ദേവനന്ദ – 3
Devanandha Part 3 | Author : Villi
[ Previous Part ]
അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു. അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു. ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി .
മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു എങ്കിലും അവളുടെ ആ അവസ്ഥയിൽ അവളോടത് ചോദിക്കാൻ എനിക്ക് തോന്നിയില്ല. ഒരുകാലത്തു ഇത് പോലെ സമയം വരുമ്പോൾ അതും അവൾ തന്നെ എനിക്ക് പറഞ്ഞു തരും എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു ….
” വാ പോകാം …. “
ഞാൻ അതും പറഞ്ഞു നടന്നതും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നു അവൾ ബൈക്കിൽ കയറി.
” സോറി. “
കലങ്ങിയ കണ്ണുകൾ തുടക്കുന്നത് മിററിലൂടെ നോക്കി ഞാൻ അവളോട് പറഞ്ഞു..
” എന്തിന്? “
” എല്ലാറ്റിനും. ! വഴക്കുണ്ടാക്കിയതിന്… ചീത്ത വിളിച്ചതിന്….. ദേഷ്യപ്പെട്ടതിന്… തെറ്റുധരിച്ചതിന്.. അങ്ങനെ എല്ലാത്തിനും… “
” അപ്പൊ ഞാൻ എന്ത് പറഞ്ഞാ നന്ദുവേട്ട നിങ്ങളോട് മാപ്പപേക്ഷിക്ക .? ഒരു സോറിയിൽ തീരുവോ ഞാൻ ചേട്ടനോട് ചെയ്തത്? “
” എന്നാലും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു .. എന്റെ സാഹചര്യങ്ങൾ……… “
” എനിക്ക് അറിയാം നന്ദുവേട്ട.. ഈ കണ്ടതൊന്നും അല്ല നന്ദുവേട്ടനെന്നു.. നിങ്ങൾ നല്ലവനാണ്. എനിക്ക് അറിയാം… പിന്നെ ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടതാണ്. എന്റെ വിധി ആണ്. “
ഞങ്ങൾ തമ്മിൽ സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു…
” വണ്ടി എടുക്ക് നന്ദുവേട്ട.. ഇനിയും താമസിച്ചാൽ ആ സ്മിത മിസ്സെന്നെ കൊല്ലും. “
പെട്ടന്നവൾ വിഷയം മാറ്റി. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ കോളജിലേക്ക് വച്ച് പിടിച്ചു.. അപ്പോളും അവളുടെ ഇരിപ്പു ശെരി ആകുന്നുണ്ടായിരുന്നില്ല. ഓരോ വളവു തിരിയുമ്പോളും അവൾ പിന്നിലേക്കു വളഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു . അത് കൊണ്ട് ഞാൻ വണ്ടിയുടെ വേഗത കുറച്ചു.
” ഞാൻ ബൈക്കിൽ ആദ്യമായിട്ടാണ് കേറുന്നത് . “
അവൾ പറഞ്ഞതിന്റെ അർദ്ധം എനിക്ക് മനസിലായി.
” എടൊ അത് ഞാൻ അന്ന് അറിയാതെ പറഞ്ഞതാ താനത് വിട്ടു കള.. “
” അതല്ല നന്ദുവേട്ട. നിങ്ങൾ വേഗം സ്പീഡ് കുറച്ചത് കൊണ്ട് പറഞ്ഞതാ.. ഞാൻ ആദ്യമായിട് ഒരാളുടെ ബൈകിനു പിന്നിൽ കേറീത് അന്ന് നന്ദുവേട്ടന്റെ ഈ വണ്ടിയിലാ .. അതുകൊണ്ട് തന്നെ എനിക്ക് വണ്ടിയിൽ എങ്ങനെയാ ഇരിക്കണ്ടെന്നോ. എവിടെയാ പിടിക്കണ്ടെന്നോ ഒന്നും അറിയില്ല. “
ഞാൻ അതിനൊരു മൂളൽ മാത്രം മറുപടി ആയി കൊടുത്തിട്ട് വണ്ടി നേരെ വീട്ടിലേക്കു തിരിച്ചു .
” എന്തിനാ ഇപ്പൊ വീട്ടിലേക്കു പോകുന്നെ? “
” ഈ സമയത്ത് ഇനി കോളേജിൽ പോയിട്ടിനി എന്ത് കാണിക്കാനാ “
അവൾ കയ്യിൽ കിടന്ന വാച്ചിലേക്ക് നോക്കിയിട്ട് ഒന്നും മിണ്ടാതെ ഇരുന്നു. . വീട്ടു വളപ്പിലേക് വണ്ടി കയറുമ്പോളേ കണ്ടത് കാറിനുള്ളിലേക് ബാഗ് എടുത്ത് വയ്ക്കുന്ന ഏട്ടനേയും ഏടത്തിയെയും ആണ്.. എങ്ങോട്ടേക്കോ ഉള്ള യാത്ര ആണ്…..
ബൈക്ക് മുറ്റത്തെത്തിയപ്പോൾ ആണ് കാറിനകത്ത് ഇരിക്കുന്ന അമ്മയെയും കണ്ടത്.
” ആഹാ ഇതുങ്ങളുടെ രണ്ടിന്റേം കറക്കം ഇനിം കഴിഞ്ഞില്ലേ ? “
കേറി ചെന്നതേ ഏടത്തി ചോദിച്ചു.
“, നിങ്ങൾ ഇതെവിടെ പോകുവാ..? “
എന്റെ ചോദ്യത്തിനുള്ള മറുപടി തന്നത് ഏട്ടനാണ്..
” എടാ ഇവളുടെ അമ്മക്ക് സുഖം ഇല്ല. ഹോസ്പിറ്റലിൽ ആണ്. ഞങ്ങൾ അവിടെ വരെ ഒന്നു പോകുവാ… അപ്പൊ അമ്മ പറഞ്ഞു കൂട്ടത്തിൽ നമ്മുടെ തറവാട്ടിലും ഒന്നു കേറാം എന്ന്. അവിടെ പോയിട്ടു കുറെ ആയില്ലേ ? “
” ഇറങ്ങി കഴിഞ്ഞു നിന്നെ വിളിച്ചു പറയാമെന്നാ കരുതിയേ.. അതെങ്ങനെയാ ക്ലാസ്സിലും പോകാതെ ഇപ്പോളും കറങ്ങി നടപ്പല്ലേ രണ്ടും.. “
ഏട്ടന്റെ വാക്ക് പൂർത്തിയാക്കിയത് ഏടത്തി ആണ്…
” എങ്കിൽ ഞങ്ങളും വരാം “
” വേണ്ട.. വേണ്ടാ… നിങ്ങൾ ഈ ക്ലാസ് കളഞ്ഞു എന്തിനാ വരുന്നേ… അമ്മക്കത്ര സീരിയസ് ഒന്നും അല്ല. ആവശ്യം ഉണ്ടേൽ വിളിക്കാം അപ്പൊ വന്നാ മതി “
