയൽ ഇല്ലായിരുന്നു..
“കേസുമായിട്ട് മുന്നോട്ട് പോകണം … ”
” പോകണം ..” വിനയചന്ദ്രൻ പ്രതിവചിച്ചു.
” അല്ലാതെ ഇത് തീരില്ല വിനയേട്ടാ …”
“അവനടങ്ങിയിരിക്കുമോ …?”
“ഇല്ലാന്നറിയാം ….”
“നീ എന്ത് ചെയ്യും ….?”
” നേരിടാതെ പറ്റില്ലല്ലോ ….”
“അഭീ … ഇത് കൈ വിട്ട കളിയാണ് … നീ ഇത് പറയാനാണ് എന്നെ വിളിച്ചതെന്നും എനിക്കറിയാമായിരുന്നു … ”
അയാൾ ഒഴിച്ചു വെച്ചിരുന്ന മദ്യം വീണ്ടും അകത്താക്കി.
നാരങ്ങാ അച്ചാർ തോണ്ടി നാക്കിലേക്ക് തേച്ചു കൊണ്ട് വീണ്ടും കസേരയിലേക്ക് ചാഞ്ഞു.
” അല്ലാതെ എനിക്കിതൊക്കെ പറയാൻ ആരാ ഉള്ളത് …?”
നിസ്സഹായത അവളുടെ വാക്കുകളിൽ നിഴലിച്ചത് വിനയചന്ദ്രനറിഞ്ഞു …
“നല്ല അച്ചാർ .. നീ ഇച്ചിരി കഞ്ഞി ഉണ്ടാക്കാൻ പറ അമ്മിണിയമ്മയോട് ….”
സന്ദർഭോചിതമല്ലാത്ത സംസാരം കേട്ട് അവളൊന്ന് അമ്പരന്നുവെങ്കിലും ആലോചനയോട് എഴുന്നേറ്റ് അവൾ അടുക്കളയിലേക്ക് പോയി ..
അവൾ തിരിച്ചു വരുമ്പോൾ അയാൾ കണ്ണുകളടച്ച് ചാരിക്കിടക്കുകയായിരുന്നു …
” അത് തന്നെയാണ് സത്യം … ഞാൻ മാത്രമേ ഉള്ളൂ …. എനിക്കാണെങ്കിൽ ലിവറും ചങ്കുമൊന്നും ഇല്ലതാനും..”
അവൾ ഒന്നും മിണ്ടാതെ കസേരയിലിരുന്നു …
” കാര്യം നിന്നെ ഈ കോലത്തിലാക്കിയ അവനോട് എനിക്ക് തീർത്താൽ തീരാത്ത പകയുണ്ട് എന്നത് സത്യം തന്നെയാ ….”
വിനയചന്ദ്രൻ ബാക്കി പറയാതെ തന്നെ അയാളുടെ നിസ്സഹായാവസ്ഥ അവൾ തിരിച്ചറിഞ്ഞു …
” അവൻ രണ്ടാമതും നിന്റെയടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞതായിരുന്നുവല്ലോ….”
അഭിരാമി നിശബ്ദം കേട്ടിരുന്നു …
