“ഒന്നുമില്ല ഏട്ടാ”… ഈ രണ്ട് വാക്കിൽ അവളുടെ മറുപടി ഒതുങ്ങി.
പിന്നെ ഞാനൊന്നും ചോദിക്കാൻ നിന്നില്ല… പോയി ഒന്നും നന്നായി കുളിച്ചു. കുളി കഴിഞ്ഞപ്പോൾ നല്ല ഒരു ഉന്മേഷം.
ഡ്രസ്സ് മാറി താഴേക്കു ചെന്നപ്പോൾ ഫുഡ് റെഡി ആക്കി ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട്. അതിന്റെ അടുത്ത് തന്നെ കസേരയിൽ ശ്രീകുട്ടിയും ഇരിക്കുന്നുണ്ട്.
സമയം രാത്രി 7:30 ആയി….
ഞാൻ താഴേക്ക് ഇറങ്ങി വരുന്നത് കണ്ടപ്പോൾ ശ്രീക്കുട്ടി എഴുന്നേറ്റു പറഞ്ഞു….
ശ്രീക്കുട്ടി :- “ഏട്ടാ ചപ്പാത്തിയും ഉള്ളിക്കറിയും ഉണ്ടാക്കിയിട്ടുണ്ട്. അപ്പോൾ ഞാൻ ഇറങ്ങുവാ”
“ഇരിക്ക്… കഴിച്ചിട്ട് പോകാം”
“വേണ്ട ഏട്ടാ…. അവിടെ എനിക്കുള്ള ആഹാരം ഉണ്ട്… ഞാൻ അവിടുന്നു കഴിച്ചോളാം”
“എന്നാൽ ഞാൻ കഴിക്കുന്നില്ല”… അതോടെ കക്ഷി ഒന്നു അയഞ്ഞു.
“എന്നാൽ വേഗം വിളമ്പിക്കോ…. നല്ല വിശപ്പ്..”
ഞാൻ സ്ഥിരം കഴിക്കുന്ന സമയം ആയിട്ടില്ല… അതുപോലെ എനിക്ക് വിശക്കുന്നുമില്ല…
സംഭവം എന്നാണെന്നു വച്ചാൽ അവളുടെ കോട്ടേഴ്‌സിലെ എല്ലാവരും എട്ട് മണിക്ക് ആഹാരം കഴിക്കും…. ഇപ്പോൾ 7:30 ആയി…. ഇനിയും കഴിക്കാതിരുന്നു താമസിച്ചാൽ അവൾ ചിലപ്പോൾ മുങ്ങികളയും…
അങ്ങനെ അവൾ ആഹാരം വിളമ്പി… ഞാൻ കഴിച്ചതിന് ശേഷമാണ് അവൾ കഴിക്കുന്നതെന്ന് പറഞ്ഞല്ലോ.. പക്ഷെ ഇന്ന് ഞാനതിനു സമ്മതിച്ചില്ല. എന്റെ കൂടെ ഇരുത്തി കഴിപ്പിച്ചു. ആദ്യമൊന്ന് മടി കാണിച്ചെങ്കിലും എന്റെ ശബ്ദം കടുത്തപ്പോൾ അവൾ കഴിച്ചു തുടങ്ങി.
വായാടി പെണ്ണ് ഇന്ന് ഭയങ്കര സൈലന്റ് ആണ്.
എങ്ങനെയും പിണക്കം മാറ്റിയേ പറ്റൂ.
കഴിച്ച പാത്രങ്ങൾ കഴുകിവച്ച് അവൾ പോകാനൊരുങ്ങി.
“ഞാൻ നിന്നോടൊരു കാര്യം പറഞ്ഞിരുന്നു.. ഇന്ന് എന്നോട് മിണ്ടാതെയാണ് ഇവിടുന്നു പോകുന്നതെങ്കിൽ ഇനി ഇങ്ങോട്ട് വരണ്ട എന്ന്…. ശ്രീക്കുട്ടി എന്താ നിന്റെ പ്രശ്നം”
ഇതിൽ അവൾ വീഴുമെന്ന് എനിക്ക് ഉറപ്പായിരുന്നു. കാരണം അവളുടെ ആ കോട്ടേഴ്സിൽ അവൾ മാത്രമായിരുന്നു ഒരു മലയാളി. അപ്പോൾ അവൾക്ക് മാതൃഭാഷയിൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കണമെങ്കിൽ എന്റെ അടുത്ത് തരണേ വരണമായിരിന്നു.
“ഒന്നുമില്ല ഏട്ടാ…. ഞാൻ വിളിച്ചിട്ട് ഏട്ടൻ ഫോൺ എടുക്കാത്തപ്പോൾ ചെറിയൊരു വിഷമം തോന്നി…. അത്രേ ഉള്ളൂ”
അതുമാത്രമല്ല അവളുടെ പ്രശ്നമെന്ന് അവളുടെ മുഖത്ത് നിന്നും വ്യക്തമാണ്.
എന്നാലും ഞാൻ കുത്തി കുത്തി ചോദിക്കാൻ പോയില്ല.
“അല്ല… എന്തിനാ നീ വിളിച്ചത്…”
“അതേ…. ഏട്ടൻ ജോലി കഴിഞ്ഞു വരുമ്പോഴേ…. കപ്പലണ്ടി മിട്ടായി ഉണ്ടെങ്കിൽ വാങ്ങി വരുമോ എന്ന് ചോദിക്കാനാ വിളിച്ചേ…” പെണ്ണ് ചെറിയൊരു ചമ്മലോടെ കൊഞ്ചി കൊഞ്ചിയാണ് ഇത് പറഞ്ഞത്.
ഇത് കേട്ടിട്ട് എനിക്ക് ചിരി അടക്കാൻ പറ്റിയില്ല. പൊട്ടിചിരിച്ചുപോയി ഞാൻ. ഇവിടെ കപ്പലണ്ടി മിട്ടായി കിട്ടുമോ എന്നും ഞാൻ ചിന്തിച്ചു.
“ദേ കഷ്ടം ഇണ്ട് ഏട്ടാ…. എന്തിനാ ഇങ്ങനെ കളിയാക്കാണേ…”
“പിന്നല്ലാതെ…. ഒരു കപ്പലണ്ടി മിട്ടായിക്ക് വേണ്ടിയാണോ നീ ഇത്രേയും നേരം മുഖം വീർപ്പിച്ചിരുന്നെ…”
അതുപറഞ്ഞപ്പോൾ മുപ്പത്തിരണ്ട് പല്ലും കാട്ടിയുള്ളോരു ചിരിയായിരുന്നു മറുപടി.
ഇപ്പോൾ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞാലോ എന്നു ഞാൻ ചിന്തിച്ചു. ഇത് തന്നെയാ നല്ല അവസരം. ഞാൻ പറയാൻ തന്നെ തീരുമാനിച്ചു. കിട്ടിയാ ഊട്ടി ഇല്ലെങ്കിൽ… ഇല്ലെങ്കിലും ഊട്ടി തന്നെയാ… ഇവളെ എനിക്ക് തന്നെ വേണം.
“പിന്നെ നീ നേരത്തെ പറഞ്ഞില്ലേ… എപ്പോളും ആഹാരം ഉണ്ടാക്കി തരാൻ നീ എന്റെ കെട്ട്യോളൊന്നും അല്ലെന്ന്…”
“അയ്യോ ഏട്ടാ അത് ഞാൻ അപ്പോഴത്തെ ഒരുതിന് പറഞ്ഞു പോയതാ…. ഒരു ബോധം ഇല്ലാത്ത പൊട്ടിയാ ഞാൻ… സോറി”
“എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ട് ശ്രീക്കുട്ടി”
“എന്ത് ആഗ്രഹമാ ഏട്ടാ”
ഇതിന് മനസ്സിലാക്കി എടുക്കാനുള്ളൊരു കഴിവില്ലേ ഈശ്വരാ… എന്നു ഞാൻ മനസ്സിൽ വിചാരിച്ചു പോയി.
“എനിക്ക് നിന്നെഒരുപാട് ഇഷ്ടമാണ് ശ്രീക്കുട്ടി… ചുമ്മാ പ്രേമിച്ചു നടക്കാൻ വേണ്ടിയല്ല… കല്യാണം കഴിച്ചു ജീവിതകാലം മുഴുവൻ എന്റെ കൂടെ കൂട്ടാൻ വേണ്ടിയാ…”
