അത് മനസ്സിലാക്കിയായിരിക്കും ദൈവം എനിക്ക് ഇങ്ങോട്ട് വന്നു ദർശനം തന്നത് എന്റെ ദേവിയുടെ രൂപത്തിൽ….
“ ഏട്ടാ “
അവളുടെ ആ വിളിയാണ് എന്നെ ഉണർത്തിയത്. അത്രയും നേരം ഞാനവളുടെ മുഖത്ത് തന്നെ നോക്കി നിൽപ്പായിരുന്നു.
“എന്താ ഏട്ടാ… സ്വപ്നം കാണുവാണോ”
“ഏയ് ഒന്നുമില്ല… അകത്തേക്ക് വാ”
ഞാനവളെ അകത്തേക്ക് ക്ഷണിച്ചു മുന്നിൽ നടന്നു.
അകത്തു കയറിയ അവൾ ചോദിച്ചു….
“ ഇത് ഏട്ടന്റെ വീടാണോ ? “
“അല്ല…. എന്റെ കൂട്ടുകാരന്റെ വീടാണ് ”. അവനിപ്പോൾ ഫാമിലിയുമായി ലണ്ടനിൽ സെറ്റിൽ ആണെന്നും മറുപടി നൽകി.ഒന്ന് പുഞ്ചിരിച്ച ശേഷം അവളുടെ കൈയ്യിലിരിക്കുന്ന പ്ലാസ്റ്റിക് പാത്രം തുറന്ന് എന്റെ നേർക്ക് നീട്ടി….
ഉണ്ണിയപ്പം ആയിരുന്നു അതിൽ…. എനിക്ക് ഉണ്ണിയപ്പം ഒരുപാട് ഇഷ്ടമാണ്. എന്നാലും നമ്മൾ ചാടിക്കേറി എടുക്കുന്നത് ശെരിയല്ലല്ലോ. ചുമ്മാ ഞാനൊരു നമ്പറിട്ടു…“ അയ്യേ….. എനിക്ക് ഈ വൃത്തികെട്ട സാധനം ഒട്ടും ഇഷ്ടമല്ല. കാണുമ്പോഴേ ഛർദിക്കാൻ വരും”. മുഖത്തു ഇഷ്ടമില്ലായ്മ വരുത്തികൊണ്ട് ഞാൻ വെറുതെ തട്ടിവിട്ടു.
അവളുടെ പ്രതികരണം അറിയാൻ അവളുടെ മുഖത്തേക്ക് നോക്കിയ ഞാൻ കണ്ടത് നിറഞ്ഞു തുളുമ്പാറായ അവളുടെ മിഴികളാണ്.
പറഞ്ഞത് കൂടിപ്പോയോ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി.
“അയ്യേ… ഇയാൾ ഇത്രയേ ഉള്ളോ. ഞാനൊരു തമാശ പറഞ്ഞതല്ലേ” എന്ന് പറഞ്ഞു ഞാൻ അതിൽ നിന്നൊരു ഉണ്ണിയപ്പം എടുത്തു കഴിച്ചു.
ഒരു രക്ഷയുമില്ല… അത്രക്കും രുചിയുണ്ട് ആ ഉണ്ണിയപ്പത്തിന്.
അത്രേയുമായപ്പോൾ അവളുടെ മുഖം ഒന്നു തെളിഞ്ഞു. ചുണ്ടിലൊരു ചിരിയും വിടർന്നു.
“ഇയാളെ കണ്ടപ്പോൾ ഞാൻ കരുതി താൻ കുറച്ചു ബോൾഡ് ആയിരിക്കുമെന്ന്. പക്ഷെ, താനൊരു തൊട്ടാവാടി ആണല്ലോ”
“ഇതെന്റെ അമ്മ കഷ്ടപ്പെട്ട് ഉണ്ടാക്കി തന്നുവിട്ടതാ. അതാ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് വിഷമമായത്”.
അവളുടെ ഈ സംസാരത്തിൽ നിന്നും അവൾക്ക് അവളുടെ അമ്മയെ ജീവനാണെന്ന് എനിക്ക് മനസ്സിലായി.
അത് നല്ലതാ… വീട്ടുകാരോട് സ്നേഹമുള്ള പെൺകുട്ടികൾക്കേ കെട്ടുന്നവനേയും പൊന്നുപോലെ സ്നേഹിക്കാൻ പറ്റൂ.
ഇവളെ എനിക്ക് തന്നെ വേണം… ജീവിതകാലം മുഴുവൻ സ്നേഹിച്ചു കൊല്ലാൻ.. എന്നു ഞാൻ ഒന്നുകൂടി മനസ്സിൽ ഊട്ടിയുറപ്പിച്ചു.
“ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ… എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരമാണ് ഈ ഉണ്ണിയപ്പം”.
“ഇങ്ങനെയുള്ള തമാശകൾ പറഞ്ഞാൽ എന്റെ കയ്യിൽ നിന്നും നല്ല കുത്തു വാങ്ങും… കേട്ടല്ലോ” ഒരു കുസൃതി ചിരിയോടെ അവൾ മറുപടി നൽകി.
ഇവൾ ഒരു കുറുമ്പി ആണല്ലോ എന്നു ഞാൻ ചിന്തിച്ചു.
അങ്ങനെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. വായാടി പെണ്ണിന് സംസാരിക്കാൻ പിന്നെ കാരണങ്ങൾ ഒന്നും വേണ്ടല്ലോ..
അവൾ ഇവിടെ ഒരു കമ്പനിയിൽ പാക്കിങ് സ്റ്റാഫ് ആയിട്ടാണ് ജോലിക്ക് വന്നത്..
അവൾ അവളുടെ ജീവിതകഥ പറയാൻ തുടങ്ങി.
“പത്തനംതിട്ടയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനും, അമ്മയും, അനിയനും, ഞാനും അടങ്ങിയ ഒരു ചെറിയ കുടുംബം. അച്ഛൻ രാഘവൻ, അമ്മ വിദ്യ, അനിയൻ ശ്രീരാഗ്. അച്ഛന്റെയും അമ്മയുടെയും ഒരു പ്രേമ വിവാഹം ആയിരുന്നു. അതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ട് ബന്ധുക്കൾ ഒന്നും ഞങ്ങളെ തിരിഞ്ഞു നോക്കില്ലായിരുന്നു. ഞാനും എന്റെ അനിയനും ഇതുവരെ ഞങ്ങളെ ബന്ധുക്കളെ കണ്ടിട്ടുപോലുമില്ല. ഞങ്ങൾ ജനിച്ചപ്പോൾ പോലും ഞങ്ങളെ കാണാൻപോലും അവരൊന്നും വന്നില്ലാത്രേ…”
ഇതിനിടക്ക് എന്റെ ഉണ്ണിയപ്പം കഴിക്കൽ തുടർന്നുകൊണ്ടേയിരുന്നു. അതിനുമാത്രം ഞാൻ കോംപ്രമൈസ് ചെയ്യാറില്ല.
ഓഹ്….. നമ്മൾ കാര്യത്തിൽ നിന്നും വഴുതി മാറി അല്ലെ…… അവൾ കഥ തുടരട്ടെ…….
“അങ്ങനെ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളുടെ ജീവിച്ചു പോന്നത്… വാടക വീടായിരുന്നു അത്…
അതിന്റെ വാടക, ബാക്കി വീട്ടാവശ്യങ്ങൾ, പിന്നെ എന്റെയും അനിയന്റേയും പഠിത്തം, ഇതിനെല്ലാം വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു. അച്ഛന് കൂലിപ്പണി ആയിരുന്നു. ഞങ്ങടെ അവസ്ഥ കൊണ്ട് എല്ലാ ജോലിക്കും അച്ഛൻ പോകുമായിരുന്നു.
