ആനയും അണ്ണാനും 21

“അല്ലെങ്കിലും ഞാൻ ബോംബെയിൽ പോകുന്ന് അമ്മക്ക് തോന്നുന്നുണ്ടോ? എനിക്കെൻ്റെ അമ്മ കുട്ടി ഒപ്പമുണ്ടാവന്നതാ ഇഷ്ടം”

“പിന്നെ ഫിസിക്സ് ഡിപ്പാർട്ട്മെൻ്റ് ഹെഡിൻ്റെ മോനാന്ന് പറയുമ്പോ കോളേജിൽ ഒരു വെയിറ്റല്ലേ”

“അമ്മ കാരണം കോളേജ് ലൈഫ് എൻജോയ് ചെയ്യാൻ പറ്റുന്നില്ലേന്ന് പറഞ്ഞ് കൂനിപ്പിടിച്ചിരിക്കും. കുറച്ച് കഴിഞ്ഞാൽ അമ്മയെ പിരിഞ്ഞിരിക്കാൻ വയ്യേന്ന് പറഞ്ഞ് തുടങ്ങും. ഇതങ്ങനെ ഒരുത്തൻ”

 

*****

 

ചെത്ത്കടവീന്ന് തിരിഞ്ഞതും ഏതോ ഒരുത്തൻ ഒരു മഹീന്ദ്ര മേജർ മുന്നിൽ കയറ്റി നിർത്തി. ഏത് നാറിയാണത് എന്നും പറഞ്ഞ് നാല് തെറി വിളിക്കാൻ തുടങ്ങിയപ്പോഴാ ഡ്രൈവിങ് സീറ്റിൽ നിന്നും ആള് ഇറങ്ങിയത്.വർഗീസ് ചേട്ടൻ.

ആള് അപ്പോഴത്തേക്കും രേണുവിൻ്റെ അടുത്തെത്തി.

“എന്താ വർഗീസേട്ടാ ഈ വേഷത്തിൽ ? വണ്ടി ആരതാ”?

“എലിസബത്ത് കൊണ്ട് തന്നതാ – ടീ ഷർട്ടും പാൻറും. എപ്പോഴും ഖദറിലായാ എങ്ങനാ”?

മുടി ഒക്കെ കറുപ്പിച്ച് ആള് ഒരു ചുള്ളനായിട്ടുണ്ട്.

“ഇപ്പോഴാണേൽ നമ്മുടെ നേതാവും ഈ വേഷത്തിലല്ലേ മണ്ഡലം ചുറ്റി നടക്കുന്നേ. ഞാൻ തിരുവമ്പാടി വരെ വന്നതാ.മാത്യുവിൻ്റെ കൂടെ. വണ്ടി അവൻ്റെയാ”

”പിന്നെ മോളേ, മോളൊന്ന് ബത്തേരിക്ക് വരണം. ഒന്നു രണ്ടാഴ്ചക്കുള്ളിൽ ഫാം ലൈസൻസ് സംബന്ധിച്ച് ചിലതൊക്കെ പഞ്ചായത്തിൽ ചെയ്യണം.അതിന് മോള് നേരിട്ട് വരണം. പിന്നെ സ്ഥലത്തിൻ്റെ ഓണർ കണ്ണനല്ലേ. അവനും വേണം. ഞാനിത് പറയാൻ കുറ്റികാട്ടൂരേക്ക് വരുമ്പോഴാ നിങ്ങളെ കണ്ടത്”

“എന്നാ വർഗീസ് ചേട്ടൻ ഞങ്ങളുടെ വണ്ടീടെ പിന്നാലെ പോന്നോ. കണ്ട സ്ഥിതിക്ക് നേരെ വീട്ടിലേക്ക് പോവാം”

“ഇല്ല മോളേ മാത്യൂവിനെ കൊണ്ട് വാഴക്കാട് പഞ്ചായത്തോഫീസിൽ പോവണം. ഇപ്പോ തന്നെ രണ്ടായില്ലേ. നാല് മണിക്ക് മുന്നേ ഓഫീസറെ കാണണം. അതിനാണേൽ അവിടത്തെ പ്രസിഡൻ്റ് ഒരു ഉണ്ണാക്കൻ കൂടെ വേണം. അപ്പോ ഞാനെന്നാ അങ്ങേരെ കാണാൻ നോക്കട്ടെ. വീട്ടിലേക്ക് പിന്നൊരിക്കൽ വരാം.അപ്പോ എല്ലാം പറഞ്ഞപോലെ”

വർഗീസ് ചേട്ടൻ തിരിച്ചുപോയി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നിൽ നിന്ന് മാറ്റി കൈ വീശി കാണിച്ച് അങ്ങനെ അങ്ങ് പോയി.

ഞങ്ങളുടെ തറവാട് ബത്തേരിയിലാണ്. രേണുവിന് ഇവിടെ ജോലിയായപ്പോ കുറ്റിക്കാട്ടൂര് വീട് വാങ്ങി ഇങ്ങോട്ട് വന്നതാണ്. തറവാടും സ്ഥലവുമൊക്കെ വർഗീസ് ചേട്ടനാണ് ഇപ്പോ നോക്കുന്നത്. ഞങ്ങൾ ഇടക്ക് പോയി വീടൊക്കെ വൃത്തിയാക്കി പോരും. ഇതു പോലെ എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ പറയും. മൂന്ന് നാല് കൊല്ലമായിട്ട് ഇതാണ് പതിവ്. പിന്നെ വർഗീസേട്ടൻ അവിടെത്തെ കോൺഗ്രസ് പാർട്ടിയുടെ ആരോ ഒക്കെയാണ്. തിരുവമ്പാടിയിൽ നിന്ന് പണ്ട് എം എൽ എ ഒക്കെ ആയിട്ടുമുണ്ട്.

“അപ്പോ അമ്മ കുട്ട്യേ നമ്മൾ ബത്തേരിക്ക് പോവേണ്ടി വരുമല്ലോ”

“എനിക്കാണേൽ ഏപ്രിൽ ഇരുപത്തിനാലിന് ഇടുക്കിയിൽ ഇവൻ്റിന് പോണം. ജംഷിയുണ്ടാവും. പറ്റുവാണേൽ നീഹയുടെ അടുത്തും ഒന്ന് കയറി ഒരാഴ്ച ഒക്കെ കഴിഞ്ഞേ ഇങ്ങെത്തൂ. നമുക്ക് അതിന് മുൻപ് ബത്തേരിയിൽ പോവാം. ഈയാഴ്ചയോ അടുത്ത ആഴ്ചയോ എങ്ങാനും പോയി വരാം”

“അപ്പോ അതാണ് കാര്യം. ഇടുക്കിയിൽ സാധാരണ രണ്ടും കൂടെ പോകാത്ത ഇവൻ്റിന് ഇപ്രാവശ്യം ബുദ്ധിമുട്ടി പോകുന്നത്. നീഹയെ കാണാൻ”

“വെറുതെയല്ല എൻ്റെ മോൻ ആലിൻ്റെ ചോട്ടിൽ കാമുകിയെ ഓർത്ത് ഇരുന്നത്”

“എൻ്റെ രേണൂ നീഹ എൻ്റെ കൂട്ടുകാരിയല്ലേ? ഞാൻ എൻട്രൻസ് കോച്ചിങ്ങിന് പോയപ്പം ജംഷീറിൻ്റൊപ്പം അവിടെ ഉണ്ടായിരുന്നതല്ലേ.രേണുവിനറിയുന്നതല്ലേ. അന്നു തൊട്ടുള്ള കൂട്ടല്ലേ”

“പിന്നെ അവളിവിടെ തന്നെ വന്ന് ജോയിൻ ചെയ്തതോ ? അതും ഒരേ ബ്രാഞ്ചിൽ”

“സത്യം പറ കണ്ണാ. നിങ്ങൾ മൂന്നും കൂടെ ഒത്തുകളിച്ച് പ്ലാൻ ചെയ്ത് ചേർന്നതല്ലേ ഇവിടെ? എന്നിട്ട് അമ്മയെ പിരിഞ്ഞിരിക്കാൻ വയ്യ എന്നൊക്കെ പറഞ്ഞ് എൻ്റെ കണ്ണിൽ പൊടിയിടുകേം ചെയ്തു”

“ആ നടക്കട്ടെ മോനേ. നിഖിലിൻ്റെ നീഹാന്നും പറഞ്ഞ് നടക്കുന്നത് ആരും അറിഞ്ഞില്ലാന്ന് കരുതരുത്”

“നിഖിലിൻ്റെ നീഹയോ? അതെപ്പോ”?

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“എൻ്റെ രേണു എന്തൊക്കെയാ മെനഞ്ഞുണ്ടാക്കിയേ”?

“ഇതും ചാരന്മാർ അറിയിച്ചതാകും. അപ്പോ ഇതാല്ലേ കുറേ ദിവസായിട്ട് രേണുവിൻ്റെ മനസ്സിൽ”?

“എനിക്ക് ചാരന്മാരൊന്നുമില്ല”

രേണു ശബ്ദം താഴ്ത്തി പറഞ്ഞു.

“പിന്നെങ്ങനാ എല്ലാം രേണു അറിയുന്നത്”?

“ഞാൻ നിന്നെ ഒരുപാട് നാളായില്ലേ മോനേ കാണാൻ തുടങ്ങീട്ട്. നിൻ്റെ മനസ്സിലുള്ളത് എന്താന്ന് വരെ എനിക്കറിയാം”

“എന്നാലേ നീഹേൻ്റെ കാര്യം മാത്രം തെറ്റിപ്പോയി. ഞാനും അവളും എൻട്രൻസ് കോച്ചിങ് കാലം തൊട്ടേ ബെസ്റ്റ് ഫ്രണ്ട്സാ”

“ബെസ്റ്റ് ഫ്രണ്ട്സാണ് മോനേ പിന്നെ ബെസ്റ്റ് കപ്പിൾസാവുന്നത്”

രേണു പുറത്തേക്ക് നോക്കി ആത്മഗതമെന്നോണം പറഞ്ഞു വണ്ടി നിർത്തി.

“എന്താ നിർത്തിയേ”?

“മോനെ കണ്ണാ വീടെത്തി. അതെങ്ങനെയാ നീഹയെ ഓർത്തിരുന്ന് വീടെത്തിയത് പോലും അറിഞ്ഞില്ല പാവം”.

“അമ്മേനോടൊന്നും പറഞ്ഞിട്ട് ഒരു കാര്യോല്ല. അമ്മക്കേ പറഞ്ഞാ മനസ്സിലാവൂല്ല”എന്നും പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു.

****

 

കുറച്ച് നേരം കഴിഞ്ഞ് ഒരുമിച്ചിരുന്ന് ചോറുണ്ടു. രേണു കുറെ ഡോക്യുമെൻ്റ്സും കൊണ്ട് റൂമിലേക്ക് പോയി. ഇനിയിപ്പോ വൈകുന്നേരമായിട്ട് വേണം മലപ്പുറത്ത് പോവാൻ. എന്നാപ്പിന്നെ ഇത്തിരി നേരം വീഡിയോ ഗെയിം കളിക്കാന്ന് തോന്നി.

അഞ്ചാറ് മാസം മുന്നെ വലിയ സ്ക്രീനൊക്കെ വച്ച് ഞാൻ തന്നെയുണ്ടാക്കിയ ഗെയിമിങ് പി സി യാണ്. വൺ മില്യൺ എബോവ് സബ്സ്ക്രൈബേർസുള്ള ഒരു സ്ട്രീമിങ് ചാനലുണ്ട് എനിക്ക്. അതിന് ഉണ്ടാക്കിയതാണ് ഈ ഗെയിമിങ് പി സി. പിന്നെ ഡിജിറ്റൽ പെയിൻ്റിങ്, ഫാൻഡം സ്റ്റോറി റൈറ്റിങ് അങ്ങനെ പല പരിപാടികൾ വേറെയുമുണ്ട്.പാട്രിയോൺ, ഡിസ്കോർഡ്, ടംബ്ലർ അങ്ങനെ പലടത്തും അത്യാവശ്യം ഫോളോവേർസുമുണ്ട്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമുമില്ല.

അതൊക്കെ ജംഷി.ബോഡി ബിൽഡിങ്, സൂപ്പർ ബൈക്ക്സ്, കാർ മോഡിഫൈയിങ്, ഗിറ്റാർ സോളോ ഒക്കെയായി ഇൻസ്റ്റഗ്രാമിൽ നിറഞ്ഞു നിൽക്കുവാണ്. പോരാത്തതിന് ഇൻ്റർനാഷണൽ അണ്ടർ ട്വൻറി തയ്ക്കോണ്ട ചാമ്പ്യനാണ്. ഇപ്പോ വയസ്സ് ഇരുപത്തി ഒന്ന് കഴിഞ്ഞെന്നേയുള്ളൂ. ജംഷീയും നീഹയും കപ്പിൾസ് റീല് ചെയ്ത് യുട്യൂബിൽ ത്രീ മില്യൺ ഫോളോവേർസിനെ ഉണ്ടാക്കിയെടുത്തു.കൂടുതലും നോർത്തികളാണ്. ഞാനവരെ അത് പറഞ്ഞ് കളിയാക്കും.

ഷംസാദിന് പിന്നെ ഷെയർ മാർക്കറ്റിനോടാണ് കമ്പം. എന്നാലും കപ്പിൾസിൻ്റെ കൂടെ റീലിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഞാൻ പി സി ഓണാക്കി സ്കൈ റിം എൽഡേർസ് സ്ക്രോൾ കളിക്കാൻ തുടങ്ങി.റോൾ പ്ലെയിങ് ഗെയിംസ് എൻ്റെയൊരു വീക്നസ്സാണ്. ബെത്തീസ്ഡ ഇനി എന്നാണാവോ പുതിയത് റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *