ഇത് ഞാൻ പറയുന്ന സമയം ഉണ്ടക്കണ്ണു മിഴിച്ചു എന്നെതന്നെ നോക്കി നിക്കുവായിരുന്നു എന്റെ ഉണ്ടക്കണ്ണി.
“എന്താ ശ്രീക്കുട്ടിയുടെ അഭിപ്രായം”
“ഏട്ടാ………. ഞാൻ………”
“നല്ലപോലെ ആലോചിച്ചു പറഞ്ഞാൽ മതി…. എന്റെ ജീവിതത്തിൽ എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണാ നീ…… എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും മറ്റൊരു പെണ്ണ് ഉണ്ടാകില്ല…. നിനക്ക് എന്നെ ഇഷ്ടമല്ലെങ്കിലും സാരമില്ല….. ഈ ജന്മം മുഴുവൻ എന്റെ ഹൃദയത്തിനുള്ളിൽ നിന്നെയും പൂജിച്ചു ഞാൻ ജീവിക്കും”.
ഈ സമയം ശ്രീക്കുട്ടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
അത് എനിക്ക് സഹിക്കാൻ പറ്റിയില്ല. ഞാൻ അവളോട് പൊയ്ക്കോളാൻ പറഞ്ഞു.
അവൾ പോയി കഴിഞ്ഞു ഞാൻ എന്തൊക്കെയോ ചിന്തിച്ചിരുന്നു. മനസ്സ് ഒട്ടും ശാന്തമല്ലായിരുന്നു.
ചിന്തയിലാഴ്ന്നു എപ്പോഴോ ഉറങ്ങിപോയി.
എന്നും രാവിലെ exercise ചെയ്യാൻ എണീക്കുന്നതുകൊണ്ട് ഇന്നും കൃത്യം 5 മണിക്ക് തന്നെ ഉണർന്നു. വീടിനു പുറത്തിറങ്ങി പുഷ്അപ്പ് സിറ്റ്അപ്പ് പുൾഅപ്പ് അങ്ങനെ കുറച്ചു പരിപാടികൾ. ഉടനെ ഒരു ജിമ്മിൽ കേറണം എന്നും ആലോചിക്കുന്നു. വർക്ക്ഔട്ട് ഒക്കെ കഴിഞ്ഞു നിക്കുമ്പോളാണ് ശ്രീദേവി വരുന്നത്. അവൾ ഒന്നും പറയാതെ വീടിനുള്ളിലേക്ക് കേറിപ്പോയി. ചായ ഇടാനും ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാനുമുള്ള പോക്കാണ്. അവളുടെ മട്ടും ഭാവവും കണ്ടാൽ എന്റെ ഭാര്യ ആണെന്ന് തോന്നിപോകും. അത്രക്ക് കേറിങ് ആണ്. ഇതൊക്കെ എവിടെപ്പോയി നിൽക്കുമോ എന്തോ..?
ഇന്നലെ ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണോ അവൾ ഒന്നും മിണ്ടാതെ പോയത്. അതോ ഇനി ഇവൾക്ക് എന്നെ ഇഷ്ടമല്ലേ… അങ്ങനെ പല ചിന്തകളും എന്റെ ഉള്ളിലൂടെ കടന്നുപോയി.
എന്തായാലും അവളോട് തന്നെ ചോദിക്കാമെന്ന് കരുതി ഞാനും വീടിന്റെ അകത്തോട്ടു കയറി.
അടുക്കളയിൽ ചായയും ഭക്ഷണവും ഉണ്ടാക്കുന്ന തിരക്കിലാണ് ശ്രീക്കുട്ടി. ഇന്ന് അവൾക്ക് ജോലിക്ക് ജോയിൻ ചെയ്യേണ്ട ദിവസമാണെന്ന് അപ്പോളാണ് ഞാൻ ഓർത്തത്. അതുകൊണ്ട് ഞാൻ പറഞ്ഞു….
“ഇന്ന് നിനക്ക് ജോലിക്ക് കേറേണ്ട ദിവസമല്ലേ… ബ്രേക്ഫാസ്റ്റ് ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം. നീ പൊയ്ക്കോ..”
“ഇപ്പോ സമയം 6:30 ആയല്ലേയുള്ളൂ.. എനിക്ക് 9:30-ന് അവിടെ എത്തിയാൽ മതി. അതുകൊണ്ട് ഒരു 9 മണിക്ക് ഇവിടുന്നു പോയാൽ മതി.”
“ആയിക്കോട്ടെ…. പിന്നെ ഞാൻ ഇന്നലെ പറഞ്ഞ കാര്യം………”
“അത് വേണ്ട ഏട്ടാ….. അത് ശെരിയാകില്ല…”
ആ മറുപടി എന്നെ ചെറിയ രീതിയിൽ വിഷമിപ്പിക്കാതിരുന്നില്ല.
“ഞാൻ ഒരു ഗതികെട്ടവളാ ഏട്ടാ… ഞാൻ ഏട്ടന് ഒരിക്കലും ചേരാത്ത ഒരു പെണ്ണാണ്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ഒരുപാടുപേര് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവരെയൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല. അപ്പോഴെല്ലാം എന്റെ മനസ്സിൽ എന്റെ അച്ഛൻ ഞങ്ങൾക്ക് വേണ്ടി
കഷ്ടപ്പെടുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് നല്ലപോലെ പഠിച്ചു ഒരു ജോലി വാങ്ങണം… എന്നിട്ട് അച്ഛനെ ജോലിക്ക് വിടാതെ വീട്ടിലെ എല്ലാവരേയും നല്ലപോലെ നോക്കണം എന്നായിരുന്നു എന്റെ ഒരേയൊരു ആഗ്രഹം.
പക്ഷെ അതിനൊക്കെ മുൻപ് എന്റെ അച്ഛൻ ഞങ്ങളെ വിട്ടുപോയി.” വിതുമ്പിക്കൊണ്ടാണ് അവൾ ഇതൊക്കെ പറഞ്ഞത്.
“എന്നെ ഏട്ടന്റെ ജീവിതത്തിലേക്ക് കൂട്ടിയാൽ ഏട്ടനും പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകുള്ളു…”
“ആ പ്രശ്നങ്ങളൊക്കെ നേരിടാൻ ഞാൻ തയ്യാറാണെങ്കിലോ” വളരെ പെട്ടെന്നായിരുന്നു എന്റെ മറുപടി.
“അതേ ശ്രീക്കുട്ടി…. ഞാൻ ഇതുവരെ ആരേയും പ്രണയിച്ചിട്ടില്ല. നീയാണ് എന്റെ മനസ്സിൽ ആദ്യമായി കയറികൂടിയ പെണ്ണ്. ഞാൻ മരിക്കുന്നതുവരെ നീ മാത്രമേ എന്റെ മനസ്സിൽ ഉണ്ടാകൂ…”ഇത്രെയും കേട്ടതും ശ്രീക്കുട്ടി പൊട്ടിക്കരയാൻ തുടങ്ങി. കണ്ണടച്ചു തുറക്കുംമുമ്പ് അവൾ വന്നു എന്നെ കെട്ടിപിടിച്ചു വരിഞ്ഞുമുറുക്കി.
എന്റെ വാരിയെല്ലു പൊട്ടിപ്പോകുമോ എന്ന് ഞാൻ സംശയിച്ചു. അത്രക്ക് ശക്തിയായിരുന്നു അവൾക്കപ്പോൾ. പക്ഷെ കാണാൻ എന്റെ പകുതിയേയുള്ളൂ അവൾ.“അന്ന് ഞാൻ ഏട്ടനെ ഫ്ലൈറ്റിൽ കയറുന്നതിനുമുമ്പ് തന്നെ ഞാൻ കണ്ടെന്നു പറഞ്ഞില്ലേ. അന്ന് എയർപോർട്ടിൽ വച്ചു ഏട്ടൻ സ്വപ്നം കണ്ടു നിലവിളിച്ചപ്പോൾ. ആ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമായി. നെഞ്ചിനകത്ത് എന്തോ ഒരു പ്രേത്യേക ഫീൽ ആയിരുന്നു അപ്പോൾ. ആ സമയം നെഞ്ചിടിപ്പൊക്കെ നല്ലപോലെ കൂടി എനിക്ക്. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥ”.
