ആനയും അണ്ണാനും 21

കളക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാൻ വരാമെന്ന് പറഞ്ഞു. അല്ലെങ്കിലും ജംഷിക്ക് ഇൻവിറ്റേഷൻ കിട്ടിയതാണ്. പ്രോഗ്രാം തുടങ്ങാറായി.അയാൾ രേണുവിനെ ഒഫീഷ്യൽ ഗ്യാലറിയിൽ ഇരിക്കാൻ ക്ഷണിച്ചു.ഗ്യാലറിയും കോപ്പൊന്നുമില്ല. ഇതു പോലത്തെ പ്രമുഖർക്കിരിക്കാൻ ഒരു ഏരിയ മാറ്റി വെച്ചിട്ടുണ്ട്. അത്ര തന്നെ.

എനിക്കീ ഡാൻസൊന്നും ഇഷ്ടമില്ല. അതു കൊണ്ട് ബീച്ചിലൊക്കെ കറങ്ങി പരിപാടി കഴിയാനാവുമ്പോ വരാമെന്ന് രേണുവിനോട് പറഞ്ഞ് പുറത്തേക്കിറങ്ങി.പാർക്കിങ്ങിലെത്തി വണ്ടി സ്റ്റാർട്ടാക്കിയപ്പോഴാണ് കളക്ടറുടെ പെരുമാറ്റത്തിൽ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയത്.

വീണ്ടും തിരിച്ച് വന്ന് അവസാനത്തെ വരിയിലിരുന്നു. ഭരതനാട്യം ഒന്നും മനസ്സിലായില്ല. കുറേ നേരം നോക്കിയിരുന്നു. പിന്നെ ഇനിയിപ്പോ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ രേണു കൈകാര്യം ചെയ്തോളും എന്നും വിചാരിച്ച് എട്ട് മണിക്ക് പുറത്തെറങ്ങി. കുറച്ചു നേരം ബീച്ചിൽ പോയിരുന്നു.പിന്നെ ബീച്ച് റോഡ് മുഴുവൻ നടന്നു.നാലഞ്ച് കിലോമീറ്ററെങ്കിലും നടന്നു കാണും. പണ്ടാരടങ്ങാനായിട്ട് ഇപ്പോ കാലും വേദനിക്കുന്നുണ്ട്. ലോങ് നടത്തത്തിന് പറ്റിയതല്ല ഈ ലോഫേർസ്. കളക്ടറുടെ ഒലിപ്പിക്കലോർത്തിട്ടാണേൽ പെരുവിരലുതൊട്ട് തലമണ്ട വരെ ചൊറിഞ്ഞു കയറുന്നുമുണ്ട്. മണി ഒമ്പതായപ്പോൾ ഞാൻ ടൗൺ ഹാളിൽ ചെന്നു.

രേണുവരാൻ കാത്ത് നിന്നു. കളക്ടറും ഉണ്ട് കൂടെ. അയാളോട് റ്റാ റ്റാ പറഞ്ഞ് വരാൻ കുറച്ച് താമസിച്ചു. നേരെ റഹ്മത്ത് ഹോട്ടലിൽ പോയി ഞങ്ങള് രണ്ടും നല്ല കോഴിക്കോടൻ ബിരിയാണി തട്ടി. അത്താഴം കഴിച്ചാൽ അരക്കാതം നടക്കണം എന്ന പ്രമാണമനുസരിച്ച് ഗോതീശ്വരം ബീച്ചിലേക്ക് വെച്ചുപിടിച്ചു.

 

രേണുവിൻ്റെ ഒപ്പം നടക്കുകയാണെങ്കിലും മനസ്സിൽ കളക്ടറാണ്.

“എന്താടാ നീയൊന്നും മിണ്ടാത്തെ”?

“കളക്ടറെ കണ്ടപ്പോ തൊട്ട് തുടങ്ങിയതാണല്ലോ. മുഖമൊക്കെ മാറിയിട്ടുണ്ടല്ലോ”

“അന്ന് ഇവൻറിന് പോകാൻ പറ്റാത്തതു കൊണ്ടാണോ”?

“അത് സാരമില്ല കണ്ണാ. കണ്ടപ്പോ എന്തേങ്കിലുമൊക്കെ പറയണ്ടേ. ആ പേരിനൊരു ക്ഷണമാണെന്ന് കരുതിയാൽ മതി”

“കക്കയത്ത് ഓഫ് റോഡ്. കോപ്പാണ്. ടൂറിസം ഡിപ്പാർട്ട്മെൻ്റ് കുറേക്കാലായി ഉണ്ടാക്കാൻ തുടങ്ങിട്ട്”

“നാട്ടുകാരോ റൈഡേഴ്സോ വ്യൂ പോയിൻ്റ് വരെ കയറുന്നല്ലാതെ ഇവര് കൊറെ ഉണ്ടാക്കി”

രേണു ഞാൻ ദേഷ്യപ്പെടുന്നത് മാറിനിന്ന് നോക്കുന്നുണ്ട്.

“നിനക്ക് പറ്റില്ലെങ്കിൽ നീ പോവെണ്ടെടാ. അതിനെന്തിനാ ദേഷ്യപ്പെടുന്നത്”?

“ഞാൻ ദേഷ്യപ്പെട്ടിട്ടൊന്നുമില്ല”

ഞാൻ മണലിൽ ഇരുന്നു. രേണു അടുത്ത് വന്നിരുന്നു.

“പിന്നെന്താ കണ്ണാ നിൻ്റെ പ്രശ്നം”?

“ആ കളക്ടർ അമ്മയോടെന്താ പറഞ്ഞത്”?

”അപ്പോ അതാണ് മോൻ്റെ ദേഷ്യത്തിന് കാരണം. ഞങ്ങൾ പലതും സംസാരിച്ചു. കളക്ടർ ഡിവോഴ്സ് കഴിഞ്ഞ് നിക്കാണ്.ഇപ്പോ സിംഗിൾ. പിന്നെ കണ്ടാൽ തെറ്റില്ലാത്ത കാണാൻ കൊള്ളാവുന്ന ഒരാള്.സമൂഹത്തിൽ മാന്യമായ ജോലി. ഞാനാണേൽ ഇങ്ങനെ കല്യാണം കഴിക്കാതെ ജീവിക്കുകയല്ലേ. പരിപാടി കഴിഞ്ഞപ്പോ ഇച്ചായൻ എന്നോട് സമ്മതമാണെങ്കിൽ ഒരുമിച്ച് ജീവിച്ചു കൂടെ എന്ന് ചോദിച്ചു”

“ഇച്ചായനോ? അതെപ്പോ”?

“അങ്ങേരുടെ പേര് അലൻ ഡേവിഡ് എന്നാ. തൃശ്ശൂരെ പേര് കേട്ട നസ്രാണി കുടുംബമാ. അവരെ അപ്പനപ്പൂപ്പന്മാരെ ശക്തൻ തമ്പുരാൻ വിളിച്ചു കൊണ്ട് വന്നതാ”

“പിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളെ സ്റ്റേഹത്തോടെ ഇച്ചായാ എന്ന് വിളിക്കുന്നതല്ലേ നാട്ടുനടപ്പ്”

“കല്യാണം ഉറപ്പിച്ചോ ?അപ്പോ ഞാനോ”?

“എന്താ നിൻ്റെ കാര്യം ? നീ നാളെ മറ്റന്നാ കോഴ്സും കഴിഞ്ഞ് വിദേശത്ത് എവിടെയെങ്കിലും പ്ലേസ്മെൻ്റും വാങ്ങി നീഹയേയും കല്യാണം കഴിച്ച് പോകും. ഞാനിവിടെ ഒറ്റക്കാവും”

”അപ്പോ നേരത്തേ നെഞ്ചത്ത് കിടക്കുന്നതിനെപ്പറ്റി പറഞ്ഞതോ”?

“അത് പിന്നെ നിനക്ക് ബൈക്കിൽ പോവാൻ കാമുകി ഇല്ലാന്ന് പറഞ്ഞപ്പോ വിഷമമാവണ്ടല്ലോന്ന് വിചാരിച്ചു”

“അപ്പോ പാലക്കാട്ന്ന് രേണു പറഞ്ഞതോ”?

“നമ്മള് തമ്മിൽ പന്ത്രണ്ട് വയസ്സിൻ്റെ വ്യത്യാസം ഉണ്ട്. പോരാത്തേന് നീ എൻ്റെ ഏട്ടൻ്റെ മോനും”

“ഇതൊക്കെ ഞാനന്ന് പറഞ്ഞപ്പോ രേണു എന്താ പറഞ്ഞത് എന്നോർമ്മയുണ്ടോ”?

” അന്നങ്ങനെയൊക്കെ പറഞ്ഞെന്ന് വിചാരിച്ചു ഇതൊക്കെ നടക്കും എന്ന് തോന്നുന്നുണ്ടോ”?

“നിനക്ക് പ്രായത്തിൻ്റെ ഒരാവേശത്തിൽ തോന്നു…”

ഞാൻ പെട്ടെന്ന് രേണുവിൻ്റെ വായ പൊത്തി. രേണു എൻ്റെ കണ്ണിൽ നോക്കിയിരിക്കുകയാണ്. ഇരുട്ടായതു കൊണ്ട് രേണുവിൻ്റെ മുഖഭാവം എനിക്ക് ശരിക്ക് മനസ്സിലായില്ല. കയ്യിൽ ചൂടുള്ള എന്തോ വന്നു തട്ടിയപ്പോഴാണ് രേണു കരയുകയാണെന്ന് മനസ്സിലായത്.

“എന്തിനാ രേണു കരയുന്നത്”?

പെട്ടെന്ന് ഞാൻ വല്ലാണ്ടായി. എന്താ കാര്യം എന്ന് മനസ്സിലായതുമില്ല.

രേണു വീണ്ടും പറഞ്ഞ് തുടങ്ങി.

”നിനക്ക് അയന കല്യാണം കഴിക്കാത്തതെന്താന്ന് അറിയോ”?

“ഇല്ല”

“അവൾക്കൊരാളെ ഇഷ്ടമായിരുന്നു കണ്ണാ. ഖരഘ്പൂർ ഐ ഐ ടി യിൽ ബി ടെക്കിന് പഠിക്കുന്ന കാലത്ത് ഒപ്പം പഠിച്ച ഒരാളുമായി സ്നേഹത്തിലായി. അവര് രണ്ടും അവിടെന്ന് തന്നെ എം ടെക്കെടുത്തു. പിന്നെ പി എച്ച് ഡി യുമെടുത്തു”

“ആ സമയത്താണ് ഞാനവിടെ പിഎച്ച്ഡിയെടുക്കാൻ ചെന്ന് അവളെ പരിചയപ്പെടുന്നത്”

“അന്നുതൊട്ട് എൻ്റെ ബെസ്റ്റ് ഫ്രണ്ടാ അവൾ”

“എന്നിട്ടെന്താ അയാൾ അയന മിസ്സിനെ തേച്ചൊട്ടിച്ചോ”?

“അവൻ അന്യമതക്കാരനായതു കൊണ്ട് അയനയുടെ അച്ഛൻ സമ്മതിച്ചില്ല. അവര് പഴയ തറവാട്ടു കാരല്ലേ.അവൻ്റെ കുടുംബമാണേൽ പെണ്ണ് മാമോദീസ മുങ്ങണമെന്ന് കടുംപിടുത്തം പിടിച്ചു”

“എന്നിട്ടെന്താ”?

“അവരെ കല്യാണം നടന്നില്ല. അയനക്കിപ്പോ മുപ്പത്തിനാല് വയസ്സായി. അമ്മ നാല് കൊല്ലം മുൻപ് മരിച്ചു. ഒരേട്ടനാണേൽ അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടേ കല്യാണം കഴിക്കൂന്ന് പറഞ്ഞ് ലോകം മുഴുവൻ തെണ്ടി നടക്കാണ്”

“അവളെ അച്ഛന് കണ്ണടക്കുന്നതിനു മുന്നേ മകളുടെ കല്യാണം കഴിഞ്ഞാ മതീന്നായതു കൊണ്ട് ഇപ്പോ സമ്മതിച്ചു”

“അവളുടെ ആ ചെക്കനാണ് നമ്മുടെ കളക്ടർ അലൻ ഡേവിഡ്. അലൻ്റെ മമ്മയും പപ്പയുമൊക്കെ മരിച്ചിട്ട് കൊല്ലങ്ങളായി. അലനാണേൽ ഒറ്റമോനാ. ഇനിയിപ്പോ ചോദിക്കാനും പറയാനുമൊന്നും ആരുമില്ല”

“ഈ വരുന്ന ഓഗസ്റ്റിലാ അവരെ കല്യാണം”

“ശ്ശെ. കളക്ടറെ വെറുതെ തെറ്റിദ്ധരിച്ചു. കാമുകിയുടെ ഡാൻസ് കാണാൻ വന്നതാല്ലേ പാവം”

“പക്ഷേ രേണു ഞാൻ ഇതുവരെ ഇങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടില്ലല്ലോ”

“അലൻ സിംഗപ്പൂര് ഒരു ബാങ്കിലായിരുന്നു. പഠിത്തം കഴിഞ്ഞ ഉടനെ ജോലി കിട്ടി പോയതാണ്.പിന്നെ അതൊക്കെ രാജിവെച്ച് ഐ എ എസ് എടുത്തതാണ്”

“അപ്പോ ഓഗസ്റ്റിൽ ഒരു കല്യാണം അല്ലേ രേണു”?

“നമ്മള് ചെക്കൻ്റ ആളായിട്ട് പോണം”

“ഞാനെന്തിനാ വരുന്നത്? രേണുവിൻ്റെ ബെസ്റ്റ് ഫ്രണ്ട്സല്ലേ”?

Leave a Reply

Your email address will not be published. Required fields are marked *