ആനയും അണ്ണാനും 21

“ആഹാ നീ കണ്ടവളുമാരേം കൊണ്ട് കൺട്രിസൈഡിൽ കറങ്ങാൻ തുടങ്ങിയോ…ഇപ്പോ ഇങ്ങ് എത്തിയതല്ലേ ഉള്ളൂ”

ഓൺലൈൻ കളിക്കുന്ന സമയത്ത് ഒരു സായിപ്പത്തിപ്പെണ്ണ് ഒപ്പം കളിക്കാറുണ്ട്. ഞങ്ങളൊന്നിച്ച് കുതിരപ്പുറത്തൊക്കെ പോവും. ഇടക്ക് രേണുവും കളിക്കാൻ കൂടും. അങ്ങനെ രേണുവിന് അവളെ അറിയാം.

“ഇപ്പോ ഓഫ് ലൈനാ എൻ്റെ രേണൂ. കോളേജിന്ന് തുടങ്ങിയതാണല്ലോ”

“അത് നീയല്ലേ കാമുകിമാരില്ലാത്ത വിഷമം പറഞ്ഞത്”?

“കാമുകിമാരോ”?

“അതിപ്പോ കണ്ണൻ എന്ന് വിളിക്കുമ്പോ പതിനാറായിരത്തി എട്ട് കാണണമല്ലോ”

രേണു കളിയാക്കി ഗോഷ്ഠി കാണിച്ച് റൂമിലേക്ക് പോയി.

“അതേ വൈകുന്നേരം കോഴിക്കോട് പോകണം. ഏഴ് മണിക്ക് അയനയുടെ ഡാൻസ് പ്രോഗ്രാമുണ്ട്”

രേണു റൂമിൽ നിന്ന് പുറത്തേക്ക് തല നീട്ടി വിളിച്ചു പറഞ്ഞു.

 

***

 

“എന്താടാ” ?

“നാളെ വരാം. നമ്മളെ അയന മിസ്സിൻ്റെ പ്രോഗ്രാം ഉണ്ട് ഇന്ന്. മറ്റേ ഭരതനാട്യം. ടൗൺ ഹാളിൽ ആണ്”

“ന്നാ മാനുക്ക ണ്ടാവും നാളെ”

“അപ്പോ ന്നാ അങ്ങനെ ആയിക്കോട്ടെ”

കുളിയൊക്കെ കഴിഞ്ഞു ഒരു ആറ് മണിയായപ്പോൾ ഇറങ്ങി. കൾച്ചറൽ പരിപാടിയല്ലേന്ന് കരുതി ഒരു ഓഫ് വൈറ്റ് ഹാഫ് കൈ സിൽക് ഷർട്ടും കസവുമുണ്ടുമാണ് എൻ്റെ വേഷം. ഒരു സിൽവെർ മെറ്റൽ വാച്ചുണ്ട്. ലെതർ ലോഫേർസും. ചുവന്ന ബ്ലൗസും ചുവപ്പിൽ ഗോൾഡൻ വർക്കുള്ള കനമുള്ള കാഞ്ചീവരം പട്ടുസാരിയും ഉടുത്തു വന്ന രേണുവിനെ കണ്ട് എൻ്റെ കണ്ണു തള്ളി.

എൻ്റെ പള്ളീ എന്തായിത്?

കേരളത്തനിമ പിടിക്കാനാവും കഴുത്തിലൊരു മാങ്ങാ മാലയുണ്ട്. ചന്തി വരെയെത്തുന്ന മുടി മെടഞ്ഞിട്ടിട്ടുണ്ട്. തട്ട് ജിമുക്കിയും ഞെറി വെച്ച കൈയുള്ള ബ്ലൗസും ഒക്കെയായി ജ്വലിക്കുന്ന സൗന്ദര്യം. ഇത് പോലെ ഒരു സുന്ദരിയെ ഞാൻ കണ്ടിട്ടുള്ളത് ബാംഗ്ലൂരിൽ വെച്ചാണ്. പക്ഷേ അവരേക്കാളും ഭംഗിയുണ്ട് രേണുവിന്.

“കാറ് വേണ്ട കണ്ണാ അതിൽ പോകാം”

രേണു പ്ലാവിൻ്റെ ചുവട്ടിൽ കിടക്കുന്ന കവസാക്കി വൾക്കൻ ചൂണ്ടി പറഞ്ഞു. പ്ലാവിൻ്റെ ചോട്ടിൽ പൂഴി മണലാണ്. മിനിഞ്ഞാന്ന് രാത്രി വൈകി ഉറക്കം തൂങ്ങി വന്നപ്പോ കൊണ്ട് വെച്ചതാണ്. അപ്പോ മണലൊന്നും നോക്കിയില്ല. പ്ലാവിൻ്റെ ചുവട്ടിന്ന് ഒരു വിധത്തിൽ മുറ്റത്തെത്തിച്ചു. വിയർത്ത് കുളിച്ചതുകൊണ്ട് വീണ്ടും ഷർട്ട് മാറ്റി.രേണുവിന് മാച്ചായിക്കോട്ടേന്ന് കരുതി ഒരു ചുവന്ന സിൽക് ഷർട്ടെടുത്തിട്ടു.

 

വണ്ടി ഓടികൊണ്ടിരിക്കുകയാണ്. രേണു ഒരു കൈ കൊണ്ട് എൻ്റെ വയറ്റത്തു കൂടെ പിടിച്ച് പുറത്തേക്ക് ചാരിയാണ് ഇരിക്കുന്നത്.

“രേണു ഉറങ്ങുവാണോ”?

“അല്ല കണ്ണാ”

“പിന്നെന്താ ചെയ്യുന്നേ”?

“ഞാനേ നിൻ്റെ ഹൃദയത്തിൻ്റെ സംഗീതം കേട്ടിരുന്നതാ”

“പുറത്ത് തല വെച്ചിട്ടോ? അതിനീ നെഞ്ചത്ത് തല വെച്ച് കിടന്നാലല്ലേ രേണു പറ്റൂ”?

“ആണോ ? എന്നാലേ ഇപ്പോ എനിക്ക് അന്ന് പാലക്കാട്ന്ന് കിടന്ന പോലെ എൻ്റെ കണ്ണൻ്റെ നെഞ്ചിൽ തല വെച്ച് കെട്ടിപിടിച്ച് കിടക്കാൻ തോന്നുവാണ്”

രേണു ഒന്നുകൂടി മുറുക്കി പിടിച്ചു.

“ഈ നടുറോട്ടിലോ”?

“അല്ലടാ കണ്ണാ”

“എപ്പോ തൊട്ടാ രേണുവിന് തോന്നി തുടങ്ങിയേ”?

“നേരത്തേ വെള്ള ഷർട്ടും മുണ്ടുമുടുത്ത് കണ്ടപ്പോ അന്ന് അമ്പലത്തീന്ന് കണ്ട കള്ളകാമുകൻ്റെ പോലെ തോന്നി”

”എന്നാ അപ്പോ പറയായിരുന്നില്ലേ? ഷർട്ടുമാറ്റുന്നേന് മുന്നെ”

“ഈ വേഷത്തിൽ കണ്ടാലും ഒരു പ്രൗഢിയൊക്കെയുണ്ട്”

“വെള്ള ഷർട്ടിട്ട് കണ്ടപ്പോ അച്ഛനെപ്പോലെ തന്നെ തോന്നി. ചുവന്ന ഷർട്ടിൽ കണ്ടാൽ ഒരു ആഢ്യത്തമൊക്കെയുണ്ട്. ‘യോഗ്യന്മാരൊരുപാട് പേരു വരുന്നതല്ലേ പരിപാടിക്ക്.”

”രേണുവിനെ കണ്ടാലും അങ്ങനെ തന്നെയാട്ടോ. മറ്റേ മഹാറാണിയേക്കാളും സുന്ദരിയാണ്. ഏതോ കോവിലകത്തെ തമ്പുരാട്ടിയെ പോലെയുണ്ട് ”

“ശ്ശെ തമ്പുരാനും തമ്പുരാട്ടിയും ചെന്നെറെങ്ങുമ്പോ രണ്ട് സ്റ്റില്ലെടുക്കാൻ അവിടെ ആരും ഇല്ലാതെ പോയല്ലോ ”

“കഷ്ടായില്ലേ.. ”

” ആസ്ഥാന ഫോട്ടോഗ്രാഫറൊരുത്തിയാണേൽ ഉച്ചക്ക് ഇടുക്കിക്കും പോയി ”

“എന്ത് പറഞ്ഞു വന്നാലും നീയത് അവസാനം നീഹാരികയിൽ കൊണ്ടെത്തിക്കും”

“അതിനെന്താ രേണൂ. രേണുവല്ലേ എൻ്റെ കാമുകി. നീഹാ എൻ്റെ ബെസ്റ്റ് ഫ്രണ്ടല്ലേ”

” പൊന്നുമോനെ കണ്ണാ ബെസ്റ്റ് ഫ്രണ്ട്സ്ന്ന് പറഞ്ഞു നടന്ന പലരും പിന്നെ കപ്പിൾസായി നടക്കുന്നതാ ആൾക്കാര് കണ്ടിട്ടുള്ളത്”

”നീ ഈ പാവം രാധയെ കളഞ്ഞ് രുഗ്മിണിയേം കൊണ്ട് ദ്വാരകക്ക് പോവുല്ലാന്ന് ആരു കണ്ടു”?

“അതോ ഇനി സത്യഭാമയും ജാംബവതിയുമൊക്കെയായി കുറേ എണ്ണം കൂടിയുണ്ടോ”?

“ഇതൊക്കെയാണോ എൻ്റെ അമ്മ കുട്ടിയുടെ മനസ്സിൽ”?

“എന്നാ എൻ്റെ രേണുവറിയാൻ .. “എന്ന് പറഞ്ഞ് രേണുവിൻ്റെ വയറ്റത്ത് പിടിച്ച കൈയെടുത്ത് ഞാനീ രാധയേം വൃന്ദാവനവുമുപേക്ഷിച്ച് ഒരിടത്തും പോകില്ല എന്നു പറഞ്ഞു സത്യം ചെയ്തു.

“നിൻ്റെ വാക്കും പഴയ ചാക്കും ഒരുപോലെയാ കണ്ണാ”

രേണു മുഖം തിരിച്ച് പരിഭവം പറഞ്ഞ് ഒന്നൂടെ ചേർന്നിരുന്നു.

 

ഓരോന്ന് പറഞ്ഞ് കോഴിക്കോടെത്തി. വൈകുന്നേരത്തെ ട്രാഫിക്കിനിടയിലൂടെ ടൗൺ ഹാളിലെത്തി.വലിയ ഇവൻ്റാണ്. കേരള സംഗീത നാടക അക്കാദമിയും ഡിസ്ട്രിക്ട് പ്രൊമോഷൻ കൗൺസിലും കൂടി നടത്തുന്ന അഞ്ച് ദിവസത്തെ പരിപാടിയാണ്. ഓരോ ദിവസവും ഓരോരുത്തര് ഡാൻസ് കളിക്കും. ഇന്ന് അയന മിസ്സിൻ്റെ ഭരതനാട്യമാണ്. മിസ്സിൻ്റെ അച്ഛൻ പ്രശസ്ത കഥകളി ആചാര്യനാണ്.ഒരു ബ്രദർ ഫോക്ക് ലോർ പരിപാടിയൊക്കെയായി വിദേശത്തൊക്കെ പര്യടനം നടത്തുന്നു. മിസ്സിന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ പിഎച്ച്ഡി യൊക്കെയുണ്ടെങ്കിലും നൃത്തം പാഷനായി കൊണ്ടു നടക്കുവാണ്. ഇതു പോലെ ഓരോ പ്രോഗ്രാമാെക്കെ ഉണ്ടാവുമ്പോൾ രേണുവിനെ വിളിക്കും.രേണുവിൻ്റെ ബെസ്റ്റ് ഫ്രണ്ടാണ്. രേണു പിന്നെ എന്നേം കൂടെ വലിച്ചുകൊണ്ടു പോരും. ഇവിടെ തന്നെ ഏതൊക്കെയോ വലിയ ആൾക്കാരുണ്ട് കാണാൻ വന്നിട്ട്. പിന്നെ സാധാരണ കാണാൻ വന്ന കുറേയാളുകളും.

ബൈക്ക് പാർക്കിങ്ങിൽ കൊണ്ടു നിർത്തി ഞാൻ രേണുവിൻ്റെ അടുത്തേക്ക് ചെന്നു. രേണു ആരോടോ സംസാരിച്ച് നിൽക്കുന്നുണ്ട്. കളക്ടറാണ്. ഇയാൾക്ക് ഈ വൈകുന്നേരം വെറെ എന്തൊക്കെ ചെയ്യാം. ഇതു കാണാനെഴുന്നള്ളണ്ട വല്ല കാര്യവുമുണ്ടോ എന്ന് ഞാൻ മനസ്സിലോർത്തു.

കളക്ടർ എന്നെ കണ്ടു.

“ഓ താനോ”?

കളക്ടർ കൈപിടിച്ച് കുലുക്കി.ഒരാഴ്ച നീണ്ടു നിൽക്കുന്ന കോളേജിലെ കൾച്ചറൽ ഫെസ്റ്റിന് മാർച്ച് പതിനേഴിലെ അതിഥിയായി ക്ഷണിക്കാൻ ഞാനും നീഹയും പിന്നെ തേർഡ് യെർ ബാച്ചിലെ രണ്ടു ഉണ്ണാക്കന്മാരും കൂടെ കഴിഞ്ഞ മാസം ഇയാളെ കാണാൻ വന്നിരുന്നു. അന്നു കണ്ട പരിചയമാണ്.

“താൻ ഓഫ് റോഡ് ക്ലബ്ബിൻ്റെ ആളല്ലേ”

“കക്കയത്ത് ഓഫ് റോഡ് ട്രാക്കും ട്രക്കിങ്ങും പരിപാടിയുമൊക്കെ ടൂറിസം വകുപ്പ് ഒരുക്കുന്നുണ്ട്”

“യൂത്തിനെ ഉദ്ദേശിച്ചാണ്. മെയ് പതിമൂന്നിന്. നിർബന്ധമായും വരണം. നിങ്ങളൊക്കെയല്ലേ ഇതൊക്കെ പ്രമോട്ട് ചെയ്ത് വിജയിപ്പിക്കേണ്ടത്”

Leave a Reply

Your email address will not be published. Required fields are marked *