അർത്ഥം അഭിരാമം – 7അടിപൊളി  

കാഞ്ചനയ്ക്കേറ്റ അടുത്ത അടിയായിരുന്നു അത്…

മകളും അവളുടെ വഴി തിരഞ്ഞെടുത്തു തുടങ്ങി , എന്നവൾക്ക് മനസ്സിലായി…….

ഉപദേശിക്കാൻ തക്ക യോഗ്യത തനിക്കില്ലെന്ന തിരിച്ചറിവിൽ കാഞ്ചന മുഖം താഴ്ത്തി…

ആരോടൊക്കെയോ ഉള്ള ദേഷ്യത്താൽ അവൾ അനാമിക കേൾക്കാതെ പല്ലിറുമ്മി…

 

********          *******        *******      *******

 

തുഴഞ്ഞ് കയ്യും കാലും തളർന്നു തുടങ്ങി……

പുഴയുടെ വലതു വശത്തേക്കാണ് അജയ് തുഴഞ്ഞു കയറിയത്……

ഇടതു വശം കയറിയാൽ വനത്തിലേക്കാന്നെന്ന് പരിസരങ്ങളുടെ ഭൂമിശാസ്ത്രം വെച്ചവൻ പഠിച്ചിരുന്നു …

ഇടയ്ക്ക് തലയുയർത്തി നോക്കിയപ്പോൾ കൃഷിയിടങ്ങളും, വെട്ടിനിരത്തിയ മൊട്ടക്കുന്നുകളും അവൻ വലതു വശത്ത് കണ്ടിരുന്നു …

പുഴയോടു ചേർന്നു തന്നെയുള്ള പാറയ്ക്ക് മുകളിലേക്ക് അവൻ കയ്യെത്തിച്ചു പിടിച്ചു..

അവന്റെ തലയ്ക്കു മുകളിലൂടെ അഭിരാമി ഏന്തിവലിഞ്ഞ് പാറപ്പുറത്തേക്ക് കയറി..

പാറയിൽ ഇരു കൈകൾ ഊന്നി , അവനും പാറപ്പുറത്തേക്ക് കയറിയിരുന്നു……

വെയിൽ ശക്തി പ്രാപിച്ചതിനാൽ അത്രയധികം തണുപ്പ് അവർക്ക് അനുഭവപെട്ടിരുന്നില്ല…

പാറയ്ക്ക് പിന്നിലുള്ള കല്ലിനു മീതെ പുറം ചാരി , അവൻ മുഖം കൈത്തലം കൊണ്ട് തുടച്ചു…

അഭിരാമി അവന്റെ ഇടത്തേ തോളിലേക്ക് ചാരി…

മുകളിലേക്ക് നോക്കിയപ്പോൾ ഒരു പരുന്ത് വട്ടമിട്ടു പറക്കുന്നത് അവൻ കണ്ടു…

അവൻ ഒരു ദീർഘനിശ്വാസമയച്ചു……

പുഴയൊഴുകുന്ന ശബ്ദം മാത്രം ……….!

അജയ് ഇടംകൈ കൊണ്ട് , അഭിരാമിയെ ചേർത്ത് , അവളുടെ നെറുകയിൽ അവൻ ചുണ്ടു ചേർത്തു……

അത്ര മാത്രം… ….!

അതു മാത്രം മതിയായിരുന്നു അവൾ പൊട്ടിത്തകരാൻ……….

ഉള്ളിലടക്കിയ നൊമ്പരങ്ങളും വേദനയും മരണഭയവും കണ്ണിൽ നിന്ന് , അവളവന്റെ ചുമലിലേക്ക് കുടഞ്ഞിട്ടു …

കൂനിക്കൂടി അവനോട് ചേർന്നിരുന്ന് അവൾ ഉച്ചത്തിൽ നിലവിളിച്ചു…

കേൾക്കാൻ ആരും ഉണ്ടാകില്ലെന്ന് അവൾക്കറിയാമായിരുന്നു..

അവൻ മാത്രം കേൾക്കാനായിരുന്നു അവൾ കരഞ്ഞതും …

ഭൂഗോളത്തിൽ, അവനല്ലാതെ തനിക്കാരുമില്ലെന്ന തിരിച്ചറിവിൽ അവൾ, തന്റെ പ്രൗഢിയും മഹിമയും അമ്മയെന്ന സ്ഥാനവുമെല്ലാം മറന്ന് , ജീവിതത്തിൽ, കൊടും കാട്ടിൽ അശരണയായവളേപ്പോലെ അവൾ വിമ്മിയും, ആർത്തലച്ചും , പൊട്ടിത്തകർന്നും പെയ്തു കൊണ്ടിരുന്നു..

കല്ലിൽ ചാരിയിരുന്ന അവന്റെ മിഴികളും നിറഞ്ഞൊഴിഞ്ഞു…….

സാക്ഷിയായി നിന്ന പുഴയും കരഞ്ഞൊഴുകി……

കഴിഞ്ഞ മണിക്കൂറുകൾ ജീവിതത്തിൽ ഒരാളും നേരിടേണ്ടി വരാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അവനോർത്തു…

കാന്തല്ലൂരിൽ നിന്ന് അവർ ഓടിച്ചതു മുതലുള്ള കാര്യങ്ങൾ ഒരു തിരശ്ശീല പോലെ അവന്റെയുള്ളിൽ തെളിഞ്ഞു…

നിരാശ്രയത്വം……….!

നിസ്സഹായത…… !

ആനയിൽ നിന്ന് രക്ഷപ്പെടുത്താൻ വന്ന നായാട്ടുകാർ..

ഒടുവിൽ പുഴ കടക്കാൻ വഴിയില്ലാതെ വന്നപ്പോൾ , അവതരിച്ചതാകാം പുലിയും കുഞ്ഞും… ….

അല്ലാതെ അത്രമേൽ ഉയരത്തിൽ നിന്ന് വെള്ളച്ചാട്ടത്തിലേക്ക് ചാടി , മറുകരയുടെ സീമ താണ്ടാൻ തങ്ങളേക്കൊണ്ട് സാദ്ധ്യമല്ലായിരുന്നു എന്നവൻ ചിന്തിച്ചു പോയി……

താൻ കയറിച്ചെന്നാൽ പുലി കൊല്ലും………

അത് പാടില്ല…

കാരണം അഭിരാമി താഴെയാണ്..

താൻ കയറിച്ചെല്ലാതിരിക്കാനാണ് പുലി, കാത്തിരുന്നത്……

അമ്മ, ആദ്യത്തെ നടുക്കത്തിൽ തന്നെ താഴെ എത്തിയതാകാമെന്ന് അവന് തോന്നി…

അല്ലെങ്കിലും, അറിഞ്ഞു വീഴുന്നതും അറിയാതെ വീഴുന്നതും തമ്മിൽ അന്തരമുണ്ടല്ലോ…

അഭിരാമിയുടെ കരച്ചിലിന്റെ ശക്തി കുറഞ്ഞു……

ഉണങ്ങിയ പാറയിൽ നിന്ന് , തങ്ങളുടെ വസ്ത്രങ്ങളിലെ ജലം ഒഴുകിയിറങ്ങുന്നത് മുഖമുയർത്തിയപ്പോൾ അവൻ കണ്ടു…

അവൻ അനങ്ങിയതറിഞ്ഞ്‌, അടുത്ത അപകടമാകാം എന്ന് കരുതി അഭിരാമി പിടഞ്ഞുണർന്നു…

അവൾ എന്താ എന്ന അർത്ഥത്തിൽ  മുഖം ചലിപ്പിച്ചു……

അവൻ ഒന്നുമില്ല എന്ന അർത്ഥത്തിൽ ചുമൽ കൂച്ചി …

തണുപ്പിൽ കോച്ചി വിറച്ചു പോയ കാലുകൾക്ക് ബലം തിരികെ കിട്ടിയപ്പോൾ അവൻ വീണ്ടും വെള്ളത്തിലേക്കിറങ്ങി……

ആദ്യമായി വെള്ളത്തിലിറങ്ങിയ പോലെ അവനൊന്നു കിടുങ്ങി… ….

പാറയിലിരുന്നു തന്നെ അഭിരാമി അവന്റെ പുറത്തേക്ക്‌ ചാഞ്ഞു…….

കൈ തുഴഞ്ഞ്‌, അവളെയും വഹിച്ച്, അവൻ നീന്തിത്തുടങ്ങി..

ഒരു പുഴയും നഗരത്തിൽ നിന്ന് ഉത്ഭവിച്ച് കാട്ടിൽ എത്തിചേരുന്നില്ല , മറിച്ചാണ് സംഭവിക്കുക എന്ന സാമാന്യ തത്വം മാത്രമാണ് പുഴയിലൂടെ അവൻ സഞ്ചരിക്കാനുള്ള കാരണം …

കാട്ടുവഴികളേക്കാൾ ഭേദമായിരുന്നു പുഴ…….

മൗനത്തിലും പുഴയിലും ഒരു പോലെ നീന്തി ഇരുവരും യാത്ര തുടർന്നു.

ഇടയ്ക്ക് ദുർഘടമായ കിടങ്ങുകളും പാറക്കെട്ടുകളും യാത്രയ്ക്ക് വിഘാതമായെങ്കിലും അതിലും വലിയ പ്രതിബന്ധങ്ങൾ തരണം ചെയ്തു വന്ന അവർ , അത് മറികടക്കുക തന്നെ ചെയ്തു.

സൂര്യൻ ഉച്ചിയിലെത്തിയിരുന്നു..

രണ്ട് ദിവസത്തിനിടയിൽ, അത്രയും തേജസ്സോടെ അവർ സൂര്യപ്രകാശം കാണുകയായിരുന്നു…

കുറച്ചു ദൂരം മുന്നോട്ടു പോയ ശേഷം, പുഴ രണ്ട് കൈ വഴികളായി പിരിഞ്ഞു……

ഇടത്തേക്ക് വലുപ്പമേറിയും, വലത്തേക്ക് അതിലും ചെറുതായും പുഴ വഴി പിരിഞ്ഞു…

മദ്ധ്യഭാഗത്ത് , ഇടതൂർന്ന മരങ്ങളാൽ ദ്വീപ് പോലെ കാണപ്പെട്ടു……

അജയ് വലത്തേക്കാണ് അവളെയും കൊണ്ട് നീങ്ങിയത്…….

അഭിരാമി നിശബ്ദം അവനു പുറത്തിരുന്നു…

വീണ്ടും വനഭൂമിയിലേക്കു തന്നെയാണോ എത്തിച്ചേർന്നത് എന്ന സന്ദേഹം അവനിലുണ്ടായി…

പക്ഷേ, മുന്നോട്ടു പോകവേ സംശയം അസ്ഥാനത്താണെന്ന് അവന് മനസ്സിലായി……

അവൻ ക്ഷീണിതനായിരുന്നു…

അടുത്ത പാറക്കെട്ടു കണ്ടതും അവൻ അഭിരാമിയെ താഴെയിറക്കി…

” കുറച്ചു കഴിഞ്ഞു പോകാം അമ്മാ.. ”

അജയ് വിസ്തൃതമായ പാറയിലേക്ക് കിടന്നു…

അഭിരാമി , അവൻ തലക്കു കീഴിൽ വെച്ചു , വിരിച്ചു പിടിച്ച കൈമുട്ടിന്റെ ഭാഗത്ത് തല വെച്ചു……

അവന്റെ നെഞ്ചിനു കുറുകെ ഇടത്തേ കയ്യെടുത്ത് അവൾ ചുറ്റി…

അവളുടെ കൈക്ക് നല്ല ചൂടുണ്ടെന്ന് അവനറിഞ്ഞു……

തലയ്ക്കു കീഴിൽ വെച്ച , വലതു കൈ എടുത്ത് അവൻ അവളുടെ നെറ്റിയിൽ തൊട്ടു …

ശരിയാണ് … !

പനിക്കുന്നുണ്ട്…… !

അജയ് അവളെ എഴുന്നേൽപ്പിച്ചു…

” പനിക്കുന്നുണ്ടല്ലോ അമ്മാ…… ”

അവൾ ഉണ്ടെന്നോ ഇല്ലെന്നോ മറുപടി പറഞ്ഞില്ല …

” നനഞ്ഞത് ഒന്ന് പിഴിഞ്ഞുടുക്ക്……… ”

അവൾ ഒന്നും പറയാതെ അവനെ നോക്കി …

ക്ഷീണിച്ച അവളുടെ മുഖത്തു നിന്നും ഒരു ഭാവവും വായിക്കാൻ അവനായില്ല……

അജയ് ബാഗു തുറന്നു..

അതിൽ അവൻ കരുതിയിരുന്ന വസ്ത്രങ്ങളും നനഞ്ഞിരുന്നു..

അതിൽ നിന്ന് ഷോട്സും ടീ ഷർട്ടും മുറുക്കിപ്പിഴിഞ്ഞ് അവൻ വെയിലടിക്കുന്ന ഭാഗം നോക്കി പാറയിലേക്കിട്ടു……

ടോർച്ചും ലൈറ്ററും മൊബെലും അവൻ തലകീഴായി പാറയിൽ കുത്തിച്ചാരിവെച്ചു… ഫാം ഹൗസിന്റെ ചാവിയും അതിനടുത്തു വെച്ചു…

കാട്ടിൽ നിന്ന് ശേഖരിച്ച , ഒരു കവറിലെ വെള്ളം ബാഗിൽ നിന്ന് അവൻ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *