അർത്ഥം അഭിരാമം – 1അടിപൊളി  

വിനയചന്ദ്രൻ എഴുന്നേറ്റപ്പോൾ മൂന്നുമണി കഴിഞ്ഞിരുന്നു .. അഭിരാമി റെഡിയായി നിൽക്കുകയായിരുന്നു.

മുഖം കഴുകി വിനയചന്ദ്രനും റെഡിയായി.

അഭിരാമിയാണ് കാർ ഓടിച്ചത്… തൃശ്ശൂരുള്ള അഡ്വക്കറ്റ് രാജശേഖരന്റെ ഓഫീസിൽ ഇരുവരും എത്തുമ്പോൾ നാലുമണി കഴിഞ്ഞിരുന്നു.

വക്കീൽ എത്തിയിരുന്നില്ല. ഓഫീസിനോട് ചേർന്നുള്ള പ്രൈവറ്റ് റൂമിലേക്ക് ഗുമസ്തൻ അവരെ ഇരുത്തി.

പത്തു മിനിറ്റിനകം വക്കീൽ എത്തി.

“കാത്തിരുന്നു മുഷിഞ്ഞോ ?”

വന്നപാടെ വക്കീലിന്റെ ചോദ്യം അതായിരുന്നു …

” അധിക നേരമായിട്ടില്ല ..” അഭിരാമിയാണ് മറുപടി പറഞ്ഞത്.

വിനയചന്ദ്രൻ അയാളെ നോക്കി …

കഷണ്ടി കയറിയ തലയിൽ ഉള്ള മുടികൾ ഏകദേശം നരച്ചിരുന്നു .. മീശയും താടിയും നരച്ചിട്ടുണ്ട് … കുറുകിയ കഴുത്തും കുടവയറുമുള്ള വലിയ പൊക്കമില്ലാത്ത ഒരാൾ …

“കേസ് ഫയൽ ചെയ്തിട്ടുണ്ട് … ഒരു സമൻസ് കക്ഷിക്കു കിട്ടിക്കാണും … ” വക്കീൽ പറഞ്ഞു. അതു തന്നെയായിരിക്കാം രാജീവ് വന്നതിന്റെ കാര്യമെന്ന് അഭിരാമിക്ക് മനസ്സിലായി.

” ഇതാരാ …?” വക്കീൽ വിനയചന്ദ്രനെ നോക്കി…

“കസിനാ … ” അഭിരാമി മറുപടി പറഞ്ഞു …

വക്കീൽ പിന്നെയും സംശയത്തോടെ നോക്കിയപ്പോൾ അവൾ കൂട്ടിച്ചേർത്തു.

“നാങ്കുളത്തമ്പലത്തിനടുത്ത് ഉള്ള ….”

” ഓ … അദ്ധ്യാപകൻ ….” വക്കീൽ ഓർമ്മ വന്നതു പോലെ പറഞ്ഞു

” ആയിരുന്നു … ഇപ്പോഴല്ല … ” വിനയചന്ദ്രൻ പറഞ്ഞു.

“കാര്യങ്ങളറിയാം … ” വക്കീൽ ആ സംസാരം അവിടെ നിർത്തി.

” എന്താ അഭിരാമി പ്രത്യേകിച്ച് … ?”

വിനയചന്ദ്രനെ ഒന്ന് നോക്കിയ ശേഷം അഭിരാമി രാജീവ് വന്ന കാര്യങ്ങൾ അയാളോട് വിശദീകരിച്ചു.

“നിങ്ങളെന്ത് വിഡ്ഢിത്തമാണ് കാണിച്ചത് ….?” വക്കീൽ ദേഷ്യപ്പെട്ടു.

“ഭവനഭേദനമല്ലേ … കുറഞ്ഞത് മൂന്നു മാസം അയാളെ അകത്തിടാമായിരുന്നല്ലോ …?”

“അയാളകത്തു കിടക്കുന്നതല്ല, എന്റെ പ്രശ്നം സാർ … എനിക്ക് നഷ്ടപ്പെട്ട പണമാണ് വേണ്ടത് … ”

” അതൊക്കെ കോടതി വിധി വന്നിട്ടല്ലേ നടക്കൂ അഭിരാമീ…”

” എന്റെ പണം കൊണ്ട് അവൻ മേടിച്ചിട്ട വസ്തുവകകളും ബിൽഡിംഗ്സും എല്ലാം തന്നെ എനിക്ക് തിരികെ വേണം … ”

” നമുക്ക് ശരിയാക്കാം .. ന്യായം നമ്മുടെ പക്ഷത്തല്ലേ …. ” വക്കീൽ പതിയെ കസേരയിലേക്ക് ചാഞ്ഞു.

“നമുക്കിറങ്ങാം … ” വിനയചന്ദ്രൻ എഴുന്നേൽക്കാനാഞ്ഞു. അഭിരാമി സംശയത്തോടെ അയാളെ നോക്കി …

വന്ന കാര്യം സംസാരിച്ചില്ലല്ലോ എന്നൊരു ധ്വനി അവളുടെ നോട്ടത്തിലുണ്ടായിരുന്നു.

” ഞങ്ങൾ വന്നത് മറ്റൊരു കാര്യം പറയാനാണ് … ” വിനയചന്ദ്രൻ പറഞ്ഞു തുടങ്ങി ..

കൈ മുട്ടുകൾ ടേബിളിലൂന്നി വക്കീൽ മുന്നോട്ടാഞ്ഞു …

” അഭിയുടെ അച്ഛന്റെയും അമ്മയുടെ മരണാനന്തര കാര്യങ്ങൾക്കായി ഒരു യാത്രയിലാകും ഞങ്ങൾ … അതൊന്ന് പറയാനാണ് വന്നത് … “

വിനയചന്ദ്രൻ പറഞ്ഞു.

അഭിരാമി ഒരു നിമിഷം ഞെട്ടി.. വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല ..

” ഇന്നോ നാളെയോ അജയ് എത്തും… അവനെയും കൂട്ടി പോകാനാണ് തീരുമാനം … ”

” അതിനെന്താ …? രണ്ടു മൂന്നു സിറ്റിംഗ് കഴിഞ്ഞിട്ടു നിങ്ങളെ പ്രസന്റ് ചെയ്യുന്നുള്ളൂ എന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. നിങ്ങൾ ധൈര്യമായി പോയി വാ…”

വക്കീൽ ചെറിയ ചിരിയോടെ പറഞ്ഞു …

” എന്നാൽ ഞങ്ങളിറങ്ങട്ടെ …?”

” മൂന്നു പേരും കൂടിയാണോ യാത്ര …?”

“എനിക്കതിനു എവിടെയാ സമയം സാറേ …” ചിരിയോടെ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ എഴുന്നേറ്റു .

ഓഫീസിൽ നിന്ന് ഇറങ്ങി കാറിലേക്കു കയറുമ്പോൾ വിനയചന്ദ്രൻ നിശബ്ദനായിരുന്നു.

“വിനയേട്ടനെന്താ വക്കീലിനോട് അങ്ങനെ പറഞ്ഞത് …?”

” നിനക്കു തിരക്കുണ്ടോ …?”

“ഇല്ല … ”

” എന്നാൽ മൈതാനത്തേക്ക് വിട്…”

വടക്കുംനാഥന്റെ അങ്കണത്തിനു മുന്നിൽ , പാർക്കു ചെയ്യുന്ന ഭാഗത്ത് അഭിരാമി കാർ നിർത്തി.

കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ ഹെഡ്റെസ്റ്റിൽ തല ചായ്ച്ച് വിനയചന്ദ്രൻ ഇരുന്നു ..

കുറച്ചകലെയായി മറ്റൊരു കാറും വന്ന് നിൽക്കുന്നത് മിററിലൂടെ അവൾ കണ്ടു.

“വിനയേട്ടാ ….”

“ഉം … ” അയാൾ നിവർന്നു …

“മൈതാനമെത്തി … ”

” ഗ്ലാസ്സ് ഓപ്പണാക്ക് … ”

അവൾ വിൻഡോ ഗ്ലാസ് താഴ്ത്തി.

“വക്കീലിനോടെന്താ അങ്ങനെ പറഞ്ഞത് …?”

“അയാൾ നിയമം അനുസരിച്ച് മാത്രം ജീവിക്കുന്നവനാണ് … ”

അവൾക്ക് അത്ഭുതം തോന്നി …

” ഞാനുദ്ദേശിച്ച കാര്യം അയാളോട് പറഞ്ഞാൽ കേസിനേയും ബാധിക്കും … ”

” അതെന്താ ..?”

” വിചാരണയും വിസ്താരവും കഴിഞ്ഞ് എന്ന് വിധി വരാനാണ് ….? നിനക്ക് നഷ്ടപ്പെട്ടത് പെട്ടെന്ന് തിരിച്ചു കിട്ടണമെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം … ”

” എനിക്കൊന്നും മനസ്സിലാകുന്നില്ല … ”

” നീ ഒന്ന് പുറത്തിറങ്ങി നടന്നിട്ടു വാ….ഞാൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ … ”

അയാളെ ഒന്നു നോക്കിയ ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ..

വിനയചന്ദ്രൻ വീണ്ടും സീറ്റിലേക്ക് ചാരി.

അയാൾ മനക്കണ്ണിൽ പല കൂട്ടലുകളും കിഴിക്കലും നടത്തുകയായിരുന്നു ..

വടക്കുംനാഥന്റെ നെയ്മണമുള്ള കാറ്റ് അഭിരാമിയെ തഴുകിപ്പോയി .. കുറച്ചകലെക്കൂടി ക്ഷേത്ര ദർശനത്തിനായി ആളുകൾ പോകുന്നത് അവൾ കണ്ടു.

തന്റെ കോളേജ് പഠനകാലം അവൾക്ക് ഓർമ്മ വന്നു ….

രാജീവുമൊത്ത് പല തവണ ഇവിടെ വന്നിരുന്നിട്ടുള്ള കാര്യവും അവളോർത്തു.

ആ സമയം അവളുടെ ഫോൺ ബെല്ലടിച്ചു. അജയ് ആയിരുന്നു …

” അമ്മാ… ഞാൻ വരുന്നു … ”

” എപ്പോഴെത്തും…?”

” ഞാൻ മെസ്സേജ് ഇടാം ട്ടോ …”

അവൻ കോൾ കട്ടാക്കി. പരിസരത്തെ അനൗൺസ്മെന്റിന്റെ ശബ്ദത്തിൽ നിന്ന് അവൻ എയർപോർട്ടിലാണെന്ന് അവൾക്ക് മനസ്സിലായി ..

അജയ് ….!

തന്റെ മകൻ ….!

ഇപ്പോൾ അവൻ മാത്രമേ തനിക്ക് സ്വന്തമായുള്ളൂ എന്ന ഓർമ്മയിൽ അവളുടെ മിഴികൾ ഈറനണിഞ്ഞു.

ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങൾ കുമിഞ്ഞു തുടങ്ങിയപ്പോളാണ് അവനെ ബോർഡിംഗിലാക്കിയത് ….

വഴക്കും പോർവിളികളും കേട്ട് അവന്റെ ബാല്യം കുറച്ചങ്ങനെ പോയിരുന്നു.. രാജീവിന്റെ സ്വഭാവം ഏറെക്കുറേ അറിയാവുന്നതിനാൽ അജയ് ഒരിക്കലും അയാളുമായി നല്ല ബന്ധത്തിലായിരുന്നില്ല.

അഭിരാമിയോ മറ്റാരെങ്കിലുമോ പറഞ്ഞു കൊടുത്തതുകൊണ്ടല്ല അവൻ രാജീവിൽ നിന്നും അകന്നു നിന്നത്..

നല്ല ബോധവും വിവരവും ഉള്ള , ലോകവുമറിയുന്ന ഇരുപതുകാരനായിരുന്നു അജയ് ..

രണ്ടോ മൂന്നോ ആഴ്ച, അല്ലെങ്കിൽ ഒരു മാസം മാത്രമുള്ള അവധിക്കാലങ്ങളിൽ മാത്രം ആ അമ്മയും മകനും നേരിട്ടു കണ്ടു സ്നേഹം പങ്കുവെച്ചിരുന്നു. അല്ലാത്ത സമയങ്ങളിൽ ഫോണിൽക്കൂടി മാത്രം ആ ബന്‌ധം ഒതുങ്ങി.

വളരെയധികം സൗഹൃദങ്ങളുള്ള ആളായിരുന്നില്ല അഭിരാമി. കോളേജ് കാലത്തെ സൗഹൃദങ്ങളായിരുന്നു കൂടുതലും..

രാജീവിന്റെ നിർബന്ധപ്രകാരം കുറച്ചു കാലം ഒരു കിഡ്സ് സെന്റർ തുടങ്ങിയിരുന്നു .. അതും അവസാനം നഷ്ടത്തിലായി. ഓരോരോ സംരഭങ്ങൾ തുടങ്ങുമ്പോഴും അതിന്റെ പരിസമാപ്തി നഷ്ടത്തിലായിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *