ആനയും അണ്ണാനും 21

 

അശരീരി മാത്രമല്ല സുന്ദരമായ ശരീരവും തൊട്ടുപുറകെ ആലിൻ ചുവട്ടിലെത്തി.

 

“അതങ്ങനെ ഒരുത്തൻ. ഇന്നാളൊരു ദിവസം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ഞങ്ങളെ വിളിക്കാൻ വന്നിട്ട് WD4PD എഞ്ചിൻ നോക്കി നിന്നവനാ അവൻ” നീഹയാണ്.

“ആഹാ പെണ്ണിന് ലോക്കോമോട്ടീവ് എഞ്ചിനെ പറ്റിയൊക്കെ അറിയാലോ. എപ്പാഴാ നീ സി എസ് ഇ യിന്ന് മെക്കിലോട്ട് മാറിയത്”?

ഷംസാദ് വെറുതേ ചൊറിഞ്ഞു.

“നിങ്ങളെ ഒക്കെ ഒപ്പം നടന്ന് ഇപ്പോ ഒച്ച കേട്ടാൽ എഞ്ചിനേതാന്ന് പറയാവുന്ന അവസ്ഥയിലായി”

“എത്ര സുന്ദരി പെൺകുട്ടികളാ ഇവിടെ തലങ്ങും വിലങ്ങും നടക്കുന്നത്- ക്ലാസ്സിൽ തന്നെ എത്രയെണ്ണം ”

“അതേതാടാ ഞാനറിയാത്ത പുതിയ ആരാധികമാര്”? ജംഷി ആകാംക്ഷയോടെ ചോദിച്ചു.

“ആ ഹിന്ദിക്കാരി രൂപാലി ഗുപ്ത കുറേ നാളായിട്ട് ഇവൻ്റെ പിന്നാലെയാ”.

“ആഹാ ആ ജാഡക്കാരിയോ? കോളേജിലെ ബ്യൂട്ടി ക്വീനാന്നല്ലേ എല്ലാവരും പറയുന്നത്”

“അവളിവൻ്റെ എന്തു കണ്ടിട്ടാ”? ഷംസാദ് വീണ്ടും.

വിശപ്പ് മാറിയതുകൊണ്ടോ എന്തോ അവനിപ്പം നാവ് തിരിച്ചു കിട്ടിയിട്ടുണ്ട്.

“ആലിൻ്റെ ചുവട്ടിലിരിക്കുന്ന ഈ സുമുഖനെ പ്പറ്റി നിനക്കെങ്ങനെ അത് ചോദിക്കാൻ തോന്നി? ആറാറരയടി പൊക്കവും പത്തുനൂറ്റമ്പതു കിലോ തൂക്കവും ഒടുക്കത്തെ ലുക്കും.പിന്നെ രൂപാലിയല്ല ആരായാലും നോക്കൂല്ലേ. കൂട്ടിന് മലപ്പുറം ഋത്വിക് റോഷൻ ജംഷീർ അലിയും”

നീഹാ നിലത്തോട്ട് ചാടിയിറങ്ങി എന്നെയും ജംഷീറിനെയും ഒരുമിച്ച് വാരി.

“ഇത്രയൊക്കെ ജൂനിയേഴ്സും സീനിയേഴ്സും ആരാധികമാരായിണ്ടായിട്ട് പെണ്ണുങ്ങളെ ബാക്ക് നോക്കാതെ കണ്ട വണ്ടിയുടെ ബാക്ക് നോക്കി നടക്കുന്ന രണ്ടെണ്ണം” വീണ്ടും ഷംസാദ്.

“അതെങ്ങനാ എറിയാനറിയാവുന്നോൻ്റെ കയ്യിൽ വടികൊടുക്കൂലല്ലോ”

ആ നാറി ഇന്ന് കസറുന്നുണ്ട്. ”നീയെന്തെങ്കിലും കഴിച്ചോ ജംഷീ”?

”ഇല്ലെടി ഇത്രയും നേരം ലാബിൽ പണിയേർന്നു. ഇങ്ങള് പിന്നെ ഡിപ്പാർട്ട്മെൻ്റിനെ ചാക്കിലാക്കി വിൻ്റർ സെമെസ്റ്റർ വൈൻഡ് അപ് ചെയ്തല്ലോ. ഞങ്ങളെ പരിപാടി ഏപ്രിൽ ഇരുപത്തഞ്ചിനാ. അതു കഴിഞ്ഞിട്ടാണേൽ പണ്ടാരടങ്ങാനായിട്ട് സമ്മർ ഇൻ്റേൺഷിപ്പുണ്ടാക്കണം”

“അത് നിങ്ങളെ ക്ലാസ് റെപ്രസെൻ്റേറ്റീവ് ശശാങ്ക് വാസ്തവ ഒരു പോങ്ങനായിട്ടാ മോനേ. ഞങ്ങൾ ഇനി ജൂലായ് ആയിട്ടേ ഈ വഴിക്ക് വരൂ” നീഹ റോയൽ മെക്കിൻ്റെ നെഞ്ചത്തോട്ട് കയറി.

“റെപ്പിൻ്റെ പവറൊന്നുമല്ല. കൊറോണ കാരണം രണ്ട് കൊല്ലായിട്ട് താളം തെറ്റിയ അക്കാദമിക് കലണ്ടർ ആയത് ഇങ്ങടെ ഭാഗ്യം”

“ഇവൻ കൂടിയ പുളളിയാ. സെക്കൻ്റ് യെറിൽ തന്നെ ഇൻ്റേൺഷിപ്പ് സംഘടിപ്പിച്ചില്ലേ”

“ഇയ്യ് ടെക്നോളജി ഡെവലപ്മെൻ്റ് പ്രൊജെക്ടിന് ഫിസിക്സ് കാരെ കൂടെ ട്രിച്ചിയിൽ പോയവനല്ലേ. ഐ എസ് ആർ ഒ ക്ക് എന്തോ ഉണ്ടാക്കാൻ പോയവനാ. എന്നിട്ടാ എനിക്കിട്ടുണ്ടാക്കുന്നത്”

“ജംഷീ, രണ്ടേ ഇരുപതിനാടാ ട്രെയിൻ. ഒന്നാ റെയിൽവേ സ്റ്റേഷനിക്ക് ആക്കിത്താടാ. കോഴിക്കോടൻ ബിരിയാണി തട്ടാം”

“ഇപ്പോഴല്ലേ നീഹാ നീ കുഴിമന്തി കേറ്റിയത് “?

“ഇവളെ വയറ് ബാറ്റ്മാൻ്റെ ബെൽറ്റ് പോലെയാ കണ്ണാ. ഏക്കറ് കണക്കിനാ ഉള്ളിൽ സ്ഥലം” വീണ്ടും ഷംസാദ്.

ഇവനിതെന്തു പറ്റി? സാധാരണ അങ്ങനെ മിണ്ടാത്തവനാണ്.

“നീ ഇപ്പോ തന്നെ പോവാണോ”?

“ഇപ്പോ പോയാലേ മോനേ രാത്രിയാവുമ്പോഴെങ്കിലും വീട്ടിലെത്താം”

“കണ്ണാ ന്നാ ഞാനിവളെ ഒന്നങ്ങട്ടാക്കട്ടെ”

ജംഷി ബൈക്ക് സ്റ്റാർട്ടാക്കി.

“ന്നാ ഞാനും അങ്ങട്ട് തെറിച്ചാലോ”

ഷംസാദ് എഴുന്നേറ്റു.

“ജംഷീ ഞാൻ ഷോപ്പിലുണ്ടാവും. അടുത്ത ആഴ്ച അല്ലേ ഇവൻ്റ്. വൈന്നാരം വന്നോണ്ട്”

അതും പറഞ്ഞ് ഷംസാദ് പാർക്കിങ്ങിലേക്ക് നടന്നു.

“ബൈ കണ്ണാ. അപ്പോ ഇനി ജൂലായിൽ കാണാം. ഇടുക്കിയിൽ വരുന്നുണ്ടെങ്കിൽ വീട്ടിലോട്ട് ഒക്കെ വാ”

അവര് മൂന്നും ഗേറ്റ് കടന്ന് പോയി. ഞാൻ വീണ്ടും ആലിൻ്റെ ചുവട്ടിൽ ഒറ്റക്കായി. സീനിയേർസ് മൂട്ടിൽ തീപിടിച്ച് നടക്കുന്നു.അവരുടെ അവസാന വർഷല്ലേ. ജൂനിയേർസ് കാമുകീകാമുകന്മാർ ബൈക്കിൽ പോകുന്നു. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് ബാക്കിയുള്ളവരും ഒരു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ നാട് പിടിക്കും.

ഞാൻ രേണു വരുന്നതും കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കറുത്ത എക്സ് യു വി സെവൻ ഡബിൾ ഓ ആൽമരത്തിനടുത്ത് വന്നു നിന്നു. ഞാനെഴുന്നേറ്റ് ചെന്ന് വണ്ടിയിൽ കയറി.

“എന്താ കണ്ണാ മുഖത്തൊരു സങ്കടം? നീഹ പോയിട്ടാണോ”?

നീഹയുടെ പേര് പറഞ്ഞ് കളിയാക്കുന്നത് രേണുവിൻ്റെ ഒരു ഹോബിയാണ്.

“അല്ല രേണൂ”

“പിന്നെന്താ ഹിമാലയത്തിലെങ്ങാണ്ട് ഏതോ യോഗി ഇരിക്കുന്ന പോലെ ഇങ്ങനെ ചുരുണ്ടു മടങ്ങി ഇരിക്കുന്നത്”?

“അതൊന്നൂല്ല അമ്മെ. ഞാനിങ്ങനെ വെറുതേ കുട്ടികൾ പോവുന്നത് നോക്കി ഇരുന്നതാ”

“കണ്ടവന്മാരുടെ കൂടെ ഓരോ അവളുമാര് ബൈക്കിൽ കയറി പോകുന്നതോ? ലാബിന്ന് പാർക്കിങ്ങിലോട്ട് വന്നപ്പോഴും ഉണ്ട് കുറേയെണ്ണം കെട്ടിപ്പിടിച്ചിരിക്കുന്നു. മടിയിൽ കിടക്കുന്നു. കോഴിക്കോട് ബീച്ചാണ്ന്നാ വിചാരം”

“ഞാൻ ബൈക്ക് നോക്കിയതാ”

രേണു ഉറക്കെ ഹോണടിച്ച് ഒരുവിധത്തിൽ ആ വലിയ വണ്ടി ലാസ്റ്റ് ഡേ പേക്കൂത്ത് കാണിച്ചു കൊണ്ടിരിക്കുന്ന കപ്പിൾസിൻ്റെ ഇടയിൽ കൂടെ കോളേജിന് പുറത്തെത്തിച്ചു. പിന്നെ ഹൈവേയിലെത്തി ഓടി തുടങ്ങി.

“നിനക്കും ബൈക്കുണ്ടല്ലോ കണ്ണാ. പിന്നെന്താ”?

”ബൈക്ക് ഉള്ളവന്മാർക്കൊക്കെ കാമുകി ഉണ്ടാവണന്നില്ലല്ലോ അമ്മെ”

“അയ്യോടാ ഇപ്പോ മോനൂന് ബൈക്കിൽ പോവാൻ കാമുകി ഇല്ലാത്തതാണോ പ്രശ്നം? അതിനാണോ ആലിൻ ചുവട്ടിൽ സന്യാസിയായി ഇരുന്നത്”?

“ഇനി അമ്മ അതും പറഞ്ഞ് കളിയാക്കിക്കോ”

“അമ്മ സദാ സമയവും ഇങ്ങനെ കൂടെ ഉണ്ടായിട്ടാ ഒരുത്തി പോലും അടുക്കാത്തത്. ഞാനൊരു അമ്മ കോന്തനാന്നാ രാവിലെ രൂപാലി ഹിന്ദിയിൽ മൊഴിഞ്ഞത്. നീഹയും അത് തന്നാ പറയുന്നത്”

“അവൾക്കസൂയയാ കണ്ണാ”

“അന്ന് ബോംബെ ഐഐടിയിലെങ്ങാനും പോയാ മതിയാരുന്നു. അതെങ്ങനാ. അച്ഛച്ഛനും മരിച്ച് അമ്മ ഒറ്റക്കാന്ന് പറഞ്ഞാ ഇവിടെ ചേർന്നത്”

“എന്നിട്ടിപ്പോ എന്തു പറ്റി”?

“രേണു ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിലായിട്ടും സി എസ് ഇ യിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ. ഞാനെന്തു ചെയ്താലും ഏതവന്മാരെങ്കിലും രേണുവിൻ്റെ അടുത്തെത്തിക്കും. ഡിപ്പാർട്ട്മെൻ്റില് മുഴുവൻ അമ്മേൻ്റെ ചാരന്മാരാന്നാ എൻ്റെ സംശയം”

“അങ്ങനെ ഇപ്പോ എൻ്റെ മോൻ കണ്ടവളുമാരുടെ കൂടെ പാറി പറന്നു നടക്കണ്ട”

“ആരെ കൂടേം പോയില്ലേലും കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ പറ്റുന്നില്ലല്ലോ രേണൂ”

ഞാൻ പുറത്തേക്ക് നോക്കി ദയനീയമായി പറഞ്ഞു.

“ശരിക്കും അമ്മ ഇവിടെ ഉണ്ടായിട്ട് എൻ്റെ കണ്ണന് ഒരു സ്വാതന്ത്ര്യം ഇല്ല അല്ലേ”?

രേണുവിൻ്റെ ശബ്ദം മാറി.

“അപ്പഴത്തേക്ക് അമ്മ കുട്ടി എന്തിനാ വെറുതേ കാടുകേറുന്നേ “?

Leave a Reply

Your email address will not be published. Required fields are marked *