“എടി അത് അവൾ ചുമ്മാ നിന്നെയൊന്ന് ഇളക്കിയതാ… അവളുടെ പെരുമാറ്റം കൊച്ചുകുട്ടികളെ പോലെയാ… ശെരിക്കും ഒരു കുറുമ്പി”
ലിയയുടെ ഇന്നലത്തെ ചെയ്തികളെല്ലാം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു.
“ആണോ”? അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോൾ എനിക്ക് ശെരിക്കും ഈ പൊട്ടിപെണ്ണിനോട് വാത്സല്യമാണ് തോന്നിയത്.
“അതേടി പെണ്ണേ…. എനിക്ക് നിന്നെയല്ലാതെ വേറെ ആരേയും ഇനി സ്നേഹിക്കാൻ പറ്റില്ല” എന്നു പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ആദ്യ സ്നേഹചുംബനം നൽകി.
പെട്ടന്ന് പെണ്ണിന്റെ മുഖം നാണം കൊണ്ട് ചുമന്നു രക്തവർണം ആയി.
“ഏട്ടാ…. എനിക്ക് ഇങ്ങനെ മോഹം തന്നിട്ട് എന്നെ ഇട്ടിട്ടു പോയാൽ പിന്നെ ഈ ശ്രീക്കുട്ടി ജീവനോടെ ഉണ്ടാകില്ല… ഏട്ടനെ ഞാൻ അത്രക്ക് സ്നേഹിച്ചുപോയി…”
അവളുടെ വായിൽ നിന്നല്ല ഹൃദയത്തിൽ നിന്നായിരുന്നു ഈ വാക്കുകൾ വന്നത്.
ഞാൻ അവളുടെ വലത് കൈ എടുത്തു എന്റെ ഇടം നെഞ്ചിൽ വച്ചിട്ട്….
“ഈ ഹൃദയം നിലയ്ക്കുന്ന വരെയും ഞാൻ നിന്നെ തനിച്ചാക്കില്ല… ഇതെന്റെ ഉറപ്പാണ്…”
എന്നു പറഞ്ഞ് ഞാൻ അവളെ എന്റെ മാറോടു ചേർത്ത് വാരി പുണർന്നു.
പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു. തിരിച്ചു അവളും എന്നെ മുറുക്കെ കെട്ടിപിടിച്ചു… അവളുടെ മാത്രം സ്വന്തമാണ് ആർക്കും ഇനി വിട്ടുകൊടുക്കില്ല എന്നൊരു ഉറച്ച തീരുമാനം പോലെ.
കുറേനേരം ആ നിൽപ്പ് നിന്നു…. പെട്ടന്ന് അവൾ എന്റെ മാറിൽ നിന്നും വിട്ടുമാറി ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം 8 ആയി.
വീണ്ടും അവളെ മാറോടു ചേർക്കാൻ പോയ എന്നോട് അവളെ പറഞ്ഞു…
“ ദേ മനുഷ്യ… സമയം എട്ടായി. നിങ്ങക്ക് ഓഫീസിൽ പോകണ്ടേ. എനിക്കും ഒരു 9 മണിയാകുമ്പോൾ ഇറങ്ങണം.”
“ഒന്നര മണിക്കൂർ ഇത്ര വേഗം പോയോ…. നിന്നെ കെട്ടിപിടിച്ചു നിന്ന് കൊതിമാറിയില്ല മോളേ”
വീണ്ടും അവളുടെ കണ്ണ് നിറഞ്ഞു. ദൈവം ഈ പെണ്ണുങ്ങൾക്ക് മാത്രം അനുഗ്രഹിച്ചു കൊടുത്തതാണെന്ന് തോന്നുന്നു കണ്ണുനീർ എന്ന ഈ വരം. പക്ഷെ ഇവിടെ സങ്കടം കൊണ്ടല്ല അവൾ കരയുന്നത്. മറിച്ചു സന്തോഷം കൊണ്ടാണ്. ഞാൻ കൊടുക്കുന്ന ഈ സ്നേഹമാണ് അവളുടെ കണ്ണു നനയിക്കുന്നത്.
“ഇനി ഞാനെന്നും എന്റെ ഏട്ടന്റെ കൂടെയുണ്ടല്ലോ… അപ്പോൾ എത്ര സമയം
വേണമെങ്കിലും എന്നെ കെട്ടിപിടിച്ചോ. ഇപ്പോ നമ്മുക്ക് രണ്ടുപേർക്കും ജോലിക്ക് പോകേണ്ടതല്ലേ.”
അവൾ പറയുന്നത് ശെരിയാണ്. ഇനി നമ്മൾ എന്നും ഒരുമിച്ചു ഉണ്ടാകുമല്ലോ. അതുകൊണ്ട് പിന്നെ റെഡി ആകാൻ വേണ്ടി ഞാൻ നേരെ റൂമിലേക്ക് പോയി. അവൾ അവളുടെ ജോലിയിലും മുഴുകി.
“ഏട്ടാ ഞാൻ പോയി റെഡി ആയിട്ട് വേഗം വരാവേ”
ഞാൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ അവൾ പുറത്തു നിന്ന് വിളിച്ചു പറഞ്ഞു. ശരി എന്നു ഞാനും മറുപടി കൊടുത്തു.
ഡ്രസ്സ് ചെയ്തു റെഡി ആയി താഴേക്ക് ചെല്ലുമ്പോൾ നല്ല ദോശയും കിഴങ്ങുകറിയും മേശപുറത്ത് കൊണ്ടു വയ്ക്കുന്ന ശ്രീക്കുട്ടിയെയാണ് കാണുന്നത്.
കുളിച്ചു സുന്ദരി ആയി നിൽക്കുന്ന എന്റെ ദേവി. പതിവുപോലെ നെറ്റിയിൽ ചന്ദനവും കുങ്കുമവും എല്ലാമുണ്ട്. ഒരു മജന്ത കളർ ചുരിദാറും അതേ നിറത്തിലുള്ള പാട്ടിയാല പാന്റും ഷാളും ആണ് വേഷം. കഴുത്തിന് താഴേക്ക് നോക്കിയാൽ ഒരു അസൽ പഞ്ചാബി കുട്ടി തന്നെ. കഴുത്തിനു മുകളിലുള്ള അവളുടെ ആ സുന്ദര മുഖം കണ്ടാൽ ഒരു അസൽ മലയാളി കുട്ടിയും. 2 ഇൻ 1 കോമ്പിനേഷൻ ആണ്. അവളുടെ ഏറ്റവും വലിയ സൗന്ദര്യമാണ് അവളുടെ കണ്ണാടി.
“ഞാനിപ്പോൾ ദഹിച്ചു പോകുമല്ലോ എന്റെ മാഷേ…” തെല്ലു നാണത്തോടെ എന്നാൽ അതിനേക്കാൾ വലിയ കുസൃതിയോടെയാണ് അവൾ അത് പറഞ്ഞത്.
“ഈ സുന്ദരികുട്ടിയെ കണ്ടാൽ എങ്ങനെയാ നോക്കാതെ ഇരിക്കുന്നേ… നോക്കിയിട്ട് കണ്ണ് എടുക്കാൻ തോന്നുന്നില്ല..” അതോടെ പെണ്ണ് ഫ്ലാറ്റായി. അവളുടെ നാണം അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി.
അവളുടെ പതിവ് പരിപാടി തന്നെ ഇന്നും ആവർത്തിച്ചു. എന്നെ അടുത്തിരുന്നു കഴിപ്പിച്ചിട്ടാണ് അവൾ കഴിച്ചത്.
കഴിച്ചു കഴിഞ്ഞു അവൾ വേഗം പാത്രങ്ങളെല്ലാം കഴുകിവന്നു.
ഞങ്ങൾ വീട് പൂട്ടി പുറത്തിറങ്ങി… പെട്ടന്ന് തന്നെ വൈകുന്നേരം ആകണേ എന്ന പ്രാർത്ഥനയോടെ പരസ്പരം യാത്ര പറഞ്ഞു രണ്ട് വഴിക്ക് പിരിഞ്ഞു.
