അർത്ഥം അഭിരാമം – 1 7അടിപൊളി  

“കാര്യങ്ങളറിയാം … ” വക്കീൽ ആ സംസാരം അവിടെ നിർത്തി.

” എന്താ അഭിരാമി പ്രത്യേകിച്ച് … ?”

വിനയചന്ദ്രനെ ഒന്ന് നോക്കിയ ശേഷം അഭിരാമി രാജീവ് വന്ന കാര്യങ്ങൾ അയാളോട് വിശദീകരിച്ചു.

“നിങ്ങളെന്ത് വിഡ്ഢിത്തമാണ് കാണിച്ചത് ….?” വക്കീൽ ദേഷ്യപ്പെട്ടു.

“ഭവനഭേദനമല്ലേ … കുറഞ്ഞത് മൂന്നു മാസം അയാളെ അകത്തിടാമായിരുന്നല്ലോ …?”

“അയാളകത്തു കിടക്കുന്നതല്ല, എന്റെ പ്രശ്നം സാർ … എനിക്ക് നഷ്ടപ്പെട്ട പണമാണ് വേണ്ടത് … ”

” അതൊക്കെ കോടതി വിധി വന്നിട്ടല്ലേ നടക്കൂ അഭിരാമീ…”

” എന്റെ പണം കൊണ്ട് അവൻ മേടിച്ചിട്ട വസ്തുവകകളും ബിൽഡിംഗ്സും എല്ലാം തന്നെ എനിക്ക് തിരികെ വേണം … ”

” നമുക്ക് ശരിയാക്കാം .. ന്യായം നമ്മുടെ പക്ഷത്തല്ലേ …. ” വക്കീൽ പതിയെ കസേരയിലേക്ക് ചാഞ്ഞു.

“നമുക്കിറങ്ങാം … ” വിനയചന്ദ്രൻ എഴുന്നേൽക്കാനാഞ്ഞു. അഭിരാമി സംശയത്തോടെ അയാളെ നോക്കി …

വന്ന കാര്യം സംസാരിച്ചില്ലല്ലോ എന്നൊരു ധ്വനി അവളുടെ നോട്ടത്തിലുണ്ടായിരുന്നു.

” ഞങ്ങൾ വന്നത് മറ്റൊരു കാര്യം പറയാനാണ് … ” വിനയചന്ദ്രൻ പറഞ്ഞു തുടങ്ങി ..

കൈ മുട്ടുകൾ ടേബിളിലൂന്നി വക്കീൽ മുന്നോട്ടാഞ്ഞു …

” അഭിയുടെ അച്ഛന്റെയും അമ്മയുടെ മരണാനന്തര കാര്യങ്ങൾക്കായി ഒരു യാത്രയിലാകും ഞങ്ങൾ … അതൊന്ന് പറയാനാണ് വന്നത് … “

വിനയചന്ദ്രൻ പറഞ്ഞു.

അഭിരാമി ഒരു നിമിഷം ഞെട്ടി.. വിനയേട്ടൻ എന്താണ് പറഞ്ഞു വരുന്നതെന്ന് അവൾക്കു മനസ്സിലായില്ല ..

” ഇന്നോ നാളെയോ അജയ് എത്തും… അവനെയും കൂട്ടി പോകാനാണ് തീരുമാനം … ”

” അതിനെന്താ …? രണ്ടു മൂന്നു സിറ്റിംഗ് കഴിഞ്ഞിട്ടു നിങ്ങളെ പ്രസന്റ് ചെയ്യുന്നുള്ളൂ എന്നത് ഞാൻ തീരുമാനിച്ച കാര്യമാണ്. നിങ്ങൾ ധൈര്യമായി പോയി വാ…”

വക്കീൽ ചെറിയ ചിരിയോടെ പറഞ്ഞു …

” എന്നാൽ ഞങ്ങളിറങ്ങട്ടെ …?”

” മൂന്നു പേരും കൂടിയാണോ യാത്ര …?”

“എനിക്കതിനു എവിടെയാ സമയം സാറേ …” ചിരിയോടെ പറഞ്ഞു കൊണ്ട് വിനയചന്ദ്രൻ എഴുന്നേറ്റു .

ഓഫീസിൽ നിന്ന് ഇറങ്ങി കാറിലേക്കു കയറുമ്പോൾ വിനയചന്ദ്രൻ നിശബ്ദനായിരുന്നു.

“വിനയേട്ടനെന്താ വക്കീലിനോട് അങ്ങനെ പറഞ്ഞത് …?”

” നിനക്കു തിരക്കുണ്ടോ …?”

“ഇല്ല … ”

” എന്നാൽ മൈതാനത്തേക്ക് വിട്…”

വടക്കുംനാഥന്റെ അങ്കണത്തിനു മുന്നിൽ , പാർക്കു ചെയ്യുന്ന ഭാഗത്ത് അഭിരാമി കാർ നിർത്തി.

കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാതെ ഹെഡ്റെസ്റ്റിൽ തല ചായ്ച്ച് വിനയചന്ദ്രൻ ഇരുന്നു ..

കുറച്ചകലെയായി മറ്റൊരു കാറും വന്ന് നിൽക്കുന്നത് മിററിലൂടെ അവൾ കണ്ടു.

“വിനയേട്ടാ ….”

“ഉം … ” അയാൾ നിവർന്നു …

“മൈതാനമെത്തി … ”

” ഗ്ലാസ്സ് ഓപ്പണാക്ക് … ”

അവൾ വിൻഡോ ഗ്ലാസ് താഴ്ത്തി.

“വക്കീലിനോടെന്താ അങ്ങനെ പറഞ്ഞത് …?”

“അയാൾ നിയമം അനുസരിച്ച് മാത്രം ജീവിക്കുന്നവനാണ് … ”

അവൾക്ക് അത്ഭുതം തോന്നി …

” ഞാനുദ്ദേശിച്ച കാര്യം അയാളോട് പറഞ്ഞാൽ കേസിനേയും ബാധിക്കും … ”

” അതെന്താ ..?”

” വിചാരണയും വിസ്താരവും കഴിഞ്ഞ് എന്ന് വിധി വരാനാണ് ….? നിനക്ക് നഷ്ടപ്പെട്ടത് പെട്ടെന്ന് തിരിച്ചു കിട്ടണമെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം … ”

” എനിക്കൊന്നും മനസ്സിലാകുന്നില്ല … ”

” നീ ഒന്ന് പുറത്തിറങ്ങി നടന്നിട്ടു വാ….ഞാൻ കുറച്ചു നേരം തനിച്ചിരിക്കട്ടെ … ”

അയാളെ ഒന്നു നോക്കിയ ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി ..

വിനയചന്ദ്രൻ വീണ്ടും സീറ്റിലേക്ക് ചാരി.

അയാൾ മനക്കണ്ണിൽ പല കൂട്ടലുകളും കിഴിക്കലും നടത്തുകയായിരുന്നു ..

വടക്കുംനാഥന്റെ നെയ്മണമുള്ള കാറ്റ് അഭിരാമിയെ തഴുകിപ്പോയി .. കുറച്ചകലെക്കൂടി ക്ഷേത്ര ദർശനത്തിനായി ആളുകൾ പോകുന്നത് അവൾ കണ്ടു.

തന്റെ കോളേജ് പഠനകാലം അവൾക്ക് ഓർമ്മ വന്നു ….

രാജീവുമൊത്ത് പല തവണ ഇവിടെ വന്നിരുന്നിട്ടുള്ള കാര്യവും അവളോർത്തു.

ആ സമയം അവളുടെ ഫോൺ ബെല്ലടിച്ചു. അജയ് ആയിരുന്നു …

” അമ്മാ… ഞാൻ വരുന്നു … ”

” എപ്പോഴെത്തും…?”

” ഞാൻ മെസ്സേജ് ഇടാം ട്ടോ …”

അവൻ കോൾ കട്ടാക്കി. പരിസരത്തെ അനൗൺസ്മെന്റിന്റെ ശബ്ദത്തിൽ നിന്ന് അവൻ എയർപോർട്ടിലാണെന്ന് അവൾക്ക് മനസ്സിലായി ..

Leave a Reply

Your email address will not be published. Required fields are marked *